ഗുവാഹതി:അസമിലെ ദറങ് ജില്ലയിൽ സംശയമുള്ള പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ ഉണ്ടായ സംഘർഷത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്കാളിത്തം സംശയിക്കപ്പെടുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സംഘർഷം ആസൂത്രതമാണെന്ന് സംശയിക്കപ്പെടുന്നതായും ഇതു സംബന്ധിച്ച ചില തെളിവുകൾ സംസ്ഥാന സർക്കാരിന്റെ കയ്യിലുണ്ടെന്നുമായിരുന്നു ഹിമന്ത ബിശ്വയുടെ പ്രതികരണം.

അസമിലെ പൊലീസ് വെടിവെയ്‌പ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. '60 കുടുംബങ്ങളെ ഒഴിപ്പിക്കാനായിരുന്നു പൊലീസ് സംഘം സംഭവ സ്ഥലത്ത് എത്തിയത്. എന്നാൽ പതിനായിരത്തോളം പേരാണ് ആ സമയം അവിടെ ഉണ്ടായിരുന്നത്. ഇവരെ എത്തിച്ചത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്ന് സംശയിക്കപ്പെടുന്നുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങളായി കുടിയൊഴിപ്പിക്കൽ നടപടി ഒഴിവാക്കാൻ സർക്കാരിനെ സ്വാധീനിക്കാമെന്ന് അവകാശപ്പെട്ട് ഒരു പ്രത്യേക സംഘം പാവപ്പെട്ട ജനങ്ങളിൽ നിന്ന് 28 ലക്ഷം രൂപ ശേഖരിച്ചതായി സംസ്ഥാന സർക്കാരിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ കൈയിൽ അവരുടെ പേരുകളുമുണ്ട്. എന്നാൽ നടപടി ഒഴിവാക്കാനാകില്ലെന്ന് മനസിലാക്കിയതോടെ അവർ ജനങ്ങളെ അണിനിരത്തി സംഘർഷമുണ്ടാക്കുകയായിരുന്നു. അതിൽ ഉൾപ്പെട്ട ആറോളം പേരുടെ പേരുകളും ഞങ്ങളുടെ പക്കലുണ്ട്.

സംഘർഷമുണ്ടാകുന്നതിന് മുൻപുള്ള ദിവസങ്ങളിൽ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കാനെന്ന പേരിൽ പിഎഫ്ഐ സ്ഥലം സന്ദർശിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഒരു കോളേജ് ലക്ചറർ ഉൾപ്പെടെ ചിലരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവരുന്നുണ്ട്. ഇതെല്ലാം അന്വേഷണ വിധേയമാക്കും. നിലവിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ റിപ്പോർട്ടുവരുന്നവരെ കൂടുതൽ അഭിപ്രായം പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോപ്പുലർ ഫ്രണ്ടിനെ പൂർണ്ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അസം സർക്കാർ ഇതിനകം കേന്ദ്രത്തിനെ സമീപിച്ചിട്ടുണ്ടെന്നും ഹിമന്ത ബിശ്വ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അസമിലെ ബിജെപി നേതൃത്വവും സമാന വാദമുന്നയിച്ചിരുന്നു.

സംസ്ഥാനത്തെ ദാരംഗ് ജില്ലയിൽ കുടിയൊഴിപ്പിക്കലിനിടെ വ്യാഴാഴ്ച ഉണ്ടായ സംഘർഷത്തിലും പൊലീസ് വെടിവെപ്പിലും രണ്ടു പേർ കൊല്ലപ്പെടുകയും 20- ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അനധികൃതമായ കയ്യേറ്റമൊഴിപ്പിക്കുന്നതിനിടെയാണ് പ്രതിഷേധക്കാർ ആക്രമണത്തിന് മുതിർന്നത്.

സമുദായ കൃഷി പദ്ധതിക്ക് വേണ്ടി 9,364 ഹെക്ടർ ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചത്. സപ്തംബർ 20ന് 602 ഹെക്ടർ ഭൂമി ഒഴിപ്പിച്ചു. ഇവിടുത്തെ 800 കുടുംബങ്ങളെ ഒഴിപ്പിച്ചു. സപ്തംബർ 23ന് 666 ഹെക്ടർ ഭൂമിയും അതിലെ 600 കുടുംബങ്ങളെയും ഒഴിപ്പിച്ചു. തദ്ദേശവാസികൾ ഒഴിഞ്ഞുപോകാൻ തയ്യാറായെങ്കിലും പുറത്ത് നിന്നും എത്തി കുടിയേറിയവരാണ് പൊലീസിനെ ആക്രമിച്ചത്.

സംശയം തോന്നിയ പൗരന്മാരെയാണ് സർക്കാരും പൊലീസും ഒഴിപ്പിച്ചുകൊണ്ടിരുന്നത്. അസമിലെ ഒഴിപ്പിക്കലിനെതിരെ ആളുകളെ സംഘടിപ്പിച്ചതിനും പൊലിസിനെ ആക്രമിച്ചതിനും പിന്നിൽ മുൻകൂട്ടിയുള്ള ആസൂത്രണശ്രമം ഉണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ബബേഷ് കലിത പ്രതികരിച്ചു. മറ്റ് രാഷ്ട്രീയസംഘടനകളും ഇതിന് പിന്നിലുണ്ടെന്ന് കരുതുന്നു.

കൂടുതൽ അന്വേഷണത്തിലേ ഇക്കാര്യം വെളിപ്പെടൂ. ഇക്കാര്യത്തിൽ ബിജെപി സംസ്ഥാനസർക്കാരിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കയ്യേറ്റക്കാർക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകിയിരുന്നു. മറ്റെവിടെയെങ്കിലും പുനരധിവിക്കാനും വാഗ്ദാനം നൽകിയിരുന്നു. എന്നാൽ അവർ ഇതെല്ലാം നിരസിക്കുകയായിരുന്നുവെന്നും കലിത പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് നടത്തുന്ന ആക്രമണങ്ങൾക്ക് സമാനമായ ആക്രമണശൈലിയാണ് ഗോരുഖുതിയിൽ അരങ്ങേറിയതെന്ന് ബോധ്യമായെന്ന് അസമിലെ ബിജെപി എംപി ദിലീപ് സൈകിയയും ആരോപിച്ചു. ദരംഗിൽ ഒഴിപ്പിക്കൽ നടത്തുമ്പോൾ അസം പൊലീസിനെ ആക്രമിക്കാൻ അക്രമികൾക്ക് പ്രേരണ നൽകിയതിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്നതിൽ സംശയമില്ലെന്നും ബിജെപി പറഞ്ഞു. പ്രതിഷേധക്കാരുടെ പൗരത്വനിലയെക്കുറിച്ച് സംശയമുണ്ടെന്നും ബിജെപി പറഞ്ഞു.അക്രമത്തെക്കുറിച്ചും വെടിവെപ്പിനെക്കുറിച്ചും റിട്ട. ഗുവാഹതി ഹൈക്കോടതി ജഡ്ജിയുടെ അന്വേഷണത്തിന് അസം സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.