തലശേരി: എൽ.ഡി. എഫ് സർക്കാർ നടപ്പിലാക്കുന്ന കെ റെയിൽ പദ്ധതിക്കെതിരെ ബിജെപിയും കോൺഗ്രസും ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാനൂർ പുത്തൂർ ലോക്കൽകമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാലും പദ്ധതിയുമായി മുമ്പോട്ട് പോകുമെന്ന് പറയുകയാണ് മുഖ്യമന്ത്രി.

എൽഡിഎഫ് സർക്കാർ വികസന രംഗത്ത് സ്വീകരിച്ച നടപടികൾക്ക് ജനം പിന്തുണ നൽകിയിട്ടുണ്ട്. അതുകൊണ്ട് സർക്കാർ ഒന്നും ചെയ്യരുതെന്ന് കരുതിയാണ് എല്ലാത്തിനെയും കണ്ണടച്ച് എതിർക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.സാധാരണ തിരഞ്ഞെടുപ്പ് കാലത്താണ് കോൺഗ്രസും ബിജെപിയും ഒരുമിച്ച് നിൽക്കുന്നത്. ഇത്തവണ സർക്കാരിന്റെ തുടക്കം മുതൽ എതിർക്കാൻ ഇവർ ഒരുമിച്ചാണ്. കെ റെയിൽ യാഥാർഥ്യമായാൽ എന്താകുമെന്ന് കരുതി കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടായി എതിർക്കുകയാണ്.ഇക്കാര്യത്തിൽ ഒരേ മനസ്സും ഒരേ യോജിപ്പുമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സിൽവർ ലൈൻ ഉണ്ടാക്കുന്ന പുരോഗതി വലുതായിരിക്കും. അതുകൊണ്ടാണ് ഇതിനെ എതിർക്കുന്നത് .ഇപ്പോൾ വേണ്ടെന്നാണ് പറയുന്നത്, പിന്നെയെപ്പോഴാണ് വേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു.വണ്ടിനെക്കുറിച്ച് പറഞ്ഞ പോലെയാണ് കോൺഗ്രസ്.നീ വിളക്കും കെടുത്തുന്നു, നീയും നശിക്കുന്നു.രാജ്യത്തിന് നാശമായി സ്വയം നശിക്കുകയും ചെയ്തു. മുൻ മന്ത്രിമാരുൾപ്പെടെ എത്ര പേരാണ് ബിജെപി യിലെത്തിയത്. വല്ല പാഠവും കോൺഗ്രസ് ഇതുവരെ പഠിച്ചോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഏത് തരം നാശത്തിലേക്കാണ് കോൺഗ്രസ് പോയിക്കൊണ്ടിരിക്കുന്നത്. വോട്ട് ഭിന്നിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസ് യുപിയിൽ സ്വീകരിച്ചത്.വിശ്വസിക്കാൻ പറ്റാത്ത പാർട്ടി കോൺഗ്രസെന്ന് രാജ്യത്തെ ജനങ്ങൾക്ക് മനസിലായി. അതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. വസ്തു നൽകുന്നവർക്ക് നാലിരട്ടി പണം നഷ്ടപരിഹാരമായി നൽകുമെന്നും മുഖ്യമന്ത്രി. എന്നാൽ ബഫർ സോണിലുള്ളവർക്ക് ഒന്നും കൊടുക്കില്ലെന്ന കെ റെയിൽ എംഡിയുടെ പ്രസ്താവനയോട് പ്രതികരിച്ചുമില്ല.

സിൽവർലൈൻ പദ്ധതിക്കെതിരെ ഉയരുന്ന ന്യായങ്ങൾ വിചിത്രമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. പദ്ധതി. പദ്ധതിയുടെ പേരിൽ ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരെയും വിഷമിപ്പിക്കാൻ സർക്കാരിനു തീരുമാനംമില്ലെന്നും നാലിരട്ടിയാണ് നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നുള്ളവരുടെ നാളെയല്ല, നമ്മുടെ കുഞ്ഞുങ്ങളുടെ നാളേയ്ക്ക് വേണ്ടിയാണിതെന്നു മുഖ്യമന്ത്രി പറഞ്ഞു.

