- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആവേശമുയർത്തുന്ന തീക്കാറ്റായും തീപന്തമായും ജയരാജന് ഇനി മാറാൻ കഴിയില്ലെന്ന തിരിച്ചറിൽ പുതിയ അവതാരങ്ങൾ പിറവി കൊണ്ടു! സൈബർ പോരാളികളിൽ അധികവും ക്വട്ടേഷൻ സംഘങ്ങളുടെ പൊയ്മുഖങ്ങൾ; അമ്പാടിമുക്ക് മുതൽ കതിരൂർ വരെ നീളുന്ന ചെഗുവേര സ്ക്വാഡിൽ ചർച്ചകൾ; പിജെ ആർമ്മിയെ തകർക്കാൻ കണ്ണൂർ സിപിഎം
കണ്ണൂർ: കണ്ണൂരിൽ സി.പി. എമ്മിനുള്ളിൽ പുത്തൻ കൂറ്റുകാരായി ക്വട്ടേഷൻ സംഘം പിടിമുറുക്കിയ വിവാദങ്ങൾ കൊടുമ്പിരി കൊള്ളവേ പാർട്ടിയിൽ ഗ്രൂപ്പ് പോര് മൂർച്ഛിക്കുന്നു. ചില നേതാക്കളുടെ ഒത്താശയോടെയാണ് ക്വട്ടേഷൻ സംഘം വളർന്നതെന്ന പരസ്യവിമർശനവുമായി ഡി.വൈ. എഫ്. ഐയും രംഗത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ജില്ലാസെക്രട്ടറിയേറ്റിലും പാർട്ടിയിൽ പിടിമുറുക്കുന്ന ക്വട്ടേഷൻ സംഘങ്ങളെ കുറിച്ച് മണിക്കൂറുകളോളം നീണ്ട കൂലങ്കഷമായ ചർച്ചയാണ് നടന്നത്. ഈ പശ്ചാലത്തിൽ ചില നേതാക്കളുമായി അസാധാരണമായ അടുപ്പം പുലർത്തുന്ന ഇത്തരക്കാരെ കുറിച്ചുള്ള ചൂടേറിയ വിമർശനവുമുണ്ടായി.
സി.പി. എം സംസ്ഥാന സമിതിയംഗവും മുൻജില്ലാസെക്രട്ടറിയുമായ പി.ജയരാജനെതിരെയാണ് വിമർശനത്തിന്റെ മുൾമുന നീളുന്നത്. പി.ജെ ആർമിയെന്ന പേരിൽ സോഷ്യൽമീഡിയയിൽ വിളയാടുന്ന സൈബർ പോരാളികളിലധികവും ഇത്തരം ക്വട്ടേഷൻ സംഘങ്ങളുടെ പൊയ്മുഖങ്ങളാണെന്ന വിമർശനം പരസ്യമായി ഉയർന്നിട്ടുണ്ട്. നേരത്തെ തന്റെ പേരിൽ രൂപീകരിച്ച പി.ജെ ആർമിയെ ജയരാജൻ തള്ളിപ്പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ അടുത്ത അനുചരന്മാരിയുയർത്തി കാട്ടിയവരെയൊക്കെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. ജയരാജന് സോഷ്യൽമീഡിയയിലും പൊതുസമൂഹത്തിലും വ്യക്തിഗതമായ ഇമേജ് നൽകി ബൂസ്റ്റു ചെയ്യുന്നത് ഇത്തരം വെട്ടുകിളികിളികളാണെന്നാണ് ഇതേ കുറിച്ചു പാർട്ടിയിലെ ഒരു ഉന്നത നേതാവ് പ്രതികരിച്ചത്.
