ഭാര്യയുടെ ആർത്തവദിവസങ്ങളിൽ തന്റെ ലൈംഗികതൃഷ്ണ ശമിപ്പിക്കാൻ മതവിശ്വാസിയായ മുസ്ലിം പുരുഷൻ എന്തുചെയ്യണം? ആത്മനിയന്ത്രണം അനാവശ്യമാണ്. സ്വയംഭോഗവും വേശ്യയെ പ്രാപിക്കുന്നതും ഹറാമായതിനാൽ അയാൾക്കു പോംവഴി ഒന്നേയുള്ളു. മറ്റൊരു സ്ത്രീയെക്കൂടി ഭാര്യയാക്കി അവളെ പ്രാപിക്കുക. അവൾക്കും ആർത്തവം വരുമ്പോഴോ? മറ്റൊരാളെ ഭാര്യയാക്കുക. അങ്ങനെ ഒരു ഭോഗയന്ത്രമായി മാറുന്ന പുരുഷന് ഓരോ മാസത്തിലും നാലാഴ്ച പ്രാപിക്കാൻ നാലു ഭാര്യമാർ വരെയാകാം എന്നാണ് കാന്തപുരം എ.പി. അബൂബക്കർ മുസലിയാരെപ്പോലുള്ള മതപണ്ഡിതരുടെ തീർപ്പ്. ഒരേസമയംതന്നെ ഇവർക്ക് ആർത്തവമായാൽ എന്തുചെയ്യുമെന്നതിനെക്കുറിച്ച് മുസിലിയാർ ഒന്നും പറയുന്നില്ല. ഭോഗവസ്തുവായി മാത്രം ഭാര്യയെയും ഭോഗയന്ത്രമായി ഭർത്താവിനെയും കാണുന്ന ഈ ദാമ്പത്യദർശനം തന്നെയാണ് ബഹുഭാര്യാത്വത്തെ ന്യായീകരിച്ചു പുസ്തകമെഴുതുകയും പ്രസംഗം നടത്തുകയും ചെയ്യുന്ന മുജാഹിദ് നേതാവായ സുഹൈർ ചുങ്കത്തറയുടെയും വാദത്തിലുള്ളത്. ചുങ്കത്തറ പറയുന്നു:

"ഒരുപാട് പെണ്ണുങ്ങൾ. അവരെ നമ്മൾ എന്തുചെയ്യണം? വൈക്കം മുഹമ്മദ് ബഷീർ ചോദിച്ചമാതിരി മണ്ണെണ്ണയൊഴിച്ച് ചുട്ടുകരിച്ച് കൊല്ലുകയോ? അല്ല. അവർ മനുഷ്യരാണ്.

നമുക്ക് നമ്മുടെ ഭാര്യയെ, കരയുമ്പോൾ ആശ്വസിപ്പിക്കാം. എന്നാൽ, വിവാഹജീവിതം സ്വപ്നം കാണുകയും പിന്നീട് സ്വപ്നം കാണുന്നതുപോലും നിർത്തുകയും ചെയ്തിട്ട് കഴുക്കോലെണ്ണിക്കഴിയുന്ന, ജ്യേഷ്ഠത്തിയുടെ ഭർത്താവും ജ്യേഷ്ഠത്തിയും ജീവിതം ആസ്വദിക്കുമ്പോൾ, സഹോദരൻ ജീവിതമാസ്വാദിക്കുമ്പോൾ, ഈ എന്റെ മുൻപിലിരിക്കുന്ന വിവാഹിതരായ എല്ലാ ആളുകളും ജീവിതം ആസ്വദിക്കുമ്പോൾ, ഈ ദാമ്പത്യജീവിതത്തിന്റെ കണികപോലുമാസ്വാദിക്കാതെ ജീവിതത്തിന്റെ പുറമ്പോക്കിൽ കഴിയുന്ന, വേദനിക്കുന്ന, കരയുന്ന, കഷ്ടപ്പെടുന്ന, നെടുവീർപ്പിടുന്ന പതിനായിരക്കണക്കിനു പെണ്ണുങ്ങളുടെ പ്രശ്‌നത്തിനെന്തു പരിഹാരം? വേദനിക്കുന്നൊരു പെണ്ണിനെ നമുക്കാശ്വസിപ്പിക്കാം, ഭക്ഷണമില്ലെങ്കിൽ കൊടുക്കാം. വീടില്ലെങ്കിൽ ഉണ്ടാക്കിക്കൊടുക്കാം. മരുന്നു നല്കാം, വസ്ത്രം നല്കാം, ജോലിനല്കാം, എല്ലാം നല്കാം. പക്ഷേ, നമസ്‌കരിക്കുന്ന, നോമ്പുനോല്ക്കുന്ന, സക്കാതുകൊടുക്കുന്ന, പടച്ചവനെ പേടിക്കുന്ന ഒരു പുരുഷന് അവളുടെ കൂടെപ്പോയി ഒരു രാത്രി കിടന്ന് അവളുടെ ലൈംഗികദാഹം തത്കാലത്തേക്കു തീർക്കാൻ സാധ്യമല്ലല്ലോ. എങ്കിൽ മറ്റൊരു പരിഹാരവും ലോകത്താർക്കും നിർദ്ദേശിക്കുവാൻ കഴിയില്ലാത്ത നിർണ്ണായകമായൊരു ദശാസന്ധിയിൽ പടച്ചതമ്പുരാൻ നല്കുന്ന പരിഹാരമത്രേ ബഹുഭാര്യാത്വം".

