- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ മതിലിന് പിന്നാലെ പൊലീസ് സംരക്ഷണയിൽ രണ്ട് വനിതകൾ സന്നിധാനത്ത് എത്തി; അന്ന് വേദനിച്ചവരിൽ വെള്ളാപ്പള്ളിയും ഭാര്യയും വരെ; ലോക്‌സഭയിൽ 20ൽ 19ലും തോറ്റതോടെ ആ കളി വേണ്ടെന്ന് തീരുമാനിച്ച സിപിഎം; 2024ൽ വോട്ടുറപ്പിക്കാൻ അതേ കാർഡുമായി വീണ്ടും മുഖ്യമന്ത്രി; പിണറായിയുടെ നവോത്ഥാന നായക മോഹം വീണ്ടും ചർച്ചകളിൽ
തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎം അമ്പേ പരാജയപ്പെട്ടു. 20ൽ 19 സീറ്റിലും ഇടതു സ്ഥാനാർത്ഥികൾ തോറ്റു. ഇതിനെല്ലാം കാരണം നവോത്ഥാന നായകനാകാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അതിയായ താൽപ്പര്യമായിരുന്നു. ശബരിമലയിൽ ആ പദ്ധതി അമ്പേ തോറ്റു. അതുകൊണ്ട് തന്നെ അത്തരം പരീക്ഷണങ്ങൾ വേണ്ടെന്ന് സിപിഎമ്മും തീരുമാനിച്ചു. ശബരിമലയിൽ സ്ത്രീകൾ പിന്നീട് കയറാൻ എത്തിയതുമില്ല. ഒരു കർക്കിടക മഴക്കാലത്തായിരുന്നു ആദ്യ നവോത്ഥാന പരീക്ഷണങ്ങൾ. അന്ന് പമ്പയിൽ വെള്ളം കയറിയതും നിറപുത്തരിക്ക് നീന്തി പോയതുമെല്ലാം വാർത്തകളിൽ ഇടം നേടി. അതേ മഴ വീണ്ടും പെയ്യുമ്പോൾ നവോത്ഥാന നായകനാകാനുള്ള പിണറായിയുടെ മോഹം വീണ്ടും ചർച്ചയാവുകയാണ്.
ശബരിമല യുവതീപ്രവേശത്തിൽ സുപ്രീംകോടതിയുടെ വിധിക്കുശേഷം രൂപവത്കരിച്ച നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ കൺവീനർസ്ഥാനം പുന്നല ശ്രീകുമാർ ഒഴിഞ്ഞു. എട്ടുമാസത്തിനുശേഷം സമിതിക്ക് പുതുജീവൻ നൽകാനും സംഘടനയുടെ ചട്ടക്കൂടുണ്ടാക്കാനും വ്യാഴാഴ്ച തിരുവനന്തപുരത്തു വിളിച്ചുചേർത്ത സമിതിയുടെ യോഗത്തിലാണ് ശ്രീകുമാർ സ്ഥാനം ഒഴിയുന്നതായി അറിയിച്ചത്. പുന്നലയുടെ ചുമതല നിലവിലെ ഓർഗനൈസിങ് സെക്രട്ടറി പി. രാമമഭദ്രന് കൈമാറി. അങ്ങനെ പുന്നല മാറുമ്പോൾ പുതിയ നേതൃത്വം വരുന്നു. ഇതിന് പിന്നിൽ ലോക്‌സഭയിൽ വോട്ടുറപ്പിക്കലാണ്.
