- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു ദിവസം തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്ന ഒരു പിജി വിദ്യാർത്ഥിക്ക് എവിടെയാണു വായിച്ചു വരാൻ നേരം? നേരാംവണ്ണം ഒന്നുറങ്ങാൻ പോലും കഴിയാതെ ശസ്ത്രക്രിയാ മുറിയിൽ കയറേണ്ടി വരുന്നതിന്റെ അപകടം വളരെ വലുത്; ഈ വാക്കുകൾ ആരോഗ്യമന്ത്രി കേട്ടേ മതിയാകൂ; പിജി ഡോക്ടർമാരുടെ ദുരിത സമരം തുടരുമ്പോൾ
കോഴിക്കോട്: പിജി ഡോക്ടർമാരുടെ വേദന സർക്കാർ കേട്ടേ മതിയാകൂ. അത്രയേറെ സേവനമാണ് മെഡിക്കൽ കോളേജുകളിൽ അവർ ചെയ്യുന്നത്. സ്വന്തം കുടുംബവും കാര്യങ്ങളും മറന്നുള്ള ജോലി ചെയ്യൽ. 'ഞങ്ങളുടെ കൂടെയുള്ള ഒരാളുടെ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടു പോലും അയാൾക്കു കൂടെ നിൽക്കാൻ കഴിഞ്ഞില്ല. ഇഷ്ടമുണ്ടായിട്ടല്ല തെരുവിലിറങ്ങി സമരം ചെയ്യുന്നത്. പക്ഷേ ഞങ്ങൾക്കു വേറെ വഴിയില്ല-ഇതാണ് അവർക്ക് ആരോഗ്യമന്ത്രി വീണാ ജോർജിനോട് പറയാനുള്ളത്.
പിജി വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ ചർച്ച നടത്തിയിരുന്നു. പിജി വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. റെസിഡൻസി മാനുവലിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. റെസിഡൻസി മാനുവലിൽ നിന്നും അധികമായി ആർക്കൊക്കെയാണ് എവിടെയൊക്കെയാണ് ജോലിഭാരം കൂടുതൽ എന്ന് അറിയാൻ ഒരു സമിതിയെ നിയോഗിക്കും. സംഘടനാ പ്രതിനിധികൾ നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ ഒരു മാസത്തിനുള്ളിൽ സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ മന്ത്രി നൽകിയ ഉറപ്പുകൾ രേഖാമൂലം വേണമെന്ന് പിജി ഡോക്ടർമാർ അറിയിച്ചു. അതുവരെ സമരം തുടരുമെന്നും അവർ വ്യക്തമാക്കി. ഈ ഉറപ്പ് രേഖാമൂലം നൽകി സമരം അതിവേഗം തീർക്കേണ്ടത് കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് അനിവാര്യതയാണ്.
സാധാരണക്കാർ പലവിധ അസുഖത്തിന് ഓടിയെത്തുന്നിടമാണ് മെഡിക്കൽ കോളേജ്. മെഡിക്കൽ കോളേജിന്റെ പ്രവർത്തനം രണ്ടാഴ്ച താളം തെറ്റുമ്പോൾ നേട്ടം സ്വകാര്യ ആശുപത്രികൾക്കാണ്. അതു മനസ്സിലാക്കിയുള്ള ഇടപെടലാണ് അനിവാര്യം. സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ വേണ്ടിയാണ് പിജിക്കാരുടെ പറഞ്ഞു തീർക്കേണ്ട സമരം വഷളാക്കുന്നതെന്ന വാദവം ഉയരുന്നുണ്ട്. സമരം തുടരുന്നതിനാൽ രോഗികൾക്ക് സ്വകാര്യ ആശുപത്രികളെ കൂടുതലായി സമീപിക്കേണ്ട അവസ്ഥയാണ് ഉള്ളത്. കോളടിക്കുന്നത് കേരളത്തിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾക്കും. അപകടമുണ്ടായാൽ പോലും മെഡിക്കൽ കോളേജിന് പകരം ആംബുലൻസുകൾ പായുന്നത് സ്വകാര്യ ആശുപത്രികളിലേക്കാണ് ഇപ്പോൾ.
