- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒപ്പമുണ്ട് രാജ്യം; തളരില്ല ഞങ്ങൾ, സൈനികന്റെ മക്കൾ'; വിങ് കമാൻഡർ പൃഥ്വി സിങ് ചൗഹാന്റെ തൊപ്പി എടുത്തണിയുന്ന മകൻ; മകളുടെ തലയിലും അണിയിച്ച് ചേർത്തണച്ച് ആ അമ്മ; കണ്ണീരണിയുന്ന വീഡിയോ
ലക്നൗ: കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന വിങ് കമാൻഡർ പൃഥ്വി സിങ് ചൗഹാന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചപ്പോൾ, അച്ഛന്റെ തൊപ്പി സ്വയം എടുത്ത് തലയിൽ അണിഞ്ഞ് മകൻ. അവസാനമായി ധീരസൈനികനെ കാണാൻ എത്തിയ പൃഥ്വിയുടെ മക്കൾ അവിടെ ഒത്തുകൂടിയ എല്ലാവരുടേയും കണ്ണുകൾ നിറച്ചു. ഇവിടെ നിന്നുള്ള വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഉത്തർപ്രദേശിയ ആഗ്ര സ്വദേശിയാണ് എയർഫോഴ്സ് കമാൻഡർ പൃഥ്വി സിങ്. അവസാനമായി അച്ഛന്റെ മുഖം കണ്ട ശേഷം സല്യൂട്ട് നൽകിയ ഇളയ മകൻ അവിരാജ് അച്ഛന്റെ തൊപ്പി എടുത്ത് തലയിൽ വെച്ച് വന്ദിച്ചു. പിന്നാലെ ആ തൊപ്പി അമ്മ കാമിനി 12 വയസ്സുള്ള മകൾ ആരാദ്ധ്യയെ അണിയിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.
ഭൗതികശരീരം അടങ്ങിയ പെട്ടിക്ക് മുകളിലാണ് അദ്ദേഹത്തിന്റെ യൂണിഫോമും തൊപ്പിയും വച്ചിരുന്നത്. സമീപം നിന്ന ഇളയ മകൻ, പൂക്കൾ തട്ടിമാറ്റി തൊപ്പി എടുത്ത് തന്റെ തലയിൽ വയ്ക്കുകയായിരുന്നു. പിന്നീട് അതേ തൊപ്പി മകളുടെ തലയിലും അമ്മ വച്ചുനൽകി. പിന്നീട് മക്കളെ ചേർത്തണച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മക്കളെ നെഞ്ചോട് ചേർത്ത് നിൽക്കുന്ന അമ്മ കാമിനിയേയും വീഡിയോയിൽ കാണാം. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പടെ 13 പേർ കൊല്ലപ്പെട്ട കൂനൂരിൽ വെച്ചുണ്ടായ ഹെലികോപ്ടർ ദുരന്തത്തിൽ ആണ് വ്യോമസേന വിങ് കമാൻഡറായ പൃഥ്വി സിങ് ചൗഹാനും ജീവൻ നഷ്ടമാകുന്നത്.
42 കാരനായിരുന്ന പൃഥ്വി സിങ് ചൗഹാൻ ജനിച്ചതും വളർന്നതും ആഗ്രയിലാണ്. മൂന്ന് സഹോദരികളാണ് പൃഥ്വി സിംഗിന് ഉള്ളത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഇപ്പോഴും ശരൺ നഗർ പ്രദേശത്താണ് താമസിക്കുന്നത്. കോയമ്പത്തൂരിലെ ഇന്ത്യൻ എയർഫോഴ്‌സ് സ്റ്റേഷനിലായിരുന്നു പൃഥ്വി സിങ് ചൗഹാൻ സേവനമനുഷ്ഠിച്ചിരുന്നത്.
അപകടത്തിൽ കൊല്ലപ്പെട്ട പൃഥ്വി സിങ് ചൗഹാന്റെ കുടുംബത്തിന് അമ്പത് ലക്ഷം രൂപ ധനസഹായവും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും നൽകാമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം വാഗ്ദാനം ചെയ്തിരുന്നു. താജ്ഗഞ്ചിലെ മോക്ഷധാമിലാണ് പൂർണ്ണ സൈനിക ബഹുമതികളോടെ പൃഥ്വിയുടെ അന്ത്യകർമ്മകൾ നടന്നത്.
എലൈറ്റ് നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നാണ് പൃഥ്വി സിങ് ചൗഹാന്റെ സൈനിക ജീവിതം ആരംഭിച്ചത്. 2015-ൽ വിങ് കമാൻഡറായി സ്ഥാനക്കയറ്റം ലഭിച്ചു. നിലവിൽ കോയമ്പത്തൂരിലെ എയർഫോഴ്സ് സ്റ്റേഷനിലെ 109 ഹെലികോപ്റ്റർ യൂണിറ്റിന്റെ കമാൻഡിങ് ഓഫീസറായിരുന്നു. ബുധനാഴ്ച, സുലൂർ എയർബേസിൽ നിന്ന് വെല്ലിങ്ടണിലേക്ക് പറന്നുയർന്ന മി17 വി 5 ഹെലികോപ്റ്ററിന്റെ പൈലറ്റായിരുന്നു പൃഥ്വി സിങ് ചൗഹാൻ.
ന്യൂസ് ഡെസ്ക്