ഈവിധം, ബഹുഭാര്യാത്വം എന്ന ആചാരത്തെ ന്യായീകരിച്ചും മതാനുഷ്ഠാനത്തോടു ചേർത്ത് മഹത്വീകരിച്ചും മുഹമ്മദ്‌നബിക്ക് ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു എന്നതിനാൽ ഈ ഏർപ്പാട് ഖുറാനികമാണെന്നു വിശദീകരിച്ചും കാന്തപുരവും കെ ഉമ്മർ മൗലവിയും ചുങ്കത്തറയും മറ്റും മറ്റും ഉയർത്തുന്ന കാഴ്ചപ്പാടിനെതിരെ മാത്രമല്ല, മുസ്ലിം സമുദായത്തിനുള്ളിൽ സ്ത്രീ അനുഭവിക്കുന്ന മറ്റനവധി പിഡനങ്ങൾക്കെതിരെയും അസാധാരണമാംവിധം പ്രജ്ഞയുള്ള സാമൂഹ്യവിമർശനങ്ങളാണ് എം.എൻ. കാരശ്ശേരിയുടെ ഈ പുസ്തകം ഉന്നയിക്കുന്നത്. [BLURB#3-VR] കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലധികമായി കേരളീയ പൊതുസമൂഹത്തിൽ ഏറ്റവും ആർജ്ജവത്തോടെ മുഴങ്ങുന്ന മതേതര-ദേശീയ ഇസ്ലാമിന്റെ പ്രാതിനിധ്യസ്വരങ്ങളിലൊന്നാണ് കാരശ്ശേരിയുടേത്. ശരി-അത്ത് വിവാദത്തിലും ചേകന്നൂർ മൗലവി കേസിലും ബാബ്‌റിമസ്ജിദ് സംഭവത്തിലും തൊട്ട് ഏറ്റവുമൊടുവിൽ രൂപംകൊണ്ട ഇസ്ലാം സ്വത്വസംവാദത്തിൽ വരെ കേരളീയ മുസ്ലിങ്ങൾക്കിടയിൽ നിന്നുയർന്നുകേട്ട ഏറ്റവും മാനവികവും ജനാധിപത്യപരവും പുരോഗമനപരവുമായ ശബ്ദം കാരശ്ശേരിയുടേതാണ്. മക്തിതങ്ങളിൽ തുടങ്ങി ചേകന്നൂർ മൗലവിയിലവസാനിച്ച കേരളീയ മുസ്ലിം നവോത്ഥാന പ്രതിനിധാനങ്ങളുടെ തുടർച്ചയിൽ, ഹമീദ് ചേന്ദമംഗലൂരിനൊപ്പം, മൂന്നാമതൊരാളില്ലാതെ കാരശ്ശേരി ഇക്കഴിഞ്ഞ പതിറ്റാണ്ടുകളിൽ കേരളീയസമൂഹത്തിൽ ഇസ്ലാമിനും ഇതര സമുദായങ്ങൾക്കുമിടയിൽ മാനവികതയുടെ ഒരു കാവൽപ്പാലം നിരന്തരം പണിതുകൊണ്ടേയിരിക്കുന്നു. ഈ കുറിപ്പെഴുതുന്ന ദിവസങ്ങളിൽപോലും ‘മാതൃഭൂമി' തുറന്നിട്ട ഇസ്ലാമിന്റെ പേരിലുള്ള ഒരു മാദ്ധ്യമസംവാദത്തിൽ ശരിയുടെ പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ളത് കാരശ്ശേരിയാണ്. ഇക്കാലമത്രയും ആഗോള, ദേശീയ, കേരളീയ മുസ്ലിം ജീവിതത്തിന്റെ ആഭ്യന്തരജീർണ്ണകൾക്കും രാഷ്ട്രീയ വിപര്യയങ്ങൾക്കും മതമൗലികവാദങ്ങൾക്കുമെതിരെ നിരന്തരമെന്നോണം പോരാടിക്കൊണ്ടേയിരിക്കുന്ന കാരശ്ശേരി ആഗോളതലം മുതൽ പ്രാദേശികതലംവരെയുള്ള ‘രാഷ്ട്രീയ ഇസ്ലാമി'ന്റെ ആഭ്യന്തരവും ബാഹ്യവുമായ ഒരു പ്രതിസന്ധിയിലും കക്ഷിചേരാതിരുന്നിട്ടില്ല. ചേകന്നൂരിന്റെ രക്തം, വർഗീയതക്കെതിരെ ഒരു പുസ്തകം, ഉമ്മമാർക്കുവേണ്ടി ഒരു സങ്കടഹർജി, ഇസ്ലാമികരാഷ്ട്രീയം വിമർശിക്കപ്പെടുന്നു എന്നിങ്ങനെ അൻപതോളം ഗ്രന്ഥങ്ങൾ രചിച്ച കാരശ്ശേരിയുടെ ഏറ്റവുമൊടുവിലത്തെ പുസ്തകമാണ് ‘പിടക്കോഴി കൂവരുത്!' ഉമ്മമാർക്കുവേണ്ടി കാരശ്ശേരി മലയാളി മുസ്ലിങ്ങൾക്കും പൊതുസമൂഹത്തിനും മുന്നിൽ സമർപ്പിച്ച സങ്കടഹർജിയുടെ തുടർച്ചയാണ് ഒരർഥത്തിൽ ഈ പുസ്തകം. കാരണം പുരുഷ ഇസ്ലാമിനെതിരെയുള്ള ഒരു കുറ്റവിചാരണയാണ് ‘പിടക്കോഴി കൂവരുത്'.

