സിഡ്‌നി: ക്രിക്കറ്റ് മത്സരത്തിനിടെ തലയ്ക്ക് ബൗൺസർ കൊണ്ട ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഫിൽ ഹ്യൂസ് മരിച്ചു. ഗ്രൗണ്ടിൽ ബോധരഹിതനായി വീണ ഹ്യൂസ് പിന്നീടൊരിക്കലും കോമാവസ്ഥയെ മറികടന്നില്ല. ശസ്ത്രക്രിയയ്ക്ക് ശേഷവും അതീവ ഗുരുതരാവസ്ഥയിലായിരുന്നു ക്രിക്കറ്റ് താരം. മരിക്കുമ്പോൾ കുടംബാഗംങ്ങളെല്ലാം അടുത്തുണ്ടായിരുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് മരണവിവരം ഔദ്യോഗികമായി പുറത്ത് വിട്ടത്.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 26 ടെസ്റ്റും 25 ഏകദിനങ്ങളിലും കളിച്ച താരമാണ് ഫിൽ ഹ്യൂസ്. സാങ്കേതികത്തികവുള്ള ഓപ്പണറായാണ് ഈ ഇടംകൈയൻ ബാറ്റ്‌സ്മാൻ അറിയപ്പെടുന്നത്. ആഭ്യന്തര ക്രിക്കറ്റിലെയും മികച്ച റൺവേട്ടക്കാരനാണ് ഹ്യൂസ്. ഇന്ത്യയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ ഹ്യൂസിന് ടീമിൽ സ്ഥാനം ഉറപ്പായിരുന്നു. ക്യാപ്ടൻ മൈക്കൽ ക്ലാർക്കിന്റെ പരിക്കിനെ തുടർന്ന് ആഭ്യന്തര ക്രിക്കറ്റിലെ പ്രകടന മികവുള്ള ഹ്യൂസിനെയാണ് പകരക്കാരനായി പരിഗണിച്ചത്.

ഇന്ത്യയ്ക്ക് എതിരെ മികച്ച റിക്കോർഡുള്ളതും ഇതിന് കാരണമായി. അങ്ങനെ ദേശീയ ടീമിലേക്ക് മടങ്ങിയെത്താനുള്ള തിരിച്ചുവരവിനിടെയാണ് താരത്തിന്റെ മരണത്തെ തുടർന്നുള്ള തിരിച്ചു പോക്ക്. ടെസ്റ്റിൽ 32.65 ആയിരുന്നു ബാറ്റിങ്ങ് ശരാശരി. ഏകദിനത്തിൽ 35.91ഉം. ടെസ്റ്റിൽ മൂന്നും ഏകദിനത്തിൽ രണ്ട് സെഞ്ച്വറിയും നേടിയിട്ടുണ്ട്. ഇന്ത്യൻ പ്രിമിയർ ലീഗിൽ മുംബൈ
ഇന്ത്യൻസിനായും കളിച്ചു. മികച്ച ഫീൽഡറുമായിരുന്നു ഹ്യൂസ്.

സുരക്ഷയ്ക്കു മുൻഗണന നൽകുന്ന ആധുനിക ക്രിക്കറ്റിൽ ഒരിക്കലും സംഭവിക്കരുതാത്ത ഒന്നാണ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ രണ്ട് ദിവസം മുമ്പ് സംഭവിച്ചത്്. പേസ് ബൗളർ സീൻ അബോട്ടിന്റെ ബൗൺസർ നേരിടവെയാണ് തലയ്ക്കു പരിക്കേറ്റു ഹ്യൂസ് കുഴഞ്ഞുവീണത്. ന്യൂ സൗത്ത് വെയിൽസും സൗത്ത് ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. പന്തു തലയിൽ കൊണ്ടു നിമിഷങ്ങൾക്കകം ഹ്യൂസ് മൈതാനത്തു കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സെന്റ് വിന്റസന്റ് ആശുപത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയക്കും വിധേയനാക്കി.

എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും അപകടനില തരണം ചെയ്യാൻ ക്രിക്കറ്റ് താരത്തിന് കഴിഞ്ഞിട്ടില്ല. രണ്ടു ദിവസം മുമ്പാണ് സിഡ്‌നിയിലെ പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചിൽ ദുരന്തമെത്തിയത്. മികച്ച ഫോമിൽ ബാറ്റ് വീശുമ്പോഴാണ് ബൗൺസറിന്റെ രൂപത്തിൽ ദുരന്തം ഹ്യൂസിനെയും ക്രിക്കറ്റ് ലോകത്തെയും കടന്നാക്രമിച്ചത്. കളിയുടെ ആദ്യ ഇന്നിങ്‌സിൽ 63 റൺസോടെ സൗത്ത് ഓസ്‌ട്രേലിയയുടെ സ്‌കോർ മുന്നോട്ട് കൊണ്ട് പോകുമ്പോഴായിരുന്നു ബൗൺസർ എത്തിയത്.

