ഉത്തർപ്രദേശ് നിയമസഭയിലേക്കഉള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പുരോഗമിക്കുന്നു. 73 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പിനിടെ തോക്കുമായി പോളിങ് ബൂത്തിലെത്തിയ ബിജെപി എംഎൽഎ സംഗീത് സോമിന്റെ സഹോദരൻ ഗഗൻ സോമിനെ പൊലീസ് പിടികൂടി. സർദാന നിയോജക മണ്ഡലത്തിൽ ഫരീദ്പൂർ ഗ്രാമത്തിലെ പോളിങ് ബൂത്തിലാണ് ഗഗൻ സോം കൈത്തോക്കുമായി എത്തിയത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബാറോത്ത് മണ്ഡലത്തിലെ ലയൺ മലക്പൂർ ഗ്രാമത്തിൽ ദളിത് വിഭാഗത്തിൽ പെട്ടവർ വോട്ട് ചെയ്യുന്നത് മേൽ ജാതിക്കാർ തടഞ്ഞതുമൂലം വോട്ടിങ് തടസപ്പെട്ടു. 600 വോട്ടുകളാണ് ലയൺ മലക്പൂർ ഗ്രാമത്തിൽ ഉള്ളത്. സുരക്ഷാസേനകൾ ഇടപെട്ടാണ് വോട്ടിങ്ങ് പുനഃസ്ഥാപിച്ചത്.

യുപി നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിൽ ഇതുവരെ 24.5 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഏഴ് ഘട്ടങ്ങളിലായി 403 നിയമസഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. യുപിയുടെ പടിഞ്ഞാറൻ പ്രദേശത്തെ 15 ജില്ലകളിലെ 73 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 839 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടവോട്ടെടുപ്പിൽ ജനവിധി തേടുന്നത്. 2.59 കോടി ജനങ്ങളാണ് വോട്ട് രേഖപ്പെടുത്തുക. ഇതിൽ 1.42 കോടി പുരുഷന്മാരും 1.12 കോടി സ്ത്രീകളും 15,11 പേർ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ടവരുമാണ്.

2012ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന 73 സീറ്റുകളിൽ 24 സീറ്റാണ് സമാജ്വാദി പാർട്ടി നേടിയത്. ബിഎസ്‌പി 23ഉം ബിജെപി 12ഉം രാഷ്ട്രീയ ലോക്ദൾ 9ഉം കോൺഗ്രസ് അഞ്ച് സീറ്റും നേടി. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 12 സീറ്റുകൾ മുഴുവനും ബിജെപി തൂത്തുവാരിയിരുന്നു. മായാവതിയുടെ ബിഎസ്‌പിയുടെ ശക്തിദുർഗമാണ് യുപിയുടെ പടിഞ്ഞാറൻ ജില്ലകൾ. മായാവതി മുഖ്യമന്ത്രിയാകുമോയെന്ന് നിർണയിക്കുക ഈ 73 മണ്ഡലഘങ്ങളിലെ വോട്ടുകളാണ്.