മുസ്ലിം സ്ത്രീക്കുവേണ്ടിയുള്ളതാണ് ഇതിലെ ഓരോ രചനയും. ‘സങ്കടഹർജി-'യിൽ മുസ്ലിം സ്ത്രീകൾ അനുഭവിക്കുന്ന നിരവധിയായ മതപീഡനങ്ങൾക്കെതിരെ എഴുതിയ കാരശ്ശേരി അതേ പീഡാനുഭവങ്ങളുടെ കൂടുതൽ കാലികവും വ്യാപകവുമായ ദുരവസ്ഥകൾ ചൂണ്ടിക്കാണിച്ച് പുരുഷാധിപത്യവും പൗരോഹിത്യവും കൈകോർക്കുന്ന ഇസ്ലാമിനെതിരെ വിശ്വമാനവികതയുടെ നീതിപീഠത്തിനു മുന്നിൽ മുസ്ലിം സ്ത്രീക്കുവേണ്ടി സമർപ്പിക്കുന്ന ഒരു തടസ്സഹർജിയാണ് ഈ പുസ്തകം. ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിലേതുപോലെ, ധാരാളം സ്ത്രീകൾ മുസ്ലിം സമുദായത്തിൽ സ്ത്രീക്കുവേണ്ടി രംഗത്തില്ല. മതാധിപത്യത്തെയും അതിന്റെ പുരുഷ-രാഷ്ട്രീയ താൽപര്യങ്ങളെയും സ്ത്രീയുടെ ശരീരത്തിനും ആത്മാവിനും മേൽ അതു നടത്തുന്ന കയ്യേറ്റങ്ങളെയും വിചാരണചെയ്യാൻ രണ്ടോ മൂന്നോ സ്ത്രീകൾ മാത്രമേ (വി.പി. സുഹ്‌റ, ഖദീജ മുംതാസ്, മൈന ഉമൈബാൻ എന്നിങ്ങനെ) കേരളീയ മുസ്ലിങ്ങൾക്കിടയിലുള്ളു. അതേസമയം, പുരുഷ, പുരോഹിത വക്താക്കളെക്കാൾ ആവേശത്തോടെ തങ്ങളുടെ അടിമത്തം ആഘോഷിക്കുന്ന സ്ത്രീകൾ ഇവിടെ ധാരാളമുണ്ടുതാനും. കാരശ്ശേരിയുടെ പ്രസക്തി ഈ പശ്ചാത്തലത്തിലാണ് കൂടുതൽ സംഗതമാകുന്നത്. ഇസ്ലാമിനെ ചരിത്രനിരപേക്ഷവും മതാത്മകവുമായല്ല, ചരിത്രബദ്ധവും സാമൂഹികവുമായാണ് അദ്ദേഹം കാണുന്നത്. ഇസ്ലാമികമൂല്യങ്ങളെ ദൈവികവും പൗരോഹിത്യപരവുമായല്ല. മാനുഷികവും ജനാധിപത്യപരവുമായാണ് അദ്ദേഹം വ്യാഖ്യാനിക്കുന്നത്.[BLURB#2-VL]
ഇത്തരമൊരു സന്ദർഭത്തിലും വീക്ഷണത്തിലും മുസ്ലിം സ്ത്രീ അനുഭവിക്കുന്ന കൊടിയ വിവേചനങ്ങളുടെയും വേട്ടയാടലുകളുടെയും പീഡനങ്ങളുടെയും നഖചിത്രങ്ങൾ കോറിയിടുകയാണ് ഈ പുസ്തകത്തിൽ കാരശ്ശേരി. ‘ഇരുപത്തൊന്നാം നൂറ്റാണ്ടി'ൽ, ‘പ്രബുദ്ധ'കേരളത്തിലിരുന്ന് ബഹുഭാര്യാത്വം, ശൈശവവിവാഹം, മുഖംമൂടുന്ന പർദ്ദ, അറബിക്കല്യാണം, മൈസൂർകല്യാണം തുടങ്ങിയ അനാചാരങ്ങൾക്കെതിരെ എഴുതേണ്ടിവരുന്നതിലെ നാണക്കേട് തുറന്നുസമ്മതിച്ചുകൊണ്ടാണ് കാരശ്ശേരി ഈ പുസ്തകം അവതരിപ്പിക്കുന്നത്. ‘അവതാരിക-'യിൽ ആനന്ദ് പറയുന്നതുപോലെ, ‘ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇസ്ലാം മധ്യകാല മതവെറികളിലേക്കും കിരാതമായ പൗരോഹിത്യങ്ങളിലേക്കും തിരിച്ചുപോകുന്ന ഭീതിദമായൊരു ദശാസന്ധിയി'ൽ, ഒറ്റപ്പെട്ടതെങ്കിലും കാരശ്ശേരിയുടേതുപോലുള്ള ചില താരസ്വരങ്ങളാണ് മലയാളിയുടെ പൊതുമണ്ഡലത്തെ മതേതരജീവിതത്തിന്റെ സൗന്ദര്യത്തെയും സാധ്യതകളെയും കുറിച്ച് ഓർമ്മിപ്പിക്കുന്നത്. മുഴുവൻ നവോത്ഥാന പ്രസ്ഥാനങ്ങളും രാഷ്ട്രീയപാർട്ടികളും സാംസ്‌കാരിക സംഘടനകളും അക്കാദമിക ബുദ്ധിജീവികളും മാദ്ധ്യമങ്ങളും കൈവിട്ട മുസ്ലിം സ്ത്രീക്കുവേണ്ടി കാരശ്ശേരിയെപ്പോലൊരാൾ സ്വീകരിക്കുന്ന നിലപാടിന്റെ പ്രസക്തിയെന്താണ്? ആനന്ദ് എഴുതുന്നു:

"ഇവിടെയെല്ലാം അനീതിക്കും പുരുഷമേധാവിത്വത്തിനും അധികാരദുഷ്പ്രഭുത്വത്തിനും ഉപോദ്ബലകമായി വ്യക്തികളും മതനേതാക്കന്മാരും പുരോഹിതന്മാരും ഗവൺമെന്റെും കോടതി തന്നെയും ഉദ്ധരിക്കുന്നത് ഖുർ ആനും ഹദീസുകളും ശരീഅത്തും പിന്നെ നിലവിലുള്ള ഇസ്ലാമിക വ്യക്തിനിയമങ്ങളുമാണ്. കാരശ്ശേരി ഇസ്ലാമിന്റെ ചുറ്റുപാടുകളിൽ നിന്നു കൊണ്ടു തന്നെ ഈ തെറ്റുകളെ എതിർക്കുകയാണ്. അനാചാരങ്ങൾക്കു വേണ്ടി നിരത്തപ്പെടുന്ന വാദങ്ങൾ ഒന്നുകിൽ ഖുർ ആനും നബിചര്യകൾക്കും പുറത്താണ്, അല്ലെങ്കിൽ അവയുടെ ദുർവ്യാഖ്യാനങ്ങളാണ് എന്ന് അദ്ദേഹം സമർഥിക്കുന്നു. ഈ നിലപാടിനു കാരണങ്ങളും ന്യായങ്ങളുമുണ്ട് അദ്ദേഹത്തിന്. ഇസ്ലാമിക വ്യക്തിനിയമം നിയമപ്രകാരം പ്രാബല്യത്തിലുള്ള ഒരു രാജ്യത്ത് ഇരകൾക്ക് ആശ്വാസം ലഭിക്കുന്നതിന് ഉള്ളിൽ നിന്നുള്ള ചോദ്യം ചെയ്യലേ പ്രായേണ സാധ്യമാകൂ".

ഷബാനു മുതൽ മലാലവരെ, കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലത്ത് വേട്ടയാടപ്പെട്ട മുസ്ലിം സ്ത്രീയുടെ പ്രതിനിധാനങ്ങളായി ചരിത്രത്തിൽ ഇടംപിടിച്ചവരുടെ പൊതുനിലയോടുള്ള ഐക്യദാർഢ്യമാണ് ഈ പുസ്തകം. ഭരണകൂടങ്ങൾ, പുരോഹിതമതങ്ങൾ, നീതിന്യായാലായങ്ങൾ, തീവ്ര-ഭീകരവാദസംഘടനകൾ, മാദ്ധ്യമങ്ങൾ... ലോകമെങ്ങും നിവർന്നുനിൽക്കുന്ന പുരുഷാധിപത്യസ്ഥാപനങ്ങൾ മുസ്ലിം സ്ത്രീയെ കിരാതമായി വേട്ടയാടുന്നതിനോടാണ് ഈ പുസ്തകം കലഹിക്കുന്നത്. ഉപക്രമം, അധികാരം, വേഷം, വിവാഹപ്രായം, ബഹുഭാര്യാത്വം, കുടുംബം, മാദ്ധ്യമം, പ്രതിബോധം, ഉപസംഹാരം, അനുബന്ധം എന്നിങ്ങനെ പത്തുഭാഗങ്ങളിലായി ഇരുപത്തിനാലു രചനകൾ. കാര്യമായി ചർച്ചചെയ്യപ്പെടാത്തത് വിവാഹമോചനം മാത്രം.

രാഷ്ട്രീയവും സാമൂഹികവും മതപരവുമായ വേദികളിലെ മുസ്ലിം സ്ത്രീയുടെ തികഞ്ഞ അസാന്നിധ്യത്തെയാണ് അധികാരം എന്ന ഭാഗത്ത് കാരശ്ശേരി പ്രശ്‌നവൽക്കരിക്കുന്നത്. അസാന്നിധ്യമെന്നാൽ അധികാരത്തിന്റെ അഭാവംതന്നെയാണ് വെളിപ്പെടുത്തുന്നത്. മുസ്ലിം മതസംഘടനകൾ മുതൽ മുസ്ലിംലീഗിനെപ്പോലുള്ള രാഷ്ട്രീയപാർട്ടികൾവരെ സ്ത്രീയെ സമ്പൂർണ്ണമായും ഒഴിവാക്കിനിർത്തിക്കൊണ്ടാണ് അവയുടെ അധികാരഘടനക്കു രൂപംകൊടുത്തിട്ടുള്ളത്.

