ന്യൂഡൽഹി: കയ്യിൽ ത്രിശൂലവുമായി പുജയുടെ മധ്യത്തിലിരിക്കുന്ന പ്രിയങ്കഗാന്ധിയുടെ ചിത്രം കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.ചിത്രം പ്രത്യക്ഷപ്പെട്ടതോടെ തന്നെ ഫോട്ടോയുടെ സത്യാവസ്ഥയെക്കുറിച്ച് ചില സംശയങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിത മാധ്യമങ്ങളുടെ ഫാക്ട് ചെക്കിലുടെ ചിത്രത്തിന്റെ നിജസ്ഥിതി പുറത്ത് വന്നിരിക്കുകയാണ്. ചിത്രം വ്യാജമാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.

ഗൂഗിൾ ഇമേജുകൾ ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, 2019 മാർച്ചിലെ ഒരു വാർത്താ റിപ്പോർട്ടിനോടൊപ്പം ഉള്ളതാണ് യഥാർഥ ഫോട്ടോ എന്നും ഇപ്പോൾ പ്രചരിക്കുന്ന ത്രിശൂലം പിടിച്ച ഫോട്ടോ ഡിജിറ്റൽ മാറ്റങ്ങൾ വരുത്തിയതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഫോട്ടോയിൽ, പ്രിയങ്ക ഗാന്ധി കണ്ണുകൾ അടച്ച് ത്രിശൂലം പിടിച്ച് നിലത്ത് ഇരിക്കുന്നതായാണ് ഉണ്ടായിരുന്നത്. നീണ്ട കുറിതൊട്ട് വളകൾ ധരിച്ചതായും ചിത്രത്തിൽ കാണാമായിരുന്നു.'ഇത് നിരുത്തരവാദത്തിന്റെയും കപടതയുടെയും ഉയർന്ന തലം' എന്ന അടിക്കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രചരിച്ചത്. തിരഞ്ഞെടുപ്പ് വരുമ്പോൾ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ഇവർ രാധേ മായാകുമോ എന്നും പരിഹാസങ്ങൾ ഉയർന്നിരുന്നു. ട്വിറ്ററിലാണ് വ്യാജ പ്രചരണം സജീവമായി നടന്നത്. ഇതോടെയാണ് ഫാക്ട് ചെകുമായി മാധ്യമങ്ങൾ രംഗത്ത് എത്തിയത്.

2019 മാർച്ച് 19 ലെ ഇന്ത്യ ടിവി റിപ്പോർട്ടിലുള്ള യഥാർഥ ഫോട്ടോയിൽ പ്രിയങ്ക ഗാന്ധി വാദ്രയുടെ കൈയിൽ ത്രിശൂലം ഇല്ല. പ്രിയങ്കയുടെ കൈകൾ ചിത്രത്തിൽ കാണാനുമാകില്ല. കൂടാതെ, പ്രിയങ്കയുടെ നെറ്റിയിലെ ചുവന്ന കുറിക്ക് മോർഫ് ചെയ്ത ഫോട്ടോയിൽ ഉള്ളത്ര നീളവുമില്ല.

വാർത്താ ഏജൻസി പി.ടി.ഐക്കാണ് ഫോട്ടോയുടെ കടപ്പാട് നൽകിയിരിക്കുന്നത്. 'മിർസാപൂർ ജില്ലയിലെ വിന്ധ്യവാസിനി ക്ഷേത്രത്തിൽ യുപി-ഈസ്റ്റ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രാർത്ഥിക്കുന്നു' എന്നാണ് അടിക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.

 

ക്ഷേത്രത്തിൽ പ്രിയങ്ക സന്ദർശിച്ചതിന്റെ ഫോട്ടോകൾ യുപി കോൺഗ്രസും ട്വീറ്റ് ചെയ്തിരുന്നു. ഈ ഫോട്ടോകളിലും, പ്രിയങ്കയുടെ കൈകളിൽ ത്രിശൂലമില്ല, വ്യാജ വൈറൽ ചിത്രത്തിൽ കാണുന്നതു പോലെ അവർ വളകളും ധരിച്ചിട്ടില്ല.ഉത്തർപ്രദേശിൽ അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ച്ചാത്തലത്തിലാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. പ്രിയങ്ക സംസ്ഥാനത്തെ വിവിധ ജില്ലകൾ സന്ദർശിക്കുകയും ആളുകളുമായി സംവദിക്കുകയും ചെയ്തിരുന്നു.