- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം കളക്ടറെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ ഏൽപ്പിച്ചത് ഒരാഴ്ച മുമ്പ്; ഏഴു ദിവസമാകും മുമ്പേ മാറ്റുന്നത് തൊഴിൽ വകുപ്പ് കമ്മീഷണറായി; ഖോസ പഞ്ചാബിലേക്ക് മടങ്ങും; കേരളത്തിലെ ക്രമസമാധാനം സാഖറെയ്ക്കും മടുത്തു; അനൂപ് കുരുവിള ജോണും കേന്ദ്ര ഡെപ്യൂട്ടേഷന്; പിണറായി ഭരണത്തിൽ സിവിൽ സർവ്വീസും നിരാശയിലോ?
തിരുവനന്തപുരം: സിവിൽ സർവ്വീസിൽ വീണ്ടും സർക്കാരിനെതിരായ വികാരം കത്തുന്നു. തിരുവനന്തപുരം മുൻ ജില്ലാ കലക്ടർ നവജോത് ഖോസയ്ക്കു വീണ്ടും അപ്രതീക്ഷിത സ്ഥാനചലനം ഉണ്ടായത് വലിയ ചർച്ചകൾക്ക് വഴിവയ്ക്കുകയാണ്. സംസ്ഥാന മെഡിക്കൽ സർവീസ് കോർപറേഷൻ മാനേജിങ് ഡയറക്ടറും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയുമായി നിയമിതയായ അവരെ പുതിയ കസേരയിൽ ഇരിപ്പുറയ്ക്കും മുമ്പേ മാറ്റി. തൊഴിൽവകുപ്പ് കമ്മിഷണറായാണു പുതിയ നിയമനം. ഇത് ഐഎഎസുകാരിൽ പ്രതിഷേധമുണ്ടാക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് ഖോസയെ തിരുവനന്തപുരം കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി പുതിയ ചുമതല നൽകിയത്. കോവിഡ് കാലത്ത് പി.പി.ഇ. കിറ്റുകൾ ഉൾപ്പെടെ വാങ്ങിയതുമായി ബന്ധപ്പെട്ട് മെഡിക്കൽ സർവീസ് കോർപറേഷനെതിരേ നിരവധി ആരോപണങ്ങളുയർന്നിരുന്നു. കടലാസ് കമ്പനികൾക്കു കരാർ നൽകിയെന്നാണു പ്രധാന ആരോപണം. ഈ സാഹചര്യത്തിലാണ് ഒരാഴ്ച മുമ്പുള്ള നിയമന ഉത്തരവ് മാറ്റുന്നത്. തൊഴിൽവകുപ്പ് കമ്മിഷണറായിരുന്ന ഡോ. എസ്. ചിത്രയെയാണു ഖോസയ്ക്കു പകരം മെഡിക്കൽ സർവീസ് കോർപറേഷൻ മാനേജിങ് ഡയറക്ടറും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയുമായി നിയമിച്ചത്.
ഖോസ സ്വന്തം സംസ്ഥാനമായ പഞ്ചാബിലേക്കു മടങ്ങാൻ അന്തർ സംസ്ഥാന ഡെപ്യൂട്ടേഷന് അപേക്ഷിച്ചിട്ടുണ്ട്. ചിത്രയും ഖോസയുമടക്കം മൂന്ന് ഐ.എ.എസ്. ഉദ്യോഗസ്ഥർക്കാണു മാറ്റം. പൊലീസിൽ സർക്കാരിന്റെ വിശ്വസ്തർ പോലും ഡെപ്യൂട്ടേഷൻ ശ്രമിക്കുന്നുവെന്നതാണ് വസ്തുത. ക്രമസമാധാന ചുമതലയുള്ള എഡിജിപിയും കേന്ദ്ര ഡെപ്യൂട്ടേഷന് ശ്രമിക്കുന്നുവെന്നാണ് സൂചന. ഡെപ്യൂട്ടേഷൻ ലഭിച്ചാൽ എ.ഡി.ജി.പി: വിജയ് സാഖറെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയിൽ ജോയിന്റ് ഡയറക്ടറായേക്കും. മംഗളത്തിൽ എസ് നാരായണനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
തീവ്രവാദവിരുദ്ധ സ്‌ക്വാഡ് തലവൻ ഐ.ജി: അനൂപ് കുരുവിള ജോൺ, സുരക്ഷാവിഭാഗം ഐ.ജി: അശോക് യാദവ്, തൃശൂർ കമ്മിഷണർ ആർ. ആദിത്യ എന്നിവരും കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകും. അനൂപ് കുരുവിള സിബിഐയിലോ റോയിലോ ആകും നിയോഗിക്കപ്പെടുക. അശോക് യാദവിനു യു.എന്നിലും ആദിത്യയ്ക്കു ടെക്നിക്കൽ ഇന്റലിജൻസ് വിഭാഗമായ എൻ.ഡി.ആർ.ഒയിലും നിയമനം ലഭിച്ചേക്കും. കേരളത്തിൽ അടിക്കടി നടക്കുന്ന സ്ഥലമാറ്റമാണ് ഇതിനെല്ലാം കാരണം.
കേന്ദ്ര സർവീസിൽനിന്നു മടങ്ങിയെത്തിയ ഡി.ഐ.ജി: അജിതാ ബീഗം ഉപരിപഠനത്തിനു പോകുകയാണ്. പി.ആർ.ഡി. ഡയറക്ടർ ജാഫർ മാലിക്കിനു കുടുംബശ്രീ ഡയറക്ടറുടെ അധികച്ചുമതല നൽകി. എൻ. ദേവീദാസാണു മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ പുതിയ ഡയറക്ടർ. അന്തർ സംസ്ഥാന ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ കേരളത്തിൽ വിവിധ തസ്തികകളിൽ പ്രവർത്തിക്കുന്ന ഐ.ജി, ഡി.ഐ.ജി, എസ്‌പി. റാങ്കിലുള്ള ഉദ്യോഗസ്ഥരെ കേന്ദ്ര സർവീസിലേക്കു മടക്കിവിളിക്കും.
കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് മാനേജിങ് ഡയറക്ടർ സൂര്യാ തങ്കപ്പൻ, ക്രൈംബ്രാഞ്ച് ഡി.ഐ.ജി: ശ്യാം സുന്ദർ, തിരുവനന്തപുരം റൂറൽ എസ്‌പി: ദിവ്യ എസ്. ഗോപിനാഥ് എന്നിവർക്കാകും മാറ്റം. സൂര്യ ഒഡീഷയിലേക്കും ശ്യാം ആന്ധ്രാപ്രദേശിലേക്കും ദിവ്യ കർണാടകയിലേക്കും പോകും. ഇതനുസരിച്ച് ഐ.പി.എസ്. തലത്തിലും അഴിച്ചുപണിയുണ്ടാകും. പുതുതായി ഐ.പി.എസ്. ലഭിച്ച 28 എസ്‌പിമാരുടെ നിയമനവിജ്ഞാപനം ഉടനുണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