- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫൈസർ വാക്സിന് ഇന്ത്യയിൽ ഉടൻ അനുമതി ലഭിക്കും; ഇന്ത്യയ്ക്ക് 200 കോടി ഡോസ് വാക്സിൻ; 100 കോടി ഡോസ് ഈ വർഷം; നടപടികൾ അന്തിമ ഘട്ടത്തിലെന്ന് സിഇഒ
വാഷിങ്ടൺ: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൈസറിന്റെ കോവിഡ് വാക്സിന് ഇന്ത്യയിൽ അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലെന്ന് സിഇഒ ആൽബർട്ട് ബോർള. ഇന്ത്യ അടക്കമുള്ള ഇടത്തരം - താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് ഈ വർഷം നൂറ് കോടി ഡോസ് വാക്സിൻ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എസ്.എ - ഇന്ത്യ ചേംബർ ഓഫ് കോമേഴ്സ് വാർഷിക ഉച്ചകോടിയിൽ സംസാരിക്കവെയാണ് ആൽബർട്ട് ബോർള ഇക്കാര്യം പറഞ്ഞത്. കോവിഡ് മൂലം കടുത്ത ദുരിതത്തിലൂടെയാണ് ഇന്ത്യ കടന്നുപോയത്. ഈ സാഹചര്യത്തിൽ നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. ഇന്ത്യയ്ക്ക് 200 കോടി ഡോസ് വാക്സിൻ നൽകും. ഇതിൽ 100 കോടി ഡോസ് ഈ വർഷം നൽകും.
ഇന്ത്യ ഗവർൺമെന്റുമായി ചർച്ചകൾ നടത്തുകയാണ്. കരാർ ഉണ്ടാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. ഇന്ത്യയിൽ ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിച്ചാലുടൻ വാക്സിൻ ഇറക്കുമതി ചെയ്യാൻ കഴിയും. ഇന്ത്യയുടെ കോവിഡ് വാക്സിൻ നയത്തിന്റെ നട്ടെല്ലായി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തന്നെ തുടരും. എന്നാൽ ഫൈസർ, മോഡേണ വാക്സിനുകൾ ഇന്ത്യയുടെ വാക്സിനേഷൻ ദൗത്യത്തിന് കരുത്ത് പകരും. കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ നിരവധി ജീവൻരക്ഷാ ഉപകരണങ്ങൾ ഫൈസർ ഇന്ത്യയ്ക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ ഫൈസറിനും മോഡേണയ്ക്കും നിയമ നടപടികളിൽനിന്ന് സംരക്ഷണം ലഭിച്ചേക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. അവയുടെ വാക്സിന് ഇന്ത്യയിൽ വേഗത്തിൽ അനുമതി നൽകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നായിരുന്നു റിപ്പോർട്ടുകൾ.
ഫൈസറിനും മോഡേണയ്ക്കും ഇന്ത്യയിൽ അനുമതി ലഭിക്കുന്നതോടെ കുട്ടികൾക്കും മുതിർന്നവർക്കും വാക്സിൻ കുത്തിവെക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ കഴിയുമെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയയും അവകാശപ്പെട്ടിരുന്നു.
ന്യൂസ് ഡെസ്ക്