ദാമ്പത്യത്തിൽ ഉലച്ചിലുകൾ ഉണ്ടാകുന്നത് സ്വാഭാവികം. എന്നാൽ, ഭാര്യയോട് ഈ വിധത്തിൽ പ്രതികാരം വീട്ടുന്ന ഭർത്താക്കന്മാർ അധികമുണ്ടാവില്ല. വഴക്ക് സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഭാര്യയുടെ ഫോൺ നമ്പർ എസ്‌കോർട്ട് സർവീസ് സൈറ്റിൽ ചേർക്കുകയാണ് ഇയാൾ ചെയ്തത്. ഛത്തീസ്‌ഗഢിൽനിന്നാണ് ഈ വാർത്ത.

ലൈംഗികാവശ്യങ്ങൾക്കുവേണ്ടി അപരിചിതരായ പുരുഷന്മാരുടെ ഫോൺ വിളി വരാൻ തുടങ്ങിയതോടെ ഭാര്യയ്ക്ക് അങ്കലാപ്പായി. ഇത് തുടർച്ചയായതോടെ അവർ പൊലീസിൽ പരാതിപ്പെടുകയായിരന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ ഫോൺനമ്പരും മറ്റ് വിശദാംശങ്ങളും ഈ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത കാര്യം വ്യക്തമായത്.

ഐ.പി. അഡ്രസ് ഉപയോഗിച്ച് നടത്തിയ കൂടുതൽ അന്വേഷണത്തിൽ ഇതിന് പിന്നിൽ ഭർത്താവാണെന്ന് വ്യക്തമാക്കി. ഭാര്യയെ പാഠം പഠിപ്പിക്കുന്നതിന് വേണ്ടിയാണ് താനിങ്ങനെ ചെയ്‌തെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു. സ്വന്തം വീട്ടിലെ ടാബാണ് ഇതിനുവേണ്ടി ഇയാൾ ഉപയോഗിച്ചതും.

തന്നോട് എപ്പോഴും വഴക്കടിക്കുന്നതുകൊണ്ടാണ് ഭാര്യയെ പാഠം പഠിപ്പിക്കണമെന്ന് വിചാരിച്ചതെന്നും അത് ഇത്രത്തോളം അപകടകരമായ അവസ്ഥയിലെത്തുമെന്ന് കരുതിയില്ലെന്നും ഇയാൾ പറഞ്ഞു. എന്നാൽ, പൊലീസ് ഇയാൾക്കെതിരെ കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അടുത്തിടെ ഗുണ്ടൂരിൽനിന്നും സമാനമായ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇവിടെ 27 വയസ്സുകാരൻ തന്റെ മുൻകാമുകിയുടെ ചിത്രങ്ങളും നഗ്ന വീഡിയോകളുമാണ് പോൺ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തത്. തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്തതിലുള്ള പ്രതികാരമാണ് ഇയാൾ ഇങ്ങനെ തീർത്തത്. ഈ കേസിലും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.