- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താലിബാനെ പിന്തുണയ്ക്കുന്നവർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി; ചില മാധ്യമങ്ങൾ താലിബാന് വീരപരിവേഷം നൽകി; മത വർഗീയ ഭീകര സംഘടനകൾ മനുഷ്യത്വത്തെ ഞെരിച്ചു കൊല്ലുകയാണെന്നും പിണറായി വിജയൻ
തിരുവനന്തപുരം: താലിബാനെ പിന്തുണയ്ക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ പരസ്യവിമർശനം. ചില മാധ്യമങ്ങൾ താലിബാന് വീരപരിവേഷം ചാർത്തി നൽകാൻ ശ്രമിച്ചു. ഇത് അങ്ങേയറ്റം ഖേദകരവും പ്രതിഷേധാർഹവുമാണ്. അവർ എങ്ങനെയാണ് വളർന്നത്, അവരെ ആരാണ് വളർത്തിയത് എന്ന് എല്ലാവർക്കും അറിയാമെന്നും പിണറായി വിജയൻ പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ 167-ാം ജന്മ വാർഷിക ദിനത്തോടനുബന്ധിച്ച് ചെമ്പഴന്തിയിൽ നടന്ന ആഘോഷപരിപാടികൾ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യരാശിക്ക് മുന്നിൽ അഫ്ഗാൻ ഒരു വലിയ പാഠമായാണ് നിൽക്കുന്നത്. മതമൗലികവാദത്തിന്റെ പേരിൽ തീ ആളിപടർത്തിയാൽ ആ തീയിൽ തന്നെ വീണ് ജനങ്ങളും രാഷ്ട്രങ്ങളും എരിഞ്ഞുപോകുമെന്ന പാഠമാണ് ഇത് നൽകുന്നതെന്നും മുഖ്യന്ത്രി പറഞ്ഞു.
മത വർഗീയ ഭീകര സംഘടനകൾ മനുഷ്യത്വത്തെ ഞെരിച്ചു കൊല്ലുന്ന ഘട്ടം ഇതുപോലെ അധികം ഉണ്ടായിട്ടില്ല. സ്പർധ വളർത്താൻ ശ്രമിക്കുന്നവർക്കെതിരെയുള്ള സന്ദേശമാണ് ഗുരു മുന്നോട്ട് വെക്കാൻ ശ്രമിച്ചത്. ഗുരു കാട്ടിയ പാതയിലൂടെയാണ് മനുഷ്യത്വത്തിന്റെ അതിജീവനമെന്നും പിണറായി വിജയൻ പറഞ്ഞു. സർക്കാരിന്റെ എത്രയോ നടപടികളിൽ ഗുരു സന്ദേശത്തിന്റെ പ്രതിഫലനം കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ജാതിമതഭേദങ്ങൾക്ക് അതീതമായി മനുഷ്യത്വത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന സന്ദേശങ്ങൾ എന്നത്തേക്കാളും ആർജ്ജവത്തോടെ ഉയർത്തിപ്പിടിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. സാഹോദര്യവും സമത്വവും ദുർബലപ്പെടുത്തുന്ന വർഗീയരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും മുതലാളിത്ത ആശയങ്ങളും ഉയർത്തുന്ന വെല്ലുവിളികൾ മറികടന്ന് ഐക്യത്തോടെ നിൽക്കേണ്ട സന്ദർഭമാണിത്. എങ്കിൽ മാത്രമേ നിലവിലെ പ്രതിസന്ധികൾ പരിഹരിച്ച് സമാധാനവും സമൃദ്ധിയും നിറഞ്ഞ നവലോകം പടുത്തുയർത്തനാകൂ. ആ ഉദ്യമത്തിനു കരുത്തു പകരാൻ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾക്കു സാധിക്കുമെന്നും അവ മനസ്സിലാക്കാനും പ്രചരിപ്പിക്കാനും സാമൂഹത്തിന്റെ പുരോഗതിക്കായി ഉപയോഗപ്പെടുത്താനും ആത്മാർഥമായ പരിശ്രമങ്ങൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