പാർട്ടിയിൽ കുത്തിതിരിപ്പുണ്ടാക്കാൻ വേണ്ടിയാണ് ഇവർ ആരുമറിയാതെ ചങ്കാണ് പി.ജെ, ഉറപ്പാണ് പി.ജെയെന്ന മട്ടിൽ ഫളക്സ് ബോർഡുകൾ ഉയർത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുകൊണ്ടു പാർട്ടിക്ക് യാതൊരു പ്രയോജനവുമില്ലെന്നു മാത്രമല്ല സോഷ്യൽമീഡിയയിൽ സൈബർ പോരാളികൾ ചമഞ്ഞ് ഇവർ നടത്തുന്ന ഇടപെടലുകൾ പാർട്ടിയോട് അനുഭാവമുള്ളവരെ പോലും വെറുപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അമ്പാടിമുക്ക് മുതൽ കതിരൂർ വരെ നീളുന്ന ചെഗുവേര സ്‌ക്വാഡ്
പി.ജയരാജൻ സി.പി. എം ജില്ലാസെക്രട്ടറിയായ കാലത്താണ് പാർട്ടി ഏറ്റവും സംഘർഷഭരിതമായ കാലത്തിലൂടെ കടന്നുപോയത്. സി.പി. എം- ആർ. എസ്. എസ് സംഘർഷം അങ്ങേയറ്റം ര്ക്തരൂക്ഷിതമായിരുന്നു. ഒടുവിൽ അക്രമം അതിന്റെ സർവസീമകളും ലംഘിച്ചു സ്വന്തം വീടിന്റെ തൊട്ടടുത്തു വരെ കൊലപാതകത്തിന്റെ രൂപത്തിലെത്തിയപ്പോൾ മുഖ്യമന്ത്രിക്ക് തന്നെ നിൽക്കകള്ളിയില്ലാതായി. പിണറായിയിലെ ആർ. എസ്. എസ് പ്രവർത്തകൻ രമിത്തിന്റെ കൊല ആഭ്യന്തര വകുപ്പിനെ ഏറെ പ്രതിക്കൂട്ടിൽ നിർത്തിയ സംഭവങ്ങളിലൊന്നായിരുന്നു. ഇതോടെയാണ് ജയരാജന്റെ ചീട്ടുകീറാൻ മുഖ്യമന്ത്രി തീരുമാനിച്ചത്.
ജയരാജനെ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും ഇറക്കിവിട്ടപ്പോൾ കുടിയൊഴിഞ്ഞത് അന്നുവരെ പാർട്ടി ജില്ലാകമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിന് ചുറ്റും വട്ടം ചുറ്റികളിച്ചിരുന്ന അമ്പാടി മുക്ക് സഖാക്കളും അർജുൻ ആയങ്കിയെപ്പോലുള്ളവരുമായിരുന്നു. പാർട്ടിയിൽ മിതവാദിയെന്നു അറിയപ്പെടുന്ന എം.വി ജയരാജൻ ജില്ലാ സെക്രട്ടറിയായതോടെ ഇത്തരം അവതാരങ്ങൾ കുടിയൊഴിഞ്ഞുവെന്നു മാത്രമല്ല പാർട്ടി ഓഫിസുകളിൽ തമ്പടിക്കാതെ ആവശ്യത്തിന് വന്നു പോകുന്ന അവസ്്ഥയും നിലനിന്നു. ആർ. എസ്. എസിനെ അവരുടെ തട്ടകത്തിൽപ്പോലും ഫലപ്രദമായി നേരിടാൻ പി.ജയരാജൻ രൂപീകരിച്ചതായിരുന്നു പാർട്ടിക്കുള്ളിലെ ഡിഫൻസ് വിങ്. പ്രധാനമായും യുവാക്കളായ പാർട്ടി അനുഭാവികളെ ലക്ഷ്യമിട്ടായിരുന്നു ഇതിന്റെ രൂപീകരണം.
