തിരുവനന്തപുരം: കോവിഡ് പോസിറ്റീവായ പിണറായി വിജയന്റെ ഭാര്യ ആശുപത്രി വിട്ടത് വൻ വിവാദമായിരുന്നു. അന്ന് പ്രോട്ടോകോൾ ലംഘനമൊന്നും ഇല്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എന്നാൽ അത് ലംഘനം തന്നെയായിരുന്നു. പിണറായിയുടെ ഡിസ്ചാർജിൽ ഉയർന്ന വിവാദങ്ങൾ എല്ലാം ഇനി പ്രോട്ടോകോൾ ലംഘനമല്ല. പിണറായിയുടെ കോവിഡ് വിവാദം ആരോഗ്യവകുപ്പിനെ കൊണ്ട് പ്രോട്ടോക്കോൾ തിരുത്തിക്കുകയാണ്.

കോവിഡ് നെഗറ്റീവായി കണക്കാക്കണമെങ്കിൽ 10ാം ദിവസം ആന്റിജൻ ടെസ്റ്റ് എന്ന നിബന്ധന ഒഴിവാക്കി ആരോഗ്യ വകുപ്പ് ഡിസ്ചാർജ് മാർഗരേഖ പുതുക്കി. ഇനി മുതൽ ലക്ഷണങ്ങളില്ലാത്ത, ഓക്‌സിജൻ കൊടുക്കേണ്ടതില്ലാത്തവരെ മൂന്നാം ദിവസം ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്യും. വീണ്ടും ടെസ്റ്റ് നടത്തേണ്ടതില്ല. ഗുരുതരാവസ്ഥയിലുള്ളവർക്കു (സി കാറ്റഗറി) 14ാം ദിവസം ആന്റിജൻ പരിശോധന നിർബന്ധം. പോസിറ്റീവാകുന്ന ദിവസം മുതൽ 17 ദിവസം സമ്പർക്ക വിലക്കിൽ കഴിയണമെന്ന നിബന്ധന തുടരും. വീട്ടിൽ ഐസലേഷനിൽ തുടരുമ്പോൾ ആരോഗ്യനില നിരീക്ഷിക്കണം. ഫലത്തിൽ പിണറായിയുടെ ഡിസ്ചാർജ് സമയത്തുണ്ടായ വിവാദങ്ങൾ ഒഴിവാക്കുകയാണ് ആരോഗ്യ വകുപ്പ്.

ശ്വാസതടസ്സം, നെഞ്ചുവേദന, രക്തസമ്മർദം താഴൽ തുടങ്ങിയ ഗുരുതരാവസ്ഥയുള്ളവരെ 14ാം ദിവസം ആന്റിജൻ പരിശോധന നടത്തി നെഗറ്റീവ് ആയാലേ ഡിസ്ചാർജ് ചെയ്യാവൂ. 14ാം ദിവസം വീണ്ടും പോസിറ്റീവ് ആണെങ്കിൽ 48 മണിക്കൂർ ഇടവിട്ട് നെഗറ്റീവ് ആകുംവരെ ആന്റിജൻ പരിശോധന നടത്തണം. ഡിസ്ചാർജിനു വീണ്ടും ടെസ്റ്റ് നടത്തേണ്ട എന്ന മാനദണ്ഡം കഴിഞ്ഞ വർഷം ജൂണിൽ തന്നെ ഐസിഎംആർ കൊണ്ടുവന്നെങ്കിലും കേരളം മാർഗരേഖ പുതുക്കിയിരുന്നില്ല. അതുകൊണ്ട് തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഭാര്യയ്‌ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയ മുഖ്യമന്ത്രി ചെയ്തത് പ്രോട്ടോകോൾ ലംഘനമായിരുന്നു.

