തിരുവനന്തപുരം:ഒരു കമ്പനി വരുന്നു, ധാരണാപത്രം ഒപ്പിടുന്നു. വകുപ്പിന്റെ ചുമതലയുള്ള അഡീഷനൽ ചീഫ് സെക്രട്ടറിയും മന്ത്രിയും സർക്കാരും ഒന്നുമറിയുന്നില്ല. എന്തിനായിരുന്നു ഇത്ര ധൃതി. എവിടെയോ ആലോചന നടന്നു, ഒപ്പിട്ടു-ഇതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ ചോദ്യം. ഇതാണ് ഇപ്പോൾ പൊളിയുന്നത്. അഴക്കടൽ വിവാദത്തിൽ കെഎസ്‌ഐഎൻസി ധാരണാപത്രത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള തീരുമാനം വിനയായത് പിണറായി സർക്കാരിന്. തെരഞ്ഞെടുപ്പുകാലത്ത് സത്യം പുറത്തു വന്നത് അതുകൊണ്ട് മാത്രമാണ്.

എല്ലാം അറിയാമായിരുന്നിട്ടും വിവാദങ്ങളിൽ മേൽകൈ നേടാനായിരുന്നു അന്വേഷണം പ്രഖ്യാപിച്ചത്. അത് തിരിച്ചടിയാകുകയും ചെയ്തു. ആഴക്കടൽ മത്സ്യബന്ധന കരാറിൽ സർക്കാർ വാദങ്ങൾ പൊളിഞ്ഞതും സോളർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ സിബിഐ അന്വേഷണ നീക്കത്തിന്റെ പൊള്ളത്തരം ക്രൈംബ്രാഞ്ച് റിപ്പോർട്ട് വെളിച്ചത്തു കൊണ്ടു വന്നതും ഒരു ദിവസമാണ്. ആഴക്കടൽ ഇടപാട് അന്വേഷണത്തിന്റെ ഭാഗമായി ടി.കെ. ജോസിനു ലഭിച്ച രേഖകൾ ഇക്കാര്യത്തിൽ സർക്കാരിനു വിനയായപ്പോൾ അതേ ടി.കെ. ജോസ് കേന്ദ്ര സർക്കാരിന് അയച്ച റിപ്പോർട്ടിലാണ് സോളർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്നു വ്യക്തമായത്. കേസ് സിബിഐക്കു വിട്ടപ്പോൾ തൽസ്ഥിതി അദ്ദേഹം കേന്ദ്രത്തെ അറിയിക്കുകയായിരുന്നു. സ്വന്തം ക്രൈംബ്രാഞ്ച് തെളിവില്ലെന്നു പറഞ്ഞ കേസ് എന്തിനാണു സിബിഐക്കു വിട്ടത് എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഇതിനൊപ്പമാണ് ആഴക്കടൽ വിവാദം.

നിയസഭാ തെഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ഈ രണ്ട് വിഷയവും കത്തിക്കയറുമെന്ന് ഉറപ്പാണ്. ഇതിനെ എങ്ങനെ സർക്കാർ പ്രതിരോധിക്കുമെന്നത് തീരമേഖലയിലെ വോട്ടിംഗിനെ ബാധിക്കും. സോളാറിലെ ഉമ്മൻ ചാണ്ടിയെ പെടുത്താനുള്ള നീക്കം മധ്യ തിരുവിതാംകൂറിലും ചർച്ചയും അടിയൊഴുക്കും സൃഷ്ടിക്കും. ആഴക്കടലിൽ സർക്കാർ ആകെ പ്രതിരോധത്തിലാണ്. ലത്തീൻ സഭ അടക്കമുള്ള പ്രതിഷേധത്തിലാണ്. ഇടയലേഖനത്തെ വിമർശിച്ചതും പിണറായിയുടെ തുടർഭരണ സാധ്യതാ ചർച്ചകളെ ബാധിക്കും.