പണ്ടു കാലത്ത് ജന്മിത്വ-ഗുണ്ടാ അക്രമണങ്ങൾ നേരിടുന്നതിനായി എഴുപതുകളിൽ എ.കെ.ജി രൂപീകരിച്ച ഗോപാല സേനയുടെ ചുവട് പിടിച്ചായിരുന്നു അത്. എന്നാൽ ഗോപാല സേന കുറുവടിയേന്തിയാണ് നടന്നതെങ്കിൽ പി.ജെ ആർമി കൊടുവാളും ബോംബുമേന്തിയാണ് നടന്നിരുന്നത്. പി.ജെ ആർമിയെന്ന പേരു സൂചിപ്പിക്കുന്നതുപോലെ ഒരു പട്ടാളത്തിന്റെതിനു സമാനമായി കേന്ദ്രീകൃതമായ ഘടനയിലായിരുന്നു രൂപീകരണം.കേന്ദ്രസ്ഥാനത്ത് പാർട്ടി സെക്രട്ടറിയും ചീഫ് മാർഷലമായ ജയരാജൻ. അതിനു താഴെ ജില്ലയിലെ ഓരോ മുക്കിലുമുള്ള യൂനിറ്റ് ലീഡർമാർ, അതിനു താഴെ കമാൻഡർമാർ എന്നിങ്ങനെയായിരുന്നു പി.ജെ ആർമിയുടെ ഘടന.
ഏതു നട്ടപാതിരയ്ക്കും എതിർക്യാംപിൽ മിനുട്ടുകൾവെച്ചു അക്രമം നടത്താനും സർവനാശം വരുത്താനുമുള്ള സെറ്റപ്പാണ് ഇവർക്കുണ്ടായിരുന്നത്. ഒരാളുടെ ജീവനെടുക്കുകയെന്നത് പൂ വിറക്കുന്നതുപോലെ ലളിതമായിരുന്നു. പി.ജെ ആർമിയെന്ന പേരിൽ മാത്രമല്ല ചെഗുവേര സ്‌ക്വാഡ്, റെഡ് ആർമി, ഡിഫൻസ് ടീം, ചുവപ്പിന്റെ കൂട്ടുകാർ, അഭിമന്യൂ മഹാരാജാസ് എന്നിങ്ങനെ വിവിധ പേരുകളിലാണ് ഇവർ പ്രാദേശികമായി അറിയപ്പെട്ടിരുന്നു. 25 പേരെടങ്ങുന്ന ഒരു യൂനിറ്റാണ് പി.ജെ ആർമിയിലുണ്ടായിരുന്നത്. കണ്ണൂർ നഗരത്തിൽ മാത്രം ഇത്തരത്തിൽ ഇരുപതിലെറെ യൂനിറ്റ് പ്രവർത്തിച്ചിരുന്നു.
ഇതിൽ പള്ളിക്കുന്ന് ചെട്ടിപീടികയിൽ പഴയ അമ്പാടി മുക്ക് സഖാവ് എൻ.കെ ധീരജ് കുമാറാണ് നേതൃത്വം നൽകിയത്. പള്ളിക്കുന്നിലെ തന്നെ മറ്റൊരു ഭാഗത്താണ് അർജുൻ ആയങ്കി പ്രവർത്തിച്ചിരുന്നത്. ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ പിന്നീട് പാർട്ടി തള്ളിപ്പറഞ്ഞുവെങ്കിലും പി.ജെ ആർമിയുടെ ഭാഗമായിട്ടാണ് മുഴക്കുന്ന് സ്വദേശിയായ ആകാശിന്റെയും തുടക്കം.
