കൊച്ചി: ഫോൺവിളി വിവാദത്തെ തുടർന്ന് നഷ്ടപ്പെട്ട മന്ത്രിസ്ഥാനത്തേക്ക് എ.കെ ശശീന്ദ്രന് ഉടൻ മടങ്ങിയെത്താനാകില്ല. ഫോൺ വിളി വിവാദത്തിൽ ശശീന്ദ്രനെതിരായ പീഡനകേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബർ 12ലേക്ക് മാറ്റി. ശശീന്ദ്രനെതിരായ ആരോപണത്തിൽ അന്വേഷണം നടത്തിയ ജുഡീഷ്യൽ കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമേ പരാതി പിൻവലിക്കൂ എന്നും കോടതി വ്യക്തമാക്കി. പരാതിക്കാരി 164 പ്രകാരം നൽകിയ രഹസ്യമൊഴിയും കോടതിയുടെ പക്കലുണ്ട്. ജുഡീഷ്യൽ കമ്മീഷന്റെ അന്വേഷണ പരിധിയിൽ പരാതിക്കാരിയുടെ മൊഴി വന്നിട്ടുണ്ടോയെന്നും കോടതി പരിശോധിക്കും.

അങ്ങനെ അതിസങ്കീർണ്ണമായ അവസ്ഥയിലേക്ക് ശശീന്ദ്രന്റെ കേസ് എത്തുകയാണ്. കേസ് പിൻവലിക്കാൻ ഹൈക്കോടതി അനുമതി നൽകിയില്ലെങ്കിൽ പൊലീസിന് അന്വേഷണം നടത്തേണ്ടി വരും. ഹർജി പിൻവലിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ച അധ്യക്ഷ അടക്കമുള്ള മൂന്നു പേരും അപേക്ഷ നൽകിയിരുന്നു. ഇവരുടെ ആശങ്കകൾ കോടതി തന്നെ പരിശോധിച്ചാൽ പോരെയെന്ന് ഇന്ന് കേസ് പരിഗണിക്കവേ ജസ്റ്റീസ് സുനിൽ തോമസ് ആരാഞ്ഞു. ഇവർ കക്ഷി ചേരുന്നതിനെ പരാതിക്കാരിയും എതിർത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് നീട്ടി വയ്ക്കുന്നത്. ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്നാണ് പരാതിക്കാരി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചത്. എന്നാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിൽ കേസ് പിൻവലിക്കുന്നതിനുള്ള അപേക്ഷ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.

ഇതോടെയാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട കേസുകൾ നിസാരമായി കാണാൻ കഴിയില്ലെന്നും ഇത്തരത്തിൽ കേസുകൾ പിൻവലിക്കാൻ അനുവദിക്കുന്നത് കോടതിയോടും നിയമവ്യവസ്ഥയോടുമുള്ള അവഹേളനമാണെന്നുമാണ് എതിർകക്ഷികൾ ചൂണ്ടിക്കാട്ടുന്നത്. ഇത് ഏറെ നിർണ്ണായകമാണ്. പരാതിക്കാരിക്കെതിരെ കോടതി നിലപാട് എടുക്കാനും സാധ്യതയുണ്ട്. പീഡനക്കേസ് നൽകിയ ശേഷം ഒത്തുതീർപ്പിലെത്തുന്നതിലെ സാങ്കേതികത്വവും കോടതി പരിഗണിക്കും. അങ്ങനെ അതീവ സങ്കീർണ്ണതയിലേക്ക് കാര്യങ്ങളെത്തുകയാണ്. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള ഒത്തുതീർപ്പാണ് നടക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. ഈ സാഹചര്യത്തിൽ കോടതിയും മതിയായ കരുതലുകൾ എടുക്കുന്നത്.

തോമസ് ചാണ്ടി രാജിവയ്ക്കുകയും ശശീന്ദ്രനെ കുറ്റവിമുക്തനാക്കി ജസ്റ്റീസ് ആന്റണി കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തതോടെ ശശീന്ദ്രന് മന്ത്രിസഭയിലേക്ക് ഉടൻ മടങ്ങിവരാമെന്ന പ്രതീക്ഷയിലായിരുന്നു എൻ.സി.പി നേതൃത്വം. എന്നാൽ കോടതിയിൽ നിന്ന് അനുകൂലമായ തീരുമാനം എത്തിയശേഷം മന്ത്രിസഭയിലേക്ക് മടങ്ങിവന്നൽ മതിയെന്ന് എൽ.ഡി.എഫ് നിലപാട് എടുത്തിരുന്നു. കോടതി തീരുമാനം പ്രതികൂലമായാൽ വീണ്ടും രാജിവയ്ക്കേണ്ടിവരുകയും അത് സർക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കുകയും ചെയ്യുമെന്ന ബോധ്യത്തോടെയായിരുന്നു എൽ.ഡി.എഫ് ഈ തീരുമാനം എടുത്തത്. ഈ സാഹചര്യത്തിൽ ഈ കേസ് ശശീന്ദ്രന് ഏറെ നിർണ്ണായകമാണ്. അതിനിടെ ശശീന്ദ്രനെ എത്രയും വേഗം മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നാണ് ആഗ്രഹമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരൻ മാസ്റ്റർ പ്രതികരിച്ചു.

