മലപ്പുറം: വീട്ടമ്മമാർക്ക് ആയോധനകലയിലും, നൃത്തത്തിലും ദിവസങ്ങൾ നീണ്ട പരിശീലനം നൽകി ഫോട്ടോഷൂട്ട് സംവിധാനം ചെയ്ത ബിനിജയ്ക്ക് ഇന്ത്യാ ബുക്ക് ഓഫ് റെക്കൊർഡ്സ് അംഗീകാരം. ഷൂട്ടിലെ പ്രധാന കഥാപാത്രമായ ഉണ്ണിയാർച്ചയെ അവതരിപ്പിച്ചത് സ്ത്രീ ജ്വാലയുടെ രക്ഷാധികാരിയായ ബിനിജയാണ്.

സെലിബ്രറ്റികൾക്കും മോഡലുകൾക്കും മാത്രമല്ല സാധാരണ വീട്ടമ്മമാർക്കും ഫോട്ടോ ഷൂട്ട് നടത്താമെന്ന് ബിനിജ തെളിയിച്ചു. വടക്കൻപാട്ടിലെ സ്ത്രീകഥാപാത്രങ്ങളുടെ ചരിത്രം ഇന്നത്തെ സ്ത്രീകൾക്ക് നൽകുന്ന ആത്മവിശ്വാസം ഉയർത്തിക്കാണിക്കുന്നതിനും ഈ ഫോട്ടോ ഷൂട്ടിലൂടെ ബിനിജ പ്രകടമാക്കി. ചിത്രകാരനായ ചേലേമ്പ്ര സ്വദേശി വിജയന്റെ ഭാര്യയാണ് ബിനിജ.

കുഞ്ഞുനാളിൽ നൃത്തത്തോട് താല്പര്യം പ്രകടിപ്പിച്ചിരുന്ന ബിനിജ ചണ്ഡീഗഢ് യൂണിവേഴ്സിറ്റിയുടെ നൃത്തകലയിൽ ഡിപ്ലോമ വിദ്യാർത്ഥിനിയാണ്. ചിലങ്കധ്വനി എന്ന നൃത്ത സംഗീത വിദ്യാലയം നടത്തുന്നുണ്ട്. ഇനിയും പുതിയ പരീക്ഷണങ്ങൾക്ക് ഒരുങ്ങുന്ന ബിനിജ ഏഷ്യാബുക്ക് ഓഫ് റെക്കോർഡ്സ്, ലിംക റെക്കോർഡ്സ് ഓഫ് ബുക്ക്സ് എന്നിവയിൽ സ്ഥാനം പിടിക്കാനുള്ള പ്രയത്നത്തിലാണ്.

ബിനിജക്ക് പിന്തുണയുമായി ഭർത്താവ് വിജയൻ, മക്കൾ ആദിൻ, അജിൻ എന്നിവർ കൂടെ ഉണ്ട്. ചേലേമ്പ്ര കാരാളിപ്പറമ്പിൽ ശങ്കരൻ അമ്മിണി ദമ്പതികളുടെ മകളാണ് ബിനിജ. നിരവധി നാടകങ്ങളിലും, ഷോർട്ട് ഫിലിമുകളിലും, സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്ത ബിനിജക്ക് സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹം.