- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാക്കിക്കുള്ളിലെ പച്ചവെളിച്ചമോ? പൊലീസിനും കോടതിക്കുമെതിരായ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു; കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ വനിത എ എസ് ഐയ്ക്ക് എതിരെ നടപടിക്ക് ശുപാർശ; റംല ഇസ്മയിലിനെതിരായ നടപടി തടയാൻ കടുത്ത സമ്മർദ്ദം
കോട്ടയം: പൊലീസിനും കോടതിക്കും എതിരായി പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവ് ഫേസ്‌ബുക്കിലിട്ട പോസ്റ്റ് ഷെയർ ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടിക്ക് ശുപാർശ. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷൻ എ എസ് ഐ റംല ഇസ്മയിനെതിരെയാണ് വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കാണ് റംലയ്ക്ക് എതിരെ നടപടിക്ക് ശുപാർശ ചെയ്തത്. മധ്യമേഖലാ ഡിഐജിക്കാണ് ശുപാർശ സമർപ്പിച്ചിരിക്കുന്നത്.
പൊലീസിനും കോടതിക്കുമെതിരായ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വനിതാ എഎസ്‌ഐ ഷെയർ ചെയ്തത് വിവാദത്തിലായിരുന്നു. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ ആണ് പോപ്പുലർ ഫ്രണ്ടിന് പിന്തുണ നൽകി കൊണ്ടുള്ള നിലപാട് വ്യക്തമാക്കിയത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റ് ആണ് കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ റംല ഇസ്മായിൽ ഷെയർ ചെയ്തത്.
ജൂലൈ അഞ്ചിനാണ് വിവാദമായ നടപടി ഉണ്ടായത്. ജൂലൈ അഞ്ചിന് ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു എങ്കിലും റംലയ്‌ക്കെതിരെ നടപടി വൈകുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പൊലീസിനും കോടതിക്കും എതിരായിട്ടായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റിലെ വിമർശനം.
ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെ എറണാകുളം സ്വദേശിയായ കുട്ടി നടത്തിയ വിദ്വേഷ മുദ്രാവാക്യം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ 21 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പൊലീസിനും കോടതി നടപടികൾക്കും എതിരെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്‌ബുക്കിൽ പ്രതികരണം നടത്തിയിരുന്നു. ഈ പോസ്റ്റാണ് കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ റംല ഇസ്മയിൽ ഷെയർ ചെയ്തത്.
ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരി ഉൾപ്പെടെയുള്ള നേതാക്കൾ റംലയ്‌ക്കെതിരെ നടപടി എടുക്കാത്തതിൽ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നു. റംലക്കെതിരെ നടപടി എടുക്കാതിരിക്കാൻ പൊലീസിൽ കടുത്ത സമ്മർദ്ദം നടക്കുന്നതായി എൻ ഹരി പ്രതികരിച്ചു. ആശ്ചര്യജനകമായ സംഭവമാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത് എന്നും ഹരി പറഞ്ഞു.
സംഭവത്തെക്കുറിച്ച് പരിശോധിച്ചു വരികയാണെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. പൊലീസിൽ വിശദമായ അന്വേഷണം നടന്നുവരുന്നു എന്നും ഡിവൈഎസ്‌പി പറഞ്ഞു. പൊലീസിനെതിരെ വിമർശനം ഉന്നയിച്ചു നടത്തിയ പോസ്റ്റ് ഒരു പൊലീസ് ഉദ്യോഗസ്ഥ തന്നെ ഷെയർ ചെയ്തു എന്നത് പ്രാഥമികമായ അച്ചടക്ക ലംഘനമായി കണക്കാക്കുന്നു.
സമീപകാലത്ത് പോപ്പുലർ ഫ്രണ്ടിന് പൊലീസിലുള്ള ബന്ധം ഏറെ വിവാദമായിരുന്നു. ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ ചോർത്തി നൽകിയതിന് തൊടുപുഴ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വന്നിരുന്നു. പൊലീസിൽനിന്ന് പിരിച്ചുവിടുന്നത് അടക്കമുള്ള കടുത്ത നടപടിയാണ് അന്ന് സ്വീകരിച്ചത്. മൂന്നാർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കും പോപ്പുലർ ഫ്രണ്ട് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി നടപടിയെടുത്തിരുന്നു.
ഇതിനെല്ലാം പിന്നാലെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ വനിതാ എഎസ്‌ഐയും ഈരാറ്റുപേട്ട സ്വദേശിനിയുമായ റംല ഇസ്മയിൽ വിവാദ പോസ്റ്റ് ഷെയർ ചെയ്തത് എന്നതാണ് ശ്രദ്ധേയം. സംഭവത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ കടുത്ത പ്രതിഷേധം അടക്കം നടത്താനാണ് തീരുമാനമെന്ന് ബിജെപി മധ്യ മേഖല പ്രസിഡന്റ് എൻ ഹരി വ്യക്തമാക്കി. സംഭവം വിവാദമായതോടെ ഫേസ്‌ബുക്കിൽ നിന്നും റംല പോസ്റ്റ് നീക്കം ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