കൊച്ചി: സിപിഎം ആകെ പ്രതിസന്ധിയിലാണ്. ഫോൺ കെണിയിൽ എകെ ശശീന്ദ്രനെതിരായ നിയമനടപടികളെല്ലാം അവസാനിച്ചു. നിലവിൽ കേസൊന്നും ശശീന്ദ്രനെതിരെ ഇല്ല. ജ്യുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടും ശശീന്ദ്രന് അനുകൂലം. ഈ സാഹചര്യത്തിലാണ് ശശീന്ദ്രൻ വീണ്ടും മന്ത്രിയായത്.

എന്നാൽ കേസിൽ അതിനിർണ്ണായക ഇടപെടലിന് ശ്രമിക്കുകയാണ് ഹണി ട്രാപ്പ് കേസിൽ പ്രതിയാക്കപ്പെട്ട് ജയിലിൽ കിടന്ന എസ് വി പ്രദീപ്. എന്റെ സുന്ദരികുട്ടി ഞാൻ ഗോവയിലാണ്.. എന്ന ശബ്ദം ശശീന്ദ്രന്റേതാണോ എന്ന് ഉറപ്പിക്കാൻ ശബ്ദ പരിശോധന അനിവാര്യമാണെന്ന് പ്രദീപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ കേരളാ പൊലീസും ജ്യുഡീഷ്യൽ കമ്മീഷനും അന്വേഷണമൊന്നും നടത്തിയില്ല. പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തി ശശീന്ദ്രൻ കേസിൽ നിന്ന് കുറ്റവിമുക്തി നേടി മന്ത്രിയാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തന്റെ നിരപരാധിത്വം തെളിയിക്കാൻ മംഗളം ടിവിയിലെ സീനിയർ ന്യൂസ് എഡിറ്റർ എസ് വി പ്രദീപ് ഹൈക്കോടതിയിൽ എത്തിയത്.

മംഗളത്തിൽ ശശീന്ദ്രനെതിരായ വാർത്ത അവതരിപ്പിച്ചത് പ്രദീപായിരുന്നു. ഇതാണ് പ്രദീപിനെ കേസിൽ കുടുക്കിയതും ജയിലിലാക്കിയതും. ശശീന്ദ്രൻ പീഡിപ്പിച്ചെന്ന് ആരോപിച്ച് മംഗളത്തിലെ റിപ്പോർട്ടർ കോടതിയിൽ പരാതിയും നൽകി. എന്നാൽ പിന്നീട് പരാതിക്കാരെ കേസിൽ നിന്നും പിന്മാറി. ഇതോടെ ശശീന്ദ്രൻ മന്ത്രിയായി. ഇത് മംഗളത്തിന് എതിരായ കേസിനെ ബലപ്പെടുത്തുന്ന സാഹചര്യവും വന്നു. മംഗളത്തിൽ സംപ്രേഷണം ചെയ്ത ഫോൺ സംഭാഷണത്തിൽ ശശീന്ദ്രൻ വ്യക്തത വരുത്തിയതുമില്ല. എന്നാൽ ശശീന്ദ്രനെ കുടുക്കിയെന്ന തരത്തിലാണ് ജ്യൂഡീഷ്യൽ കമ്മീഷൻ നിരീക്ഷണം പോലും എത്തിയത്. ഏത് സാഹചര്യത്തിലായാലും ശശീന്ദ്രനെ പോലെ ധാർമികത അവകാശപ്പെടുന്ന മന്ത്രിക്ക് ഇത്തരത്തിൽ പൈങ്കിളി സംസാരിക്കാമോ എന്നതും ഉയർന്ന ചോദ്യമാണ്. ഈ സാഹചര്യത്തിലാണ് ശശീന്ദ്രനെതിരായ കേസ് വീണ്ടും ചർച്ചയാക്കാൻ എസ് വി പ്രദീപ് തയ്യാറെടുക്കുന്നത്.

