- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയുടെ പാണ്ട്യമുക്കിലെ വീട്ടിൽ നിന്നും 200 മീറ്റർ അകലെ കൊലക്കേസ് പ്രതിക്ക് സുഖവാസം; ആർ എസ് എസുകാരനുള്ള ഭക്ഷണം പുറത്ത് നിന്ന് എത്തിച്ചിട്ടും ആരും അറിഞ്ഞില്ല; പാർട്ടി ഗ്രാമത്തിൽ സിപിഎം ഇന്റലിജൻസും തകർന്നു്; മുഖ്യമന്ത്രിക്ക് കമാണ്ടോ സുരക്ഷ ഒരുക്കുന്നവർക്ക് പറ്റിയത് വമ്പൻ വീഴ്ച
കണ്ണൂർ: വീണ്ടും ഇന്റലിജൻസ് പരാജയം പുറത്ത്. പുന്നോൽ ഹരിദാസൻ വധക്കേസിലെ മുഖ്യപ്രതികളിലൊരാൾ മുഖ്യമന്ത്രിയുടെ വീടിന് പരിസരത്ത് ഒളിവിൽ താമസിച്ച സംഭവത്തിൽ വൻസുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി പിണറായിയുടെ വീട്ടിന് അടുത്തുള്ള സംഭവം പോലും ഇന്റലിജൻസിന് തിരിച്ചറിയാൻ കഴിയുന്നില്ല. ഈ വീഴ്ചയാണ് ഇന്റലിജൻസ് തന്നെ ഇപ്പോൾ തിരിച്ചറിയുന്നത്. പാലക്കാട്ടെ ഇരട്ടക്കൊലയിലും പ്രതിക്കൂട്ടിലായത് ഇന്റലിജൻസായിരുന്നു. അതിലും വലിയ വീഴ്ചയാണ് പിണറായിയിലേത്.
രഹസ്യാന്വേഷണവിഭാഗം വിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായി പാണ്ട്യാലമുക്കിലെ വസതിയിൽ നിന്നും ഏകദേശം 200 മീറ്റർ ചുറ്റളവിലാണ് ഇന്ന് പൊലീസ് പിടികൂടിയ കേസിലെ മുഖ്യപ്രതിയും ആർ. എസ്. എസ് നേതാവുമായ നിജിൽദാസ് ഒന്നരമാസത്തിലേറെയായി താമസിച്ചിരുന്നത്. ഈ കാലയളവിൽ പലതവണ മുഖ്യമന്ത്രി കണ്ണൂർ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും വീട്ടിൽ താമസിക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടി കോൺഗ്രസിന് ശേഷം കഴിഞ്ഞയാഴ്‌ച്ചയാണ് അദ്ദേഹം തിരിച്ചു തിരുവനന്തപുരത്തേക്ക് മടങ്ങിയത്.
പാർട്ടികോൺഗ്രസ്, സർക്കാരിന്റെ ഒന്നാംവാർഷികം, പിണറായി പെരുമ സാംസ്‌കാരികോത്സവം മണ്ഡലത്തിലെ വിവിധ ഉദ്ഘാടനപരിപാടികൾ എന്നിവയിൽ എല്ലാം പങ്കെടുക്കാനായി ആണ് ദിവസങ്ങളോളം പിണറായിയിലെ വീട്ടിൽ മുഖ്യമന്ത്രി തങ്ങിയത്. വിഷുദിനത്തിലും മുഖ്യമന്ത്രി വീട്ടിലുണ്ടായിരുന്നു. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാൽ കനത്ത പൊലിസ് സുരക്ഷയേർപ്പെടുത്തിയിരുന്നു മുഖ്യമന്ത്രിക്ക് കണ്ണൂരിൽ. എന്നിട്ടും പ്രതിയുടെ അയൽ വീട്ടിലെ താമസം പൊലീസ് അറിഞ്ഞില്ല. സിപിഎം പാർട്ടി ഗ്രാമമാണ് പിണറായി. ഇവിടെ പാർട്ടിക്കും രഹസ്യാന്വേഷണ സംവിധാനമുണ്ട്. എന്നിട്ടും പാർട്ടിക്കും ഇതൊന്നും അറിയാനായില്ല.
മുഖ്യമന്ത്രി നാട്ടിലുണ്ടെങ്കിലും ഇല്ലെങ്കിലും സ്ഥിരമായി ഇവിടെ ഒരു വണ്ടി പൊലിസ് കാവൽ ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞയാഴ്‌ച്ച ഇവിടെ കനത്ത പൊലിസ് സുരക്ഷയാണുണ്ടായിരുന്നത്. പിണറായി പഞ്ചായത്തിലെ ചില കേന്ദ്രങ്ങളിൽ ആർ. എസ്. എസ്, ബിജെപി കേന്ദ്രങ്ങൾ വളർന്നു വരുന്നത് നേരത്തെ സി.പി. എമ്മിൽ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ വീടിനടുത്താണ് പുത്തൻങ്കണ്ടമെന്ന ആർ. എസ്. എസ് ഗ്രാമം. നേരത്തെ പിണറായി ഒന്നാം സർക്കാരിന്റെ വിജയാഹ്‌ളാദം നടക്കുന്നതിനിടെ പുത്തങ്കണ്ടത്തിനടുത്തുള്ള റോഡിൽ വെച്ചുണ്ടായ സംഘർഷത്തിൽ വാഹനം മറിഞ്ഞ് രവീന്ദ്രനെന്ന സി.പി. എം പ്രവർത്തകൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനു ശേഷം കനത്ത ജാഗ്രതയാണ് പൊലിസ് ഇവിടെ പുലർത്തിയിരുന്നത്.
സിപിഎം പ്രവർത്തകനും ന്യൂമാഹി പുന്നോലിലെ മത്സ്യ തൊഴിലാളിയുമായ കെ ഹരിദാസനെ ബന്ധുക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന കേസിൽ ആർഎസ്എസ് തലശേരി ഖണ്ഡ് കാര്യവാഹക് പുന്നോൽ ചെള്ളത്ത് മടപ്പുരക്കടുത്ത പാറക്കണ്ടി വീട്ടിൽ നിജിൽ ദാസാണ് (38) വെള്ളിയാഴ്‌ച്ച പുലർച്ചെ ഒരുമണിയോടെ പിടിയിലാകുന്നത്. രഹസ്യവിവരമനുസരിച്ചു ഇയാളെ വീടുവളഞ്ഞാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടുന്നത്.
കൊലപാതകത്തിന് ശേഷം പിണറായി പാണ്ഡ്യാലമുക്കിലെ വാടക വീട്ടിൽ ഇയാൾ ഒളിവിൽ കഴിയുന്നവിവരം മൊബൈൽ ടവർ ലൊക്കെഷൻ നോക്കിയാണ് പൊലിസ് തിരിച്ചറിഞ്ഞത്. ഗൾഫിലുള്ള പ്രശാന്തിന്റെ അണ്ടലൂർ കാവിനടുത്ത വീടാണിത്. ആൾതാമസമില്ലാത്ത ഈ വീട്
പുന്നോൽ അമൃത വിദ്യാലയത്തിലെ അദ്ധ്യാപികയായ പ്രശാന്തിന്റെ ഭാര്യയാണ് നൽകിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. തലശേരി ചാക്യത്ത് മുക്ക് സ്വദേശിനിയായ ഇവർ അവിടെയുള്ള അമൃത വിദ്യാലയത്തിലെ അദ്ധ്യാപിക കൂടിയാണ്.
ഒളിവിൽ കഴിയുന്ന നിജിൻദാസിന് പുറമേ നിന്നും രഹസ്യമായി ചിലർ ഭക്ഷണവും മറ്റുമെത്തിച്ചിരുന്നതായി നേരത്തെ പൊലിസിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊബൈൽ ടവർ കേന്ദ്രീകരിച്ചു അന്വേഷണമാരംഭിച്ചത്. ഈ ഭക്ഷണം എത്തിക്കൽ പോലും പിണറായിയിലെ പാർട്ടിക്കാർക്ക് നേരത്തെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
ഫെബ്രുവരി 21ന് പുലർച്ചെ ഒന്നരമണിക്കാണ് രാഷ്ട്രീയവൈരാഗ്യത്താൽ ഹരിദാസനെ കാൽവെട്ടിമാറ്റി കൊന്നത്. മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുടുംബത്തിന്റെ മുന്നിലിട്ടാണ് ആർഎസ്എസ്-ബിജെപി സംഘം വധിച്ചതുകൊലപാതകത്തിനുപയോഗിച്ച ആയുധവും വാഹനവും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ശാസ്ത്രീയ തെളിവുകളോടെയാണ് മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തത്.
ബിജെപി മണ്ഡലം പ്രസിഡന്റ് ലിജേഷും മണ്ഡലം സെക്രട്ടറി മൾട്ടി പ്രജിയും നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തതായി നേരത്തെ തെളിഞ്ഞിരുന്നു. അഡീഷനൽ എസ്‌പി പി പി സദാനന്ദൻ, എസിപി പ്രിൻസ് അബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷണം നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