- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശബരിമലയിൽ നോ കമന്റ്; പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരത്തിൽ തീർത്തും പെട്ടു; തീരദേശത്തെ വികാരം ആളിക്കത്തിച്ച് ആഴക്കടൽ ഇടപാടും; പ്രതിരോധത്തിൽ സർക്കാർ വലയുമ്പോൾ രക്ഷിക്കാൻ ചാനലുകാരുടെ സർവ്വേ എത്തുമെന്ന പ്രതീക്ഷയിൽ ഇടതുപക്ഷം; 'ജാഥാ രാഷ്ട്രീയം' സർക്കാരിന് കുരുക്കുമ്പോൾ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കേരളം എല്ലാ അർത്ഥത്തിലും കടന്നു കഴിഞ്ഞു. പലവിധ ചർച്ചകൾ ഉയരുന്നുണ്ട്. സൈബർ സഖാക്കളുടെ കരുത്തിൽ സോഷ്യൽ മീഡിയയിൽ ജയം നേടാനുള്ള നെട്ടോട്ടത്തിലാണ് ഇടതുപക്ഷം. ദൃശ്യം രണ്ട് സിനിമയിലെ റോഡ് പണി പോലും ചർച്ചയാകുന്നു. എന്നാൽ പ്രതിപക്ഷം ഉയർത്തുന്ന രാഷ്ട്രീയ ആരോപണങ്ങൾക്ക് സർക്കാരിന് മറുപടി പറയാനും കഴിയുന്നില്ല. ഇത് മറി കടക്കാൻ പുതിയ തന്ത്രങ്ങൾ തേടുകയാണ് സർക്കാർ.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ 'ഐശ്വര്യ കേരള യാത്ര' യുടെ ഉദ്ഘാടന വേദിയിൽ ശബരിമല വിഷയം യുഡിഎഫ് തന്ത്രപൂർവം ഉയർത്തി. യാത്ര സമാപിക്കുമ്പോൾ ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദവും. പിൻവാതിൽ നിയമന വിവാദവും സെക്രട്ടേറിയറ്റ് നടയിലെ പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവർ ആരംഭിച്ച സമരവും പ്രതിസന്ധിയായി. ഇതിനെ മറികടക്കാൻ പല വഴികൾ തേടുന്നുണ്ട് പിണറായി സർക്കാർ. തുടർഭരണത്തിന്റെ സാധ്യത കൂടതൽ ആവേശത്തോടെ ഉയർത്താൻ സർവ്വേ ഫലം എത്തുമെന്ന പ്രതീക്ഷയിലാണ് സിപിഎം.
സർവ്വേ ഫലം അനുകൂലമായാൽ അത് ഉയർത്തി പ്രചരണം. അല്ലെങ്കിൽ ബൂർഷാ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്ന സ്ഥിര തന്ത്രം. സർക്കാരിനെ പിന്തുണയ്ക്കുന്ന ചില ചാനലുകളും സർവ്വേ നടത്തുന്നുണ്ട്. തോറ്റ് തുന്നം പാടിയ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പോടിയായി നടത്തിയ സർവ്വേയിൽ കേരളത്തിൽ പിണറായി തരംഗമാണെന്ന് കണ്ടെത്തിയവരും ഉണ്ടായിരുന്നു. ഈ ചാനൽ ഇത്തവണയും രക്ഷയ്‌ക്കെത്തുമെന്ന് കരുതുന്ന സിപിഎം നേതാക്കളുണ്ട്. ഈ സാഹചര്യത്തിലാണ് റോഡ് പണിക്ക് അപ്പുറം വിവാദത്തിൽ ഒന്നും മറുപടി പറയേണ്ടതില്ലെന്ന ഇടത് തീരുമാനം.
ശബരിമലയിൽ ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന യുഡിഎഫ് പ്രഖ്യാപനത്തോടു പ്രതികരിച്ചു കെണിയിൽ വീഴേണ്ട എന്നാണ് സിപിഎം തീരുമാനം. സുപ്രീംകോടതി വിധി എന്തായാലും അനുരഞ്ജന മാർഗം സ്വീകരിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ഈ വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിൽക്കുമെന്ന് തെളിച്ചു പറയാൻ സർക്കാരിന് ആയില്ല. 10 വർഷം താൽക്കാലിക ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുന്നതു മാനുഷിക പരിഗണനയുടെ പേരിലാണെന്നു വാദിച്ച പാർട്ടിയും ഒടുവിൽ അത് വേണ്ടെന്ന് വച്ചു. ഹൈക്കോടതിയുടെ ശാസന ഭയന്നായിരുന്നു അത്.
കേരളത്തിന്റെ മത്സ്യസമ്പത്തു തീറെഴുതി കൊടുക്കാൻ നോക്കുന്നു എന്ന ആരോപണം ചെന്നിത്തല ഉയർത്തിയതോടെ മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്കും ഇ.പി.ജയരാജനും പിന്നാലെ മുഖ്യമന്ത്രിക്കും വിശദീകരണങ്ങളുമായി വരേണ്ടി വന്നു. കുത്തകകൾക്ക് വേണ്ടിയുള്ളതാണ് ഈ നീക്കമെന്നാണ് ആക്ഷേപം. രാഷ്ട്രീയ ചർച്ചകളിൽ പ്രതിപക്ഷത്തെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ജാഥാ ക്യാപ്റ്റനായ എ.വിജയരാഘവന്റെ ചില പ്രസ്താവനകൾ 'ബൂമറങായി' മാറുകയും ചെയ്തു.
പ്രതിപക്ഷ നേതാവിന്റെ ജാഥയിലെ ജനപങ്കാളിത്തവും സിപിഎം ഗൗരവത്തോടെ എടുത്തിട്ടുണ്ട്. സിപിഎം ജാഥയിൽ ഈ പിന്തുണ കാണുന്നുമില്ല. ഇതെല്ലാം തദ്ദേശത്തിലെ നേട്ടം കൈവിട്ടു പോകുന്നതിന്റെ സൂചനകളായി വിലയിരുത്തുന്നവരുമുണ്ട്. ബിജെപിയുടെ ജാഥയും ഇന്ന് തുടങ്ങും. സർക്കാരിനെതിരായ രാഷ്ട്രീയം ചർച്ചയാക്കാനാകും കെ സുരേന്ദ്രനും ശ്രമിക്കുക. രാഹുൽ ഗാന്ധിയും അമിത് ഷായും കേരളത്തിൽ എത്തുന്നമുണ്ട്. നിയമസഭയിലെ രാഷ്ട്രീയം അങ്ങനെ വ്യക്തമാകും.
മറുനാടന് മലയാളി ബ്യൂറോ