‘വേഷം' എന്ന ഭാഗം രണ്ട് വിഷയങ്ങൾ ചർച്ചചെയ്യുന്നു. ഒന്ന്, പർദ്ദയുടെ സ്ത്രീവിരുദ്ധത. രണ്ട്, സ്ത്രീപീഡനങ്ങൾക്കു പിന്നിലെ കാരണമായി ആരോപിക്കപ്പെടുന്ന സ്ത്രീയുടെ വസ്ത്രധാരണരീതി. പർദ്ദയുടെ മതാത്മകതയും ചരിത്രപരതയും കൂട്ടിയിണക്കി കാരശ്ശേരി ആ വേഷത്തിന്റെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിക്കുന്നു. പർദ്ദയുടെ മതരാഷ്ട്രീയത്തെ പുരുഷമതബോധത്തോടുള്ള വിധേയത്വത്തിന്റെയും മതമൗലികവാദപരമായ കണ്ണിചേരലിന്റെയും ഭാഗമായി ന്യായീകരിക്കുന്ന ‘ഇസ്ലാമിക സ്ത്രീവാദി'കളുടെ കാപട്യം തുറന്നുകാണിക്കുന്നു, മറ്റൊരു ലേഖനത്തിൽ കാരശ്ശേരി. "പർദ്ദ മതത്തിന്റെ ചിഹ്നമല്ല, മതരാഷ്ട്രവാദത്തിന്റെ ചിഹ്നമാണ്. അതിനു കേരളത്തിൽ രണ്ടുപതിറ്റാണ്ടിന്റെ ചരിത്രമേയുള്ളു". യാതൊരു സംശയവും കൂടാതെ കാരശ്ശേരി ചൂണ്ടിക്കാണിക്കുന്നു. സ്ത്രീയുടെ വസ്ത്രധാരണമാണ് സ്ത്രീപീഡനത്തിനു കാരണമെന്ന കുപ്രസിദ്ധമായ വാദത്തിനെതിരെ അദ്ദേഹം എഴുതുന്നു:

"നായ മനുഷ്യരെ കടിക്കും എന്നുണ്ടെങ്കിൽ നമ്മൾ കെട്ടിയിടാറ് നായയെ ആണ്; മനുഷ്യരെ അല്ല. കണ്ടുപോയാൽ ആക്രമിക്കും എന്നുണ്ടെങ്കിൽ മൂടിവെക്കേണ്ടത് പുരുഷന്റെ കണ്ണുകളാണ്; സ്ത്രീയുടെ മുഖമല്ല. മനോവൈകൃതമുള്ള പുരുഷന്മാരെ നിലയ്ക്കുനിർത്താൻ വഴി നോക്കുന്നതിന് ബദലായി സ്ത്രീയെ പർദകൊണ്ട് മൂടിയിടുന്നത് യുക്തിയല്ല; നീതിയല്ല."[BLURB#1-H]വിവാഹപ്രായമാണ് മറ്റൊരു വിഷയം. രാജ്യത്തംഗീകരിച്ചിട്ടുള്ള പൊതുനിയമത്തിന്റെ പരിധിയിൽ വ്യക്തിനിയമത്തിന്റെ ആനുകൂല്യമുള്ള തങ്ങൾ വരില്ല എന്നു വ്യാഖ്യാനിച്ചും വാദിച്ചും കൊണ്ടാണ് ബഹുഭാര്യാത്വം, വിവാഹമോചനം തുടങ്ങിയ മുഴുവൻ മേഖലകളിലുമെന്നപോലെ ഇവിടെയും പുരോഹിതനേതൃത്വവും മതയാഥാസ്ഥിതികരും രംഗത്തുവരുന്നത്. ‘ബഹുഭാര്യാത്വ'ത്തിന്റെ ചർച്ചയിൽ കാര്യങ്ങൾ കുറെക്കൂടി വ്യക്തമാകുന്നു. ഈ പുസ്തകത്തിന്റെ കേന്ദ്രപ്രമേയവും മുഖ്യസന്ദർഭവും ബഹുഭാര്യാത്വത്തെക്കുറിച്ച് അടുത്തിടെ ഉയർന്നുവന്ന സംവാദങ്ങളാണ്.