കോവിഡ് വ്യാപനം ഏറിയതോടെ ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാനും ഗുരുതരാവസ്ഥയിലുള്ളവർക്കു ചികിത്സ ഉറപ്പാക്കാനുമാണു നിബന്ധനകൾ പുതുക്കിയത്. 10 ദിവസം കഴിഞ്ഞ് രോഗവ്യാപന സാധ്യത തീരെയില്ലെങ്കിലും 7 ദിവസം കൂടി ഐസലേഷൻ വേണമെന്ന നിർദ്ദേശം അശാസ്ത്രീയമാണെന്നു വിദഗ്ദ്ധർ പറയുന്നു. സി കാറ്റഗറിയിൽപ്പെട്ടവർക്കു 14 ദിവസം കഴിഞ്ഞാൽ ആന്റിജൻ ടെസ്റ്റ് വേണമെന്ന നിബന്ധന തുടരുന്നതു മരണം കുറച്ചു കാണിക്കാനാണെന്നും വിമർശനമുണ്ട്. ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവായ ശേഷമുള്ള മരണങ്ങൾ ഇപ്പോൾ സർക്കാർ കോവിഡ് മരണങ്ങളുടെ പട്ടികയിൽപ്പെടുത്തുന്നില്ല.

രോഗം സ്ഥിരീകരിച്ചതു മുതൽ 17 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയും വേണമെന്ന് ആരോഗ്യവകുപ്പിന്റെ പുതുക്കിയ ഡിസ്ചാർജ് മാനദണ്ഡം നിർദേശിക്കുന്നുണ്ട്. ഡിസ്ചാർജ്ജ് ചെയ്യുമ്പോൾ രോഗിക്ക് ഓക്‌സിജൻ നൽകേണ്ട ആവശ്യമില്ലെന്നും ആരോഗ്യസ്ഥിരതയുണ്ടെന്നും ആശുപത്രികളും ഉറപ്പുവരുത്തണം. നേരത്തേ കോവിഡ് ബാധിതർ പത്താംദിവസം ആന്റിജൻ പരിശോധന നടത്തി നെഗറ്റീവാണെന്നു സ്ഥിരീകരിച്ചാൽ മാത്രമേ രോഗം മാറിയതായി കണക്കാക്കിയിരുന്നുള്ളൂ. ഡിസ്ചാർജ് ചെയ്യുന്നതിനു മുന്നോടിയായി വീണ്ടും പരിശോധന നടത്തേണ്ടതില്ലെന്ന് നേരത്തേത്തന്നെ ഐ.സി.എം.ആർ. നിർദ്ദേശം നൽകിലയിരുന്നെങ്കിലും സംസ്ഥാനം നടപ്പാക്കിയിരുന്നില്ല.

ഗുരുതര രോഗങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് പതിനാലാം ദിവസം ആന്റിജൻ പരിശോധന നടത്തും. പോസിറ്റീവ് ആണെങ്കിൽ 48 മണിക്കൂർ കഴിയുമ്പോൾ പരിശോധന ആവർത്തിക്കും. നെഗറ്റീവ് ആയവരെ തുടർച്ചയായി മൂന്നുദിവസം ലക്ഷണങ്ങളില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യും. പനി, ശ്വാസതടസ്സം എന്നിവയില്ലെന്നും ഓക്‌സിജൻ നൽകേണ്ട ആവശ്യമില്ലെന്നും ഉറപ്പാക്കും. പരിശോധനയിൽ നെഗറ്റീവാണെങ്കിലും ആരോഗ്യനില മെച്ചമല്ലെങ്കിൽ കോവിഡ് ഐ.സി.യു.വിലോ ആശുപത്രിയിലോ തുടരാൻ അനുവദിക്കും. പതിന്നാലാം ദിവസത്തിനു മുന്നോടിയായി ആരോഗ്യനില മെച്ചപ്പെട്ടുവെന്നുറപ്പായാൽ രോഗിയെ നിരീക്ഷണകേന്ദ്രത്തിലേക്കു മാറ്റാം. പതിന്നാലാം ദിവസം അവിടെനിന്ന് സാംപിൾ പരിശോധനയ്ക്കു നൽകാം.