തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. ചെലവ് ചുരുക്കലിന് സാധാരണക്കാരെ നിർബന്ധിക്കുന്ന സർക്കാർ. പദ്ധതി നടത്തിപ്പിന് പോലും കാശില്ല. പക്ഷേ മന്ത്രിമാർക്കും എംഎൽഎമാർക്കും പതിനായിരങ്ങൾ വിലയുള്ള കണ്ണടയ്ക്ക് ഖജനാവിൽ നിന്ന് കാശു കൊടുക്കും. ഇപ്പോഴിതാ ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ മന്ത്രിമാർക്ക് ഔദ്യോഗിക വാഹനങ്ങൾ വാങ്ങാൻ ചെലവിട്ടത് 6,68,82,307 രൂപയെന്ന ഞെട്ടിക്കുന്ന കണക്കും പുറത്തുവരുന്നു. മുഖ്യമന്ത്രിയുൾപ്പടെ മന്ത്രിമാർക്കായി 35 പുതിയ വാഹനങ്ങളാണ് ഇതുവരെ വാങ്ങിയത്.

അധികാരത്തിൽ ഏൽക്കുമ്പോൾ ചെലവ് കുറയ്ക്കലായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാന പ്രഖ്യാപനം. മന്ത്രിമാരുടെ എണ്ണം കുറച്ചു. മന്ത്രി മന്ദിരങ്ങളിലെ ആഡംബര മോടി പിടിപ്പിക്കൽ വേണ്ടെന്ന് വച്ചു. അങ്ങനെ എല്ലാവരുടേയും കൈയടി നേടിയ തുടക്കം. പക്ഷം വിവാദങ്ങൾക്കിടയിലൂടെ മുഖ്യമന്ത്രിയായി പിണറായി നടന്ന് നീങ്ങുമ്പോൾ സർക്കാരിനെതിരെ പാഴ് ചെലവുകളുടെ വാർത്തകളും സജീവമാകുന്നു. അതിൽ ഏറ്റവും പുതിയതാണ് കാറ് വാങ്ങൽ വാർത്ത. ലക്ഷങ്ങൾ വിലയുള്ള കാറുകളാണ് മന്ത്രിമാർ ഉപയോഗിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനവും സ്‌പെയർ വാഹനവും കൂടാതെ ഓഫീസ് ആവശ്യത്തിന് മാത്രം 11 വണ്ടികളാണ് ടൂറിസം വകുപ്പ് അനുവദിച്ചിരിക്കുന്നത്. പ്രൈവറ്റ് സെക്രട്ടറിമാർ, ഓഫീസ് സ്റ്റാഫ്, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എന്നിവർക്ക് ഇന്നോവയും പൊളിറ്റിക്കൽ സെക്രട്ടറി, ശാസ്ത്ര ഉപദേഷ്ടാവ്, വികസന ഉപദേഷ്ടാവ്, നിയമോപദേശകൻ എന്നിവർക്ക് പഴയ മോഡൽ ആൾട്ടിസും പ്രിൻസിപ്പൽ സെക്രട്ടറിക്കുള്ള മാരുതി എസ്. എക്‌സ് 4ഉം സ്‌കോഡയുമുൾപ്പെടെയാണിത്. മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ യാത്രയ്ക്ക് ഓഖി ഫണ്ടിൽ നിന്ന് തുകയെടുത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കണക്ക് എത്തുന്നത്.

ആഡംബര കാറു വാങ്ങലിൽ പ്രതിപക്ഷ നേതാവും പിന്നിലല്ല. പുതിയ കാറു വേണമെന്ന് സർക്കാരിനോട് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവായിരുന്നു. അതിന് ശേഷം മന്ത്രിമാർക്ക് എല്ലാം പുതിയ കാറെത്തി. നിയമവകുപ്പ് മന്ത്രി എ. കെ ബാലനും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും പഴയ ഇന്നോവ ഡി , ഇന്നോവ ഡി 8 എസ് മോഡലുകൾകൊണ്ട് തൃപ്തിപ്പെട്ടു. പക്ഷേ മറ്റ് മന്ത്രിമാർ അങ്ങനെയായിരുന്നില്ല. ദേവസ്വം -ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനുള്ളത് ടൊയോട്ടോ കോറോളാ ആൾട്ടിസ് കാറാണ് ഉള്ളത്. മുഖ്യമന്ത്രിയുടെയും കടകംപള്ളിയുടെയും സ്‌പെയർ വാഹനങ്ങളും മുന്തിയ മോഡലുകൾ തന്നെ.

മന്ത്രിമാർക്ക് പുറമേ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷനേതാവ്, ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ, മുന്നാക്ക സമുദായ കോർപ്പറേഷൻ ചെയർമാൻ എന്നിവരാണ് പുതിയ വാഹനങ്ങളിൽ യാത്രചെയ്യുന്ന മറ്റ് പ്രമുഖർ. ഇതിൽ ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി എസ് അച്യുതാനന്ദനും മുന്നാക്ക സമുദായ കോർപ്പറേഷൻ ചെയർമാൻ ആർ ബാലകൃഷ്ണപിള്ളയ്ക്കും 2017 മോഡൽ ആൾട്ടിസാണ് അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ്, നിയമോപദേശകൻ, ടൂറിസം സെക്രട്ടറി, ടൂറിസം ഡയറക്ടർ എന്നിവർ ഉപയോഗിക്കുന്നതും പുതുപുത്തൻ ആൾട്ടിസാണെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖ പറയുന്നു.

പതിനഞ്ച് വർഷത്തിൽ താഴെ പഴക്കമുള്ളതും ഒരു ലക്ഷം കിലോമീറ്ററിൽ താഴെ ഓടിയതുമായ 126 വാഹനങ്ങളാണ് വിവിധ വകുപ്പുകൾക്കും സെക്രട്ടറിമാർക്കുമായി ടൂറിസം വകുപ്പിൽ നിന്ന് നൽകിയിട്ടുള്ളത്. കഴിഞ്ഞ അഞ്ചുവർഷത്തിനകം വാങ്ങിയ വാഹനങ്ങളിൽ അപകടത്തിൽപെട്ട ഒന്നൊഴികെ എല്ലാം ഓട്ടത്തിലാണെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

മന്ത്രിമാരും വാഹനങ്ങളും
(മന്ത്രിമാർ, വാഹനനമ്പർ, പേര്, മോഡൽ ക്രമത്തിൽ)

  • മുഖ്യമന്ത്രി- (കെ.എസ് 1) കെ.എൽ 01സി.ബി 7400- ഇന്നോവ ക്രിസ്റ്റ. 2017.
    സ്‌പെയർ വാഹനം- കെ.എൽ 01സി.ബി 8355- - ഇന്നോവ ക്രിസ്റ്റ- 2017.
  • റവന്യൂമന്ത്രി- (കെ.എസ് 2) കെ.എൽ01സി.ബി 8378- ഇന്നോവ ക്രിസ്റ്റ- 2017.
  • ജലവിഭവവകുപ്പ് മന്ത്രി- (കെ.എസ് 3)കെ.എൽ01സി.ബി 8248- ഇന്നോവ ക്രിസ്റ്റ- 2017.
  • മുൻ ഗതാഗതവകുപ്പ് മന്ത്രി( തോമസ് ചാണ്ടി)- (കെ.എസ് 4)കെ.എൽ01സി.ബി 8318- ഇന്നോവ ക്രിസ്റ്റ- 2017.
  • തുറമുഖവകുപ്പ്മന്ത്രി- (കെ.എസ് 5)കെ.എൽ01സി.ബി 8273- ഇന്നോവ ക്രിസ്റ്റ- 2017.
  • നിയമവകുപ്പ്മന്ത്രി- (കെ.എസ് 6)കെ.എൽ01ബി.ഇ 372- ഇന്നോവ.ഡി- 2011.
  • വൈദ്യുതിവകുപ്പ്മന്ത്രി- (കെ.എസ് 7) കെ.എൽ01സി.ബി 8340- ഇന്നോവ ക്രിസ്റ്റ- 2017.
  • പൊതുമരാമത്ത് വകുപ്പ്മന്ത്രി- (കെ.എസ് 8) കെ.എൽ01സി.ബി 8311- ഇന്നോവ ക്രിസ്റ്റ- 2017.
  • ആരോഗ്യവകുപ്പ്മന്ത്രി- (കെ.എസ് 9) കെ.എൽ01സി.ബി 8236- ഇന്നോവ ക്രിസ്റ്റ- 2017.
  • ഫിഷറീസ് വകുപ്പ്മന്ത്രി- (കെ.എസ് 10) കെ.എൽ01സി.ബി 7386- ഇന്നോവ ക്രിസ്റ്റ- 2017.
  • തൊഴിൽ - എക്‌സൈസ് വകുപ്പ്മന്ത്രി- (കെ.എസ് 11) കെ.എൽ01സി.ബി 8386- ഇന്നോവ ക്രിസ്റ്റ- 2017.
  • ധനകാര്യവകുപ്പ്മന്ത്രി- (കെ.എസ് 13) കെ.എൽ01സി.ബി 8344- ഇന്നോവ ക്രിസ്റ്റ- 2017.
  • സിവിൽസപ്ലൈസ് വകുപ്പ്മന്ത്രി- (കെ.എസ് 14) കെ.എൽ01സി.ബി 7343- ഇന്നോവ ക്രിസ്റ്റ- 2017.
  • ടൂറിസം, ദേവസ്വം വകുപ്പ്മന്ത്രി- (കെ.എസ് 15) കെ.എൽ01സി.സി 1769- ആൾട്ടിസ്.ഡി- 2017. സ്‌പെയർ വാഹനം- കെ.എൽ01സി.ബി 8362-- ഇന്നോവ ക്രിസ്റ്റ- 2017.
  • വ്യവസായ വകുപ്പ്മന്ത്രി- (കെ.എസ് 16) കെ.എൽ01സി.ബി 8387- ഇന്നോവ ക്രിസ്റ്റ- 2017.
  • വിദ്യാഭ്യാസ വകുപ്പ്മന്ത്രി- (കെ.എസ് 18) കെ.എൽ01ബി.എസ് 3352- ഇന്നോവ ഡി. 8 എസ്- 2014.
  • വനം വകുപ്പ് മന്ത്രി- (കെ.എസ് 19) കെ.എൽ01സി.ബി 8290- ഇന്നോവ ക്രിസ്റ്റ- 2017.
  • തദ്ദേശസ്വയംഭരണ വകുപ്പ്മന്ത്രി- (കെ.എസ് 20) കെ.എൽ01സി.ബി 8272- ഇന്നോവ ക്രിസ്റ്റ- 2017.