ഫാസ്റ്റ് ബൗളർ സീൻ അബൗട്ടിന്റെ പന്ത് ഹുക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് തലയിൽ കൊണ്ടത്. കുത്തിയുയർന്ന പന്ത് ഇടങ്കയ്യനായ ഹ്യൂസിന്റെ തലയിൽ ഹെൽമറ്റില്ലാത്ത ഭാഗത്താണ് പതിച്ചത്. തലയ്ക്കു പിറകിൽ താഴെ ഇടതുഭാഗത്താണ് പന്തുകൊണ്ടത്. ഷോർട്ട് ബോളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിനിടെ, ധരിച്ചിരുന്ന ഹെൽമറ്റിന്റെ അടിഭാഗത്ത് തടയിൽ നേരിട്ട് പന്ത് പതിക്കുകയായിരുന്നു. വേച്ചു നിലത്തുവീണ ഹ്യൂസിന് ശ്വാസം നിലച്ചതിനെ തുടർന്ന് പിച്ചിൽവച്ചുതന്നെ കൃത്രിമ ശ്വാസം നൽകേണ്ടി വന്നു. ഹെലികോപ്റ്റർ സേവനം ലഭ്യമാക്കിയെങ്കിലും റോഡ് മാർഗമാണ് ഹ്യൂസിനെ സിഡ്‌നി സെന്റ് വിൻസന്റ് ആശുപത്രിയിലെത്തിച്ചത്.

ഫാസ്റ്റ് ബൗളർമാരെ നേരിടുമ്പോൾ പ്രതിരോധ ഹെൽമറ്റ് ധരിക്കണമെന്ന് ബാറ്റ്‌സ്മാന്മാർക്ക് നിർദ്ദേശം നൽകപ്പെട്ടിട്ടുണ്ടെങ്കിലും ചില ഘട്ടങ്ങളിൽ അത് ഫലപ്രദമാവാറില്ല എന്നതിന്റെ ഉദാഹരണമാണ് ഫിൽ ഹ്യൂസിനുണ്ടായ അപകടം. താരത്തിന്റെ പരിക്ക് ഗുരുതമാണെന്ന് തിരിച്ചറിഞ്ഞ് മത്സരം ഉപേക്ഷിക്കുകയും ചെയ്തു. എല്ലാ താരങ്ങളും ഹ്യൂസിനൊപ്പം ആശുപത്രിയിൽ എത്തി. ഓസീസ് ക്യാപ്ടൻ മൈക്കൽ ക്ലാർക്ക് അടക്കമുള്ള പ്രമുഖർ ആശുപത്രിയിൽ തന്നെ നിന്നു. പ്രാർത്ഥനകളുമായി ബന്ധുക്കളും സഹകളിക്കാർക്ക് ഒപ്പം ലോകം മുഴുവൻ അണിചേർന്നു. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷവും വലിയ പ്രതീക്ഷ വേണ്ടെന്ന് ആശുപത്രി വ്യക്തമാക്കിയതോടെ എങ്ങും നിരാശ പടർന്നു.

2009ൽ ഇരുപതാം വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ അരങ്ങേറിയ ഫിൽ ഹ്യൂസ് ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടുന്ന പ്രായംകുറഞ്ഞ ബാറ്റ്‌സ്മാൻ എന്ന റെക്കോർഡിനുടമയാണ്. 2013 ആഷസ് പരമ്പരയിൽ പത്താം വിക്കറ്റിൽ ആഷ്ടൺ ആഗറുമൊത്ത് 163 റൺസ് കൂട്ടുകെട്ടുണ്ടാക്കിയും ഹ്യൂസ് റെക്കോർഡിട്ടു. ഇടക്കാലത്ത് പുറത്തായ അദ്ദേഹം യു.എ.ഇയിൽ പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിൽ മടങ്ങിയെത്തിയിരുന്നു. കൗണ്ടി ക്രിക്കറ്റിൽ ഹാംപ്‌ഷെയർ, മിഡിൽസക്‌സ്, വോർസെസ്റ്റർഷെയർ ടീമുകൾക്കു വേണ്ടിയും ഹ്യൂസ് കളിച്ചിട്ടുണ്ട്.