സംസ്ഥാനമൊട്ടാകെ ആയിരത്തോളം പിജി വിദ്യാർത്ഥികളാണു സമര രംഗത്തുള്ളത്. വീട്ടിൽ പോകുന്നത് സ്വപ്നം മാത്രമായി. സ്വന്തം ഹോസ്റ്റലിൽ പോലും ഒന്നു പോയി വിശ്രമിക്കാനുള്ള സമയമില്ല. 36-48 മണിക്കൂർ തുടർച്ചയായി ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്. ഉറങ്ങാനും കുളിക്കാനും വരെ സമയമില്ല. 250 പിജി ഡോക്ടർമാരുടെ കുറവാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ മാത്രമുള്ളത്. ഡോക്ടർമാരുടെ ക്ഷാമമാണ് ഇതിനെല്ലാം കാരണം. ഇത് പരിഹരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തവും. അടിയന്തര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടായേ പറ്റൂ. സമരം രണ്ടാഴ്ച പിന്നിടുമ്പോഴും ശത്രുക്കളെ പോലെയാണ് ആരോഗ്യ വകുപ്പ് പിജി ഡോക്ടർമാരെ കാണുന്നത്. ആശുപത്രികൾ താളം തെറ്റുകയാണ്. ഇനിനയും ഈ ആവശ്യങ്ങൾ അംഗീകരിക്കാതിരിക്കരുത്.
'അറുപതോളം പിജി വിദ്യാർത്ഥികൾ വേണ്ട മെഡിസിൻ വിഭാഗത്തിൽ നാൽപതോളം പേരാണ് ഇപ്പോൾ ഉള്ളത്. ഇവരിൽ ആരെങ്കിലും അസുഖമായോ മറ്റോ ആയി അവധി എടുത്താൽ അവരുടെ ജോലി കൂടി ബാക്കിയുള്ളവർ എടുക്കണം. മെഡിസിൻ വിഭാഗത്തിൽ മാത്രം ഓരോ ദിവസവും 300-450 രോഗികളെ നോക്കണം. മുതിർന്ന ഡോക്ടർമാരുടെ എണ്ണം വളരെ കുറവാണ്. അതുകൊണ്ട് ഡ്യൂട്ടി ഇടുമ്പോൾ എല്ലായിടത്തും പിജി വിദ്യാർത്ഥികളെ ഇട്ടാണ് അതു പരിഹരിക്കുന്നത്. കോവിഡിലും നിപ്പയിലുമൊക്കെ ഞങ്ങൾ പണിയെടുത്തു. മേൽനോട്ടം വഹിക്കാൻ ഒന്നോ രണ്ടോ മുതിർന്ന ഡോക്ടർമാർ, ബാക്കി മുഴുവൻ ഞങ്ങൾ പണിയെടുക്കണം എന്നതാണു സ്ഥിതി-പിജി ഡോക്ടർമാർ പറയുന്നു.
ഇതിനിടയിൽ ഞങ്ങളുടെ പ്രധാന ഉദ്ദേശമായ പഠനം മാത്രം നടക്കുന്നില്ല. ശസ്ത്രക്രിയ വിഭാഗത്തിൽ ഒക്കെ ജോലി ചെയ്യേണ്ടി വരുന്നവർ ശസ്ത്രക്രിയയ്ക്കു മുൻപ് വായിച്ചു പഠിച്ചിട്ടു വേണ്ടേ പങ്കെടുക്കാൻ? രണ്ടു ദിവസം തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്ന ഒരു പിജി വിദ്യാർത്ഥിക്ക് എവിടെയാണു വായിച്ചു വരാൻ നേരം? നേരാംവണ്ണം ഒന്നുറങ്ങാൻ പോലും കഴിയാതെ ശസ്ത്രക്രിയാ മുറിയിൽ കയറേണ്ടി വരുന്നതിന്റെ അപകടം വളരെ വലുതാണ്. ശസ്ത്രക്രിയാ മുറിയിൽ ചിലപ്പോൾ നാലും അഞ്ചും മണിക്കൂർ ഒരേ നിൽപു നിൽക്കേണ്ടി വന്നേക്കാം. ചിലപ്പോൾ അതിലും കൂടും. പഠിക്കാൻ എത്തിയ ഞങ്ങളെക്കൊണ്ട് ഒരു മെഡിക്കൽ കോളജ് നടത്തിക്കൊണ്ടു പോകാൻ ഉപയോഗിക്കുന്നത് തീർത്തും അശാസ്ത്രീയമാണ്-അവർ ചൂണ്ടിക്കാട്ടുന്നത് ആരോഗ്യ രംഗം നേരിടുന്ന വെല്ലുവിളിയെയാണ്.
