തിരുവനന്തപുരം: വിമർശിക്കുന്നത് ഗവർണ്ണർ പി സദാശിവത്തേയാണ്. എന്നാൽ കൊള്ളുന്നത് മുഖ്യമന്ത്രി പിണറായി വിജയനും. തിരുവനന്തപുരത്തെ സംഘർഷത്തിന് ശേഷം മുഖ്യമന്ത്രിയെ ഗവർണ്ണർ വിളിച്ചു വരുത്തിയതും അത് ട്വീറ്റ് ചെയ്തതും സിപിഎമ്മിന് പിടിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഗവർണ്ണർക്കെതിരെ രൂക്ഷ വിമർശനം ഉയർത്തുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിനമാനി പത്രത്തിലെ കോളത്തിലാണ് നിലപാട് വിശദീകരിക്കുന്നത്.

വർത്തമാനസമയത്തെ അക്രമ-അനിഷ്ട സംഭവങ്ങളെത്തുടർന്ന് സമാധാനം ഉറപ്പുവരുത്താനായി ഗവർണർ നടത്തിയ ഇടപെടലുകളെ സംസ്ഥാന സർക്കാരുമായുള്ള യുദ്ധപ്രഖ്യാപനത്തിന്റെ ഒരു പോർമുഖമായി കാണേണ്ടതില്ല. അതുകൊണ്ടാണ് ഇക്കാര്യത്തിൽ ഗവർണറും മുഖ്യമന്ത്രിയും ഭിന്നതയില്ലാതെ ഇടപെട്ടത്. ക്രമസമാധാനമെന്നത് സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന വിഷയമാണ്. അതിൽ തലയിട്ട് ഭരണഘടനാവിരുദ്ധമായി ഭരണം നടത്താൻ സംസ്ഥാന സർക്കാർ മറ്റാരെയും അനുവദിക്കില്ല. ഈ വിഷയത്തിൽ ഉപദേശകന്റെ റോൾമാത്രമാണ് ഗവർണർക്കുള്ളത്. തിരുവനന്തപുരത്ത് സമാധാനം ഉറപ്പാക്കുന്ന കാര്യത്തിൽ ഗവർണർ മുഖ്യമന്ത്രിയെ വിളിക്കുകയും മുഖ്യമന്ത്രി രാജ്ഭവനിൽ എത്താതിരിക്കുകയും ചെയ്തിരുന്നെങ്കിൽ അത് സൃഷ്ടിക്കുന്ന വിവാദം ചെറുതാകില്ലായിരുന്നു. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള കൂടിക്കാഴ്ച ഗൗരവപൂർണവും സൗഹാർദപരവുമായിരുന്നു. എന്നാൽ, ആ കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രിയെ രാജ്ഭവനിൽ 'സമൺ' ചെയ്‌തെന്ന് ഗവർണർ ട്വീറ്റ് ചെയ്തത് ജനാധിപത്യവ്യവസ്ഥയെയും ഫെഡറൽ സംവിധാനത്തെയും ദുർബലപ്പെടുത്തുന്ന സമീപനമായിപ്പോയി. അത്തരമൊരു ട്വിറ്റർ സന്ദേശം ഗവർണർ ഒഴിവാക്കേണ്ടതായിരുന്നു.-ഇങ്ങനെയാണ് കാര്യങ്ങളെ കോടിയേരി വിലയിരുത്തുന്നത്.

ഫലത്തിൽ ഇത് മുഖ്യമന്ത്രിക്ക് എതിരെ കൂടെയുള്ള നിരീക്ഷണങ്ങളാണ്. ഗവർണ്ണർ വിളിച്ചപ്പോൾ പോകേണ്ടതില്ലായിരുന്നുവെന്ന് കൂടി പറഞ്ഞു വയ്ക്കുകയാണ് കോടിയേരി. അതു തന്നെയാണ് ദേശാഭിമാന ലേഖനത്തെ ശ്രദ്ധേയമാക്കുന്നത്.

കോടിയേരിയുടെ ലേഖനത്തിന്റെ പൂർണ്ണരൂപം

സമാധാന കേരളവും ഇടതുപക്ഷവും
കോടിയേരി ബാലകൃഷ്ണൻ

സമാധാന കേരളത്തിനാണ് സിപിഐ എമ്മും എൽഡിഎഫും നിലകൊള്ളുന്നത്. ഐശ്വര്യപൂർണമായ നവകേരളം കെട്ടിപ്പടുക്കാൻ സമാധാനം പുലരേണ്ടത് ആവശ്യമാണ്്. കുറച്ചു ദിവസംമുമ്പ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചില അനിഷ്ടസംഭവങ്ങളുണ്ടായി. ഇത് അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ സമർഥമായി ഇടപെട്ടു. ഓഗസ്റ്റ് ആറിന് മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചുചേർത്തിരിക്കുകയുമാണ്. അതിനുമുമ്പായി സിപിഐ എമ്മിന്റെയും ആർഎസ്എസ്- ബിജെപിയുടെയും സംസ്ഥാന നേതാക്കളുമായി മുഖ്യമന്ത്രി ഉഭയകക്ഷി ചർച്ചയും നടത്തി.