കല്ലിടലിനെതിരെ വ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സങ്കുചിത രാഷ്ട്രീയത്തിനു വേണ്ടിയല്ല, നാടിന്റെ വികസനത്തിനായാണു നിൽക്കേണ്ടത്. സിൽവർലൈൻ പദ്ധതി നടപ്പാക്കും. പദ്ധതിയുമായി ജനങ്ങളിലേക്ക് ഇറങ്ങും. സ്വകാര്യമായി ചോദിച്ചാൽ കോൺഗ്രസ് നേതാക്കളും പദ്ധതി വേണ്ടതാണെന്ന് പറയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതിനിടെ സംസ്ഥാനത്ത് കെ- റെയിൽ പദ്ധതിക്ക് വേണ്ടി സാമൂഹികാഘാത പഠനം നടത്താൻ സ്ഥാപിക്കുന്ന കല്ലുകൾ പിഴുതുമാറ്റുമെന്ന പ്രഖ്യാപനവുമായി ബിജെപി രംഗത്തു വന്നു. പദ്ധതിക്കെതിരായ സമരത്തെ അടിച്ചമർത്താൻ നോക്കിയാൽ പദ്ധതി കടന്നുപോകാത്ത സ്ഥലങ്ങളിലേക്ക് കൂടി സമരം വ്യാപിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വ്യക്തമാക്കി. സമരം കൂടുതൽ ശക്തമാക്കും. കേരളത്തിനെ കടക്കെണിയിലാക്കുന്ന, പരിസ്ഥിതിയെ നശിപ്പിക്കുന്ന പദ്ധതിക്കെതിരാണ് വിദഗ്ധരെല്ലാം. സമരത്തിന്റെ നേതൃത്വം ബിജെപി എറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിനൊപ്പം ചേർന്ന് സമരം ചെയ്യില്ല. സ്വന്തം നിലയിൽ സമരം നടത്തി വിജയിപ്പിക്കാൻ ബിജെപിക്ക് സാധിക്കും. അതേസമയം കെ-റെയിലിനെ അനുകൂലിച്ച ബിജെപി അംഗമായ മുൻ ഡിജിപി ജേക്കബ് തോമസിന്റെ അഭിപ്രായം സുരേന്ദ്രൻ തള്ളിക്കളയുകയും ചെയ്തു. ഏത് പദ്ധതി വരുമ്പോഴും എതിർപ്പുകൾ സ്വാഭാവികമാണെന്നും കെ-റെയിൽ വരുന്നത് കേരളത്തിന് ഗുണകരമാണെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. കെ-റെയിൽ പദ്ധതി സംസ്ഥാനത്ത് എത്തിയാൽ ഇവിടെ തൊഴിലവസരവും വ്യവസായവും വർദ്ധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയ സമയത്ത് പലരും കാര്യങ്ങൾ മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്നാണ് കെ.സുരേന്ദ്രന്റെ മറുപടി. കെ-റെയിൽ കേരളത്തിന് ഗുണമല്ല ദോഷമേ ഉണ്ടാക്കുവെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി തിരുവനന്തപുരം ജില്ലയിൽ സ്ഥാപിച്ച മുഴുവൻ കല്ലുകളും ബിജെപിയുടെ നേതൃത്വത്തിൽ എടുത്ത് മാറ്റുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് പറഞ്ഞു. സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിയ മഹിളാമോർച്ച മാർച്ചിൽ സംസാരിക്കവേയാണ് രാജേഷ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഫോട്ടോ എടുത്തിടാനല്ല പകരം പിഴുതെടുത്ത കല്ലുകൾ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ നാട്ടുമെന്നും വി.വി.രാജേഷ് പറഞ്ഞു.