മംഗളം ടിവിയിൽ കേൾപ്പിച്ചത് ശശീന്ദ്രന്റേതാണെന്ന ഉത്തമ വിശ്വാസം തനിക്കുണ്ട്. വനിതാ ജേർണലിസ്റ്റിന്റെ വാക്കുകൾ ഇക്കാര്യത്തിൽ വിശ്വസിച്ചിരുന്നു. എന്നാൽ ശശീന്ദ്രനും വനിതാ മാധ്യമ പ്രവർത്തകയും തമ്മിൽ എല്ലാം പറഞ്ഞു തീർത്തുവെന്നും അതുകൊണ്ട് തന്നെ കോടതി വിധികൾ ശശീന്ദ്രന് അനുകൂലമായെന്നും പ്രദീപ് ഹൈക്കോടതിയിൽ വിശദീകരിക്കുന്നു. അതുകൊണ്ട് തന്നെ ടേപ്പിലെ ശബ്ദവുമായി ബന്ധപ്പെട്ട സംശയ ദൂരീകരണത്തിന് സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണ്. രാഷ്ട്രീയ ശക്തി ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാൻ ശശീന്ദ്രൻ ഇടപെടൽ നടത്തിയെന്നും പ്രദീപ് ആരോപിക്കുന്നു. ഈ കേസ് അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും.

മംഗളം പുറത്തുവിട്ട ഓഡിയോ ഒരു കുറ്റകൃത്യത്തിന് തെളിവാണ്. ക്രൈംബ്രാഞ്ച് കേസിൽ തന്റെ ശബ്ദ പരിശോധനക്ക് ഏറെ പ്രാധാന്യം ഉണ്ടെന്നും അത് തനിക്ക് ദോഷമാകുമെന്നും അതിനാൽ അത് പരിശോധിക്കപ്പെടാൻ പാടില്ലെന്നും ശശീന്ദ്രൻ ആഗ്രഹിക്കുന്നു. ക്രൈം ബ്രാഞ്ചിന് മുന്നിൽ എ കെ ശശീന്ദ്രനും മാധ്യമ പ്രവർത്തകരും കക്ഷികളായി 51 & 52/CR/OCW1 /17/TVPM എന്ന നമ്പരിൽ 120 B IPC, 67 A IT ACT വകുപ്പുകളിൽ FIR നിലവിൽ ഉണ്ട്. പക്ഷേ ഇക്കാര്യത്തിൽ അന്വേഷണം നടന്നുമില്ല. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രദീപ് പരാതി നൽകിയുന്നു. പക്ഷേ നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. മംഗളം ചാനലിന്റെ സഹായമില്ലാതെ സ്വന്തം നിലയിലാണ് പ്രദീപിന്റെ നീതിയുറപ്പിക്കാനുള്ള പോരാട്ടം. ഇത് ഫലത്തിൽ ശശീന്ദ്രൻ കേസിനെ വീണ്ടും സജീവ ചർച്ചയാക്കും.

ഫോൺ കെണിയിൽ മംഗളം ചാനലിനെതിരേയും കേസെടുത്തിരുന്നു. ഇതിൽ മംഗളം സിഇഒ അടക്കമുള്ളവർ റിമാൻഡിലാവുകയും ചെയ്തു. ശശീന്ദ്രൻ കേസിൽ നിന്ന് രക്ഷപ്പെടുമ്പോഴും ഈ നിയമ നടപടി തുടരുകയാണ്.മംഗളം ചാനൽ സംപ്രേഷണം ചെയ്തത് ശശീന്ദ്രന്റെ ശബ്ദമാണോ എന്നതാണ് ഉയരുന്ന ചോദ്യം. ശാസ്ത്രീയ ശബ്ദ പരിശോധനയിലൂടെ ഇത് ബോധ്യപ്പെടുത്താവുന്നതേ ഉള്ളൂ. എന്നാൽ കേരളാ പൊലീസ് ഇത് ചെയ്തില്ല. ശശീന്ദ്രൻ തന്നെ ശബ്ദം തന്റേതല്ലെന്ന് പറയുന്നില്ല. ഈ സാഹചര്യത്തിലാണ് ശശീന്ദ്രന്റെ ശബ്ദത്തിന്റെ ആധികാരികതയിൽ അന്വേഷണത്തിന് കേസിൽ പ്രതിചേർക്കപ്പെട്ട മാധ്യമ പ്രവർത്തകർ രംഗത്ത് വരുന്നത്. തങ്ങളുടെ സത്യസന്ധത തെളിയിക്കാൻ ഇത് ആവശ്യമാണ്. എന്നാൽ പൊലീസ് ഇതിന് തയ്യാറാകുന്നുമില്ല. അശ്ലീല സംഭാഷണം ശശീന്ദ്രന്റേത് തന്നെയെന്ന് തെളിഞ്ഞാൽ വാർത്ത സന്ധ്യസന്ധമെന്ന് വ്യക്തമാകും. ഇതിലൂടെ മാത്രമേ മാധ്യമ പ്രവർത്തകർക്ക് രക്ഷ നേടാൻ കഴിയൂ. ഇതിനുള്ള നിയമ വഴികളാണ് പ്രദീപ് തേടുന്നത്.

