- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്വാറന്റൈൻ നിയന്ത്രണങ്ങൾ മാറ്റിയതിനാൽ ഇന്നു തന്നെ രാജ്ഭവനിലേക്ക് എത്തിയേക്കും; ആദ്യ അജണ്ട ലോകായുക്താ ഓർഡിനൻസ്; ശിവശങ്കറിന്റെ പുസ്തകം എഴുത്തിലും തീരുമാനം വരും; നിയമസഭാ സമ്മേളനത്തിലും ഇനി ചർച്ചകൾ; പുലർച്ചെ മുഖ്യമന്ത്രിയും ഭാര്യയും മടങ്ങി എത്തി; പിണറായി വീണ്ടും സജീവമാകുമ്പോൾ
തിരുവനന്തപുരം: മൂന്നാഴ്ചത്തെ വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് മടങ്ങിയെത്തി. ഇന്ന് പുലർച്ചെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്കും ദുബായിലെ സന്ദർശനത്തിനും ശേഷമാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. മാനദണ്ഡങ്ങൾ മാറ്റിയതിനാൽ മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും ക്വാറന്റൈൻ വേണ്ടി വരില്ല. അതുകൊണ്ടു തന്നെ ഇന്ന് മുതൽ മുഖ്യമന്ത്രി ഭരണകാര്യങ്ങളിൽ സജീവമാകും.
ജനുവരി പതിനഞ്ചിനാണ് മുഖ്യമന്ത്രി ഭാര്യ കമലയ്ക്കൊപ്പം അമേരിക്കയിലേക്ക് പുറപ്പെട്ടത്. അവിടെ നിന്ന് ദുബായിലേക്ക് പോകുകയായിരുന്നു. ദുബായ് എക്‌സ്പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി, നിക്ഷേപക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.അതേസമയം ലോകായുക്ത ഓർഡിനൻസുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം വൈകുകയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയേക്കും.
ഓർഡിനൻസിന്റെ ആവശ്യകത മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി വിശദീകരിച്ചാൽ, ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടേക്കും. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വിവാദം ആളിക്കത്തിച്ചത് ശിവശങ്കറിന്റെ പുസ്തകമാണെന്നിരിക്കെ, അതിൽ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടെന്ന സൂചനകളുണ്ട്. എന്നാൽ പരസ്യ പ്രതികരണങ്ങൾ മുഖ്യമന്ത്രി ഒഴിവാക്കും. കോടതി പരിഗണിക്കുന്ന വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാനും ഇടയില്ല.
സർവീസിലിരുന്ന് പുസ്തകം എഴുതിയതിൽ ശിവശങ്കറിനെതിരായ നടപടിയും മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വന്നേക്കും. അടുത്ത ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്ന മന്ത്രിസഭായോഗം നിയമസഭാ സമ്മേളനത്തിന്റെ തീയതിയും തീരുമാനിക്കും. സ്വർണക്കടത്ത് കേസ് തുടരുന്നതിനിടെ, സർക്കാരിന്റെ അനുവാദമില്ലാതെ, എം ശിവശങ്കർ വിവാദങ്ങൾക്ക് തിരികൊളുത്തിയതിൽ സിപിഎമ്മിന് അതൃപ്തിയുണ്ടെന്നാണ് സൂചന. വ്യക്തിപരമായ നിലയിലുള്ള വെളിപ്പെടത്തലുകളെന്നു പറഞ്ഞു സ്വപ്ന സുരേഷിന്റെ പ്രസ്താവനകളെ കാണാനാവില്ലെന്നാണ് വിലയിരുത്തൽ.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അദ്ദഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.യുഎഇ സർക്കാരിന്റെ പ്രത്യേക ക്ഷണത്തെ തുടർന്ന് ദുബായ് എക്‌സ്‌പോ സന്ദർശിക്കാനണ് അദ്ദേഹം ദുബൈയിൽ എത്തിയത്. ദുബൈയിൽ എത്തിയ അദ്ദേഹം യു എ ഇ ഭരണാദികാരികളുമായി ചർച്ചനടത്തിയിരുന്നു. മലയാളികൾക്ക് യുഎഇ നൽകുന്ന പിന്തുണക്ക് നന്ദി അറിയിച്ച അദ്ദേഹം കേരളത്തിലേക്ക് നിക്ഷേപം കൊണ്ടു വരുന്ന മലയാളി സംഘടനകളുടെ യോഗങ്ങളിലും പങ്കെടുത്താണ് മടങ്ങിയെത്തിയത്.ഊഷ്മളമായ വരവേൽപ്പായിരുന്ന വിവിധ മലയാളി സംഘടനകൾ മുഖ്യമന്ത്രിക്ക് യു എഇൽ നൽകിയത്.അമേരിക്കയിലേക്ക് ചികിത്സക്ക് പോയ അദ്ദേഹം മടങ്ങി വരുന്നതിനിടെയാണ് യു എ ഇ സന്ദർശിച്ചത്.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മുഖ്യമന്ത്രി വിമാനത്താവളത്തിന് പുറത്ത് എത്തുന്നതിനു മുമ്പ് തന്നെ പ്രതിഷേധിക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