തൃശ്ശൂർ: ശോഭസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാം അന്വേഷണ സംഘത്തെ വിലയ്ക്കെടുത്തു എന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. തെളിവെടുപ്പിനെന്നും പറഞ്ഞ് നിസാമിനെയും കൊണ്ടു ബാംഗ്ലൂരിൽ പോയത് ഉല്ലാസയാത്രയ്ക്കാണെന്നും നിസാമിന്റെ പേരിലുള്ള സ്വത്തുക്കൾ ബിനാമി പേരിലേക്ക് മാറ്റുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. പോസീസ് സംഘവുമൊത്തുള്ള ഈ ഉല്ലാസയാത്രയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

നിസാം അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ ഫോൺ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. റോൾസ് റോയ്‌സ് കാറിന് മുന്നിൽ നിന്ന് ഫോൺ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കസ്റ്റഡിയിൽ കഴിയുന്ന നിസാമിന് ഉന്നതരെ ബന്ധപ്പെടാനും കേസ് ഒതുക്കാനും പൊലീസ് എല്ലാ സഹായവും ചെയ്യുന്നുവെന്ന് ഈ തെളിവുകളിൽ കൂടി വ്യക്തമാണ്. ബാംഗ്ലൂരിലേക്ക് തൃശ്ശൂരിൽ നിന്നും യാത്രതിരിച്ച പൊലീസ് സംഘം പിന്നീട് നിസാമിന്റെ റോൾസ് റോയിസ് കാറും ഉപയോഗിച്ചുവെന്നാണ് വ്യക്തമാക്കുന്നത്. ഇതുവരെ റോൾസ് റോയിസ് കാറിൽ യാത്രചെയ്തിട്ടില്ലാത്ത പൊലീസ് ഉദ്യോസ്ഥർ ഈ അവസരം ശരിക്കും ഉപയോഗിക്കുകയും ചെയ്തു.

അതുകൊണ്ട് തന്നെ കൊലയാളിയാണെങ്കിലും പൊലീസുകാർക്ക് കൺകണ്ട ദൈവമായി മാറി നിസാം. സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിച്ച കൊന്ന വിവാദ വ്യവസായി നിസാമിനെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ദിവസം തോറും പുറത്തുവരുന്നത്. കൊലപാതക കേസുമായി യാതൊരു ബന്ധവുമില്ലെന്നിരിക്കെയാണ് അന്വേഷണ സംഘം തമിഴ്‌നാട്ടിലും കർണ്ണാടകത്തിലും നിസാമുമായി ഉല്ലായാത്ര പോയത്. ഫെബ്രുവരി അഞ്ചിന് വൈകിട്ട് ഏഴരയോടെയാണ് തൃശ്ശൂരിൽ നിന്നും അന്വേഷണ സംഘം ബാംഗ്ലൂരിലേക്ക് തിരിച്ചത്. എന്നാൽ ബാംഗ്ലൂർ എത്തിയതാകട്ടെ പിന്നേറ്റ് വൈകീട്ട് 4. 30നും. ടെമ്പോ ട്രാവലറിലായിരുന്നു നിസാമിനെയും കൂട്ടിയുള്ള ഉല്ലാസയാത്ര. പിന്നീട് വഴിയിൽ വച്ചാണ് റോൾസ് റോയ്‌സ് കാറും ഉപയോഗിക്കുകയായിരുന്നു എന്നാണ് അറിയുന്നത്.

സിഐ പി.സി. ബിജുകുമാർ, ്രെഡെവർ മാജ്, പൊലീസ് ഉദ്യോഗസ്ഥരായ രാജൻ, ബിനിൽ എന്നിവരടക്കം ആറ് പേരാണ് നിഷാമിനെയും കൂട്ടി പുറപ്പെട്ടത്. എട്ട് മണിക്കൂറുകൾ കൊണ്ട് സാധാരണ ഗതിയിൽ തൃശ്ശൂരിൽ നിന്നും ബാംഗ്ലൂരിൽ എത്താവുന്നതാണ്. സേലം വഴിയായിരുന്നു സംഘം യത്ര ചെയ്തത്. ആറിന് പുലർച്ചെ രണ്ടരയോടെ ബാംഗ്ലൂരിൽ എത്തിയിട്ടും രേഖപ്പെടുത്തിയത് വൈകിട്ട് 4.30ന് എത്തിയെന്നാണ്. കർണാടകയിലും മറ്റുമാണ് നിസാമിന്റെ സ്വത്തുക്കൾ ഏറെയും. അതുകൊണ്ട് ഈ സ്വത്തുക്കളും പണവും ബിനാമികളുടെ പേരിലേക്ക് മാറ്റാൻ പൊലീസ് നിസാമിന് ഒത്താശ ചെയ്‌തെന്നാണ് സംശയം.

അതിനിടെ നിസാമിന്റെ ഉടമസ്ഥതയിലുള്ള റിയൽ എസ്‌റ്റേറ്റ് കമ്പനിയായ കിങ്‌സ് സ്‌പേസിൽ വാണിജ്യ നികുതി വിഭാഗം റെയ്ഡ് നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. നാലിടങ്ങളിലെ വില്ല, ഫ്ളാറ്റ് പ്രോജക്ടുകളുടെ വിവരങ്ങളും ഭൂമി സംബന്ധിച്ച ക്രയവിക്രയ രേഖകളും സെർവർ കമ്പ്യൂട്ടറിന്റെ സി.പി.യുവും കസ്റ്റഡിയിലെടുത്തുവെന്നാണ് പറയുന്നതെങ്കിലും റെയ്ഡിന് മുമ്പ് തന്നെ എല്ലാ കാര്യങ്ങളും മാറ്റിയെന്നാണ് റിപ്പോർട്ടുകൾ. ഗുരുവായൂർ, അത്താണി എന്നിവിടങ്ങളിലെ നാല് പ്രോജക്ടുകളുടെ രേഖകളാണ് പിടിച്ചെടുത്തത്. അസിസ്റ്റന്റ് കമ്മിഷണർ വി.ആർ. പത്മനാഭൻ, ഇന്റലിജന്റ്‌സ് ഓഫീസർ പി.ജെ. സൈമൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. തൃശൂർ എം.ജി റോഡിലാണ് കിങ്‌സ് സ്‌പേസ് ഓഫീസ്. റെയ്ഡ് റിപ്പോർട്ട് ചെയ്യാനെത്തിയ ദൃശ്യമാദ്ധ്യമ പ്രവർത്തകനെ നിസാമിന്റെ ജീവനക്കാർ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുണ്ടായി.