ബെർലിൻ: ബഹിരാകാശ ഗവേഷണത്തിൽ ചരിത്രം കുറിച്ച് ആദ്യമായി ഒരു മനുഷ്യനിർമ്മിത പേടകം സുരക്ഷിതമായി വാൽനക്ഷത്രത്തിലിറങ്ങി. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ റോസെറ്റ പേടകത്തിൽ നിന്നു വേർപെട്ട ഫിലെ ലാൻഡറാണ് വാൽനക്ഷത്രമായ 67 പി.യിൽ സുരക്ഷിതമായി പറന്നിറങ്ങിയത്. സൗരയൂഥത്തിന്റെ ഉത്ഭവചരിത്രത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കാൻ ഈ ചരിത്രദൗത്യം സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

എന്നാൽ ലാൻഡിങ്ങിനിടെ ചെറിയ പിഴവ് ഉണ്ടായിട്ടുണ്ട്. ഇത് ദൗത്യത്തെ ബാധിക്കുമോ എന്ന ആശങ്ക സജീവമാണ്. ഉദ്ദേശിച്ച ലക്ഷ്യം അതുകൊണ്ട് തന്നെ പൂർത്തിയാക്കാൻ കഴിയുമോ എന്ന സംശയമാണ് ഉള്ളത്. ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതിനിടെ മനുഷ്യരുടെ വലിയ നേട്ടങ്ങളിലൊന്നായാണു റൊസേറ്റയുടെ ദൗത്യ വിജയത്തെ യൂറോപ്യൻ സ്‌പേസ് ഏജൻസി ഡയറക്ടർ ജനറൽ ഴാങ് ജാക്വസ് ദൊർദെയ്ൻ വിശേഷിപ്പിച്ചത്. ഫിലേയുടെ 'കാലുകൾ' 67പിയിൽ ഉറപ്പിക്കാനുള്ള ശ്രമവും വിജയമായി. 67 പിയുടെ വേഗത്തിനനുസരിച്ചു ബാലൻസ് തെറ്റാതെ ഫിലേയെ നിലനിർത്തുന്നതും തണുത്തുറഞ്ഞ ചുറ്റുപാടുമാകും ഇനി ഫിലെ നേരിടുന്ന വെല്ലുവിളികൾ. 

ഇന്ത്യൻസമയം ഉച്ചകഴിഞ്ഞു 2.05നു റോസറ്റ എന്ന മാതൃപേടകത്തിൽ നിന്നു ഫിലെ ലാൻഡർ വേർപെട്ടു. ഈ സന്ദേശം ഭൂമിയിൽ ലഭിച്ചത് 2.33നാണ്. നൂറു കിലോഗ്രാം ഭാരമുള്ള പേടകം 22.5 കിലോമീറ്റർ മുകളിൽ നിന്ന് യാത്ര ആരംഭിച്ച് ഏഴു മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തി. മാതൃപേടകത്തിൽനിന്നു വേർപെട്ടശേഷം ഫിലെ എടുത്ത ചിത്രങ്ങൾ രാത്രി 7.50നു ഭൂമിയിൽ ലഭിച്ചു. ഭൂമിയിൽനിന്ന് 51 കോടി കിലോമീറ്റർ അകലെയാണ് സുരക്ഷിതമായ പറന്നിറക്കം നടന്നത്. ഇത് സംബന്ധിച്ച വിവരം രാത്രി ഒൻപതരയോടെ ഭൂമിയിൽ ലഭിച്ചു. 

പ്രപഞ്ചത്തിന്റെ ഉത്ഭവകാലത്തെ വസ്തുക്കളാണ് വാൽനക്ഷത്രങ്ങളിലുള്ളത് എന്നതിനാൽ ഉല്പത്തിയുടെ രഹസ്യം തേടുകയാണ് പര്യവേക്ഷണത്തിന്റെ ലക്ഷ്യം. ഇതിനായി ഉപരിതലത്തിലെ വസ്തുക്കൾ പരിശോധിക്കുകയാണ് ഇതിന് ഏറ്റവും അനുയോജ്യം. ഒരു ലാൻഡർ ഇതിന് ഉപകാരപ്പെടുമെന്ന തിരിച്ചറിവിൽ നിന്നാണ് ഇസ റോസറ്റഫിലെ ദൗത്യത്തിന് ഇറങ്ങിത്തിരിച്ചത്. 67പിയിൽ ഗുരുത്വാകർഷണം വളരെ കുറവായതിനാൽ ഫിലെയെ തറയിൽ ഉറപ്പിച്ചുനിർത്തുക എന്നതായിരുന്നു ഏറ്റവും പ്രധാനം. ഇതിനായി കണ്ടുപിടിച്ചത് ഒരു കിലോമീറ്റർ ചുറ്റളവിൽ അജിൽകിയ എന്ന സ്ഥലമായിരുന്നു. 2004 മാർച്ചിൽ യാത്ര ആരംഭിച്ച റോസെറ്റ പേടകം 600 കോടി കിലോമീറ്റർ താണ്ടിയാണു വാൽനക്ഷത്രത്തിന്റെ സമീപത്ത് എത്തിയത്. ചെലവു പതിനായിരം കോടിയോളം രൂപ.