താൻ ഇടപെടുന്ന മേഖലയുടെയും ഉന്നയിക്കുന്ന വാദങ്ങളുടെയും അടിസ്ഥാനയുക്തിയിൽ കാരശ്ശേരിക്കു സന്ദേഹങ്ങളേതുമില്ല. അദ്ദേഹം പറയുന്നു:

"ഞാൻ ആവർത്തിക്കുന്നു: ഖുർ ആനിലെ ഏറ്റവും പ്രധാനപ്പെട്ട ആശയം എന്ത് എന്നെന്നോടു ചോദിച്ചാൽ - ഞാനത് വായിക്കുന്ന ഒരു വായനക്കാരൻ മാത്രമാണ്. അതിന്റെ പണ്ഡിതനല്ല - എന്റെ വിനീതമായ മറുപടി നീതിയാണ് എന്നാണ്. മനുഷ്യവംശത്തിന്റെ ചരിത്രത്തിൽ സാഹോദര്യം, തുല്യത, നീതി തുടങ്ങിയ മൂല്യങ്ങൾക്ക് വേണ്ടി നിരന്തരം പൊരുതിയ ഒരു പ്രവാചകനെയാണ് ഇസ്ലാമിന് ഉയർത്തിപ്പിടിക്കുവാനുള്ളത്. ആ പ്രവാചകൻ പ്രബോധം ചെയ്ത, അദ്ദേഹത്തിനു വെളിപാടുകളിലൂടെ വന്നുകിട്ടിയ ഒരു ഗ്രന്ഥത്തിൽ, അദ്ദേഹത്തിന്റെ ചര്യകളിൽ, അദ്ദേഹത്തിന്റെ വചനങ്ങളിൽ അന്യായമാണ് എന്നെനിക്കു തോന്നുന്ന കാര്യങ്ങൾ ഉണ്ടാകാൻ പാടുണ്ടോ എന്ന അന്വേഷണമാണ് വാസ്തവത്തിൽ എന്നെ ആധികൊള്ളിക്കുന്നത്." ആ നീതിക്കുവേണ്ടിയാണ് അദ്ദേഹം ഖുറാനും തന്റെ മതവിശ്വാസവും മുറുകെപ്പിടിച്ചുകൊണ്ടുതന്നെ കേരളീയസമൂഹത്തിന്റെ പൊതുനന്മയും ജനാധിപത്യപരമായ നിലനിൽപ്പും അടിസ്ഥാനമാക്കി സ്ത്രീക്കുവേണ്ടി വാദിക്കുന്നത്.

മുസ്ലിം സ്ത്രീ അനുഭവിക്കുന്ന മറ്റൊരു വലിയ അനീതിയിലേക്കാണ് തുടർന്നദ്ദേഹം ശ്രദ്ധ ക്ഷണിക്കുന്നത്. അറബി-മൈസൂർ കല്യാണങ്ങളിലേക്ക്. പത്തൊൻപതാം നൂറ്റാണ്ടിൽ പോലുമില്ലാത്തവിധം ചൂഷണപരവും ഭീഷണവുമായി മുസ്ലിം സമുദായത്തിൽ തിരിച്ചുവരുന്ന സ്ത്രീവിരുദ്ധമായ അധികാരപ്രയോഗങ്ങളുടെ മറ്റൊരുദാഹരണമാണ് പർദ്ദയും തലാക്കും ശിശുവിവാഹവും ബഹുഭാര്യാത്വവുംപോലെ ഇത്തരം വിവാഹവാണിഭങ്ങളും എന്ന് കാരശ്ശേരി ചൂണ്ടിക്കാണിക്കുന്നു. ‘അരനൂറ്റാണ്ടായി നമ്മൾ മലയാളികൾ ഓടുന്നത് റിവേഴ്‌സ്ഗിയറിലാണ്' -അദ്ദേഹം പറയും.

ലൗജിഹാദാണ് മറ്റൊരു വിഷയം. ഹിന്ദു-മുസ്ലിം മതതീവ്രവാദികളുടെ സംയുക്ത സംരംഭമായി രൂപംകൊണ്ട ഒരു മാദ്ധ്യമനാടകമെന്ന നിലയിൽ ലൗജിഹാദിന്റെ സ്ത്രീവിരുദ്ധതയും സാമൂഹ്യ പ്രത്യാഘാതങ്ങളും കാരശ്ശേരി ചർച്ചചെയ്യുന്നു. ലൗജിഹാദ് ഒരു മാദ്ധ്യമസൃഷ്ടി മാത്രമാണോ? കാരശ്ശേരിക്കു സംശയങ്ങളില്ല: "മുസ്ലിങ്ങൾക്കിടയിലെ വർഗീയവാദികൾ ഇങ്ങനെയൊരു പരിപാടി തുടങ്ങുകയില്ലെന്നോ ഹിന്ദുക്കൾക്കിടയിലെ വർഗീയവാദികൾ ഒന്നുമില്ലാതെതന്നെ ഇമ്മാതിരി പ്രചാരവേല നടത്തുകയില്ലെന്നോ ഞാൻ വിചാരിക്കുന്നില്ല".


‘പ്രതിബോധം' എന്ന ഭാഗത്ത്, മലാല, ഇ.എം.എസ്, അസ്ഗർ അലി എഞ്ചിനീയർ, കെ.എ. ജലീൽ എന്നിവരുടെ വ്യക്തിജീവിതവും രാഷ്ട്രീയജീവിതവും എങ്ങനെ മുസ്ലിം സ്ത്രീയുടെ ശാക്തീകരണത്തിനും സ്വാതന്ത്ര്യത്തിനും പൗരാവകാശത്തിനും മനുഷ്യാവകാശത്തിനും വേണ്ടി വിനിയോഗിക്കപ്പെട്ടു എന്നന്വേഷിക്കുകയാണ് ഗ്രന്ഥകാരൻ. നാലുദേശങ്ങളിൽ, നാലുകാലങ്ങളിൽ, നാലുതലങ്ങളിൽ മുസ്ലിം സ്ത്രീയുടെ വിദ്യാഭ്യാസാവകാശവും സ്വത്തവകാശവും മുതൽ വിവാഹസ്വാതന്ത്ര്യവും ചിന്താസ്വാതന്ത്ര്യവും വരെയുള്ളവക്കുവേണ്ടി ഇവർ നടത്തിയ ഇടപെടലുകൾ കാരശ്ശേരി ചൂണ്ടിക്കാണിക്കുന്നു.