പിജി ഒന്നാം വർഷ വിദ്യാർത്ഥികൾ ഇതുവരെ പ്രവേശനത്തിന് എത്തിയിട്ടില്ല. പ്രവേശനം സുപ്രീംകോടതി പരിഗണനയിൽ കിടക്കുന്നതു കൊണ്ടാണ്. 750 പിജി ഡോക്ടർമാർ വേണ്ട കോഴിക്കോട് മെഡിക്കൽ കോളജിൽ ഇപ്പോൾ ആകെ 500ൽ താഴെ മാത്രമേ ഡോക്ടർമാരുള്ളു. ഇതു തന്നെയാണ് ബാക്കി മെഡിക്കൽ കോളേജിലേയും അവസ്ഥ. പിജി അലോട്‌മെന്റ് വേഗത്തിലാക്കാൻ ഇടപെടൽ നടത്തണം. അതുവരെ പകരം സംവിധാനമുണ്ടാക്കണം. '55,000 രൂപയാണ് ഇപ്പോൾ സ്‌റ്റൈപ്പന്റ് ലഭിക്കുന്നത്. 27-30 വയസുള്ളവരാണ് പിജി വിദ്യാർത്ഥികളായി ഉള്ളത്. മിക്കവരും വിവാഹിതരും കടുംബവുമുള്ളവരുമൊക്കെയാണ്. വിദ്യാഭ്യാസവായ്പ തിരിച്ചടവ്, ഹോസ്റ്റൽ ഫീസ്, പുസ്തകം അടക്കമുള്ള പഠനോപകരണങ്ങൾ, വീട്ടുചെലവ് ഇതൊക്കെ നടത്തിക്കഴിഞ്ഞ് ഭക്ഷണത്തിനു പോലും ചെലവു കണ്ടെത്താൻ കഴിയാത്ത അവസ്ഥയുണ്ട് പലർക്കും. ഞങ്ങളൊക്കെ ശരാശരിക്കാരായ കുടുംബത്തിൽനിന്നു വരുന്നവരാണ്.
ഡോക്ടർമാരല്ലേ അല്ലെങ്കിൽ പിജിക്കു പഠിക്കുന്നവരല്ലേ വലിയ വീട്ടിലെ കാശുള്ളവരായിരിക്കും എന്നൊക്കെ പലരും വിചാരിക്കും. എന്നാൽ മെറിറ്റിന്റെ മാത്രം അടിസ്ഥാനത്തിൽ പഠിക്കാൻ കയറിയവരാണ് ഞങ്ങൾ. ഞങ്ങളുടേതൊക്കെ സാധാരണ കുടുംബങ്ങളാണ്. 3 വർഷം പിജി പഠനം കഴിഞ്ഞ് ഇറങ്ങിയാൽ ഒരു വർഷത്തെ നിർബന്ധിത സേവനം കൂടി ഉണ്ട്. സ്‌റ്റൈപ്പൻഡിനേക്കാൾ 1000 രൂപ അധികം കിട്ടും എന്നതു മാത്രമാണ് മെച്ചം-ഡോക്ടർമാർ പറയുന്നു.
അതിനിടെ സ്‌റ്റൈപെൻഡ് നാല് ശതമാനം വർധനവിനു വേണ്ടി ധനകാര്യ വകുപ്പിനോട് നേരത്തെ രണ്ടു തവണ അഭ്യർത്ഥിച്ചിട്ടുണ്ടെന്നു ആരോഗ്യമന്ത്രി പിജി വിദ്യാർത്ഥികളുമായുള്ള ചർച്ചയിൽ പറഞ്ഞു. അനുഭാവപൂർവം പരിഗണിക്കണമെന്ന് പറഞ്ഞ് വീണ്ടും ധനവകുപ്പിന് ഫയൽ അയച്ചിട്ടുണ്ട്. വീണ്ടും ധനകാര്യ വകുപ്പ് മന്ത്രിയോട് സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു. ഒന്നാം വർഷ പിജി പ്രവേശനം നേരത്തെ നടത്തുക എന്ന വിഷയമാണ് അവർ ആദ്യം ഉന്നയിച്ചത്. സുപ്രീം കോടതിയുടെ മുന്നിലുള്ള വിഷയമാണത്. ഇക്കാര്യത്തിൽ സർക്കാരിന് ഇടപെടാൻ കഴിയില്ലെന്നും മന്ത്രി അറിയിച്ചു.
വാർഡുകളിലും അത്യാഹിത വിഭാഗത്തിലും പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും ചെയ്യുന്ന സേവനങ്ങൾ വലുതാണ്. ആരോഗ്യ വകുപ്പിന് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമാണ് 373 എൻഎജെആർമാരെ നിയമിക്കുന്നതിന് ഉത്തരവായത്. അവരിൽ ഏറെ പേരും ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഒരിടത്തും ഇതുപോലെ നിയമിച്ചിട്ടില്ല. ഇനിയും കൂടുതൽ എൻഎജെആർമാരെ നിയമിക്കണമെന്നാണ് അവർ പറയുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ അധികമായി നിയമിച്ച 249 എസ്ആർമാരെ, അവർ ആവശ്യപ്പെട്ടാൽ ഇവരെ ഒഴിവാക്കി അത്രയും തുകയ്ക്ക് കൂടുതൽ എൻഎജെആർമാരെ നിയമിക്കുന്ന കാര്യം പരിശോധിക്കാമെന്ന് മന്ത്രി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