തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിലേറിയെ ശേഷം വർഷം ഒന്നര മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇതിനിടയിൽ രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ഗതാഗത വകുപ്പ് മന്ത്രി തോമസ്ചാണ്ടി. വി ടി ബൽറാം എംഎൽഎയുടെ ഭാഷയിൽ പറഞ്ഞാൽ മൂന്നാമത്തെ വിക്കറ്റ്. കൃത്യമായ ഇടവേളകളിലാണ് ഓരോ മന്ത്രിയും രാജിവെച്ചത് എന്നു കൂടി പരിഗണിക്കുമ്പോൾ പിണറായി മന്ത്രിസഭയുടെ പോക്ക് നേരായ വഴിയിൽ അല്ലെന്ന് വ്യക്തമാകും.

2016 മെയ് 25ാം തീയ്യതിയാണ് പിണറായി സർക്കാർ അധികാരത്തിലേറിയത്. ഇതിന് ശേഷം കൃത്യമായ ഇടവേളകളിൽ തന്നെ വിക്കറ്റുകൾ വീണു കൊണ്ടിരുന്നു. അധികാരത്തിലേറി ആറ് മാസം കഴിയുമ്പോൾ മന്ത്രിസഭയിലെ രണ്ടാമനായ ഇ പി ജയരാജൻ രാജിവെച്ചപ്പോൾ ഇതിന് ശേഷം അഞ്ച് മാസം കഴിയുമ്പോൾ പെൺകെണിയിൽ കുരുങ്ങി മന്ത്രി എ കെ ശശീന്ദ്രനും രാജിവെച്ചു. ഇതിന് ശേഷം എട്ട് മാസം പിന്നിടുമ്പോഴാണ് മൂന്നാമത്തെ മന്ത്രിയും രാജിവെക്കേണ്ട വരുന്നത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴുന്നതു കൊണ്ട് ഭരണം അഞ്ച് വർഷം പൂർത്തിയാകുമ്പോൾ എന്ത്ര മന്ത്രിമാർ രാജിവെക്കേണ്ടി വരും എന്ന ചോദ്യം തന്നെ വിവിധ കോണുകളിൽ നിന്നും ഉയർന്നു തുടങ്ങിയിട്ടുണ്ട്.

കോടതി പരാമർശത്തെ തുടർന്നാണ് മുന്മന്ത്രിസഭയിൽ നിന്നും കെ എം മാണി രാജി വെക്കേണ്ടി വന്നത്. കുടുംബ പ്രശ്‌നങ്ങലെ തുടർന്ന കെ ബി ഗണേശ് കുമാറിനും രാജി വെക്കേണ്ടി വന്നു. മാണിക്ക് കേൾക്കേണ്ടി വന്നതിന്റെ ഇരട്ടി വിമർശനമാണ് തോമസ് ചാണ്ടിക്ക് ഹൈക്കോടതിയിൽ നിന്നും കേൾക്കേണ്ടി വന്നത്. എന്നാൽ, ഇതിലും കടുത്ത വിമർശനമാണ് ചാണ്ടി കേൾക്കേണ്ടി വന്നതും. ഗത്യന്തരമമില്ലാതെ രാജിവെക്കേണ്ടി വന്നതും. ഇത് ഇതുവരെ വിഷയത്തിൽ ചാണ്ടിയെ പിന്തുണച്ച പിണറായി വിജയനും തിരിച്ചടിയായി മാറി.

രണ്ടാമനെ വീഴ്‌ത്തിയ ബന്ധു നിയമന വിവാദം

ആദ്യമായി മന്ത്രിസ്ഥാനം പോയ ഇപി ജയരാജൻ കുരുങ്ങിയത് ബന്ധു നിയമന വിവാദത്തിലായിരുന്നു. ഈ വിഷയത്തിൽ പാർട്ടിക്കുള്ളിൽ നിന്നും ശക്തമായ എതിർന്ന് നേരിടേണ്ടി വന്നതോടെയാണ് വ്യവസായ മന്ത്രിസ്ഥാനത്തു നിന്നും ഇപി ജയരാജൻ രാജിവെക്കേണ്ടി വന്നത്. ഒക്ടോബർ 16ാം തീയ്യതിയാണ് ഇ പി ജയരാജന് രാജിവെക്കേണ്ടി വന്നത്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ എം.ഡി സ്ഥാനത്ത് പി.കെ ശ്രീമതി ടീച്ചറിന്റെ മകൻ സുധീർ നമ്പ്യാരെയും കേരള ക്ലെയ്‌സ് ആൻഡ് സെറാമിക്സിന്റെ ജനറൽ മാനേജർ സ്ഥാനത്ത് സഹോദര പുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ നിയമിച്ചതുമാണ് ജയരാജനെ വെട്ടിലാക്കിയത്. ബന്ധു നിയമനങ്ങൾ വിവാദമായതിനെ തുടർന്ന് ജയരാജനെ പാർട്ടിയും എൽ.ഡി.എഫ് ഘടകകക്ഷികളും കൈവിടുകയായിരുന്നു.

സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ജയരാജനെതിരെ രൂക്ഷ വിമർശനം ഉയർന്നതിനു പിന്നാലെയാണ് മന്ത്രിക്ക് രാജിവെക്കേണ്ടി വന്നത്. ജയരാജൻ പാർട്ടിക്ക് അപമാനമാണെന്നും മാതൃകാപരമായ നടപടി വേണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. രാജിവെച്ചേ മതിയാകു എന്ന് മുഖ്യമന്ത്രി സെക്രട്ടറിയേറ്റ് യോഗത്തിൽ നിലപാടെടുത്തതോടെ രാജിയല്ലാതെ മറ്റൊരു വഴിയുമുണ്ടായില്ല. തുടർന്ന് തനിക്ക് തെറ്റുപറ്റിയതായി യോഗത്തിൽ ജയരാജൻ സമ്മതിക്കുകയും മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങി നിൽക്കാൻ താത്പര്യമില്ലെന്ന് യോഗത്തെ അറിയിക്കുകയുമായിരുന്നു.

അതേസമയം വിജിലൻസ് അന്വേഷണത്തിന് ഒടുവിൽ ഇപി ജയരാജൻ കുറ്റവിമുക്തനായിരിക്കയാണ്. ഈ അവസരത്തിലാണ് തോമസ് ചാണ്ടി രാജി വെക്കുന്നതും. പകരം മന്ത്രിയാകാൻ എൻസിപിയിലെ എ കെ ശശീന്ദ്രന് സാധിക്കുമോ എന്ന കാര്യവും സംശയമാണ്. ഈ അവസരത്തിലാണ് ഇ പി ജയരാജനും മന്ത്രിസഭയിലേക്ക് തിരിച്ചെത്താൻ സാധ്യത കുറവാണ് താനും.

പെൺകെണിയിൽ കുരുങ്ങിയ എ കെ ശശീന്ദ്രൻ

ഇ പി ജയരാജന് മന്ത്രിസ്ഥാനം നഷ്ടമായത ദിനത്തിന് അഞ്ച് മാസത്തിന് ശേഷമാണ് എ കെ ശശീന്ദ്രൻ ഗതാഗത മന്ത്രിസ്ഥാനം നഷ്ടമാകുന്നത്. മംഗളം ചാനൽ ലോഞ്ചിംഗിൽ വന്ന ബ്രേക്കിങ് സ്‌റ്റോറിയാണ് മന്ത്രിയെ കുരുക്കിയത്. മംഗളം ചാനൽ ലേഖികയുമായുള്ള അശ്ലീല സംഭാഷണം നടത്തുന്ന ഓഡിയോ ചാനൽ പുറത്തുവിട്ടതാണ് ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയത്. എന്നാൽ, ഇപി ജയരാജന് പ്രതികൂലമായ ജനവികാരം ശശീന്ദ്രനെതിരെ ഉണ്ടായില്ല. അദ്ദേഹത്തെ കുടുക്കിയതാണ് എന്ന വികാരമായിരുന്നു പൊതുവേ ഉയർന്നത്.

