കണ്ണൂർ: വായ്പയെടുക്കാനായി സഹകരണ സൊസെറ്റിയിൽ വന്ന യുവതിയെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നതിനായി പിണാറായിയിലെ സിപിഎം നേതാവ് നടത്തിയ പ്രലോഭനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലാണ് പാർട്ടി കുടുംബത്തിൽപ്പെട്ട യുവതിയോട് സിപിഎം നേതാവ് വാട്‌സ് ആപ്പിലൂടെ അശ്ലീല പരാമർശം നടത്തിയത്. 'ഞാൻ ചോദിച്ചതു വേഗം തന്നോ ലോൺ പാസേക്കേണ്ട' എന്നിങ്ങനെയുള്ള പച്ചയായ അശ്ലീല പരാമർശങ്ങളാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ നേതാവ് നടത്തിയത്.

പിണറായി ഫാർമേഴ്‌സ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസെറ്റി സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ നിഖിൽ നാരങ്ങോളിയാണ് പാർട്ടി കുടുംബത്തിൽപ്പെട്ട യുവതിയോട് ലൈംഗിക താൽപര്യത്തോടെ വാട്‌സ് ആപ്പിൽ സന്ദേശം കൈമാറിയത്.

കഴിഞ്ഞയാഴ്‌ച്ചയാണ് യുവതി സഹകരണ സൊ സെറ്റിയിൽ അൻപതിനായിരം രൂപ വ്യക്തിഗത വായ്പയെടുക്കാനായി എത്തിയത്.നിഖിലിനെ കണ്ട് വായ്പാ ഫോറം പൂരിപ്പിച്ചു നൽകിയ യുവതി ജാമ്യക്കാരായി അച്ഛനെയും മറ്റൊരാളെയും കൊണ്ടുവരാമെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു ഇതിനു ശേഷമാണ് നിഖിൽ തന്റെ വിളയാട്ടം തുടങ്ങിയത്.

രാത്രിയിൽ യുവതിയുമായി വാട്‌സ് ആപ്പിൽ ചാറ്റു ചെയ്ത നിഖിൽ ലോൺ വേണമെങ്കിൽ തനിക്ക് ലൈംഗിക ബന്ധത്തിലേർപ്പെടാൻ വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സിപിഎം അണ്ടലൂർ കിഴക്കുംഭാഗം ബ്രാഞ്ച് സെക്രട്ടറിയായ നിഖിലിന്റെ പ്രവൃത്തി യുവതി പിതാവിനെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നു.

ഇതിനു ശേഷമാണ് ഇവർ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലനെ വിവരം അറിയിക്കുകയും സൊസെറ്റി പ്രസിഡന്റുകൂടിയായ ബാലനോട് നടപടിയെടുക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.എന്നാൽ പാർട്ടിക്കുള്ളിൽ തന്നെ പ്രശ്‌നം ഒതുക്കി തീർക്കാനുള്ള ഇടപെടലുകളാണ് നടന്നത്.

ഇതിൽ പ്രതിഷേധിച്ച് യുവതിയും കുടുംബവും മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും സൊസെറ്റിക്ക് മുൻപിൽ നിരാഹാരം കിടക്കുമെന്നും പറഞ്ഞതോടെയാണ് മനസില്ലാ മനസോടെ നേതൃത്വം നിഖിലിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

എന്നാൽ പാർട്ടി ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും ഇയാളെ സസ്‌പെൻഡ് ചെയ്യാൻ തയ്യാറായിട്ടില്ല. ഇതിൽ പാർട്ടിക്കുള്ളിൽ നിന്നു തന്നെ വ്യാപകമായ പ്രതിഷേധമുയരുന്നുണ്ട്. സി. പി.എമ്മിനായി സൈബർ രംഗത്തും പുറത്തും പോരാടുന്ന നവ സഖാക്കളിലൊരാളാണ് നിഖിൽ നാരങ്ങോളി' ഇയാൾക്കെതിരെയുള്ള നടപടി അർജുൻ ആയങ്കി വിഷയത്തിന് ശേഷംപാർട്ടിക്ക് മറ്റൊരു നാണക്കേടായി മാറിയിരിക്കുകയാണ്.