ആറ്റിങ്ങൽ: കുപ്രസിദ്ധ മോഷ്ടാവാണ് ഫാന്റം പൈലി എന്ന കുരക്കണ്ണി തിരുവമ്പാടി ഗുലാബ് മൻസിലിൽ ഷാജി. വയസ്സ് 35ഉം. മയക്കു മരുന്ന് കച്ചവടത്തിലും വിരുതൻ. സ്‌കൂൾ പരിസരത്ത് കഞ്ചാവ് പൊതികളും ലഹരിമരുന്നും വിൽക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്. വർക്കലയിൽ കോവളത്തേക്കുള്ള ഫാന്റെ പൈലിയുടേയും കൂട്ടുകാരുടേയും യാത്രയ്ക്കിടെയായിരുന്നു ഇന്നലെ അറസ്റ്റിലായത്. പുതുവൽസര-ക്രിസ്മസ് ആഘോഷത്തിന് കോവളത്തേക്ക് ചരക്ക് എടുക്കാനുള്ള യാത്രയായിരുന്നു അതെന്നാണ് സൂചന.

തലസ്ഥാന നഗരത്തിൽ അമിതലഹരിയിലായിരുന്ന അക്രമികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് സംഘം പൊലീസിന്റെ പിടിയിലായത്.വാഹനം അപകടത്തിൽപ്പെട്ടതിനു പിന്നാലെ ഇവർ നാട്ടുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. 14-കാരൻ ഉൾപ്പെടെ ആറുപേരെയാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. മോഷണക്കേസുകളിൽ പ്രതി ഫാന്റം പൈലിയെന്ന വർക്കല ഷാജി, കൊലക്കേസ് പ്രതി ആറ്റിങ്ങൽ സ്വദേശി കണ്ണപ്പൻ രതീഷ് എന്ന രതീഷ്, കാട്ടാക്കട സ്വദേശി അജയ്, വർക്കല സ്വദേശി ഉമ്മർ, കല്ലറ സ്വദേശി അഖിൽ എന്നിവരടങ്ങിയ ആറംഗസംഘം സഞ്ചരിച്ച കാറാണ് വ്യാഴാഴ്ച രാത്രി ഒമ്പതോടെ പി.എം.ജി.ക്കു സമീപത്ത് അപകടത്തിൽപ്പെട്ടത്. കോവളത്തുനിന്ന് വർക്കലയിലേക്ക് ഇവർ പോവുകയായിരുന്നു.

അപകടത്തെ തുടർന്ന് യാത്രക്കാർ ഓടിക്കൂടിയെങ്കിലും മദ്യവും കഞ്ചാവും ഉപയോഗിച്ച് ലഹരിയിലായിരുന്ന ആറുപേരും നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് എത്തി രംഗം ശാന്തമാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് തിരയുന്ന ഷാജിയെയും രതീഷിനെയും മ്യൂസിയം എസ്‌ഐ. ഷിജുകുമാർ തിരിച്ചറിയുന്നത്. പിന്നാലെ ആറുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇവരെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കി. പള്ളിക്കലിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ കഴിഞ്ഞ സെപ്റ്റംബറിൽ ഷാജിയെയും രതീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്നും മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. അതുകൊണ്ടാണ് പ്രതികൾ ആരെന്ന് തിരിച്ചറിയാൻ കാരണം.

