മനില: ബോക്സിങ്ങിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഫിലിപ്പീൻസിന്റെ ഇതിഹാസതാരം മാനി പാക്വിയാവോ. ബോക്സിങ് വിട്ട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനാണ് താരത്തിന്റെ തീരുമാനം. 42 കാരനായ പാക്വിയാവോ 2016 മുതൽ ഫിലിപ്പീൻസിന്റെ സെനറ്ററായി പ്രവർത്തിച്ചുവരികയാണ്.

2022 മെയ്‌ മാസത്തിൽ നടക്കുന്ന പ്രസിഡന്റ് ഇലക്ഷനിൽ താരം മത്സരിക്കും. അതിന് മുന്നോടിയായാണ് ബോക്സിങ്ങിൽ നിന്ന് വിരമിക്കുന്നത്. പാക്മാൻ എന്ന പേരിൽ പ്രസിദ്ധി നേടിയ പാക്വിയാവോ ബോക്സിങ്ങിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്.

12 ലോകകിരീടങ്ങളാണ് താരം സ്വന്തമാക്കിയത്. ഫ്ളൈ വെയ്റ്റ്, ഫെതർവെയ്റ്റ്, ലൈറ്റ്‌വെയ്റ്റ്, വെൽട്ടർ വെയ്റ്റ് എന്നീ വിഭാഗങ്ങളിൽ കിരീടം നേടുന്ന ലോകത്തിലെ ആദ്യത്തെ താരമാണ് പാക്വിയാവോ. ഒപ്പം ലോകകിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന ബഹുമതിയും സ്വന്തമാക്കി. 41-ാം വയസ്സിൽ താരം ലോകകിരീടം നേടിയിരുന്നു.

നാല് പതിറ്റാണ്ടുകളിലായി ബോക്സിങ് ലോകകിരീടം നേടിയ ലോകത്തിലെ ഏകതാരമാണ് പാക്വിയാവോ. കഴിഞ്ഞ മാസം ലാസ് വേഗസിൽ വെച്ച് നടന്ന പ്രൊഫഷണൽ ബോക്സിങ് റിങ്ങിലാണ് പാക്വിയാവോ അവസാനമായി മത്സരത്തിനിറങ്ങിയത്. ക്യൂബയുടെ യോർഡനിസ് യൂഗസ്സായിരുന്നു എതിരാളി. എന്നാൽ മത്സരത്തിൽ പാക്വിയാവോ പരാജയപ്പെട്ടു.

' എന്നെ ഞാനാക്കിയ ബോക്സിങ് റിങ്ങിനും എന്റെ ആരാധകർക്കും ഒരുപാട് നന്ദി. ബോക്സിങ് എനിക്ക് മധുരമായ പല ഓർമകളും സമ്മാനിച്ചു. വളരെ വിഷമത്തോടെയാണ് ഈ തീരുമാനത്തിൽ ഞാനെത്തിയത്. ഇപ്പോൾ മനസ്സ് വളരെ ശാന്തമാണ്. വരും തലമുറയോട് എനിക്ക് ഒന്നേ പറയാനുള്ളൂ. സ്വപ്നം കാണൂ. അതിനുവേണ്ടി ആത്മാർഥമായി പരിശ്രമിക്കൂ. ഗുഡ് ബൈ ബോക്സിങ്'-പാക്വിയാവോ പറഞ്ഞു.

നിലവിൽ ഫിലിപ്പീൻസിലെ പി.ഡി.പി ലബാൻ പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചുവരികയാണ് പാക്വിയാവോ. ഫിലിപ്പീൻസിന്റെ ഭാവി പ്രസിഡന്റാവാനുള്ള എല്ലാ ശ്രമങ്ങളും താരം ആരംഭിച്ചുകഴിഞ്ഞു. അടുത്തവർഷമാണ് ഫിലിപ്പീൻസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 2016 മുതൽ ഫിലിപ്പീൻസ് സെനറ്റർകൂടിയാണ്.

എന്നാൽ നിലവിലെ പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെർട്ടന്റെ ഭരണത്തെയും അഴിമതിയെയും വിമർശിച്ചുകൊണ്ടാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പാക്വിയാവോ പ്രഖ്യാപിച്ചത്. ഡ്യൂർട്ടൻ-പാക്വിയാവോ വിഭാഗങ്ങൾ തമ്മിൽ കടുത്ത ഭിന്നതയുണ്ട്. എട്ട് വ്യത്യസ്ത വിഭാഗങ്ങളിൽ ലോകകിരീടം നേടിയ ഏക പ്രൊഫഷണൽ ബോക്സറായ പാക്വിയാവോയ്ക്ക് 42 വയസ്സുണ്ട്.

