കോട്ടയം: പിജി ഡോക്ടർമാരുടെ സമരം ഉടൻ തീരുമെന്നാണ് ഏവരുടേയും പ്രതീക്ഷ. ആരോഗ്യമന്ത്രി വീണാ ജോർജ് ഇതിനുള്ള ചർച്ച നടത്താനുള്ള തീരുമാനത്തിലാണ്. അതിനിടെ പിജി ഡോക്ടർമാർ സമരം കടുപ്പിക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ സമരത്തിന്റെ പശ്ചാത്തലത്തിൽ അവർക്ക് പറയാൻ ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. ഇതു കൊണ്ടാണ് അവർ ജീവന്മരണ സമരത്തിന് തയ്യാറായത്. രാഷ്ട്രീയ പാർട്ടികളെ പോലും അകറ്റി നിർത്തി സ്വന്തം ആവശ്യങ്ങൾ നേടിയെടുക്കുകയാണ് അവർ.

ഇന്ന് വെറും എംബിബിഎസ് ഡോക്ടർക്ക് ആരും വില നൽകുന്നില്ല. അതുകൊണ്ട് തന്നെ സ്വന്തം ജീവിതം കരപിടിപ്പിക്കാൻ വേണ്ടി ആയുസിന്റെ പകുതിയും പഠനത്തിന് വേണ്ടി ചെലവിടുന്നു. കാശുള്ളവർ സ്വകാര്യ ആശുപത്രി സ്വകര്യങ്ങളിലൂടെ അതിവേഗം എംഡിക്കാരാകും. അതിന് കഴിയാത്തവരും മിടു മിടുക്കരുമാണ് സർക്കാർ മെഡിക്കൽ കോളേജിൽ എത്തുന്നത്. അവരാണ് സർക്കാരിന്റെ നീതി കേടിനെതിരെ പ്രതിഷേധിക്കുന്നതും. എംബിബിഎസ് പരീക്ഷ പാസായാൽ ഒരുവർഷം ഹൗസ് സർജൻസി. സർക്കാർ കോളേജിൽ 25,000 രൂപ പ്രതിമാസം ലഭിക്കുമെങ്കിലും സ്വകാര്യ കോളേജുകളിൽ കുറവാണ്. പി.ജി. എൻട്രൻസിന് അപ്പോൾ മുതൽ തുടങ്ങും ശ്രമം.

എംബിബിഎസ് എൻട്രൻസിന് പഠനം തുടങ്ങുന്നത് പത്താംക്ലാസിലാണ് മിക്കവരും. പ്ലസ് ടു കഴിയുമ്പോൾ എംബിബിഎസ് അഡ്‌മിഷൻ ഉറപ്പിക്കാൻ കോച്ചിങ് ക്ലാസുകളിൽ അടക്കം വലിയ തുക ചെലവാകും. മിടുക്കുണ്ടെങ്കിൽ മാത്രം സർക്കാർ കോളേജിൽ പഠനം കിട്ടും. അങ്ങനെ പഠിച്ച് പുറത്തിറങ്ങുന്നവർ പിന്നീട് ജോലിക്ക് പോലും പോകാതെ പിജിക്ക് പിന്നാലെ നിൽക്കും.

മൂന്നുവർഷം പഠനം. ആദ്യ വർഷം പ്രതിമാസം 53,000, രണ്ടാംവർഷം 54,000, മൂന്നാംവർഷം 50,000 എന്നിങ്ങനെ സ്‌റ്റൈപൻഡ് ലഭിക്കും. ഈ മൂന്ന് വർഷവും പി.ജി. ഫീസ് ഇനത്തിൽ 70,000, തീസിസിന് 20,000, അവസാനവർഷം പരീക്ഷയ്ക്ക് 10,000 എന്നിങ്ങനെ അടയ്ക്കണം. അതായത് കിട്ടുന്നതെല്ലാം തിരിച്ചു കൊടുക്കണം. പി.ജി. പാസായാൽ ഒരുവർഷം സീനിയർ റെസിഡന്റായി സേവനം. ഈ കാലത്ത് 70,000 രൂപ മാസം കിട്ടും. പിന്നെ സൂപ്പർ സ്‌പെഷ്യാലിറ്റി എൻട്രൻസും.

സൂപ്പർ സ്‌പെഷ്യാലിറ്റിക്ക് അഡ്‌മിഷൻ കിട്ടിയാൽ മൂന്ന് വർഷം പഠനം. 70,000 രൂപ സ്‌റ്റൈപൻഡ് ലഭിക്കും. വാർഷിക ഫീസ് 1.75 ലക്ഷം. അങ്ങനെ എം.ബി.ബി.എസിനും എം.ഡിക്കും ഇടയിലുള്ള പി.ജി.കാലം ഡോക്ടർമാർക്ക് പരീക്ഷണകാലമാണ്. കൈയിൽ പണമില്ലാതെ കാലം. ജോലിയും ചെയ്യണം. അതും സാധാരണക്കാരുടെ ജീവൻ നിലനിർത്താനുള്ള ജീവന്മരണ പോരാട്ടം.

ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോർജുമായി മെഡിക്കൽ പിജി വിദ്യാർത്ഥികൾ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. ഒരു ഉറപ്പും സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിക്കാത്തതിനാൽ സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. ആരോഗ്യമന്ത്രി വീണാ ജോർജുമായി അനൗദ്യോഗിക ചർച്ചയാണ് ഇന്നുണ്ടായതെന്നും ഔദ്യോഗിക ചർച്ച വൈകാതെ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പിജി ഡോക്ടർമാർ പറഞ്ഞു. തങ്ങളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും മാനസികവും ശാരീരികവും സാമ്പത്തികവുമായ പ്രയാസങ്ങളും മന്ത്രിയെ ധരിപ്പിച്ചതായും പിജി ഡോക്ടർമാർ അറിയിച്ചു.

കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ പിജി വിദ്യാർത്ഥികളുമായി ചർച്ച നടത്തുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുൻപ് ചർച്ച നടത്തിയ പിജി അസോസിയേഷൻ നേതാക്കൾ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ജോ. ഡയറക്ടർ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുക്കും. ചെയ്യാവുന്നതെല്ലാം ചെയ്തു, ഇനി ചർച്ചയില്ലെന്ന നിലപാടിലായിരുന്നു ഇതുവരെ സർക്കാർ. എന്നാൽ സർക്കാർ മെഡിക്കൽ കോളേജുകളിലെ പിജി ഡോക്ടർമാർ 15 ദിവസമായി തുടരുന്ന സമരവും ഹൗസ് സർജന്മാർ നടത്തിയ സൂചനാ സമരവും ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചതോടെയാണ് സർക്കാർ നിലപാടു മയപ്പെടുത്തിയത്.

പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറെന്ന് മന്ത്രി അറിയിച്ചതോടെയാണ് ഇന്നലെ കൂടിക്കാഴ്‌ച്ചയ്ക്ക് വഴിയൊരുങ്ങിയത്. പരിഹാര മാർഗങ്ങൾ ചർച്ചയായില്ലെങ്കിലും ഔദ്യോഗികമായി ഒരു ചർച്ചയ്ക്ക് കൂടി തയ്യാറെന്ന് സർക്കാർ അറിയിച്ചു. പ്രശ്ന പരിഹാരത്തിന് തുടർ ചർച്ചകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും അറിയിച്ചു. എന്നാൽ തീയതിയോ സമയമോ സർക്കാർ പറഞ്ഞിട്ടില്ല. ഒന്നാം വർഷ പിജി പ്രവേശം നേരത്തെയാക്കണമെന്നും ജോലിഭാരം കുറയ്ക്കാൻ നടപടിവേണമെന്നും പിജി വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. ഒന്നാം വർഷത്തിൽ പ്രവേശനം നടക്കാത്തതിനാൽ അധിക സമയം വിദ്യാർത്ഥികൾക്കു ജോലി ചെയ്യേണ്ടി വരുന്നുണ്ട്. സ്റ്റൈഫന്റ് തുക വർധിപ്പിക്കുന്നില്ലെന്നും വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.

ഒന്നാം വർഷ പിജി പ്രവേശന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും 373 ജൂനിയർ ഡോക്ടർമാരെ നിയമിക്കാനുള്ള നടപടി തുടങ്ങിയിട്ടും സമരം പിൻവലിക്കുന്നില്ലെന്നുമാണ് സർക്കാർ പറയുന്നത്. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരാനാണ് പിജി ഡോക്ടർമരുടെ തീരുമാനം. പിജി ഡോക്ടർമാരുടെ ആവശ്യങ്ങളിൽ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നു ഐഎംഎ അറിയിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിഷയം ഗൗരവമായി പരിഗണിക്കുന്നില്ലെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോക്ടർ ജെ എ ജയലാൽ പറഞ്ഞു. കോവിഡ് കാലമായതിനാൽ ഡോക്ടർമാർക്ക് അധിക ജോലി ഭാരമാണ്. പിജി പ്രവേശനം വേഗം നടത്തുകയോ പകരം ഡോക്ടർമാരെ നിയമിക്കുകയോ ചെയ്യണമെന്നും ഡോക്ടർ ജെ എ ജയലാൽ പറഞ്ഞു.