ജയരാജൻ തെറിച്ചപ്പോൾ സംഭവിച്ചത്
പാർട്ടിക്കതീതമായി വ്യക്തിപൂജ നടത്തി ജയരാജൻ വളരുന്നുവെന്ന വിമർശനമുയർന്നത് കേവലം മയ്യിൽ കലാകൂട്ടായ്മ തയ്യാറാക്കിയ സംഗീത ആൽബത്തിലെ വാഴ്‌ത്തിപ്പാട്ടുകാരണമല്ല. കണ്ണൂരിന്റെ ചെന്താരകമെന്ന് ജയരാജനെ വിശേഷിപ്പിച്ചാൽ പാർട്ടിക്ക് യാതൊന്നും സംഭവിക്കാനുമില്ല. എന്നാൽ സി.പി. എമ്മിന് സമാന്തരമായി പി.ജെ ആർമിയെപ്പോലെ അത്യന്തം അപകടകരമായ ഒരു സംഘടനാ സംവിധാനം മുളച്ചുവരുന്നത് കാണാനുള്ള രാഷ്ട്രീയദീർഘവീക്ഷണം സംസ്ഥാന നേതൃത്വത്തിനുണ്ടായി.
പാർട്ടിഗ്രാമങ്ങളിലെമ്പാടും ജയരാജനെ അനുകൂലിച്ചു കൊണ്ടു ഫൽക്സ് ബോർഡുകൾ ഉയരുന്നതും പാർട്ടി കണ്ണൂർ ഏരിയാ സമ്മേളനത്തിൽ പി.ജെയുടെ ചിത്രം പതിപ്പിച്ച ബാഡ്ജണിഞ്ഞ് പ്രതിനിധികളെത്തിയതും പാർട്ടി നേതൃത്വത്തെ ഇരുത്തിചിന്തിപ്പിച്ചതാണ്. ഇതോടെയാണ് കണ്ണൂർ ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും ജയരാജനെ നീക്കി വടകരയിൽ ചാവേറായി മത്സരിക്കാൻ വിടുന്നത്. വടകര പാർലമെന്റ്് മണ്ഡലമെന്നാൽ തലശേരി താലൂക്ക് കൂടി ചേർന്ന സ്ഥലമാണ്. സ്വന്തം ജന്മനാട് ഉൾപ്പെടുന്ന കൂത്തുപറമ്പ് ഉൾപ്പെടുന്ന വടകരയിൽ ജയരാജന് എത്രമാത്രം വ്യക്തിപ്രഭാവമുണ്ടെന്നു അളക്കുകകൂടിയായിരുന്നു ഉദ്ദേശ്യം.
എന്നാൽ കെ.മുരളീധരനോട് അൻപതിനായിരത്തിലേറെ മാർജിനിൽ തോറ്റ ജയരാജൻ ഊതിവീർപ്പിച്ച സോപ്പുകുമിളയാണെന്നു മനസിലാക്കിയ സംസ്ഥാന നേതൃത്വം അതു കുത്തിപ്പൊട്ടിക്കുകയെന്നത് അനായസമാണെന്നു തിരിച്ചറിയുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റുകൊടുക്കാതെ ജയരാജനെ മൂലക്കിരുത്തിയതും ഇതിന്റെ ഭാഗമായിരുന്നു. ജയരാജന് സീറ്റു കൊടുക്കാത്തതിൽ പ്രതിഷേധിച്ചു സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച അമ്പാടി മുക്ക് സഖാവ് ധീരജ് കുമാറിനെ മണിക്കൂറുകൾ കൊണ്ടു പാർട്ടിയിൽ നിന്നും പുറത്താക്കിയാണ് സി.പി. എം ഉരുക്കുമുഷ്ടി പുറത്തെടുത്തത്.
കഴിഞ്ഞതെരഞ്ഞെടുപ്പോടെ പി.ജെ ആർമിയെ പൂർണമായും ഇല്ലാതാക്കാനും അവരെ നിരീക്ഷണ വലയത്തിൽപ്പെടുത്താനും സി.പി. എം നേതൃത്വത്തിനു കഴിഞ്ഞു. ഈ ജാഗ്രതയുടെ വിജയമാണ് കണ്ണൂർ, അഴീക്കോട്, കൂത്തുപറമ്പ് മണ്ഡലങ്ങളിലുണ്ടായത്.
