- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുയോഗത്തിൽ പങ്കെടുക്കാതെ വീടുകളെ കേന്ദ്രീകരിച്ചു വോട്ടുപിടിച്ചു മുന്നേറിയ പിണറായി ആവേശം വിതറുന്ന വി എസിനേക്കാൾ അപകടകാരിയെന്നു കോൺഗ്രസ് വിലയിരുത്തൽ; ഉമ്മൻ ചാണ്ടിയും പൊതുയോഗങ്ങൾ ഉപേക്ഷിച്ചത് പിണറായി സ്റ്റൈൽ അനുകരിക്കാൻ
തിരുവനന്തപുരം: പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നതു മാത്രമല്ല തെരഞ്ഞെടുപ്പു പ്രചാരണമെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞപ്പോൾ അത് വി എസ് അച്യുതാനന്ദനെതിരായ ഒളിയമ്പാണെന്നു വാർത്തകൾ പടച്ചുവിട്ട മാദ്ധ്യമങ്ങൾക്ക് ഇനി എന്താകും പറയാനുണ്ടാകുക. പൊതുയോഗങ്ങളിൽ തീപ്പൊരി വിതറി ജനങ്ങളെ കൈയിലെടുക്കുന്ന പ്രതിപക്ഷ നേതാവ
തിരുവനന്തപുരം: പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നതു മാത്രമല്ല തെരഞ്ഞെടുപ്പു പ്രചാരണമെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞപ്പോൾ അത് വി എസ് അച്യുതാനന്ദനെതിരായ ഒളിയമ്പാണെന്നു വാർത്തകൾ പടച്ചുവിട്ട മാദ്ധ്യമങ്ങൾക്ക് ഇനി എന്താകും പറയാനുണ്ടാകുക. പൊതുയോഗങ്ങളിൽ തീപ്പൊരി വിതറി ജനങ്ങളെ കൈയിലെടുക്കുന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനേക്കാൾ അപകടകാരിയാണ് താഴെത്തട്ടിൽ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്ന സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.
അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ ചുമതലക്കാരനായ പിണറായി വിജയൻ നേരിട്ടെത്തിയാണ് കീഴ്ഘടകങ്ങളിൽ വരെ നിർദ്ദേശങ്ങൾ നൽകുന്നത്. പൊതുയോഗങ്ങളിൽ പങ്കെടുക്കാതെ ചെറിയ കുടുംബയോഗങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തീരുമാനിച്ചതും ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലെന്നാണ് സൂചനകൾ.
കോടിയേരിയുടെ പ്രസ്താവന വി എസ് വിരുദ്ധ പ്രസ്താവനയായി ആഘോഷിച്ചതാണ് മാദ്ധ്യമങ്ങൾ. ഇപ്പോൾ പിണറായിയുടെ പ്രവർത്തനങ്ങളിൽ കോൺഗ്രസിനുള്ള ഭീതി മുഖ്യമന്ത്രിയടക്കമുള്ളവരുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ രീതി മാറിയതിൽ നിന്നു വ്യക്തമാണ്.
ബൂത്ത്തല കമ്മിറ്റികളിൽ നിയുക്തരായ ഏറ്റവും താഴേതട്ടിലുള്ള പ്രവർത്തകരുമായിവരെ അടുത്തിടപഴകി അവരിൽ ആവേശമുണർത്തുകയാണ് പിണറായി വിജയൻ ചെയ്യുന്നത്. ഭവനസന്ദർശനത്തിലേർപ്പെടുന്ന സ്‌ക്വാഡുകളിലുള്ള പ്രവർത്തകരെയും നേരിട്ടു കണ്ട് ഊർജം പകരാനും പിണറായിക്കാവുന്നുണ്ട്.
താഴേതട്ടിലുണ്ടാകുന്ന പ്രവർത്തന മികവാണ് വോട്ടിംഗിൽ പ്രതിഫലിക്കേണ്ടത് എന്നതിനാൽ അവിടെ ഒരു പിഴവും പാടില്ലെന്ന് ഉറപ്പിക്കാനാണ് പിണറായിയുടെ നീക്കങ്ങൾ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് അടുത്തദിവസം മുതൽ മണ്ഡലത്തിന്റെ ഓരോ മുക്കിലും മൂലയിലുമെത്തിത്തുടങ്ങിയ പിണറായി ദിവസവും അവിടെത്തന്നെയാണിപ്പോൾ. 153 ബൂത്തുകളിലെയും കമ്മിറ്റികളിൽ നാലും അഞ്ചും തവണയെത്തിക്കഴിഞ്ഞു. പൊതുയോഗത്തിലോ കുടുംബയോഗത്തിലോ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഇതുവരെ ഉണ്ടായിട്ടുമില്ല.