പൊലീസ് കസ്റ്റഡിയിലുള്ളപ്പോൾ മാസങ്ങൾക്ക് മുൻപ് കൊല്ലത്തുവെച്ച് ട്രയിനിൽനിന്നു ചാടി ഷാജി രക്ഷപ്പെട്ടിരുന്നു.ഇവർ സഞ്ചരിച്ചിരുന്ന വാഹനം കോവളത്തും വർക്കലയിലേക്കുമുള്ള യാത്രാലക്ഷ്യം എന്നിവയെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. മയക്കുമരുന്ന് കച്ചവടമാകാം ലക്ഷ്യമെന്നാണ് സൂചന. കഴിഞ്ഞ വർഷവും ഫാന്റം പൈലി വർക്കല പൊലീസിന്റെ പിടിയിലായിരുന്നു. നൂറോളം കവർച്ച കേസുകളിലെ പ്രതിയാണിയാൾ. വർക്കല ഗവ. മോഡൽ സ്‌കൂളിനു സമീപം കച്ചവടം ചെയ്യാനായി കൊണ്ടുവന്ന 25 പൊതി കഞ്ചാവും നൈട്രസിപാം അടങ്ങിയ 30 ലഹരി മരുന്ന് ഗുളികകളുമായാണ് ഫാന്റം പൈലി 2020ൽ പിടിയിലായത്.

റിസോർട്ടുകളിൽ പച്ചക്കറി സപ്ലൈ ചെയ്യുന്നതിന് തമിഴ്‌നാട്ടിൽ നിന്നും വാങ്ങി കൊണ്ടുവരുന്ന കെട്ടുകൾക്കൊപ്പമാണ് മയക്കു മരുന്ന് കൊണ്ട് വന്നിരുന്നത്. ആ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷവും മോഷണവും ലഹരി കച്ചവടവും തുടർന്നു. തമിഴ്‌നാട്ടിൽ നിന്നു കഞ്ചാവ് എത്തിച്ചു ചെറിയ പൊതികളിലാക്കിയ പൊതിക്ക് 500 രൂപ നിരക്കിലും നാഗർകോവിലെ മെഡിക്കൽ സ്റ്റോറിൽ നിന്നു മാനസിക രോഗത്തിന് ചികിത്സയിൽ ആണെന്ന വ്യാജ ചികിത്സാ കുറിപ്പ് നൽകി വാങ്ങിയ നൈട്രസിപാം ഗുളിക ഒരെണ്ണം നൂറു രൂപയ്ക്കാണ് വിറ്റിരുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നൂറോളം കവർച്ച കേസുകളിൽ പ്രതിയായ ഫാന്റം പൈലി വാഹന മോഷണ കേസിൽ ജയിൽ മോചിതനായ ശേഷമാണ് മയക്കു മരുന്ന് കച്ചവടത്തിലേക്ക് മാറിയത്.

തിരുവനന്തപുരം സെൻട്രൽ ജയിലിൽനിന്ന് വടക്കൻ പറവൂർ കോടതിയിൽ വിചാരണക്കായി കൊണ്ടുപോയി തിരികെ വരവെ മുമ്പ് രക്ഷപ്പെട്ട ചരിത്രം ഫാന്റം പൈലിക്കുണ്ട്. 2017ലും മ്യൂസിയം പൊലീസാണ് ഫാന്റത്തെ പിടികൂടിയത്. അന്ന് കൊല്ലം റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തുകൊല്ലം സിറ്റി പൊലീസിന്റെ സഹായത്തോടെ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തി വരുകയായിരുന്നു. രക്ഷപ്പെട്ട പ്രതി കൊല്ലം പരവൂരുള്ള ഒളിത്താവളത്തിൽ കഴിഞ്ഞു. അടുത്ത ദിവസം പരവൂർ മീനാറുള്ള പ്രവീണിന്റെ ബൈക്ക് മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.

തിരുനൽവേലിയിലെ ഒളിത്താവളത്തെക്കുറിച്ച് തിരുവനന്തപുരം റൂറൽ എസ്‌പിക്ക് രഹസ്യവിവരം ലഭിച്ചു. തുടർന്ന്, ആറ്റിങ്ങൽ സിഐയും ഷാഡോ പൊലീസ് ടീമും തമിഴ്‌നാട്ടിൽ എത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. തമിഴ്‌നാട്ടിൽനിന്ന് രക്ഷപ്പെട്ട് വർക്കല ഭാഗത്തേക്ക് വരുന്നതിനിടെ പിന്തുടർന്നെത്തിയ പൊലീസ് സംഘം നഗരൂരിൽ വെച്ച് അന്ന് പിടികൂടുകയായിരുന്നു. പരവൂരിൽനിന്ന് മോഷ്ടിച്ച ബൈക്കിലാണ് പ്രതി വന്നിരുന്നത്. ഈ ബൈക്കും പിടിച്ചെടുത്തു. വെഞ്ഞാറമൂട് നടന്ന മോഷണ പരമ്പരയുമായി ബന്ധപ്പെട്ടും ഫാന്റം പൈലിയെയും കൂട്ടാളികളെയും റൂറൽ പൊലീസ് പിടികൂടിയിരുന്നു.