അനാഥരായ അർജുനനന്മാർ
തങ്ങളുടെ അപ്പോസ്തലനായ പി.ജെയെ പാർട്ടി കൈവിട്ടതോടെ അക്ഷരാർത്ഥത്തിൽ അനാഥരാവുകയായിരുന്നു സൈബർ-ക്വട്ടേഷൻ പോരാളികളായ അർജുനും ആകാശുമുൾപ്പെടെയുള്ള നൂറുകണക്കിന് ക്വട്ടേഷൻകാർ. കൊലപാതകരാഷ്ട്രീയത്തിൽ നിന്നും സി.പി. എം പിന്മാറിയതോടെ ഇവർക്ക് സംഘർഷകാലങ്ങളിൽ ലഭിച്ചിരുന്ന കട്ടിങും ബ്ലീഡിങും പണികൾ കുറഞ്ഞു ഉപയോഗിക്കാത്ത മഴുപോലെ മൂർച്ച പോയി മൂലയ്ക്കിരിക്കുന്ന ഇവർ കണ്ടെത്തിയ അതിജീവനത്തിന്റെ മാർഗമായിരുന്നു പാർട്ടിക്കു പുറത്തെ ക്വട്ടേഷൻ പണി.
ടി.പി വധക്കേസിൽ അകത്തുകിടക്കുമ്പോഴും പുറത്ത് ക്വട്ടേഷൻ പണിയെടുത്തിരുന്ന കൊടി സുനിയായിരുന്നു റോൾ മോഡൽ. ജയിലിനകത്തു കിടന്ന് കൊടിയും കിർമാനിയുമൊക്കെയുണ്ടാക്കുന്ന ലക്ഷങ്ങൾ കണ്ട് അർജുന്റെയും മറ്റും കണ്ണുമഞ്ഞളിച്ചു. ഇതോടെയാണ് ഇവരും സ്വർണക്കള്ളക്കടത്തു പണിക്കിറങ്ങിയിരുന്നു. മയക്കു മരുന്ന് കടത്ത്, മദ്യക്കടത്ത്, ആളെ തട്ടിക്കൊണ്ടുപോകൽ, കൈക്കാൽവെട്ടൽ തുടങ്ങി ക്വട്ടേഷന് വകുപ്പുകളേറെയുണ്ടെങ്കിലും ഇതിലേറ്റവും നല്ലപരിപാടിയെന്നത് സ്വർണ-കുഴൽപണക്കടത്തുകാരെ നിലം തൊടാതെ റാഞ്ചുകയെന്നതായിരുന്നു ഇതിനെ പൊട്ടിക്കലെന്നാണ് അധോലോക വൃത്തങ്ങളിൽ അറിയപ്പെട്ടിരുന്നത്്.
ഒറ്റയടിക്ക് ലക്ഷങ്ങൾ ഇങ്ങനെയുണ്ടാക്കാമെന്നതാണ് ഇതിന്റെ മെച്ചം. പൊട്ടിക്കുന്നത് കള്ളപ്പണവും കടത്തു സ്വർണവുമൊക്കെയായതിനാൽ പരാതിയും കേസുമുണ്ടാകാറില്ല. തലശേരി, മാഹി മേഖലയിൽ പ്രാദേശിക സി. പി. എം നേതാക്കളിലെ ചിലർ ഈ പൊട്ടിക്കൽ പണിക്ക് ചില്ലറ കിട്ടിയാൽ സഹായം ചെയ്യുന്നവരാണ്. ഈക്കാര്യം അർജുന്റെ വാട്സ് ആപ്പ് സന്ദേശത്തിൽ വ്യക്തമായി പറയുന്നുമുണ്ട്.കോടികൾ കൈമറിയുന്ന ഒരു മിനി അധോലോകത്തിന്റെ ഭാഗമായി നിൽക്കുമ്പോഴും തങ്ങളുടെ സി.പി. എം ലേബൽ പലപ്പോഴും ഗുണം ചെയ്യുമെന്നു കരുതിയതിനാൽ ഇവർ സോഷ്യൽമീഡിയയിൽ പാർട്ടിക്കായി വിയർപ്പൊഴുക്കി പണിയെടുത്തിതിരുന്നു.
