കൊല്ലം: ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ട്രെയിനിൽ നിന്ന് രക്ഷപ്പെട്ട ഫാന്റം ഷാജി കഴിഞ്ഞദിവസം വരെ ഒളിവിൽ കഴിഞ്ഞത് പുനലൂരിന് സമീപമുള്ള സുഹൃത്തിന്റെ വീട്ടിലാണെന്ന് അന്വേഷണസംഘം കണ്ടെത്തി. കാമുകിയും ഒപ്പമുണ്ടായിരുന്നു. എന്നാൽ പൊലീസ് എത്തുന്നതിന് മുമ്പേ ഇവിട നെിന്നും മുങ്ങി. കാമുകിയുടെ തന്ത്രമാണ് ഫാന്റം ഷാജിയെ രക്ഷിച്ചതെന്നാണ് വിലയിരുത്തൽ.

ജയിലിൽ കഴിഞ്ഞപ്പോൾ പരിചയപ്പെട്ട പുനലൂർ സ്വദേശിയുടെ വീട്ടിൽ ഫാന്റവും കാമുകിയും ഉണ്ടെന്ന വിവരത്തെ തുടർന്ന് അന്വേഷണസംഘം ഇന്നലെ ഇവിടെ എത്തിയെങ്കിലും അതിന് മുൻപ് മൂന്ന് പേരും മാറി. ഫാന്റവും കാമുകിയും മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ പുതിയ ഒളിവിടത്തെ സംബന്ധിച്ച് വ്യക്തമായ ധാരണ ലഭിച്ചിട്ടില്ല. എങ്കിലും ഫാന്റത്തിനൊപ്പം ജയിലിൽ കഴിഞ്ഞിട്ടുള്ളവരെയും മോഷണങ്ങളിൽ പങ്കാളികളായവരെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

കല്ലമ്പലം സ്വദേശിയായ ഈ യുവതി നേരത്തെ മറ്റൊരാളുമായി വിവാഹം കഴിഞ്ഞതായിരുന്നു. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. ഭർത്താവ് ഉപേക്ഷിച്ചുപോയി. ഷാജി ട്രെയിനിൽ നിന്ന് രക്ഷപ്പെട്ട ബുധനാഴ്ച രാത്രി മുതൽ യുവതിയെ കാണാനില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ചാണ് ഇവർ കടന്നത്. ടവർ ലൊക്കേഷൻ കണ്ടുപിടിക്കാതിരിക്കാനാണെന്ന് കരുതപ്പെടുന്നു. അടുത്ത് തന്നെ ജാമ്യത്തിൽ പുറത്തിറങ്ങാൻ സാദ്ധ്യതയുണ്ടായിരുന്ന ഷാജി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത് കാമുകിയുടെ നിർബന്ധം മൂലമാണെന്ന വിവരമാണ് അന്വേഷണസംഘം നൽകുന്നത്.

ഒരു ഡസനിലേറെ മോഷണ - ഭവന ഭേദന കേസുകളിൽ പ്രതിയായ വർക്കല പള്ളിക്കൽ സ്വദേശി ഫാന്റം ഷാജി ബുധനാഴ്ച രാത്രി 7.25ന് എസ്.എൻ കോളേജിന് സമീപം കൊച്ചുവേളി എക്സ്‌പ്രസിൽ നിന്നാണ് രക്ഷപ്പെട്ടത്. പിറവം കോടതിയിൽ ഹാജരാക്കിയ ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു രക്ഷപ്പെടൽ. അന്ന് വൈകിട്ട് അഞ്ച് മുതലാണ് ഇയാളുടെ കാമുകി കല്ലമ്പലം സ്വദേശിയായ യുവതിയെ കാണാതായത്. കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ടുവരുന്ന ഷാജിയെ എങ്ങനെയും രക്ഷപ്പെടുത്താനുള്ള പദ്ധതി മുൻകൂട്ടി തയ്യാറാക്കിയിരുന്നു എന്ന് വ്യക്തമാണ്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാന്റം രക്ഷപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ കാമുകി വീട്ടിൽ നിന്ന് ഇറങ്ങിയത്. പിറവം കോടതിയിൽ ഹാജരാക്കുമ്പോൾ ഫാന്റത്തിന് പതിവിൽ കൂടുതൽ സന്ദർശകർ ഉണ്ടായിരുന്നു. അവരിലൊരു വിഭാഗം ഫാന്റത്തിനൊപ്പം ട്രെയിനിലും ഉണ്ടായിരുന്നു. ട്രെയിൻ വേഗത കുറച്ച് നീങ്ങുന്ന എസ്.എൻ കോളേജിന് സമീപം ചാടിയതും മുൻ ധാരണ പ്രകാരമാണ്. ശൗചാലയത്തിൽ പോകണമെന്ന് ആവശ്യപ്പെട്ട ഫാന്റം വിലങ്ങഴിച്ച ഉടൻ വാതിൽ വഴി പുറത്തേക്ക് ചാടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പൊലീസുകാർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിറുത്തിയപ്പോഴേക്കും ഷാജി രക്ഷപ്പെട്ടിരുന്നു.

വിവിധ കേസുകളിൽ പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിലാകുന്നതിന് മുൻപുള്ള ഇടവേളയിലാണ് ഭർത്താവ് ഉപേക്ഷിച്ച യുവതിയെ ഷാജി പരിചയപ്പെട്ടത്. സെൻട്രൽ ജയിലിൽ ഷാജിയെ യുവതി നിരന്തരം സന്ദർശിക്കുകയും ചെയ്തിരുന്നു.