മുസ്ലിം സ്ത്രീജീവിതം സവിശേഷമായി ചർച്ചചെയ്യപ്പെടുന്ന ചില സാഹിത്യകൃതികളുടെ അവലോകനമാണ് അവസാന ഭാഗം. കാശ്മീരിലെ മുസ്ലിം പെൺകുട്ടികൾ പാട്ടുപാടുന്നതിനെതിരെ ഫത്‌വ പുറപ്പെടുവിച്ച പുരോഹിതന്മാർക്കെതിരെ എഴുതിയ, ‘പിടക്കോഴി കൂവരുത്' എന്ന ലേഖനത്തിൽ, ഈ വിഷയത്തിന്റെ മാത്രമല്ല, ഈ പുസ്തകത്തിന്റെതന്നെയും താക്കോൽവാചകങ്ങൾ കാരശ്ശേരി എഴുതിച്ചേർത്തിരിക്കുന്നു. അത് ഇങ്ങനെയാണ്: "മതമൗലികവാദത്തിന്റെ-അതിന്റെ സൃഷ്ടിയായ മതരാഷ്ട്രവാദത്തിന്റെയും-പ്രമേയം സത്യത്തിൽ മതമല്ല, രാഷ്ട്രീയമാണ്. ഭക്തിയല്ല, അധികാരമാണ്. കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രത്തിലും അധികാരം നേടാനുള്ള പുരോഹിതന്റെ കുടിലമായ നീക്കമാണവ. അതിന് മതത്തിന്റെ പേരിൽതന്നെ മതവിരുദ്ധമായി മുന്നേറാൻ സാധിക്കും.... ഓർത്തിരിക്കുക; ഏതുവിഭാഗത്തിലും മതമൗലികവാദത്തിന്റെ പ്രധാനപ്പെട്ട ഇര സ്വന്തം സമുദായത്തിലെ സ്ത്രീയാണ്".

നവോത്ഥാന, ആധുനിക കേരളവും അന്നത്തെ മുസ്ലിംസമുദായവും കുഴിച്ചുമൂടാൻ ശ്രമിച്ച അനാചാരങ്ങളുടെ തിരിച്ചുവരവിനെതിരെയുള്ള ഈ യുദ്ധത്തിൽ കാരശ്ശേരി ഏതാണ്ടൊറ്റയ്ക്കാണ്. എതിർപക്ഷത്താകട്ടെ ഭരണകൂടങ്ങൾ മുതൽ രാഷ്ട്രീയപ്രസ്ഥാനങ്ങളും നീതിപീഠങ്ങളും മതപുരോഹിതന്മാരും എണ്ണമറ്റ മതമൗലികവാദികളുംവരെ അണിനിരന്നിരിക്കുന്നു. കാരശ്ശേരി വലിയൊരു ശരിയാണെന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പക്ഷം വിജയിക്കേണ്ടത് നമ്മുടെ കാലത്തിന്റെ മാത്രമല്ല ഭാവിയുടെയും ആവശ്യമാണ്. ഈ പുസ്തകം അതിലേക്കുള്ള ഒരു ചൂണ്ടുവിരലായി മാറുന്നു.

പുസ്തകത്തിൽ നിന്ന്

ർദ്ദയ്‌ക്കെതിരായ ആശയസമരത്തിനു പിന്നിലുള്ളത് ഇസ്‌ലാമിക സംസ്‌കാരത്തോടുള്ള വിരോധമാണോ? അങ്ങനെയാണെന്ന് പറയുന്നവർ ശ്രദ്ധിക്കണം: കേരളീയ മുസ്‌ലിം സ്ത്രീകൾ നൂറ്റാണ്ടുകളായി അണിഞ്ഞുപോരുന്ന തട്ടം എന്ന ശിരോവസ്ത്രത്തിനെതിരെ ആരും ഒരു സമരവും നടത്തിയിട്ടില്ല.
തട്ടവും ഇന്നത്തെ പർദയും തമ്മിൽ എന്താണ് വ്യത്യാസം?

സ്ത്രീകൾ തല മറയ്ക്കണം എന്ന ഇസ്‌ലാമിക ചിട്ട തട്ടം കൃത്യമായി പാലിക്കുന്നുണ്ട്. അത് ഇവിടത്തെ ഭൂപ്രകൃതിയോടും കാലാവസ്ഥയോടും കൂടുതൽ ഇണങ്ങി നില്ക്കുന്നുണ്ട്. കേരളീയമാണത്. എല്ലാ അർഥത്തിലും മതചിഹ്നമായിരിക്കുമ്പോഴും അതിൽ സ്ത്രീത്വത്തെ നിന്ദിക്കുന്ന യാതൊന്നുമില്ല.