നൂറ്റാണ്ടിന്റെ ബോക്സിങ് പോരാട്ടമെന്നറിയപ്പെട്ട, ബോക്സിംഗിലെ ഏറ്റവും സമ്പന്നമായ, വേൾഡ് വെൽറ്റർ വെയ്റ്റ് കിരീട പോരാട്ടത്തിൽ അമേരിക്കയുടെ ഫ്ളോയ്ഡ് മെയ്വെതറിന് മുന്നിൽ മാനി പാക്വിയാവോ പരാജയം ഏറ്റുവാങ്ങിയതാണ് കരിയറിലെ ഏറ്റവും വലിയ തിരിച്ചടി.

ലാസ് വേഗസ്സിലെ ഗ്രാൻഡ് ഗാർഡൻ അരീനയിലാണ് ലോകം ഉറ്റുനോക്കിയ മത്സരം നടന്നത്. 118-110, 116-112,116-112 സ്‌കോറിനാണ് മെയ്വെതറിന്റെ ജയം. പ്രൊഫഷണൽ ബോക്സിങ് മത്സരത്തിൽ മെയ്വെതറിന്റെ 48ാമത്തെ തുടർച്ചയായ വിജയമാണിത്. 3,000 രത്നങ്ങൾ പതിച്ച വെൽട്ടർ ബെൽറ്റാണ് മെയ്വെതറിന് ലഭിച്ചത്.

നൂറ്റാണ്ടിന്റെ പോരാട്ടം, നന്മയും തിന്മയും തമ്മിലുള്ള യുദ്ധം തുടങ്ങി വിശേഷണങ്ങൾ ഏറെയായിരുന്നു ഫ്ലോയ്ഡ്- മെയ്വെതർ മാനി പാക്വിയാവോ പോരാട്ടത്തിന്. മൂന്ന് മിനുട്ട് വീതമുള്ള 12 റൗണ്ടായിരുന്നു മത്സരം. മത്സരത്തിനായുള്ള ഫൈറ്റ് ബില്ലിൽ ആദ്യ പേര് മെയ്വെതറുടെയായിരുന്നു. എന്നാൽ, ആദ്യം റിംഗിലെത്തിയത് പക്വിയോവോ. ആദ്യം കാണികൾക്കും മുൻപാകെ അവതരിക്കപ്പെട്ടതും പാക്വിയോവോതന്നെ.

പോരിന് മുമ്പുള്ള വീറും വാശിയും റിംഗിലും കണ്ടു. ആക്രമിച്ച് പാക്വിയാവോയും പതിയിരുന്ന് മെയ്വെതറും പോരാടിയതോടെ മത്സരം ആവേശമായി. പാക്വിയാവോയുടെ ഇടങ്കൈ പഞ്ചുകൾ ഇടക്ക് മെയ്വെതറിനെ അസ്വസ്ഥനാക്കി. എന്നാൽ മെയ്വെതറിന്റെ വലകൈ പഞ്ചുകൾ പാക്വിയാവോയുടെ നെഞ്ചിടിപ്പേറ്റി. റൗണ്ടുകൾ പിന്നിടുന്തോറും മെയ്വെതർ ഇടിച്ചുകയറി. പോയിന്റുകളും ഒന്നിനുമീതെ ഒന്നായി ഉയർന്നു. 12 റൗണ്ടുകൾ പൂർത്തിയാകുമ്പോൾ മൂന്ന് വിധികർത്താക്കളുടെയും തീരുമാനം മെയ്വെതറിന് അനുകൂലമായി. മികച്ച പോരാട്ടം കാഴ്ചവച്ചാണ് പാക്വിയാവോ അന്ന് കീഴടങ്ങിയത്. ചരിത്രത്തിലെ ഏറ്റവും വിലയേറിയ പോരാട്ടം കൂടിയാണ് അന്ന് നടന്നത്.

മെയ്വെതറിനുമാത്രം ഏകദേശം 900 കോടി രൂപയും പാക്വിയാവോക്ക് 600 കോടി രൂപയുമാണ് മത്സരത്തിൽ നിന്ന് ലഭിച്ചത്. ടിക്കറ്റ് വിൽപ്പനയും പരസ്യവരുമാനവുമായി 2500 കോടി രൂപയാണ് മത്സരത്തിലൂടെ സംഘാടകർക്ക് ലഭിച്ചത്. ജസ്റ്റിൻ ബീബർ, പമേല ആൻഡേർസൺ, ഡെന്നിസ് വാഷിങ്ടൺ തുടങ്ങി ഹോളിവുഡിലെ പ്രമുഖരുൾപ്പെടെ നിരവധി വി വി ഐ പികൾ മത്സരം കാണാൻ എത്തിയിരുന്നു. 11,500 പേരായിരുന്നു മത്സരം നേരിട്ട് കാണാനെത്തിയത്. ടെലിവിഷനിലൂടെ കണ്ടത് ലക്ഷക്കണക്കിനും. മത്സരം നേരിട്ടു കാണാനുള്ള കുറഞ്ഞ ഫീസ് 1500 ഡോളറായിരുന്നു.