തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ സർവേക്ക് കൃഷിവകുപ്പ് ജീവനക്കാരെയും അദ്ധ്യാപകരെയും നിയോഗിക്കാനുള്ള നീക്കത്തിൽ മന്ത്രിസഭയിൽ ഭിന്നത. സിപിഎം-സിപിഐ മന്ത്രിമാർ യോജിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും തലവേദനയാണ്. തദ്ദേശമന്ത്രി എം വി ഗോവിന്ദന്റെ നിർദേശങ്ങളോട് മന്ത്രിമാരായ വി. ശിവൻകുട്ടിയും പി. പ്രസാദും വിയോജിച്ചതോടെ വിഷയത്തിൽ തീരുമാനമെടുക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ഇനി ഇക്കാര്യത്തിൽ മുഖ്യമന്ത്രി തീരുമാനം എടുക്കും.

ലൈഫ് സർവേക്ക് നിയോഗിക്കുന്നതിനെതിരേ കൃഷിവകുപ്പ് ജീവനക്കാരും പഞ്ചായത്ത് അസോസിയേഷനും പരസ്യഏറ്റുമുട്ടലിലേക്ക് കടന്നതോടെ ജീവനക്കാരുടെ വിന്യാസം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ചമുമ്പ് ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ബുധനാഴ്ച ഓൺലൈൻ യോഗത്തിൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ചർച്ചയ്‌ക്കെടുത്തതോടെയാണ് മന്ത്രിമാർ വ്യത്യസ്തനിലപാടെടുത്തത്. ഇതോടെ തീരുമാനം എടുക്കാനും കഴിഞ്ഞില്ല.

ഇതരവകുപ്പുകളിലെ ജീവനക്കാരെ തദ്ദേശസ്ഥാപനങ്ങളുടെ ജോലിക്ക് വിനിയോഗിക്കുന്നതിന് അതത് വകുപ്പുകളിലെ ജില്ലാ അധികാരികളുടെ അഭിപ്രായത്തോടെ കളക്ടർമാർക്ക് നിർദ്ദേശം നൽകാമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചിരുന്നു. ഇതിനെ ആദ്യം എതിർത്തത് മന്ത്രി ശിവൻകുട്ടിയാണ്. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ ജോലി ഭാരം അദ്ദേഹം ചർച്ചയാക്കി. വകുപ്പ് സെക്രട്ടറിമാരുടെ നിലപാട് തീരുമാനത്തിൽ നിർണ്ണായകമാണെന്ന് ശിവൻകുട്ടി പറഞ്ഞു. ഇതിനെ മന്ത്രി പ്രസാദും പിന്തുണച്ചു.

2018-ലെ പ്രളയസമയത്തേതടക്കം കാർഷികമേഖലയിലുണ്ടായ നാശനഷ്ടം കണക്കാക്കി നഷ്ടപരിഹാരം നൽകുന്നതിനുള്ള അപേക്ഷകൾ സമയബന്ധിതമായി തീർക്കുന്നതിനുള്ള നടപടികളിലാണ് കൃഷിവകുപ്പ്. അപേക്ഷകളിൽ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്ന് കൃഷിവകുപ്പ് ജീവനക്കാർക്ക് നിർദ്ദേശം നൽകിയതിനു പിന്നാലെയാണ് ലൈഫ് സർവേക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവിറക്കിയതെന്ന് പ്രസാദ് ചൂണ്ടിക്കാട്ടി. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും വിശദീകരിച്ചു.

ഇതോടെ എം വി ഗോവിന്ദൻ രംഗത്തുവരികയായിരുന്നു. ഉദ്യോഗസ്ഥവിന്യാസത്തിന് സെക്രട്ടറിമാരുടെ അനുമതിവേണമെന്ന നിർദേശത്തോട് യോജിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശവകുപ്പിന്റെ അധികാരം കുറയ്ക്കുന്ന നിർദേശമാണിത്. അധികാര വികേന്ദ്രീകരണത്തെത്തുടർന്ന് പതിമ്മൂന്നു വകുപ്പുകളുടെ സേവനം തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിക്കിട്ടിയെങ്കിലും എല്ലാജീവനക്കാരുടെയും സേവനം കാര്യമായി ഉപോയോഗപ്പെടുത്താനായിട്ടില്ല. ലൈഫ് സർവേ ഏതാണ്ട് 65 ശതമാനത്തോളം പൂർത്തിയായിക്കഴിഞ്ഞു-മന്ത്രി പറഞ്ഞു. ഇതോടെ മുഖ്യമന്ത്രി ഇഠപെട്ടു.

വകുപ്പുകൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് ലൈഫ് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സർവേ ഒന്നരമാസത്തോളമായി തടസ്സപ്പെട്ടിരിക്കുകയാണ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അദ്ധ്യാപകരെ മറ്റുജോലികൾക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് അദ്ധ്യാപക സംഘടനകൾ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് മന്ത്രി ശിവൻകുട്ടിയും മന്ത്രിസഭാ യോഗത്തിൽ ചർച്ചയാക്കിയത്.

ജോലിത്തിരക്കുകാരണം ലൈഫ് സർവേയോട് സഹകരിക്കാതിരുന്ന കൃഷിവകുപ്പ് ജീവനക്കാരെ തദ്ദേശസ്ഥാപന അധികൃതർ സസ്‌പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ അംഗീകരിക്കാനാവില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ പി. പ്രസാദ് ചൂണ്ടിക്കാട്ടി.