ജയിലിൽനിന്ന് പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി വർക്കല തിരുവമ്പാടിയിലുള്ള വ്യക്തിയുടെ ചന്ദനമരം മുറിച്ചുകടത്തി. ഈ സംഭവത്തിൽ കൂട്ടാളികളെയെല്ലാം പൊലീസ് പിടികൂടെയെങ്കിലും ഫാന്റം പൈലി രക്ഷപ്പെട്ടു. അതിനുശേഷം തിരുവനന്തപുരം സിറ്റിയിലെ മോഷണ പരമ്പരയുമായി ബന്ധപ്പെട്ടാണ് ഫാന്റം പൈലിയെയും കൂട്ടാളികളായ ചെങ്ങന്നൂർ സതീശൻ എന്ന ബിജുരാജ്, കാരയ്ക്കാമണ്ഡപം നവാസ് എന്നിവരെയും മ്യൂസിയം പൊലീസ് പിടികൂടിയത്.

രതീഷിനും തൊഴിൽ മോഷണം

കിളിമാനൂർ ബാർ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് രതീഷ്. കടയ്ക്കാവൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കവലയൂരിൽ രമേശനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയുമാണ്.

ആറ്റിങ്ങൽ പൊയ്കമുക്കിൽ രമ്യ മനോജിന്റെ വീട്ടിൽനിന്ന് സ്വർണവും പണവും കവർന്നതും നഗരൂർ പൊയ്കക്കടയിൽ പ്രവാസിയായ ചന്ദ്രഭാനുവിന്റെ വീട്ടിൽ മോഷണം നടത്തിയതും ഉൾപ്പെടെ ആറ്റിങ്ങൽ, കടയ്ക്കാവൂർ, നഗരൂർ സ്‌റ്റേഷൻ പരിധികളിൽ നടന്ന നിരവധി കേസുകൾ രതീഷിനെതിരെയുണ്ട്. പിടിയിലായാലും മോഷണമുതലുകൾ തിരികെ നൽകാതെ പരസ്പരവിരുദ്ധമായ മൊഴി നൽകി പൊലീസിനെ വട്ടംചുറ്റിക്കലായിരുന്നു ഇയാളുടെ ശൈലി. കഞ്ചാവ് കേസിലും രതീഷ് കുടുങ്ങിയിട്ടുണ്ട്.

കിളിമാനൂർ ബാർ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്സ് , കൊല്ലം കടയ്ക്കലിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 540 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നതുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി മോഷണ കേസ്സുകൾ നിലവിലുണ്ട്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വന്മോഷണം നടത്തിയശേഷം വിമാനമാർഗ്ഗമാണ് ഇയാൾ അന്ന് ഗോവയിലേക്ക് രക്ഷപ്പെട്ടത്. അന്ന് അവിടെ നിന്നുമാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത് .

കടയ്ക്കാവുർ , കവലയൂർ ഉള്ള പ്രവാസിയുടെ വീട്ടിൽ നിന്നും മോഷണം ചെയ്ത അമ്പത് പവനോളം സ്വർണ്ണാഭരണങ്ങൾ ബന്ധുവിന്റെ കൃഴിമാടത്തിൽ ഒളിപ്പിച്ചത് ഇയാളെ പിടികൂടി കണ്ടെടുത്തിരുന്നു.