- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫിനോമിനൽ നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി എൻ.കെ. സിങ് അറസ്റ്റിൽ; മറ്റ് ആറുപേരെ പറ്റി യാതൊരു വിവരവുമില്ല; അന്വേഷണം ഇനി ഊർജിതമാകും; പ്രതീക്ഷകൾക്ക് ജീവൻ വച്ച് നിക്ഷേപകർ
മുംബൈ: കേരളം ഉൾപ്പെടെ മൂന്നു സംസ്ഥാനങ്ങളിൽ 684 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഫിനോമിനൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എൻ.കെ. സിങ് (55) മുംബൈയിൽ അറസ്റ്റിലായി. ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ മണിചെയിൻ മാതൃകയിൽ ജനങ്ങളുടെ പണം തട്ടിയെടുത്ത സ്ഥാപനമാണ് ഫിനോമിനൽ ഗ്രൂപ്പ് ഓഫ് കമ്പനീസ്. കേരളത്തിൽ മാത്രം 300 കോടിയുടെ തട്ടിപ്പാണ് നടത്തിയത്. മൂന്ന് വർഷമായി യുഎസ്, ബ്രിട്ടൻ, നേപ്പാൾ എന്നിവിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നേപ്പാൾ സ്വദേശിയാണ് നന്ദലാൽ കേസർ സിങ് എന്ന എൻ.കെ.സിങ്. മഹാരാഷ്ട്രയിലെ ലാത്തൂർ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗത്തിന് മുംബൈ ക്രൈംബ്രാഞ്ച് പ്രതിയെ കൈമാറി.
ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ അംഗമാകുന്നവർക്കു സ്വയം ഇൻഷുറൻസ് ഏജന്റുമാർ ആകാം എന്നതായിരുന്നു ഫിനോമിനൽ കമ്പനിയുടെ പ്രവർത്തന രീതി. ചേരുന്ന ഓരോ അംഗത്തിനും മറ്റുള്ളവരെ തങ്ങൾക്കു കീഴിൽ ചേർക്കാം. ചേർക്കുന്ന ആൾക്കാരുടെ എണ്ണത്തിനനുസരിച്ചു പെരുകിയ കമ്മിഷനും വിദേശയാത്രാ വാഗ്ദാനങ്ങളും നൽകിയിരുന്നു.
മുംബൈ ആസ്ഥാനമായി ഹൗസിങ് ഫിനാൻസ് എന്ന പേരിലാണ് കമ്പനി ആരംഭിച്ചതെങ്കിലും പിന്നീട് ഇൻഷുറൻസ് മേഖലയിലേക്കു ചുവടുമാറ്റുകയായിരുന്നു. നിക്ഷേപകരിൽ നിന്നു സ്വീകരിക്കുന്ന പണം തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിക്ഷേപിക്കും എന്നതായിരുന്നു വാഗ്ദാനം. തൃശൂർ പേരാമ്പ്രയിൽ സ്‌പെഷ്യൽറ്റി ആശുപത്രി നിർമ്മാണ പദ്ധതിയുടെ പേരിലും നിക്ഷേപങ്ങൾ സ്വരുക്കൂട്ടി.
സൗജന്യ ചികിത്സയും വർഷം തോറും 30,000 രൂപയുടെ ഇൻഷുറൻസ് പരിരക്ഷയുമായിരുന്നു വാഗ്ദാനം. കേരളത്തിൽ ചാലക്കുടിക്കു പുറമെ കായംകുളം, പെരുമ്പാവൂർ, ആലുവ, എറണാകുളം എന്നിവിടങ്ങളിലും കമ്പനയുടെ വാഗ്ദാനങ്ങളിൽ വഞ്ചിതരായവർ ഏറെയാണ്. എന്നാൽ, കമ്പനി ഇടപാടുകളിൽ സംശയം തോന്നിയ ഇടപാടുകാർ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ ഒരറ്റത്തു നിന്നു തട്ടിപ്പുകൾ പൊട്ടിത്തുടങ്ങി.
നഷ്ടമായത് 15,000 പേരുടെ 300 കോടി
ഫിനോമിനൽ നിക്ഷേപത്തട്ടിപ്പിൽ പണം നഷ്ടമായത് 15,000 പേർക്ക്. പൊലീസിനു പരാതി നൽകാൻ സന്നദ്ധരായി മുന്നോട്ടെത്തിയവരുടെ എണ്ണമാണിത്. മാനക്കേട് ഭയന്നു മൗനം പാലിച്ചവരുടെ എണ്ണം ഇതിലേറെ വരുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പണം നഷ്ടപ്പെട്ടവർ ചാലക്കുടി കേന്ദ്രീകരിച്ചു നിരന്തര സമരങ്ങൾ നടത്തിയിരുന്നെങ്കിലും എല്ലാം നിലച്ച അവസ്ഥയാണിപ്പോൾ. തട്ടിപ്പു പുറത്തുവന്ന ശേഷം ഏതാനും നിക്ഷേപകർക്കു നിസ്സാര തുകകൾ കമ്പനി തിരികെ നൽകിയിരുന്നു. പിന്നീടെത്തിയവർക്കെല്ലാം ലഭിച്ചതു വണ്ടിച്ചെക്കുകൾ.
2018ൽ ചാലക്കുടിയിലെ പ്രധാന ഓഫിസിനു മുന്നിൽ പ്രതിഷേധങ്ങളാരംഭിച്ചു. ഏതാനും പേർക്കു ചെറിയ തുകകൾ മടക്കി ലഭിച്ചു. കൂടുതൽ പേർ എത്തിത്തുടങ്ങിയതോടെ കമ്പനി എല്ലാവർക്കും ചെക്കുകൾ കൊടുത്തു മടക്കിവിട്ടു. എന്നാൽ, അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ഇവയെല്ലാം കൂട്ടത്തോടെ മടങ്ങി. 15,000 പരാതികൾ 130 കേസുകളാക്കി തിരിച്ച് കേസെടുത്തതോടെ കമ്പനി ചെയർമാൻ എൻ.കെ.സിങ് അടക്കമുള്ളവർ മുങ്ങി. സിങ് അടക്കം ഏഴ് പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടിസ് ഇറക്കിയിരുന്നു. ചെയർമാൻ എൻ.കെ.സിങ്ങിനു പുറമെ കമ്പനി തലപ്പത്തുണ്ടായിരുന്ന കെ.ഒ.റാഫേൽ, തെക്കേമഠത്തിൽ ശ്രീധരൻ നായർ, സെബാസ്റ്റ്യൻ മാളിയേക്കൽ, ബിനോയ് റാഫേൽ, എൻ.എൻ.സുന്നിലാൽ ധർ, കെ.എ.ജിഫി എന്നിവർക്കെതിരെയാണ് തിരച്ചിൽ നോട്ടിസിറക്കിയത്. ഇതിലൊരാൾ മരിച്ചു. മറ്റുള്ളവരെക്കുറിച്ചു വിവരമില്ല.
മറുനാടന് മലയാളി ബ്യൂറോ