തിരുവനന്തപുരം: സ്വന്തം മാതാവിന്റെ പ്രായമുള്ള സ്ത്രീക്ക് നേരെ കൊല്ലാനുള്ള ആവേശത്തിൽ പാഞ്ഞടുക്കുന്ന യുവാവ്. കൈയിലുള്ള തേങ്ങ എടുത്ത് സ്ത്രീക്കെതിരെ വലിച്ചെറിയാൻ ഓങ്ങി നിൽക്കുന്നു. ഇതിനിടെ ചുറ്റുമുള്ള ആൾക്കൂട്ട ആക്രോശത്തിൽ നിന്നും പ്രാണൻ രക്ഷിക്കാൻ പാടുപെടുന്ന സ്ത്രീ. ഇന്നലെ സന്നിധാനത്ത് നടന്ന് ആൾക്കൂട്ട ആക്രമണത്തിന്റെ ഭീതിപ്പെടുത്തുന്ന ചിത്രങ്ങളാണ് ഇന്ന് പുറത്തുവന്നത്. ഈ ചിത്രം സൈബർലോകത്ത് സജീവ ചർച്ചക്കും ഇടയാക്കി.

കുഞ്ഞിന് ചോറുകൊടുക്കാൻ വന്ന ഒരു അമ്മൂമ്മയുടെമേൽ നെയ്ത്തേങ്ങയെറിയാൻ തയ്യാറായി നിൽക്കുന്ന ആചാരസംരക്ഷകനെ കുറിച്ചുള്ള ചർച്ചയാണ് ഇന്ന് മലയാളം സൈബർ ലോകത്ത് നടക്കുന്നത്. ശബരിമലയിൽ പേരക്കുട്ടിയുടെ ചോറൂണിന് എത്തിയതായിരുന്നു തൃശൂർ മുളങ്കുന്നത്തുകാവ് തിരൂർ വട്ടക്കൂട്ട് വീട്ടിൽ ലളിതാ രവി. ഇവരെ സന്നിധാനത്ത് തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെ ലളിതയ്ക്ക് നേരെ തേങ്ങ എറിയാൻ നോക്കുന്ന ഭക്തൻ എന്നവകാശപ്പെടുന്ന പ്രതിഷേധക്കാരന്റെ ചിത്രമാണ് പുറത്തുവന്നത്.

പ്രതിഷേധക്കാർ തടഞ്ഞ ലളിതയെ പൊലീസ് വലയത്തിൽ വലിയ നടപ്പന്തലിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ഇവരെ ആക്രമിക്കാനായി ഇയാൾ തുനിഞ്ഞത്. മറ്റുള്ള പ്രതിഷേധക്കാർ ഇയാളെ എടുത്ത് ഉയർത്തിക്കൊടുക്കുകയും ലളിതയ്ക്ക് നേരെ ഇയാൾ തേങ്ങ കൊണ്ട് എറിയുകയുമായിരുന്നു. എന്നാൽ തേങ്ങ ഇവർക്ക് സംരക്ഷണ വലയം തീർത്ത പൊലീസിന് മേലാണ് പതിച്ചത്. മലയാള മനോരമ പത്രമാണ് ഈ ചിത്രം പുറത്തുവിട്ടത്. മലയാള മനോരമ ഫോട്ടോ ഗ്രാഫറായ നിഖിൽ രാജാണ് ഈ ചിത്രം പകർത്തിയത്. മലയാള മനോരമ ആദ്യ പേജിൽ തന്നെ ഫോട്ടോ സഹിതം ഈ വാർത്ത നൽകുകയും ചെയ്തു. ഇതോടെയാണ് ഈ ചിത്രം സൈബർ ലോകത്ത് ചർച്ചയായത്. അമ്മയുടെ പ്രായമുള്ള സ്ത്രീക്കെതിരെ ഒരു യുവാവ് ആക്രോശിച്ചു കൊണ്ട് തേങ്ങ എറിയാൻ ശ്രമിച്ചത് ഭീതിപ്പെടുത്തുന്ന കാര്യമാണെന്നാണ് സൈബർ ലോകം അഭിപ്രായപ്പെടുന്നത്.

അടിച്ചു കൊല്ലെടാ അവളെ, എന്ന് ആക്രോശിച്ചായിരുന്നു സന്നിധാനത്ത് 52കാരിയായ സ്ത്രീയ്ക്കെതിരെ ഭക്തരെന്ന് അവകാശപ്പെട്ട ഒരു കൂട്ടം ആളുകൾ കൂട്ടത്തോടെ ആക്രമിച്ചത്. വലിയ നടപ്പന്തലിലെത്തിയ സ്ത്രീകൾക്കെതിരെ സംഘപരിവാർ അക്രമികൾ പാഞ്ഞടുക്കുകയായിരുന്നു. കൊല്ലെടാ അവളെയെന്ന് ആക്രോശിച്ചെത്തിയ ആക്രമികൾക്കിടയിൽ നിന്നും പൊലീസ് പണിപ്പെട്ടാണ് ലളിതയെ രക്ഷിച്ചെടുത്തത്. പ്രതിഷേധത്തിനിടെ ഉന്തം തള്ളും അടിയും നടന്നു. മാധ്യമപ്രവർത്തകർക്കു നേരെയും അക്രമമുണ്ടായി. ഈ സംഭവത്തിൽ കണ്ടാലറിയാവുന്ന 200 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

മകൻ വിനീഷിന്റെ മകൾ വിനീതയുടെ ചോറൂണിന് 19 അംഗ സംഘത്തോടൊപ്പം എത്തിയതായിരുന്നു ലളിത. കുഞ്ഞിന്റെ അമ്മ നീതു പമ്പയിൽ തങ്ങിയശേഷം മറ്റുള്ളവരാണു മലകയറിയത്. കുഞ്ഞുമായി സന്നിധാനം വലിയ നടപ്പന്തലിൽ എത്തിയപ്പോൾ, ലളിതയ്ക്കു പ്രായം കുറവാണെന്ന് ചിലർക്കു തോന്നി. ഇതോടെ കൂട്ടശരണം വിളിയായി. ബാരിക്കേഡുകൾ ചാടിക്കടന്നു നിമിഷങ്ങൾക്കുള്ളിൽ ആർ.എസ്.എസ് സംഘപരിവാർ അനുകൂലികൾ നടപ്പന്തലിൽ എത്തി. വെപ്രാളത്തിനിടെ പ്രായം തെളിയിക്കാൻ ലളിത ബാഗിൽ നിന്നെടുത്തു പൊലീസിനെയും ഭക്തരെയും കാണിച്ചതു മരുമകൾ നീതുവിന്റെ ആധാർ കാർഡായിരുന്നു. പിന്നീടാണ് സ്വന്തം കാർഡ് കാണിച്ചത്.

ചിത്രത്തിന് കടപ്പാട്: മലയാള മനോരമ