ഇതുമായി ബന്ധപ്പെട്ട്, ചില കാര്യങ്ങളിൽ തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നു. കേരളത്തിലെ ക്രമസമാധാന നില പൊതുവിൽ ഭദ്രമാണ്. മറ്റ് പല സംസ്ഥാനങ്ങളിലെയുംപോലെ നിയന്ത്രാണാതീതമായ കൊള്ളയോ അക്രമമോ വർഗീയക്കുഴപ്പമോ കേരളത്തിൽ ഇല്ല. ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള ബന്ധവും അധികാരപരിധിയും സംബന്ധിച്ച് വ്യത്യസ്ത വാദഗതികൾ ഉയരുന്നുണ്ട്. കേരള ഗവർണറും എൽഡിഎഫ് സർക്കാരും ശത്രുചേരിയിൽനിന്ന് അങ്കംവെട്ടുന്ന സ്ഥിതിയില്ല. സംസ്ഥാനത്ത് സമാധാനം പുലരണമെന്ന ആത്മാർഥമായ ആഗ്രഹം ആർക്കൊക്കെയുണ്ടോ അവരെല്ലാം യോജിച്ചു നീങ്ങുന്നതിൽ അപാകമില്ല. സമാധാനം പുലരണമെന്നതിലാണ് എൽഡിഎഫ് സർക്കാർ ഊന്നൽ നൽകുന്നത്. ഗവർണർ പി സദാശിവത്തിനും ഇക്കാര്യത്തിൽ താൽപ്പര്യമുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ടാണ്, ഈ വിഷയത്തിൽ ഗവർണർ ക്ഷണിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ആശയവിനിമയം നടത്തിയത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ എന്നോടും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനോടും ഗവർണർ വിവരങ്ങൾ ആരാഞ്ഞിരുന്നു.

ഭരണഘടനാപരമായി ഗവർണർ പദവി ആലങ്കാരികമായ ഒന്നാണ്. എങ്കിലും കേന്ദ്രസർക്കാർ അവരുടെ രാഷ്ട്രീയ ആയുധമായി ഗവർണറെ, തെരഞ്ഞെടുക്കപ്പെട്ട ഇതര പാർട്ടികളുടെ സർക്കാരുകൾക്കെതിരെ പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. ആർഎസ്എസ് നയിക്കുന്ന കേന്ദ്രത്തിലെ ഇപ്പോഴത്തെ ബിജെപി സർക്കാരാകട്ടെ, പല സംസ്ഥാന ഗവർണർമാരെയും സങ്കുചിത രാഷ്ട്രീയനേട്ടത്തിനും സർക്കാരുകളെ അട്ടിമറിക്കാനും ഉപയോഗപ്പെടുത്തുന്നുണ്ട്. പിണറായി വിജയൻ സർക്കാരിനെ അസ്ഥിരീകരിക്കാൻ മോഹമുള്ളവരാണ് മോദി ഭരണവും സംഘപരിവാറും. ഈ രാഷ്ട്രീയമെല്ലാം തിരിച്ചറിയാനുള്ള പക്വത എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കുമുണ്ട്. ഇതെല്ലാമാണെങ്കിലും കേരള വികസനം, നാടിന്റെ അഭിവയോധികി, ജനങ്ങളുടെ ക്ഷേമം, രാജ്യത്തിന്റെ പൊതുതാൽപ്പര്യം തുടങ്ങിയ വിഷയങ്ങളിൽ സഹകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്ന വേളകളിൽ കേന്ദ്രവുമായി സഹകരിക്കുന്നതിന് സംസ്ഥാന സർക്കാരിനൊരു മടിയുമില്ല.

