തിരുവനന്തപുരം: ദളിതരെയും ന്യൂനപക്ഷങ്ങളെയും വേട്ടയാടാനുള്ള ഉപകരണമാക്കി യുപിഎ നിയമത്തെ മാറ്റുകയാണെന്ന മുസ്ലിംലീഗിന്റെ ആരോപണത്തിനു മറുപടി നല്കി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് യുഎപിഎ ചുമത്തേണ്ട സാഹചര്യമില്ലെന്ന് തിരുവനന്തപുരത്ത് നടക്കുന്ന സിപിഐ(എം) കേന്ദ്രകമ്മിറ്റി യോഗത്തിന്റെ ഭാഗമായ പൊതുസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ചില കേസുകളിൽ യുഎപിഎ ചുമത്തിയ നടപടി ന്യായീകരിക്കത്തക്കതല്ല എന്ന വാദത്തേട് യോജിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. യുഎപിഎ വലിയ തോതിൽ ദുരുപയോഗം ചെയ്യപ്പെട്ട നിയമമമാണ്. അനാവശ്യമായി അത് ഉപയോഗിക്കേണ്ടതില്ല. ചിലപ്പോൾ തീവ്രവാദ കേസുകളിൽ വേണ്ടിവന്നേക്കാം. ചില കേസുകളിൽ യുഎപിഎ ചുമത്തിയ നടപടി ന്യായീകരിക്കത്തക്കതല്ല എന്ന വാദത്തേട് യോജിക്കുകയാണ്. ഇത്തരം കേസുകൾ പുനഃപരിശോധിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

മത ന്യൂനപക്ഷങ്ങൾക്ക് ഒരു പ്രയാസവും ഉണ്ടാകരുത്. ന്യൂനപക്ഷമായി പോയതുകൊണ്ട് ആർക്കും ഒരുവിധ പ്രശ്നവും അനുഭവിക്കേണ്ടി വരില്ല. എന്നാൽ തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ല. കുട്ടികളെ എങ്ങനെ മതംമാറ്റാം എന്ന് പഠിപ്പിക്കുന്ന സിലബസ് സ്‌കൂളുകളിൽ ആവശ്യമില്ല.

തീവ്രവാദത്തിനെതിരെ പ്രവർത്തിക്കാൻ ലീഗ് അടക്കമുള്ള പാർട്ടികളും ന്യൂനപക്ഷ വിഭാഗത്തിലെ മതേതര സംഘടനകളും മുന്നോട്ടുവരണം. ഏതെങ്കിലും സ്ഥലത്ത് തെറ്റായ രീതിയിൽ പൊലീസ് ഏതെങ്കിലും പ്രശ്നം കൈകാര്യം ചെയ്താൽ സർക്കാർ ഇടപെട്ട് തിരുത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം മുസ്ലിംലീഗിന്റെ ജനജാഗരണ കാമ്പെയിൻ ഉദ്ഘാടനം ചെയ്തു സംസാരിച്ച സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് യുപിഎ നിയമവും പോട്ടയും ടാഡയുമെല്ലാം ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ഉപയോഗിക്കുന്നതായി ആരോപിച്ചത്. ഈ കരിനിയമം ഒരു പ്രത്യേക സമുദായത്തിനെതിരെ കൂടുതൽ കൂടുതൽ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.