ഇന്ന് പ്രചാരം നേടികൊണ്ടിരിക്കുന്ന പർദ സ്ത്രീത്വത്തെ കുഴിച്ചുമൂടുന്ന ഒരാവരണമാണ്. കണ്ണുകൾ മാത്രം പുറമെയ്‌ക്ക് (അതും ചിലപ്പോൾ വലക്കണ്ണികളിൽ) കാണുന്ന മട്ടിൽ ഒളിച്ചുവെക്കേണ്ട ശരീരം മാത്രമാണ് സ്ത്രീ എന്ന ഹീനമായ നിലപാടിൽ നിന്നാണ് ആ വേഷം പുറപ്പെട്ടു വരുന്നത്. തീർത്തും അനിസ്‌ലാമികമാണത്. പാർസികളുടെ ഗോത്രാചാരങ്ങളിൽനിന്ന് പകർന്ന് കിട്ടിയ വേഷം. ‘തിരശ്ശീല' എന്നർഥമുള്ള ‘പർദ' എന്ന വാക്ക് അറബിയല്ല, പാർസിയാണ്. അറബിയിൽ ‘പ' എന്നൊരക്ഷരം തന്നെയില്ല. മുസ്‌ലിങ്ങളുടെ ഏറ്റവും യാഥാസ്ഥിതികമായ കർമ ശാസ്ത്രഗ്രന്ഥങ്ങളിൽ പോലും സ്ത്രീയുടെ മുഖവും മുൻകൈയും ഒഴിച്ചുള്ള ശരീരഭാഗങ്ങൾ മറച്ചുവെക്കണം എന്നു മാത്രമേ കൽപ്പിക്കുന്നുള്ളൂ. ആണായാലും പെണ്ണായാലും മൃതദേഹത്തിന്റെ മുഖം മൂടണം എന്ന് മതവിധിയുണ്ട്!

സ്ത്രീവ്യക്തിത്വത്തെ എന്നപോലെ ഇസ്‌ലാമിക പാരമ്പര്യത്തെയും നിന്ദിക്കുന്ന പർദയുടെ പ്രചാരത്തിൽ മതമൗലികവാദത്തിന്റെ സ്ത്രീ വിരുദ്ധമായ കടുംപിടിത്തവും ദേശീയതാവിരുദ്ധമായ ആഗോള മുസ്‌ലിംസമൂഹം എന്ന രാഷ്ട്രീയബോധവും പ്രവർത്തിക്കുന്നുണ്ട്. പർദ ഇന്ന് മതത്തിന്റെ എന്നതിലധികം മതരാഷ്ട്രീയത്തിന്റെ ചിഹ്നമാണ്. ഹിന്ദു തീവ്രവാദത്തോടുള്ള പ്രതികരണം എന്ന് ആ വേഷം വ്യാഖ്യാനിക്കപ്പെടുന്നു. എങ്കിൽ എന്തുകൊണ്ടാണ് പുരുഷവേഷങ്ങളിൽ ഇത്തരം രൂപപ്പകർച്ചകൾ കാണാത്തത്? അവർ കേരളീയമായമുണ്ട് ഉടുക്കുകയും ഉത്തരേന്ത്യൻ വേഷമായ ഷെർവാണി അണിയുകയും പാശ്ചാത്യസൃഷ്ടിയായ കാലുറ ധരിക്കുകയും ചെയ്യുന്നതിന്റെ ന്യായമെന്താണ്? സാംസ്‌കാരികവ്യക്തിത്വം ഉറപ്പിക്കുവാൻ വേണ്ടത് സ്ത്രീത്വത്തെ ആവുന്നത്ര പിന്നോട്ടുതള്ളുകയാണ് എന്ന് തോന്നുന്നത് എന്തുകൊണ്ടാണ്? പർദയോടുള്ള എതിർപ്പ് മതത്തോടുള്ള എതിർപ്പല്ല, സ്ത്രീവിരുദ്ധതയോടുള്ള എതിർപ്പാണ്.

ഇവിടെ ശ്രദ്ധേയമായ സംഗതി: കേരളീയ മുസ്‌ലിങ്ങൾ പർദയിലേക്ക് തിരിച്ചുപോവുകയല്ല; പുതുതായി പർദയിലേക്ക് കടന്നുചെല്ലുകയാണ്. കേരളത്തിലെ ഇസ്‌ലാമിക സമൂഹത്തിന് ഏറ്റവും ചുരുങ്ങിയത് പത്തു നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. അവർക്കിടയിലെ പർദയ്ക്ക് പത്താണ്ടിന്റെ ചരിത്രമേയുള്ളൂ.

പർദ ധരിക്കാനുള്ള മുസ്‌ലിം സ്ത്രീകളുടെ അവകാശത്തിനുവേണ്ടിയല്ല, അക്ഷരം പഠിക്കാനും സംഘടനാഭാരവാഹിയാകാനും സാമൂഹിക ജീവിതത്തിൽ പങ്കാളിയാകാനും രാഷ്ട്രീയാധികാരം കയ്യാളാനും അവർക്ക് കിട്ടേണ്ട പൗരാവകാശങ്ങൾക്കു വേണ്ടിയാണ് ഏതു സംഘവും ഇന്ന് പോരാടേണ്ടത്.

പിടക്കോഴി കൂവരുത്
എം എൻ കാരശ്ശേരി
മാതൃഭൂമി ബുക്‌സ്
2015, വില:160 രൂപ