വർത്തമാനസമയത്തെ അക്രമ-അനിഷ്ട സംഭവങ്ങളെത്തുടർന്ന് സമാധാനം ഉറപ്പുവരുത്താനായി ഗവർണർ നടത്തിയ ഇടപെടലുകളെ സംസ്ഥാന സർക്കാരുമായുള്ള യുദ്ധപ്രഖ്യാപനത്തിന്റെ ഒരു പോർമുഖമായി കാണേണ്ടതില്ല. അതുകൊണ്ടാണ് ഇക്കാര്യത്തിൽ ഗവർണറും മുഖ്യമന്ത്രിയും ഭിന്നതയില്ലാതെ ഇടപെട്ടത്. ക്രമസമാധാനമെന്നത് സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന വിഷയമാണ്. അതിൽ തലയിട്ട് ഭരണഘടനാവിരുദ്ധമായി ഭരണം നടത്താൻ സംസ്ഥാന സർക്കാർ മറ്റാരെയും അനുവദിക്കില്ല. ഈ വിഷയത്തിൽ ഉപദേശകന്റെ റോൾമാത്രമാണ് ഗവർണർക്കുള്ളത്. തിരുവനന്തപുരത്ത് സമാധാനം ഉറപ്പാക്കുന്ന കാര്യത്തിൽ ഗവർണർ മുഖ്യമന്ത്രിയെ വിളിക്കുകയും മുഖ്യമന്ത്രി രാജ്ഭവനിൽ എത്താതിരിക്കുകയും ചെയ്തിരുന്നെങ്കിൽ അത് സൃഷ്ടിക്കുന്ന വിവാദം ചെറുതാകില്ലായിരുന്നു. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള കൂടിക്കാഴ്ച ഗൗരവപൂർണവും സൗഹാർദപരവുമായിരുന്നു. എന്നാൽ, ആ കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രിയെ രാജ്ഭവനിൽ 'സമൺ' ചെയ്‌തെന്ന് ഗവർണർ ട്വീറ്റ് ചെയ്തത് ജനാധിപത്യവ്യവസ്ഥയെയും ഫെഡറൽ സംവിധാനത്തെയും ദുർബലപ്പെടുത്തുന്ന സമീപനമായിപ്പോയി. അത്തരമൊരു ട്വിറ്റർ സന്ദേശം ഗവർണർ ഒഴിവാക്കേണ്ടതായിരുന്നു.

ബിജെപിയും ആർഎസ്എസും സിപിഐ എമ്മിനെതിരെ അക്രമം തുടങ്ങിയിട്ട് നിരവധി പതിറ്റാണ്ടുകളായി. അതുകൊണ്ടാണ് കേരളത്തിൽ പലപ്പോഴും സംഘർഷം ഉണ്ടാകുന്നത്. പാർട്ടി ഓഫീസുകളും വീടുകളും ആക്രമിക്കുക, കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളുമുണ്ടാവുക തുടങ്ങിയവയുണ്ടാക്കുന്നുണ്ട്. ഇവിടെ സിപിഐ എമ്മിനെയും ആർഎസ്എസിനെയും ഒരു നാണയത്തിന്റെ രണ്ടു വശമായി ചിത്രീകരിച്ച് അക്രമകാരികളും വിനാശകാരികളുമായ സംഘപരിവാറിനെ വെള്ളപൂശുന്നതുകൊടിയ പാതകമാണ്. നാട്ടിൽ വർഗീയകലാപം സൃഷ്ടിച്ച് കാവിപ്രസ്ഥാനത്തെ വളർത്തുക എന്നതാണ് ആർഎസ്എസ് ലക്ഷ്യമിടുന്നത്. അത് നടക്കാത്തത് കമ്യൂണിസ്റ്റുകാരുടെ വീറുറ്റ ചെറുത്തുനിൽപ്പും ഇടപെടലുംകൊണ്ടാണ്. ഇത് വിസ്മരിച്ച് സിപിഐ എമ്മിനെയും ആർഎസ്എസിനെയും ഒരു നാണയത്തിന്റെ രണ്ട് വശമായി ചിത്രീകരിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും യോജിച്ചുനീങ്ങുന്നത്. തിരുവനന്തപുരം ജില്ലയിലെ കല്ലംമ്പള്ളിയിൽ ആർഎസ്എസ് പ്രവർത്തകനായ രാജേഷ് കൊല്ലപ്പെട്ടത് മണിക്കുട്ടൻ എന്ന അക്രമിയുമായുള്ള വ്യക്തിവൈരാഗ്യം കാരണമാണ്. അതിന്റെ പഴി സിപിഐ എമ്മിന്റെ തലയിൽ കെട്ടിവച്ച് അർധരാത്രിയിൽ സംസ്ഥാനത്ത് ഹർത്താൽ ആഹ്വാനം നടത്തുകയായിരുന്നു ബിജെപി. ഇതേ വേളയിൽ സിപിഐ എം അക്രമ മുറവിളികൂട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴിക്കോട് നിരാഹാരവ്രതവും നടത്തി. ഇതേ ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് 12 സിപിഐ എം പ്രവർത്തകരെയാണ് സംഘപരിവാർ കശാപ്പ് ചെയ്തത്. അപ്പോൾ അനങ്ങാതിരുന്ന ചെന്നിത്തലയാണ്, ഇപ്പോൾ ആർഎസ്എസുകാരൻ വ്യക്തിവൈരാഗ്യ സംഭവത്തിൽ കൊല്ലപ്പെട്ടപ്പോൾ ഉണ്ണാവ്രതമനുഷ്ഠിച്ചത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ 250 സിപിഐ എം പ്രവർത്തകരെയാണ് ആർഎസ്എസുകാർ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. 15 ൽപരം വീടും 60ൽ ഏറെ പാർട്ടി ഓഫീസും തകർത്തു. 13 സിപിഐ എം പ്രവർത്തകരെ കൊന്നു. ആസൂത്രിത ആക്രമണമാണ് സിപിഐ എമ്മിനുനേരെ സംഘപരിവാർ നടത്തുന്നത്. കുറച്ച് മാസംമുമ്പ് മുഖ്യമന്ത്രി മുൻകൈയെടുത്ത് നടത്തിയ സർവകക്ഷി സമാധാന സമ്മേളനവും അതിനു മുന്നോടിയായി നടന്ന ബിജെപി- ആർഎസ്എസ് പ്രതിനിധികളും സിപിഐ എം നേതാക്കളും തമ്മിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ഉഭയകക്ഷി ചർച്ചയും നല്ല ചുവടുവയ്പായിരുന്നു. അതേത്തുടർന്ന് സംഘർഷത്തിന് അയവും വന്നു. എന്നാൽ, കണ്ണൂരിൽ സമാധാനയോഗം നടന്ന അതേദിവസം വൈകിട്ട് പൊയിലൂരിൽ സിപിഐ എം പ്രവർത്തകനെ ആർഎസ്എസുകാർ ആക്രമിച്ചു. ഇങ്ങനെ സമാധാന സമ്മേളന തീരുമാനങ്ങളെ ലംഘിക്കുന്നതിന് ഒട്ടും മനഃസാക്ഷിക്കുത്ത് സംഘപരിവാറിനില്ല.