സൂര്യപ്രകാശമുള്ള സ്ഥലത്താണ് ഫിലെ ഇറങ്ങിയതെങ്കിലും സൗരോർജ പാനലിന് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ 60 മണിക്കൂർ ബാറ്ററിയിൽ പ്രവർത്തിക്കും. റോസേറ്റയും ജർമനിയിലെ കൺട്രോൾ സ്‌റ്റേഷനും തമ്മിലുള്ള ആശയവിനിയമത്തിന് 28 മിനിറ്റും 20 സെക്കൻഡും വേണം. മാതൃപേടകത്തിൽനിന്ന് വാൽനക്ഷത്രത്തിലേക്കുള്ള യാത്രാമധ്യേ ഫിലെയിലെ ക്യാമറകൾ വാൽനക്ഷത്രത്തിന്റെ ചിത്രങ്ങളെടുത്ത് അയച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ആറു മുതൽ 67പിയെ റോസറ്റ വലംവച്ച് നിരീക്ഷിക്കുകയായിരുന്നു. ഇതിനോടകം നിരവധി ചിത്രങ്ങളടക്കമുള്ള വിവരങ്ങൾ ഭൂമിയിലേക്ക് കൈമാറിയിട്ടുണ്ട്. സ്വയം പ്രവർത്തിക്കുന്ന ഫിലെ മൈക്രോ ക്യാമറകളുയോഗിച്ച് പേടകത്തിന്റെ ചുറ്റുപാടുകൾ പകർത്തുകയും തറ 23 സെന്റീമീറ്റർ വരെ തുളച്ച് മണ്ണെടുത്ത് സ്വന്തം ലാബിൽ ചൂടാക്കി പരിശോധിച്ച് ഫലം ഭൂമിയിലേക്ക് അയയ്ക്കുകയും ചെയ്യും.

പേടകത്തിൽ സജ്ജീകരിച്ച മൈക്രോ ക്യാമറകൾ ഉപയോഗിച്ച് പേടകത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ വിശദമായി പകർത്തിയെടുക്കും. തുടർന്നുള്ള ദിനങ്ങൾ വാൽനക്ഷത്രത്തിന്റെ ഉപരിതലത്തിൽ നടത്തേണ്ട ശാസ്ത്രീയ പരീക്ഷണങ്ങൾക്കുള്ളതാണ്. ഇതിനായി വൈവിധ്യമുള്ള പത്ത് ഉപകരണങ്ങളാണ് ഫിലേയിൽ ക്രമീകരിച്ചിട്ടുള്ളത്. റോസറ്റ പേടകത്തിലെ 11 ശാസ്ത്രീയ ഉപകരണങ്ങൾക്ക് പുറമെയാണിത്. മാതൃപേടകവും ഫിലേയും വാൽനക്ഷത്രത്തിന്റെ ഇരുവശങ്ങളിലുമായിരിക്കുന്ന സമയത്ത് ഫിലേയിൽനിന്ന് റോസറ്റയിലേക്കയയ്ക്കുന്ന റേഡിയോ തരംഗങ്ങൾ വാൽനക്ഷത്രത്തിന്റെ ആന്തരികഘടന മനസ്സിലാക്കാൻ സഹായിക്കും.

റബർ താറാവിന്റെ രൂപത്തിലുള്ള 67 പി - ചുരിയുമോ ഗരസിമങ്കോ എന്ന വാൽനക്ഷത്രത്തിന്റെ 'തലഭാഗത്തായിരുന്നു പേടകത്തിന്റെ ഇറക്കം. ഷോക്ക് അബ്‌സോർബറുകൾ പിടിപ്പിച്ച മൂന്നു കാലുകളിൽ ഫിലെ വാൽനക്ഷത്രത്തിൽ നിലം തൊട്ടത്. കാലുകളിലെ സ്‌ക്രൂകൾ നിലത്തേക്ക് സ്വയം തുളച്ചിറങ്ങി. പേടകത്തിലെ ചാട്ടുളികൾ വാൽനക്ഷത്രത്തിന്റെ ഉപരിതലത്തിലേക്ക് തുളച്ചിറങ്ങി നങ്കൂരമിട്ടു. വാൽനക്ഷത്രത്തിൽ ഗുരുത്വാകർഷണം കുറവായതുകാരണം തെറിച്ചുപോകാതിരിക്കാനായിരുന്നു ഇത്രയും സജ്ജീകരണങ്ങൾ.