സോഷ്യൽ മീഡിയയിൽ നടത്തുന്ന വിപൽവവായാടിത്തവും ചില കാര്യങ്ങൾ പച്ചയ്ക്കു പറയാൻ കെൽപ്പുള്ള ചങ്കൂറ്റവും ഇവരെ നവമാധ്യമങ്ങളിലെ മുടിചൂടാ മന്നന്മാരാക്കുകയും ചെയ്തു.
മിശിഹയുടെ സുവിശേഷം
ഐ. ആർ.പി.സിയെന്ന ജീവകാരുണ്യപ്രവർത്തനത്തിലൂടെ ജീവകാരുണ്യ പ്രവർത്തനരംഗത്തെ മാലാഖയായി പി.ജയരാജൻ മാറിയപ്പോൾ ധീരജ്കുമാറിനെപ്പോലുള്ള അപൂർവ്വം ചിലർ മാത്രമേ അദ്ദേഹത്തിന്റെ പാത തുടർന്നുള്ളു. പോരാളിയായ പി.ജെയായിരുന്നു അവർക്കു വേണ്ടത് അല്ലാതെ സാന്ത്വന പ്രവർത്തകനായ പി.ജെയായിരുന്നില്ല. ഓരോ സിരയിലും ആവേശമുണർത്തുന്ന തീക്കാറ്റായിയും തീപന്തമായും ജയരാജന് ഇനി മാറാൻ കഴിയില്ലെന്ന തിരിച്ചറിവോടെ പുതിയ ചില അവതാരങ്ങൾ പിറവി കൊള്ളുകയും പി.ജെ ആർമിയിൽ വിള്ളലുകൾ വീഴുകയും ചെയ്തു.
ഇതോടെയാണ് ജയരാജനുണ്ടാക്കിയ സംഘടനാസംവിധാനം ഭാഗികമായി തന്നെ അടർന്നു പോയത്. സംസ്ഥാനത്തെ സ്വർണക്കടത്തു കേസുകളിൽ കണ്ണൂരിൽ നിന്നുള്ള ചിലരുടെ സാന്നിധ്യം കൂടുന്നതായി ചൂണ്ടിക്കാണിച്ച് സംസ്ഥാന ഇന്റലിജൻസ് രണ്ടു വർഷം മുൻപ് ആഭ്യന്തരവകുപ്പിന് റിപ്പോർട്ടു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വിഷയം സി.പി. എം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യുകയും പാർട്ടി ഈക്കാര്യംഅന്വേഷിച്ചു നടപടിയെടുക്കുന്നതിനു തീരുമാനിക്കുകയും ചെയ്തു. കണ്ണൂരിൽ വിളിച്ചു ചേർത്ത യോഗത്തിൽ അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പങ്കെടുത്തത്. എന്നാൽ ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ടിങ് കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നടന്നിരുന്നുവെങ്കിലും ഇതിനെതിരെയുള്ള പ്രവർത്തനങ്ങളൊന്നും നടന്നില്ല.
പാർട്ടി പരിപാടിയായി ആകെ നടത്തിയത് ഡി.വൈ. എഫ്. ഐയുടെ കാൽനടപ്രചരണജാഥമാത്രം.സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം പൊളിക്കാൻ ജില്ലാ നേതൃത്വം തന്നെ അന്ന് രഹസ്യമായി ഒത്താശചെയ്യുകയായിരുന്നു. പഴയ തെറ്റുതിരുത്തൽ രേഖ പൊളിച്ചതു പോലെ ക്വട്ടേഷൻകാർക്കെതിരെയുള്ള നീക്കവും പൊളിച്ചതിന്റെ അനന്തര ഫലമാണ് അർജുനനിലൂടെയും ആകാശിലൂടെയും ഇപ്പോൾ അനുവഭിക്കുന്നതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്