കേരളത്തെ വർഗീയതയുടെ വിളനിലമാക്കുക എന്നതാണ് ആർഎസ്എസിന്റെ ലക്ഷ്യം. ഹൈന്ദവവൽകൃത ചരിത്രബോധം ജനങ്ങളിൽ സന്നിവേശിപ്പിക്കുക, വർഗീയചേരിതിരിവ് സൃഷ്ടിക്കുക, അതിനുവേണ്ടി കള്ളപ്രചാരവേല നടത്തുകയും അക്രമാസക്തമായി പ്രവർത്തിക്കുക- അതാണ് ആർഎസ്എസ് ശൈലി. ഇതൊക്കെ ചെയ്തിട്ടും കേരളം ഗുജറാത്ത് ആകാത്തത് സംസ്ഥാനത്തിന്റെ അടിയുറച്ച മതനിരപേക്ഷ പാരമ്പര്യവും നവോത്ഥാനമൂല്യങ്ങൾ ഇന്നും പരിരക്ഷിക്കുന്ന ഇടതുപക്ഷത്തിന്റെ സ്വാധീനവും കാരണമാണ്. സംഘപരിവാറുമായി ആശയപരമായി സിപിഐ എമ്മിനുള്ള അകൽച്ചയും ഏറ്റുമുട്ടലും തുടരും. ചരിത്രത്തെ സംബന്ധിച്ച് ഹൈന്ദവ വ്യാഖ്യാനത്തിലെ അടിസ്ഥാനവാദം ഇന്ത്യ ഹിന്ദുക്കളുടെ നാടെന്നതാണ്. വിനായക് ദാമോദർ സവർക്കർ രചിച്ച 'ഹിന്ദുത്വം' എന്ന കൃതിയിലെ പിതൃഭൂമിയും പുണ്യഭൂമിയുമെന്നതിലെ മാനദണ്ഡപ്രകാരം ഇതര മതവിഭാഗത്തിൽപ്പെട്ടവർ ഈ രാഷ്ട്രത്തിന്റെ ഭാഗമല്ല. മുസ്‌ളിങ്ങളും ക്രിസ്ത്യാനികളുമൊന്നും ഇന്ത്യക്കാരല്ല. അവരുടെ മതസ്ഥാപകർ അന്യനാട്ടുകാരാണ്. നമ്മുടെ സംസ്‌കാരമോ തീർത്ഥാടനകേന്ദ്രങ്ങളോ പുണ്യതീർത്ഥങ്ങളോ അംഗീകരിക്കുന്നവരല്ല ഇതരമതക്കാർ- ഇങ്ങനെ പോകുന്നു ഹിന്ദുത്വപ്രചാരണം. ഇപ്രകാരമെല്ലാം വർഗീയത വളർത്തുന്നതിനെ തടയുന്നത് മുഖ്യമായി കമ്യൂണിസ്റ്റുകാർ ധീരമായി പൊരുതുകയും ഇടപെടുകയും ചെയ്യുന്നതുകൊണ്ടാണ്. അതിനാലാണ് മറ്റ് പല സംസ്ഥാനങ്ങളിലെയുംപോലെ ഇവിടെ വർഗീയകലാപമുണ്ടാകാത്തത്. വർഗീയകലാപമുണ്ടാക്കി അതിന്റെ ചോരപ്പുഴയിൽ സംഘപരിവാറിനെ വളർത്താനുള്ള ആർഎസ്എസ് മോഹം ഇവിടെ പൂവണിയാത്തതും അതുകൊണ്ടുതന്നെ. അതിന്റെ അരിശം തീർക്കാനാണ് കൊലപാതകവും മറ്റ് അക്രമങ്ങളും സംഘപരിവാർ കേരളത്തിൽ പുരോഗമന ശക്തികൾക്കെതിരെ നടത്തുന്നത്. സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസ് ആക്രമിക്കുക, പാർട്ടി ജനറൽ സെക്രട്ടറിയെയും സംസ്ഥാന സെക്രട്ടറിയെയും ലക്ഷ്യമിട്ട് അക്രമങ്ങൾ നടത്തുക- എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.