തിരുവനന്തപുരത്തെ കോടതി നേരത്തേ പരാതിക്കാരിയായ ചാനൽ പ്രവർത്തകയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഗതാഗതമന്ത്രിയായിരുന്ന ശശീന്ദ്രനെ കാണാൻ പോയപ്പോൾ ഒപ്പമുണ്ടായിരുന്നതായി പെൺകുട്ടി പറഞ്ഞ രണ്ടു സാക്ഷികളുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. മന്ത്രിപദത്തിലിരുന്ന് ഒരു പെൺകുട്ടിയോടു ചെയ്യാൻ പാടില്ലാത്തതാണ് എ.കെ. ശശീന്ദ്രൻ ചെയ്തതെന്ന് കോടതി വിലയിരുത്തിയിരുന്നു. തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഫോണിൽ വിളിച്ച് നിരന്തരം ശല്യപ്പെടുത്തിയെന്നുമുള്ള പരാതിക്കാരിയുടെ മൊഴി കോടതി മുഖവിലയ്‌ക്കെടുക്കുകയായിരുന്നു. ഫോൺ സംഭാഷണത്തിന്റെ തെളിവുകൾ സഹിതമാണു മൊഴി നൽകിയത്. ഈ സാഹചര്യത്തിലാണ് കേസ് തള്ളണമെന്ന യുവതിയുടെ ആവശ്യം കോടതി നിരസിച്ചത്.

ചാനലിൽ അഭിമുഖത്തിനായി സമീപിച്ച തന്നോട് ഓഫീസിൽവെച്ചും മന്ത്രിമന്ദിരത്തിൽവെച്ചും ശശീന്ദ്രൻ മോശമായി പെരുമാറിയെന്നാണ് ചാനൽപ്രവർത്തകയുടെ മൊഴി. ലൈംഗികച്ചുവയോടെ അശ്ലീലസംഭാഷണം നടത്തിയ മുൻ മന്ത്രി, വഴിവിട്ട ബന്ധത്തിനു തന്നെ പ്രേരിപ്പിച്ചതായും മൊഴി നൽകിയിരുന്നു. 2106 നവംബർ 11-നാണ് മന്ത്രിയായ എ.കെ. ശശീന്ദ്രനെ നേരിട്ടു കാണുന്നത്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വാർത്തയ്ക്കായാണ് മന്ത്രിയെ കാണാൻ അനുമതി തേടിയത്. പറഞ്ഞ സമയത്ത് ചെന്നുകാണാൻ സാധിച്ചില്ല. പിന്നീട് എപ്പോഴാണു വരികയെന്നു ചോദിച്ച് മന്ത്രി നിരന്തരം വിളിച്ചു. ഒടുവിൽ മന്ത്രിമന്ദിരത്തിൽ വന്നുകാണാൻ പറഞ്ഞു. അവിടെയെത്തി മുകൾനിലയിലെ മുറിയിൽ ചെന്ന് മന്ത്രിയെ കണ്ടപ്പോൾ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നുമല്ല മന്ത്രിക്കു പറയാനുണ്ടായിരുന്നത്. ശ്രീലങ്കയിലേക്ക് ടൂർ പോകുകയാണെന്നും കൂടെച്ചെല്ലാനും മന്ത്രി നിർബന്ധിച്ചു. അവിടത്തെ സ്ത്രീകളുടെ അവസ്ഥ റിപ്പോർട്ട് ചെയ്യാൻ അവസരമൊരുക്കാമെന്നും വാഗ്ദാനം നൽകി. തന്റെ ജീവിതം മാറിമറിയാൻ പോകുകയാണെന്നു പറഞ്ഞ മന്ത്രി പിന്നെ നടത്തിയത് ലൈംഗികച്ചുവയുള്ള സംഭാഷണമാണ്. പിന്നീട് മന്ത്രി തന്നെ വിളിച്ച് മാപ്പുചോദിക്കുകയായിരുന്നു. ഇനി ഇത് ആവർത്തിക്കില്ലെന്നും ഉറപ്പുനൽകി. എന്നാൽ പിന്നീടു നിരന്തരം വിളിച്ച് ലൈംഗികച്ചുവയുള്ള സംഭാഷണം നടത്തി.

മാനസികമായി തകർന്ന താൻ ഇക്കാര്യം സ്ഥാപനത്തിന്റെ അധികാരികളെ അറിയിച്ചു. മന്ത്രി നിരന്തരം വിളിച്ച് വിദേശത്തേക്ക് യാത്ര പോകാനും നിർബന്ധിച്ചു. ഇതോടെയാണ് ഫോൺ വിളി വാർത്തയാക്കാൻ താൻ തീരുമാനിച്ചതെന്നും പരാതിയിലുണ്ട്. മന്ത്രിപദത്തിലിരുന്ന് എ.കെ. ശശീന്ദ്രൻ നടത്തിയ അശ്‌ളീല സംഭാഷണ ശകലങ്ങളും െലെംഗികാർത്ഥത്തിലുള്ള ചേഷ്ടകളുമൊക്കെ പരാതിയിൽ വ്യക്തമായി വിവരിച്ചിരുന്നു. 354(എ), 354(ഡി), 509 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു കേസെടുത്തത്. വിവാദത്തെത്തുടർന്ന് മന്ത്രി രാജിവച്ചതിനു പിന്നാലെ പൊലീസ് കേസെടുക്കുകയും മംഗളം ടെലിവിഷൻ എഡിറ്റർ ഇൻ ചീഫ് ആർ. അജിത് കുമാർ ഉൾപ്പെടെ അഞ്ചു മുതിർന്ന മാധ്യമപ്രവർത്തകരെ റിമാൻഡ് ചെയ്യുകയും ചെയ്തതിനു പിന്നാലെയാണ് പെൺകുട്ടി പരാതിയുമായി കോടതിയെ സമീപിച്ചത്.