സ്റ്റോക്‌ഹോം: ഊർജ തന്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. മൂന്ന് ജപ്പാൻ-അമേരിക്കൻ ശാസ്ത്രജ്ഞർക്കാണ് പുരസ്‌കാരം. ഇസാമു അകാസകി, ഹിരോഷി അമാനോ, ഷുജി നക്കാമുറ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. ഇസാമു അകാസകിയും ഹിരോഷി അമാനോയും ജപ്പാനിലെ നഗോയ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ്. സാന്റ ബാർബറയിലെ കലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞനാണ് ഷുജി നകാമുറ. ബ്ലൂ ലൈറ്റ് എമിറ്റിങ് ഡയോഡുമായി ബന്ധപ്പെട്ട കണ്ടെത്തലിനാണ് പുരസ്‌കാരം.

കൂടുതൽ ഊർജക്ഷമവും ദീപ്തവുമായ ബ്ലൂ ലൈറ്റ് എമിറ്റിങ് ഡയോഡുകൾ (എൽഇഡി) വികസിപ്പിച്ചതിനാണ് ജാപ്പനീസ് അമേരിക്കൻ ശാസ്ത്രകാരന്മാർക്ക് നൊബേൽ ലഭിച്ചത്. ചുവപ്പ്, പച്ച നിറങ്ങളിലുള്ള എൽഇഡികൾ 1960കളിൽ തന്നെ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞെങ്കിലും നീല ഡയോഡുകൾ നിർമ്മിച്ച് അവയെ സംയോജിപ്പിച്ച് കൂടുതൽ പ്രകാശക്ഷമതയും ആയുസുമുള്ള ധവള വെളിച്ച ഡയോഡുകൾ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനുള്ള ശ്രമങ്ങൾ പതിറ്റാണ്ടുകൾക്ക് മുമ്പു തന്നെ തുടങ്ങിയിരുന്നു എങ്കിലും ഒട്ടേറെ തവണ നടത്തിയ പരീക്ഷണങ്ങൾക്ക് ഒടുവിലാണ് വിജയം വരിക്കാൻ കഴിഞ്ഞത്.

അകാസാകിയും അമാനോയും ചേർന്ന് അഗോയ സർവകലാശാലയിലും നകാമുറ ജപ്പാനിലെ ടോക്കുഷിമയിലുള്ള നിഷിയ കെമിക്കൽസ് എന്ന കമ്പനിയിലും നടത്തിയ ദീർഘമായ ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും ഒടുവിലാണ് കൂടുതൽ കാര്യക്ഷമമായ വെള്ളവെളിച്ചം തൂവുന്ന എൽഇ ഡയോഡുൾ നിർമ്മിച്ചെടുത്തത്.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പ്രകാശ സ്രോതസുകൾ എൽഇഡി ബൾബുകൾ ആയിരിക്കും എന്നാണ് പ്രവചനം. കൂടുതൽ ഈടുറ്റതും ഊർജക്ഷമതയുള്ളതുമായതിനാൽ എൽഇഡി സാങ്കേതികവിദ്യയുടെ മെച്ചം സ്മാർട്ട് ഫോണുകൾ മുതൽ യുദ്ധമുന്നണികളിൽവരെ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

ഫ്‌ളൂറസെന്റ് ബൾബുകളുടെ ആയുസ് 10,000 മണിക്കൂറും ഇൻകാൻഡസെന്റ് സ്രോതസ്സുകളുടെത് ആയിരം മണിക്കൂറും ആയിരിക്കെ എൽഇഡി പ്രകാശ സ്രോതസ്സുകൾ ഒരു ലക്ഷം മണിക്കൂറുകൾക്ക് മുകളിൽ പ്രവർത്തിക്കാൻ കാര്യക്ഷമതയുള്ളവയാണ്.

കുറഞ്ഞ വൈദ്യുത/ഊർജ ഉപഭോഗം വഴി കൂടുതൽ ലൂമിനസ് ഫ്‌ളക്‌സ് (നിർദിഷ്ടദിശയിൽ കിരണം വമിക്കുന്ന പ്രകാശത്തിന്റെ അളവ്) നൽകുന്ന തരം പ്രകാശ സ്രോതസ്സുകൾ ഇതുവഴി സാധ്യമാകും. ഒരു എൽഇഡി പ്രകാശ സ്രോതസ്സിന്റെ ഊർജ കാര്യക്ഷമത 16 സാധാരണ ബൾബുകൾക്കും 70 ഫ്‌ളൂറസെന്റ് ബൾബുകൾക്കും തുല്യമാണെന്നാണ് കണക്കാക്കുന്നത്. ലോകത്തെ മുഴുവന് ഊർജ ഉത്പാദനത്തിന്റെ നാലിലൊന്ന് പ്രകാശ സ്രോതസ്സുകൾക്കായി ഉപയോഗിക്കുന്നതിനാൽ ഭീമമായ ഊർജ ലാഭം ഇതു വഴിയുണ്ടാകും.

വെളിച്ചവിപ്ലവം സാദ്ധ്യമാക്കിയതിൽ നീല എൽഇഡികൾക്കുള്ള പങ്ക് നോബല് സമ്മാന ലബ്ധിയോടെ ആദരിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൈദ്യശാസ്ത്രനോബൽ പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടീഷ് അമേരിക്കൻ ഗവേഷകനായ ജോൺ ഒ കീഫ്, നോർവീജിയൻ ദമ്പതികളും ശാസ്ത്രജ്ഞരുമായ എഡ്വേർഡ് മോസർ, മെയ് ബ്രിട്ട് മോസർ എന്നിവർക്കാണ് വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചത്. തലച്ചോറിലെ കോശങ്ങൾ ദിശാനിർണയം നടത്തുന്നത് സംബന്ധിച്ച ശ്രദ്ധേയ ഗവേഷണങ്ങൾക്കാണ് പുരസ്‌കാരം. സ്റ്റോക്ക് ഹോമിൽ ഡിസംബർ പത്തിനു നടക്കുന്ന ചടങ്ങിൽ നോബൽ സമ്മാനങ്ങൾ വിതരണം ചെയ്യും. രസതന്ത്ര നോബൽ സമ്മാനങ്ങൾ ബുധനാഴ്ച പ്രഖ്യാപിക്കും.