മാസങ്ങളോളം ഏറക്കുറെ നിശ്ശബ്ദമായിരുന്ന സമിതിയെ വീണ്ടും സജീവമാക്കുന്നതിന് രാഷ്ട്രീയപ്രധാന്യമുണ്ട്. വിവിധ സാമുദായിക വിഭാഗങ്ങളിൽ സ്വാധീനം ഉറപ്പിക്കാൻ ഈ സംഘടനകളെ കൂടെനിർത്തുകയാണ് സർക്കാർ ലക്ഷ്യം. ചിലഘട്ടങ്ങളിൽ സർക്കാർ കൈക്കൊണ്ട നയങ്ങളോടുള്ള എതിർപ്പുകാരണമാണ് കെ.പി.എം.എസിന്റെ ജനറൽ സെക്രട്ടറിയായ ശ്രീകുമാർ പിന്മാറുന്നതെന്നാണ് സൂചന. സമിതിയുടെ ഭാഗമായി ശ്രീകുമാറും അദ്ദേഹത്തിന്റെ സംഘടന കെ.പി.എം.എസും ഉണ്ടാകും. ശബരിമല അടക്കമുള്ള വിഷയങ്ങളിലെ സർക്കാർ പിന്മാറ്റം പുന്നല അംഗീകരിച്ചിരുന്നില്ല. ഈ വിഷയങ്ങളിൽ പഴയ നിലപാടിൽ ഉറച്ചു നിന്ന ഏക നേതാവും പുന്നലയായിരുന്നു.
ശബരിമല വിധിയെത്തുടർന്നുണ്ടായ രാഷ്ട്രീയസാഹചര്യത്തിലാണ് സർക്കാർ മുൻകൈയെടുത്ത് നവോത്ഥാന മൂല്യസംരക്ഷണ സമിതി രൂപവത്കരിച്ചത്. എൻ.എസ്.എസ്. സഹകരിച്ചില്ല. ശബരിമല ചർച്ചാ കാലത്ത് വനിതകളെ ഉൾപ്പെടുത്തി തിരുവനന്തപുരം മുതൽ കാസർകോടുവരെ മതിൽ ഉയർത്തി. ശബരിമലയുടെ പേരിലെ ഈ മതിലിനെ പിന്നീട് വെള്ളാപ്പള്ളിക്ക് പോലും പരോക്ഷമായി തള്ളി പറയേണ്ടി വന്നു. പൊലീസ് സംരക്ഷണത്തിൽ രണ്ടുവനിതകൾ സന്നിധാനത്ത് എത്തിയതാണ് ഇതിനുകാരണമായത്. വനിതാ മതിലിന് തൊട്ടു പിന്നാലെയായിരുന്നു ഇതെല്ലാം. ലോക്‌സഭയിൽ തോറ്റതോടെ എല്ലാം സർക്കാർ മറുന്നു.
ഇനി അടിമുടി മാറ്റം വരുത്തുകയാണ് സംഘടനയ്ക്ക്. നവോത്ഥാന സമിതിയെന്ന ചുരുക്കപ്പേരിൽ സംഘടന അറിയപ്പെടും. ഭാരവാഹികളുടെ ഘടനയിൽ മാറ്റംവരുത്താനും വ്യാഴാഴ്ചത്തെ യോഗത്തിൽ തീരുമാനമായി. ഓഗസ്റ്റ് 15-ന് ഭാരവാഹിപ്പട്ടിക അന്തിമമാക്കും. നിലവിലെ ചെയർമാൻ, കൺവീനർ പദവികൾ മാറും പ്രസിഡന്റ്, വർക്കിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാർ തുടങ്ങിയ ഭാരവാഹികളെ നിശ്ചയിക്കും.
ജില്ല, നിയോജക മണ്ഡലം, തദ്ദേശസ്ഥാപന തലങ്ങളിൽ സമിതിയുടെ പ്രവർത്തനം ശക്തിപ്പെടുത്തും. ഭരണഘടനാ സംരക്ഷണം മുഖ്യഅജൻഡയാക്കുന്ന സമിതി സ്വാതന്ത്ര്യദിനത്തിൽ അയ്യങ്കാളി ഹാളിൽ നടത്തുന്ന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യദിനംമുതൽ റിപ്പബ്ലിക് ദിനംവരെ വിവിധ കേന്ദ്രങ്ങളിൽ ഭരണഘടനാ സംരക്ഷണസദസ്സുകൾ നടത്തും.
മറുനാടന് മലയാളി ബ്യൂറോ