വിവാദത്തിനു പിന്നാലെ യാഥാർഥ്യങ്ങൾ വിശദീകരിച്ച് ഉൾനാടൻ ജലഗതാഗത വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിന് കെഎസ്‌ഐഎൻസി എംഡി എൻ. പ്രശാന്ത് അയച്ച കത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതരുമായുള്ള വാട്‌സാപ് ചാറ്റ് വിവരങ്ങൾ ഉൾപ്പെടുത്തിയത്. അന്വേഷണം പ്രഖ്യാപിച്ചതോടെ ഈ കത്ത് ഫയലിന്റെ ഭാഗമാകുകയും വിവരാവകാശനിയമപ്രകാരം പുറത്താവുകയും ചെയ്തു. ഇതും അട്ടിമറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞെങ്കിലും തന്റെ ഓഫീസിനും എല്ലാം അറിയാമായിരുന്നുവെന്ന് സമ്മതിക്കേണ്ടി വന്നു. എല്ലാം പ്രശാന്ത് തെറ്റിധരിപ്പിച്ചെന്നും ആരോപിക്കുന്നു.

കെഎസ്‌ഐഎൻസി ധാരണാപത്രം ഒപ്പിട്ട ശേഷം പിആർഡി വാർത്താക്കുറിപ്പായി പുറത്തിറക്കിയതിനെക്കുറിച്ചും അന്വേഷണം നടത്തുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു. അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരവും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ അറിവോടെയുമാണെന്നും രേഖകൾ പുറത്തുവന്നതോടെ ഇതെല്ലാം പൊളിഞ്ഞു. പ്രശാന്തിനെ പോലൊരു ഐഎഎസുകാരന് തെറ്റിധരിപ്പിക്കാൻ കഴിയുന്നവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാർ എന്ന ചർച്ചയും സജീവമാണ്. സ്വർണ്ണ കടത്തിലും പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഇങ്ങനെ ചതിച്ചുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഈ ചതി വീണ്ടും ആവർത്തിക്കുകയാണ്.

അതേസമയം, ആഴക്കടൽ മത്സ്യബന്ധനത്തിന് ഇഎംസിസിക്ക് അനുമതി നൽകിയ കെഎസ്‌ഐഡിസിയുടെ ധാരണാപത്രത്തെക്കുറിച്ച് ഇപ്പോഴും സർക്കാർ മൗനം പാലിക്കുകയാണ്. സർക്കാരിന്റെ ഫിഷറീസ് നയം ലംഘിക്കപ്പെട്ടത് യഥാർഥത്തിൽ ഈ ധാരണാപത്രത്തിലാണ്. വ്യാപക പ്രതിഷേധമുയർന്നതോടെ ഇതു റദ്ദാക്കേണ്ടി വന്നു. പക്ഷേ, ഈ ധാരണാപത്രം അസെൻഡിൽ അവതരിപ്പിക്കാനും അംഗീകരിക്കാനും അനുമതി നൽകിയതാരെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. അന്വേഷണവുമില്ല. ഈ അന്വേഷണം ഉന്നതരെ കുടുക്കുമെന്നതു കൊണ്ടാണ് ഇത്. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന് അറിമായിരുന്നുവെന്ന് വ്യക്തമാക്കുന്ന സിംഗപ്പൂർ കണക്ഷനും വിവാദത്തിന് പുതിയ തലം നൽകുന്നു.