മണിക്കൂറിൽ 55,000 കിലോമീറ്റർ വേഗത്തിൽ കുതിച്ചുകൊണ്ടിരിക്കുന്ന വാൽനക്ഷത്രത്തിൽ, ഒരു കിലോമീറ്റർ ചുറ്റളവുള്ള, അഗിൽക്കിയ എന്നു പേരിട്ട സ്ഥത്തു നിയന്ത്രിതാവരോഹണം (സോഫ്റ്റ് ലാൻഡിങ്) വഴിയാണു പേടകം ഇറങ്ങിയത്. വാൽനക്ഷത്രത്തിന്റെ പ്രതലം തുരന്നു പഠനം നടത്തുക. പത്തോളം ശാസ്ത്ര ഉപകരണങ്ങളാണു ലാൻഡറിൽ ഉള്ളത്. വാൽനക്ഷത്രത്തിലെ മൂലകങ്ങളെയും ധാതുക്കളെയും കുറിച്ചൊരു രാസമാപ്പ് തയാറാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. 2015 ഡിസംബർ വരെയാണു ദൗത്യകാലാവധി.

2004 മാർച്ച് രണ്ടിന് ഫ്രഞ്ച് ഗയാനയിലെ കുറു ബഹിരാകാശകേന്ദ്രത്തിൽ നിന്ന് റോസറ്റ വിക്ഷേപിച്ചത്. 2007 ഫെബ്രുവരി 25ന് പേടകം ചൊവ്വയുടെ വലയത്തിലെത്തി. അപ്പോൾ പേടകത്തിൽ നിന്നുള്ള റേഡിയോ സന്ദേശം നിലച്ചു. 15 മിനിറ്റ് നേരത്തെ ആശങ്കയ്‌ക്കൊടുവിൽ റോസറ്റ ചൊവ്വയുടെ ഭീഷണി മറികടന്നു. 2008 സപ്തംബർ 5ന് പേടകം ഭൂമിയിൽ നിന്ന് 25 കോടി മൈൽ അകലെ വച്ച് 'സ്റ്റെയ്ൻസ്' എന്ന ഛിന്നഗ്രഹത്തേയും മറികടന്നു. ഒന്നരമണിക്കൂർ നേരം പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടു.

2010 ജൂലായ് 10ന് വ്യാഴം, ചൊവ്വ എന്നിവയുടെ ഇടയിൽ വച്ച് 'ലുറ്റേഷ്യ; എന്ന ഛിന്നഗ്രഹത്തിന്റെ അപൂർവ ചിത്രം പകർത്തി. 2014 ജനവരി 20 മൂന്ന് വർഷത്തിന് ശേഷം വീണ്ടും ഭൂമിയിലേക്ക് സിഗ്‌നൽ അയച്ചു. ഇന്ധനനഷ്ടം കുറയ്ക്കാൻ 31 മാസം പേടകത്തിന്റെ പ്രവർത്തനം നിർത്തിവച്ചിരുന്നു. 2014 ഓഗസ്റ്റ് ആറിന് 67 പി എന്നറിയപ്പെടുന്ന ചുര്യമോവ്ഗരാസിമെങ്കോ വാൽനക്ഷത്രത്തിന് സമീപത്തെത്തുകയും ചെയ്തു. അടുത്ത ഘട്ടമായാണ് ലാൻഡർ വാൽനക്ഷത്രത്തെ തൊട്ടു.

1969 സെപ്റ്റംബർ 20നു റഷ്യൻ ശാസ്ത്രജ്ഞനായ ക്ലിം ഇവാനോവിച് ചെർയുമോവ് ആണു 67 പി വാൽനക്ഷത്രം കണ്ടെത്തിയത്.
രണ്ട് കിലോമീറ്ററാണു വാൽനക്ഷത്രത്തിന്റെ കൂടിയ നീളം. മൈനസ് 68 ഡിഗ്രിയാണ് ഇവിടെ താപനില. മൈനസ് 43 ഡിഗ്രിവരെ താപനില ഉയരും. വാൽനക്ഷത്രത്തിനു സ്വന്തം അച്ചുതണ്ടിൽ ചുറ്റാൻ 12.4 മണിക്കൂർ വേണ്ടി വരും. അതായത് റോസറ്റയുടെ ഒരുദിവസം 12.4 മണിക്കൂർ എന്നു വിശേഷിപ്പിക്കാം.