എന്തെല്ലാം പ്രകോപനമുണ്ടായാലും കൊലപാതകവും അക്രമങ്ങളും പാർട്ടി ഓഫീസ് തല്ലിത്തകർക്കലും വീടുകൾ ആക്രമിക്കലുമൊന്നും പാടില്ല. അതൊരു രാഷ്ട്രീയസംസ്‌കാരമായും രാഷ്ട്രീയബോധമായും വളർത്തിയെടുക്കണം. ഏതോ ഘട്ടത്തിൽ കൈവിട്ടുപോയ ഈ സംസ്‌കാരം തിരിച്ചുപിടിച്ച് സമാധാനപൂർണമായ രാഷ്ട്രീയപ്രർത്തനം ഉറപ്പുവരുത്തണം. ഇക്കാര്യത്തിൽ സിപിഐ എം മുൻകൈയെടുക്കും. ബിജെപിയുടെ ഓഫീസ് തിരുവനന്തപുരത്ത് ആക്രമിക്കപ്പെട്ടതിനെ അപലപിച്ചതും കണ്ണൂർ ജില്ലയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ പാർട്ടി തള്ളിപ്പറഞ്ഞതും ഈ സമീപനത്തിന്റെ ഭാഗമായാണ്. മേൽ സൂചിപ്പിച്ച സംഭവങ്ങളിൽ ഉൾപ്പെട്ടവർക്ക് സഹായമൊന്നും നൽകേണ്ടെന്നും പാർട്ടി തീരുമാനിച്ചു. ബിജെപി ഓഫീസ് ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട പാർട്ടി പ്രവർത്തകർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ച് പാർട്ടി ജില്ലാ കമ്മിറ്റി പരസ്യപ്പെടുത്തി. എന്നാൽ, ബിജെപി- ആർഎസ്എസ് നേതൃത്വം ഇത്തരമൊരു നടപടിയും നിലപാടും സ്വീകരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉഭയകക്ഷി ചർച്ചയിൽ ഇരുവിഭാഗത്തുമുള്ള നേതാക്കൾ പറയാനുള്ളതെല്ലാം അവതരിപ്പിച്ചിരുന്നു. എവിടെയെങ്കിലും പ്രശ്‌നമുണ്ടായാൽ പരസ്പരം സംസാരിച്ച് തീർക്കുക. സാധിക്കാതെ വന്നാൽ അധികൃതരുടെ മുന്നിൽ അവതരിപ്പിച്ച് പരിഹാരം കാണുക. കർശനമായ ഭരണനടപടി സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് എല്ലായിടത്തും എല്ലായ്‌പ്പോഴും സമാധാനപൂർണമായ അന്തരീക്ഷമുണ്ടാകണം. അതിനുള്ള ആത്മാർഥമായ പരിശ്രമം എല്ലാഭാഗത്തുനിന്നും ഉണ്ടാകണം. കേരളം ആഗ്രഹിക്കുന്നത് അതാണ്.