പ്രവചനാതീതമായ പോരാട്ടമാണ് അരുവിക്കരയിൽ നടക്കുന്നത്. സിറ്റിങ് സീറ്റാണെങ്കിലും അതു നിലനിർത്തണമെങ്കിൽ കഠിനമായ പരിശ്രമം വേണമെന്ന തിരിച്ചറിവിലാണ് യുഡിഎഫ്. ഇതിനാൽ തന്നെയാണ് മുഖ്യമന്ത്രി പോലും പ്രചാരണത്തിന്റെ കാര്യത്തിൽ ഇടതു മോഡൽ സ്വീകരിക്കുന്നത്.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രണ്ടാഴ്ചയായി അരുവിക്കരയിൽ തമ്പടിച്ച് പ്രചാരണത്തിലേർപ്പെടുകയാണെങ്കിലും ഒരൊറ്റ പൊതുയോഗത്തിൽ പോലും പങ്കെടുക്കാത്തത് ഇതിന്റെ സൂചനയാണ്. മണ്ഡലത്തിലെ ഏറ്റവും ഉൾപ്രദേശങ്ങളിൽ വരെയെത്തി കുടുംബയോഗങ്ങൾ സന്ദർശിക്കാനാണ് മുഖ്യമന്ത്രി താൽപര്യപ്പെടുന്നത്. കുടുംബയോഗങ്ങളാകുമ്പോൾ കാര്യങ്ങൾ കുറേക്കൂടി ചർച്ച ചെയ്യാനും മനസിലാക്കാനും അവസരം കിട്ടുന്നുവെന്ന് ഓരോ യോഗത്തിലും മുഖ്യമന്ത്രി ആമുഖമായി പറയുന്നുണ്ട്. ദിവസവും ഉച്ച മുതൽക്കാണ് മുഖ്യമന്ത്രിയുടെ പ്രചാരണപര്യടനം. നാളെ വരെ അദ്ദേഹം പങ്കെടുക്കുന്ന കുടുംബയോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്നലെ മാത്രം പത്തോളം കുടുംബയോഗങ്ങളിലാണ് മുഖ്യമന്ത്രി എത്തിയത്.
വോട്ടെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കെ, ഇരുമുന്നണികളും തങ്ങളുടെ വിജയം ഉറപ്പിക്കാൻ ഊർജിത ശ്രമത്തിലാണ്. ബിജെപി സ്ഥാനാർത്ഥി ഒ. രാജഗോപാലും പി.സി. ജോർജിന്റെ അഴിമതി വിരുദ്ധ മുന്നണി സ്ഥാനാർത്ഥി കെ. ദാസും പിടിക്കുന്ന വോട്ടുകളും അവസാന നിമിഷത്തെ അടിയൊഴുക്കുകളും ആരെ തുണയ്ക്കുമെന്നതാണ് ഇനി അറിയേണ്ടത്.
ബിജെപി കഴിഞ്ഞ തവണത്തെക്കാൾ വോട്ട് പിടിച്ചേക്കുമെന്നു തന്നെയാണ് എൽഡിഎഫും യുഡിഎഫും കരുതുന്നത്. തങ്ങളുടെ പക്കൽ നിന്ന് വോട്ടു ചോരാതിരിക്കാനുള്ള ശ്രമങ്ങളാണ് ഇരുമുന്നണികളും നടത്തുന്നത്.
പി.സി. ജോർജിന്റെ അഴിമതി വിരുദ്ധ ജനകീയ മുന്നണി സ്ഥാനാർത്ഥി കെ. ദാസും പ്രചാരണ രംഗത്ത് സജീവമാണ്. ദാസ് പിടിക്കുന്ന വോട്ടുകൾ മുഖ്യമായും യു.ഡി.എഫിനാകും ദോഷം ചെയ്യുക. പ്രചാരണം അതിശക്തമായതിനാൽ ഇക്കുറി പോളിങ് നിലയും ഉയരുമെന്നു തന്നെയാണ് കരുതുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 70 ശതമാനം ആയിരുന്നു പോളിങ്. ഇത്തവണ 80 ശതമാനത്തിനു മുകളിലെത്തുമെന്നാണു പ്രതീക്ഷ. പതിനൊന്നായിരത്തിലേറെ പുതിയ വോട്ടർമാരും മണ്ഡലത്തിലുണ്ട്. ഇവരുടെ പിന്തുണ ആർക്കാണെന്നതും വിജയസാധ്യതയെ ബാധിച്ചേക്കും.