- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുരിതബാധിതർ പെരുവഴിയിൽ അലയുമ്പോൾ ചെലവാക്കാതെ കെട്ടികിടക്കുന്നത് ആയിരം കോടിയോളം രൂപ; പ്രോജക്ട് റിപ്പോർട്ട് നൽകുന്നതിലെ താമസം ലോകബാങ്കും കേരളത്തെ കൈവിടുന്നു; കൊട്ടിഘോഷിക്കുന്ന പിണറായിയുടെ റീബിൽഡിഗ് കേരള കടലാസിലെ പുലി മാത്രമോ ?
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ചെലവാക്കാതെ കിടക്കുന്നത് 772 കോടി രൂപ. രണ്ട് പ്രളയങ്ങളിലും നഷ്ടം സംഭവിച്ച പതിനായിരങ്ങൾക്ക് സഹായം കിട്ടാതെ വലയുന്ന സാഹചര്യത്തിലാണ് 772.38 കോടി രൂപ ദുരിതാശ്വാസ നിധിയിൽ കെട്ടികിടക്കുന്ന വാർത്തകൾ പുറത്ത് വരുന്നത്. കേരളം മറ്റൊരു പ്രളയസാധ്യതയുടെ തീരത്ത് നിൽക്കുമ്പോൾ പുറത്ത് വരുന്ന ഈ കണക്കിന് വലിയപ്രധാന്യമാണ് ഉള്ളത്. കഴിഞ്ഞ രണ്ട് പ്രളയകാലങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പൊതുജനങ്ങളിൽ നിന്നും സാലറി ചലഞ്ചിലൂടെയും മറ്റും സമാഹരിച്ച 4912.45 കോടിയിയിൽ 4140.07 കോടി രൂപമാത്രമാണ് ചെലവാക്കിയിട്ടുള്ളത്.
കഴിഞ്ഞ രണ്ട് പ്രളയകാലത്തായി 31,000 കോടിയുടെ നാശനഷ്ടം ഉണ്ടായെന്നാണ് സർക്കാർ കണക്ക്.കെയർഹോം പദ്ധതിക്കായി സഹകരണവകുപ്പിൽ നിന്ന് ലഭിച്ച 52.69 കോടി മാത്രമാണ് മുഴുവൻ ചെലവഴിച്ചത്. റീബിൽഡ് കേരളയ്ക്കുൾപ്പെടെയാണ് ദുരിതാശ്വാസനിധിയിലേക്ക് 2018 ജൂലായ് 27 മുതൽ 2020 മാർച്ച് മൂന്നുവരെയാണ് ധനസഹായം സ്വീകരിച്ചത്. റീബിൽഡ് കേരളയ്ക്കായി ലോക ബാങ്കിൽ നിന്നടക്കം ധനസഹായവും തേടിയിരുന്നു.
5000 കോടി രൂപയുടെ വാഗ്ദാനത്തിൽ ലോകബാങ്ക് ആദ്യഗഡുവായ 1780 കോടി നൽകി. ഇതിൽ നിന്നും സർക്കാർ ജീവനക്കാർക്ക് ശബളം നൽകാൻ വകമാറ്റി ചെലവാക്കി എന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. പ്രളയശേഷം സംസ്ഥാനത്തെ പുനരുദ്ധരിക്കുന്നതിനായി നടപ്പാക്കുന്ന റീബിൽഡ് കേരള പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കിയതിൽ ലോകബാങ്ക് തൃപ്തി രേഖപ്പെടുത്തിയിരുന്നു.
ലോകബാങ്ക് പുറത്ത് വിട്ട ഇംപ്ലിമെന്റേഷൻ, കംപ്ലീഷൻ ആൻഡ് റിസൾട്ട്സ് റിപ്പോർട്ടിലാണ് ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പുനർനിർമ്മാണ പദ്ധതിയുടെ പുരോഗതിയെ ലോകബാങ്ക് തൃപ്തികരമെന്ന് വിശേഷിപ്പിച്ചത്. ഏറ്റെടുത്ത പദ്ധതികളുടെ പ്രോജക്ട് പൂർത്തീകരണ റിപ്പോർട്ട് കൈമാറുന്ന മുറയ്ക്ക് രണ്ടാം ഗഡു നൽകാമെന്ന് ലോകബാങ്ക് അറിയിച്ചിരുന്നു. റിപ്പോർട്ട് നൽകാത്തതിനാൽ തുക കിട്ടിയില്ല. ഇതുകൊണ്ട് തന്നെ ലോകബാങ്കിന്റെ അഭിനന്ദനത്തിന്റെ ക്രഡിറ്റ് നിലനിർത്താൻ പിണറായി സർക്കാറിന് കഴിഞ്ഞില്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് തുക അനുവദിക്കുന്നത് ധനകാര്യ അഡി. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെയാണ് എന്നാൽ ഇതിന്റെ നടത്തിപ്പ് ചുമതല റവന്യൂ ദുരന്തനിവാരണ വകുപ്പിനാണ്. ധനസെക്രട്ടറിയുടെ ഇഷ്ടത്തിന് തുക കൈകാര്യം ചെയ്യാനാകില്ല എന്നതാണ് ദുരിതാശ്വസധനസഹായനിധി ചെലവിടാതെ കെട്ടികിടക്കാനുള്ള കാരണം എന്നാണ് ധനകാര്യവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
മറുനാടന് മലയാളി ബ്യൂറോ