തങ്ങൾക്കെതിരായ കേസ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ആദ്യം ഒരു ഇടത് മന്ത്രിയുടേത് എന്ന പേരിലും പിന്നീട് പേര് പറഞ്ഞും മംഗളം ടിവി പുറത്ത് വിട്ട ഓഡിയോ ക്ലിപ്പാണ് പ്രശ്നം. ഫോൺ രതിയുടെ വിഭാഗത്തിൽ പെടുത്താവുന്ന അശ്ലീമാണ് ചാനൽ കേൾപ്പിച്ചത്. ഇത് ഫോൺ സെക്‌സ് എന്നാണ് വിലയിരുത്തൽ. എന്റെ സുന്ദരിക്കുട്ടി പറയ്, നിനക്കിപ്പോ എന്താണ് വേണ്ടത്.. ഞാൻ നിന്നെ കടിച്ച് കടിച്ച് തിന്നട്ടേ.. മാറത്ത് കിടക്കാം.. 71 കാരൻ മന്ത്രി പരാതി പറയാനെത്തിയ സ്ത്രീയോട് നടത്തിയ ലൈംഗിക അതിക്രമം എന്ന തരത്തിലാണ് ഈ ഓഡിയോ ക്ലിപ്പ് മംഗളം ടി വി പുറത്ത് വിട്ടത്. പിന്നീട് ചാനാൽ ലേഖികയാണ് യുവതിയെന്നാക്കി. ഈ ലേഖികയാണ് കോടതിയിൽ ശശീന്ദ്രന് അനുകൂലമായി മാറിയത്.

ഈ ലൈംഗികസംഭാഷണങ്ങൾ നടത്തിയെന്ന മംഗളം ടെലിവിഷൻ വാർത്തയേത്തുടർന്നാണ് ഗതാഗതമന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ രാജിവച്ചത്. രാജിക്ക് മുമ്പ് കോഴിക്കോട് പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോടു ശബ്ദരേഖ നിഷേധിക്കാൻ അദ്ദേഹം തുനിഞ്ഞില്ല. താൻ കാരണം പാർട്ടിക്കോ സർക്കാരിനോ മുന്നണിക്കോ ബുദ്ധിമുട്ടുണ്ടാകില്ലെന്നായിരുന്നു പ്രതികരണം. അതുകൊണ്ട് തന്നെ ഈ ശബ്ദം ശശീന്ദ്രൻ തന്നെ സ്ഥിരീകരിച്ചതാണെന്ന് മംഗളത്തിലെ ജീവനക്കാർ വിലയിരുത്തുന്നു. ലേഖികയുടെ മനസ്സ് മാറ്റത്തിന് കാരണം ഇവർക്ക് അറിയില്ല. ശശീന്ദ്രന്റെ ശബ്ദ പരിശോധന മാത്രമാണ് സത്യം പുറത്തുവരാനുള്ള പോംവഴിയെന്നാണ് ഇവരുടെ വാദം.

ഇക്കാര്യത്തിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടാൽ ശശീന്ദ്രൻ വീണ്ടും പ്രതിക്കൂട്ടിലാകും. ശബ്ദത്തിന്റെ ആധികാരികത സിബിഐ പരിശോധിക്കും. ഈ ഫലം എതിരായാൽ മന്ത്രിക്ക് വീണ്ടും രാജിവയ്‌ക്കേണ്ട സാഹചര്യം പോലും ഉണ്ടാകും.