കൊച്ചി: 3 സംസ്ഥാനങ്ങളിലെ നിക്ഷേപകരിൽ നിന്ന് 684 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ അറസ്റ്റിലായ ഫിനോമിനൽ ഗ്രൂപ്പ് ചെയർമാൻ നന്ദലാൽ കേസർ സിങ്ങിൽ നിന്ന് ക്രൈംബ്രാഞ്ചിന് കിട്ടിയത് നിർണ്ണായക വിവരങ്ങൾ. എൻ.കെ. സിങിനെ തെളിവെടുപ്പിനായി ചാലക്കുടിയിലെത്തിച്ചു ക്രൈം ബ്രാഞ്ച് സംഘം വിശദമായ അന്വേഷണമാണ് നടത്തുന്നത്.

മുംബൈ ആസ്ഥാനമായി 1990ൽ ആരംഭിച്ച ഫിനോമിനൽ ഹൗസിങ് ഫിനാൻസ് നിക്ഷേപകരിൽനിന്ന് കോടികളാണ് തട്ടിയെടുത്തത്. 17 വർഷത്തിനിടയിൽ ഫിനോമിനൽ ഹൗസിങ് ഫിനാൻസ്, ഫിനോമിനൽ ഇൻഡസ്ട്രീസ്, ഫിനോമിനൽ ഹെൽത്ത് കെയർ, ഫിനോമിനൽ ഹെൽത്ത് കെയർ മലയാളി, എസ്.എൻ.കെ. ഗ്രൂപ്പ്, എസ്.എൻ.കെ. ഗ്രൂപ്പ് ഓഫ് കമ്പനീസ് മുംബൈ എന്നിങ്ങനെ പേരുകൾ നൽകിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.

തട്ടിപ്പു പുറത്തായതോടെ ഒളിവിൽ പോയ നേപ്പാൾ സ്വദേശി എൻ.കെ. സിങ്ങിനെ 3 വർഷം നീണ്ട തിരച്ചിലിനു ശേഷമാണു പിടികൂടാനായത്. 3 മാസം മുൻപു മുംബൈയിൽ പിടിയിലായ സിങ്ങിനെ കേരളത്തിലെ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിൽ വാങ്ങിയ ശേഷമാണു തെളിവെടുപ്പിനെത്തിച്ചത്. നിക്ഷേപകരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. കേസിലെ മുഖ്യപ്രതികളിലൊരാളായ കൊരട്ടി സ്വദേശി കെ.എം. റാഫേൽ ഉൾപ്പെടെയുള്ള ഏതാനും പേർ ഇപ്പോഴും ഒളിവിലാണ്.

ഫിനോമിനൽ ഹെൽത്ത് കെയർ ആരോഗ്യ ഇൻഷുറൻസിന്റെ മറവിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി 15,000 പേരിൽ നിന്നാണു കമ്പനി പണം തട്ടിയത്. കേരളത്തിൽ നിന്നു മാത്രം 300 കോടിയോളം രൂപ തട്ടി. ചാലക്കുടിയിലായിരുന്നു പ്രധാന ഓഫിസ്. 11 പേരുകളിൽ കമ്പനി പ്രവർത്തിച്ചിരുന്നു. മെഡി ക്ലെയിം പോളിസിയിലാണു നിക്ഷേപകരിലേറെയും കുടുങ്ങിയത്.

ഫിനോമിനൽ ഹെൽത്ത് കെയർ എംഡി കൊരട്ടി സ്വദേശി കെ.ഒ. റാഫേൽ, മകൻ ബിനോയ് റാഫേൽ, ബിന്റോ റാഫേൽ, ടി.എം.എസ്. നായർ എന്നിവരും പ്രതികളാണ്. എൻ.കെ. സിങ്ങിന്റെ പേരിൽ 113 കേസുകൾ നിലവിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തെളിവെടുപ്പിനു ശേഷം തൃശൂരിൽ കോടതിയിൽ ഹാജരാക്കും.

നിക്ഷേപകരിൽനിന്ന് സ്വീകരിക്കുന്ന പണം തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് ആരംഭിച്ച് ലാഭവിഹിതം നൽകുമെന്നായിരുന്നു സിങ്ങിന്റെ വാഗ്ദാനം.ഇതിനിടെ ചാലക്കുടി പേരാമ്പ്രയിൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങുമെന്ന് പരസ്യം നൽകിയും നിക്ഷേപം സ്വീകരിച്ചിരുന്നു. ഇവിടെ നിക്ഷേപകർക്ക് സൗജന്യ ചികിത്സയും വർഷംതോറും മുപ്പതിനായിരം രൂപയുടെ മെഡി ക്ലെയിം ഇൻഷുറൻസ് പരിരക്ഷയും വാഗ്ദാനം ചെയ്തു.

ആദ്യനാളുകളിൽ ആഡംബര ഹോട്ടലുകളിൽ ക്ലാസുകൾ നടത്തി ഏജന്റുമാരെ ആകർഷിച്ചു. ഇവർക്ക് ആകർഷകമായ കമ്മീഷനും നൽകി. ഇതിനിടെ ചാലക്കുടി സൗത്ത് ജങ്ഷനിൽ ബഹുനിലക്കെട്ടിടം ഹെഡ് ഓഫീസിനായി വാങ്ങി. ഹെൽത്ത് കെയറിന്റെ പേരിലുള്ള ക്ലെയിം ചെക്കുകൾ മടങ്ങിത്തുടങ്ങിയതോടെയാണ് പ്രശ്നങ്ങളുണ്ടെന്ന് നിക്ഷേപകർ മനസ്സിലാക്കിയത്. പലരും തുടർനിക്ഷേപത്തുകകൾ അടയ്ക്കാതായി.

നിക്ഷേപം അന്വേഷിച്ചെത്തിയവർക്ക് വണ്ടിച്ചെക്കുകൾ നൽകി. ഹെഡ് ഓഫീസ് കെട്ടിടം വിറ്റ് പണം നൽകാമെന്നായിരുന്നു അടുത്ത വാഗ്ദാനം. ഹെഡ് ഓഫീസ് കെട്ടിടം ഏഴ് കോടിയോളം രൂപയ്ക്ക് വില്പന നടന്നതായും പറയപ്പെടുന്നു. എന്നാൽ, ഈ തുകയും ഡയറക്ടർ ബോർഡ് അംഗങ്ങൾ വീതിച്ചെടുത്ത് മുങ്ങി. ബോർഡ് അംഗങ്ങൾക്ക് വർഷത്തിൽ രണ്ടുതവണ മലേഷ്യ, സിങ്കപ്പൂർ എന്നിവിടങ്ങളിലേക്ക് കമ്പനി ചെലവിൽ ടൂറുകളും ഉണ്ടായിരുന്നു. ആഡംബര കാറുകൾ, കണ്ണായ സ്ഥലങ്ങളിൽ കോടികൾ വിലമതിക്കുന്ന ഭവനങ്ങൾ എന്നിവ ഇവർ സ്വന്തമാക്കിയിരുന്നു.