സ്ത്രീയോട് ലൈംഗിക വൈകൃത സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് ഗതാഗത മന്ത്രി രാജിവെച്ചത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ കടിച്ചുതൂങ്ങാതെ രാജിവെക്കുകയായിരുന്നു ശശീന്ദ്രൻ. മംഗളം ചാനലാണ് ശശീന്ദ്രന്റേതെന്ന് പറഞ്ഞ് ലൈംഗികചുവയുള്ള സംഭാഷണത്തിന്റെ ഓഡിയോക്ലിപ്പ് പുറത്തു വിട്ടത്. മറുഭാഗത്തുള്ള സ്ത്രീയുടെ ശബ്ദം ചാനൽ പ്രക്ഷേപം ചെയ്തിരുന്നില്ല. ഈ സംഭവത്തെ തുടർന്ന് മംഗളം ചാനലിലെ മൂന്ന് മാധ്യമപ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്യുകയും അഴിക്കുള്ളിൽ അടക്കുകയും ചെയ്തിരുന്നു.

കായൽ വഴുങ്ങിയ ചാണ്ടി ഗതികെട്ട് പുറത്ത്

മാർത്താണ്ഡം കായൽ കൈയേറ്റം വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ തുടർച്ചയായി പുറത്തുവന്നതോടെയാണ് ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് ഇപ്പോൾ രാജിവെക്കേണ്ടി വന്നത്. കോടതിയെ സമീപിച്ചും പിടിച്ചു നിൽക്കാൻ പതിനെട്ട് അടവും പയറ്റിയെങ്കിലും ചാണ്ടിക്ക് തിരിച്ചടി തന്നെയാണ് ഫലം. എട്ട് മാസം മന്ത്രിക്കസേരയിൽ ഇരിക്കാൻ ചാണ്ടിക്ക് സാധിച്ചു. മുഖ്യമന്ത്രിയുടെ പിന്തുണ ഒന്നു കൊണ്ടു മാത്രമാണ് തോമസ് ചാണ്ടി രാജി നീട്ടിക്കൊണ്ടു പോയത്.

കായൽ കയ്യേറ്റത്തിന്റെ പേരിൽ മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന നിലപാടിലാണ് എൽഡിഎഫ് നേതൃത്വം. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തിയാണ് യോഗം പിരിഞ്ഞത്. മാധ്യമങ്ങളോട് പണ്ടേ കലിപ്പുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിലും വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചത്. മാധ്യമങ്ങളുടെ അജണ്ടകൾക്ക് കീഴടങ്ങണമോയെന്നും നാളെയും ഏതു മന്ത്രിമാർക്കെതിരെയും വാർത്തകൾ സൃഷ്ടിച്ചുവിടാൻ സാധ്യതയുണ്ടെന്നുമുള്ള നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. അപ്പോഴൊക്കെ രാജി എന്ന കീഴ്‌വഴക്കമുണ്ടാക്കണമോയെന്ന് എല്ലാവരും ചിന്തിക്കണമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. കഴിഞ്ഞദിവസം ചേർന്ന സി.പി.എം യോഗങ്ങളിലും സിപിഐയുമായുള്ള ഉഭയകക്ഷി ചർച്ചയിലുമെല്ലാം മുഖ്യമന്ത്രി ഈ നിലപാടാണെടുത്തത്.

മുമ്പ് ഇ.പി. ജയരാജനും എ.കെ. ശശീന്ദ്രനും രാജിവെച്ചത് മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ്. ആ മന്ത്രിമാർക്കെതിരെ കേസ് ഇല്ലായിരുന്നു. ആ ആരോപണങ്ങളെല്ലാം തെറ്റായിരുന്നെന്ന് പിന്നീട് തെളിയുകയും ചെയ്തു. ഇപ്പോൾ തോമസ് ചാണ്ടിക്കെതിരെയും മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിക്കുകയാണ്. നാളെ അവർ ഒരുമിച്ചുനിന്ന് ഏതെങ്കിലും മന്ത്രിയെക്കുറിച്ച് പത്ത് വാർത്തകൾ കൊടുത്താൽ അതിന്റെ പേരിൽ അവരും രാജിവെക്കേണ്ടിവരും എന്നുള്ള നിലപാടാണ് പിണറായി സ്വീകരിച്ചത്.

തുടർച്ചയായ മൂന്ന് മന്ത്രിമാരുടെ രാജി പിണറായി സർക്കാറിനെ ശരിക്കും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സർക്കാറിന് വേഗം പോരെന്ന വിമർശനങ്ങൾ ഒരു വശത്ത് ശക്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ അടുത്തു തന്നെ മന്ത്രിസഭാ പുനഃസംഘടനയിലേക്ക് നീങ്ങുമോ എന്നും കാത്തിരിക്കേണ്ടതുണ്ട്.