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടു സിംഗപ്പൂർ സർക്കാരുമായി മുൻപു ചർച്ച നടത്തിയിരുന്നു. പുതിയ ധാരണാപത്രത്തിൽ സിംഗപ്പൂർ സഹകരണവും തേടാമെന്ന സൂചനയാണ്, ആദ്യ വാട്‌സാപ് ചാറ്റിലുള്ളത്. ഇഎംസിസി കമ്പനിയുമായി കെഎസ്‌ഐഎൻസി ധാരണാപത്രം ഒപ്പിടും മുൻപു തന്നെ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി മേജർ ദിനേശ് ഭാസ്‌കരൻ, അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് എന്നിവർ ഉൾപ്പെടെയുള്ളവർക്കു വ്യക്തമായ അറിവുണ്ടായിരുന്നു. അസെൻഡ് നിക്ഷേപക സംഗമത്തിനു ശേഷം, ആഴക്കടൽ മത്സ്യബന്ധനത്തിന് ഇഎംസിസിക്ക് അനുമതി നൽകി സർക്കാരിനു വേണ്ടി കെഎസ്‌ഐഡിസി 2020 ഫെബ്രുവരി 28ന് ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രോളറുകൾ നിർമ്മിക്കാനുള്ള ധാരണാപത്രം 2021 ഫെബ്രുവരി 2ന് കെഎസ്‌ഐഎൻസി ഒപ്പിട്ടത്. ധാരണാപത്രത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

കെഎസ്‌ഐഎൻസി ഒപ്പിട്ടത് ട്രോളർ നിർമ്മാണ ധാരണാപത്രമാണ്; ആഴക്കടൽ മത്സ്യബന്ധനത്തിനല്ല.ആഴക്കടൽ മത്സ്യബന്ധനത്തിലെ അപകടം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തു കൊണ്ടുവന്നതോടെ സർക്കാർ കെഎസ്‌ഐഎൻസിയെയും എംഡി എൻ. പ്രശാന്തിനെയും പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. കെഎസ്‌ഐഎൻസിയുടെ ധാരണാപത്രം സർക്കാരിന്റെ അനുമതിയോടെ അല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെയും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെയും വാദം. ഇതെല്ലാം തെറ്റാണെന്ന് തെളിയുകയാണ് ഇപ്പോൾ.

ധാരണാപത്രം ഒപ്പിട്ട ശേഷം മേജർ ദിനേശിനെ അറിയിക്കുകയും അദ്ദേഹം പ്രശാന്തിനെ അഭിനന്ദിക്കുകയും ചെയ്തു. വകുപ്പു മേധാവിയായ ടി.കെ. ജോസ് പ്രശാന്തിനെ അഭിനന്ദിക്കുകയും വാർത്തയ്ക്കു പ്രചാരം നൽകാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിനു ധാരണാപത്രം ഒപ്പിട്ട വാർത്തയും ചിത്രവും ഫെബ്രുവരി 2നു വാട്‌സാപ്പിൽ അയച്ചതിന്റെ രേഖയും ഫയലിലുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ 2020 ഡിസംബറിൽ അദ്ദേഹത്തിന്റെ പഴ്‌സനൽ സ്റ്റാഫ് അംഗം സുനീഷുമായി നടത്തിയ ആശയവിനിമയവും രേഖകളിലുണ്ട്.

ധാരണാപത്രം ഒപ്പിടുംമുൻപ് മുഖ്യമന്ത്രിയുടെ ഓഫിസുമായും ഉന്നതോദ്യോഗസ്ഥരുമായും വാട്‌സാപ് വഴി ആശയവിനിമയം നടത്തിയതിന്റെ രേഖകൾ ഫയലിലുണ്ട്. ഫെബ്രുവരി ഒന്നിനു മേജർ ദിനേശുമായി ചർച്ച ചെയ്തുവെന്നും ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ ഓൺലൈൻ ആയി മുഖ്യമന്ത്രി പങ്കെടുക്കാൻ സാധ്യതയുണ്ടെന്നും കെഎസ്‌ഐഎൻസി എംഡി എൻ. പ്രശാന്ത് ഫയലിൽ എഴുതിയിട്ടുണ്ട്. മുഖ്യമന്ത്രിയെ അറിയിക്കണമെന്നു പ്രശാന്ത് ആവശ്യപ്പെടുകയും മേജർ ദിനേശ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.