ഗുവാഹതി: പ്രളയം ബാധിച്ച അസമിലെ സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷം ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്. കഴുത്തറ്റം വെള്ളത്തിൽ നിന്നുകൊണ്ട് ദേശീയ പതാകയ്ക്ക് സല്യൂട്ട് നല്കുന്ന കുട്ടികളുടെ ചിത്രം ഫേസ്‌ബുക്കിൽ ഇട്ടത് അതേ സ്‌ക്കൂളിലെ അദ്ധ്യാപകൻ തന്നെയാണ്.

ഗുവാഹതിക്കടുത്ത് നാസ്‌ക്കര എൽ പി സ്‌ക്കൂളിലേതാണ് ചിത്രം. രാജ്യത്തി്‌ന്റെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം അഭിമാനത്തോടെ ആഘോഷിക്കുമ്പോൾ പ്രതികൂല കാലാവസ്ഥകളൊന്നും ഈ സ്‌ക്കൂളിലെ കുട്ടികൾക്ക് പ്രശ്‌നമായില്ല. അദ്ധ്യാപകതനായ മിസാനൂർ റഹ്മാന്റെ നേതൃത്വത്തിൽ അവരും ദേശീയ പതാക ഉയർത്തി. അദ്ധ്യാപകന്റെ മുട്ടിനു മീതേ വെള്ളം നിറഞ്ഞുകിടക്കുമ്പോൾ ഒപ്പം അഭിവാദ്യം ചെയ്യുന്ന മൂന്നാം ക്‌ളാസുകാർക്ക് അത് കഴുത്തറ്റം ആഴത്തിലാണ്.

'ഈ ചിത്രം തന്നെ എല്ലാം പറയും, കൂടുതലായി ഒന്നും പറയാനില്ല' എന്നുമാത്രം അടിക്കുറിപ്പെഴുതിയ മിസാനൂറിന്റെ പോസ്റ്റ് വൈറലായതോടെ അദ്ദേഹം വീണ്ടും കുറിച്ചു. 'ഈ പിന്തുണ ഒരിക്കലും പ്രതീക്ഷിച്ചതല്ല, ചിത്രം ഷെയർ ചെയ്തതിന് നന്ദി'.

സോഷ്യൽ മീഡിയയിലും ഈ ചിത്രത്തിന് അഭിന്ദനപ്രവാഹമാണ്. അസമിലെ പ്രളയദുരിതത്തിന്റെയും സ്‌ക്കൂളുകളുടെ ദയനീയാവസ്്ഥയുമൊക്കെ ഈ ചിത്രത്തിൽ വെളിപ്പെടുന്നുണ്ട്. രാജ്യസ്‌നേഹത്തിന്റെ ഉത്തമമാതൃകയായും ഈ കുട്ടികളേയും അദ്ധ്യാപകനേയും കാണുന്നു. ഓഗസ്റ്റ് 15 രാവിലെ എട്ടരയോടെ പോസ്റ്റു ചെയ്ത ഫോട്ടോ അതിവേഗമാണ് പ്രചരിച്ചത്. ബിബിസിയും ഈ ഫോട്ടോയെ കുറിച്ച് റിപ്പോർട്ടു ചെയ്തതോടെ അന്താരാഷ്ട്രതലത്തിലുമെത്തി. അരലക്ഷത്തിലേറെ പേരാണ് മിസാനൂറിന്റെ അക്കൗണ്ടിലെത്തി ചിത്രം ഷെയർ ചെയതത്.