- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിസഭയിൽ തീരുമാനമായ 16 പേരിൽ 12ഉം പുതുമുഖങ്ങൾ; സിപിഐയുടെ നാലു പേർക്കും ഭരണ നേതൃത്വത്തിൽ ഇത് ആദ്യ ഊഴം: പിണറായിയുടെ ക്യാബിനറ്റ് അംഗങ്ങളുടെ വിശേഷങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: പിണറായി വിജയൻ മന്ത്രിസഭയിൽ മുഖ്യമന്ത്രിയുൾപ്പെടെ 19 അംഗങ്ങളുണ്ടാകും. ഇതിൽ സിപിഎമ്മിന്റെ 11 പേരേയും നിശ്ചയിച്ചു. സിപിഐയും നാലു പേരെ നിയുക്തമന്ത്രിമാരായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം കേരളാ കോൺഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിയാകും. എൻസിപിയും ജനതാദൾ എസും മന്ത്രിമാരെ നിശ്ചയിച്ചിട്ടില്ല. ഉടൻ ഇവരും പ്രഖ്യാപനവുമായെത്തും. അതായത് പിണറായി മന്ത്രിസഭയിൽ 16 മന്ത്രിമാരുടെ കാര്യത്തിലാണ് തീരുമാനമായത്. ഇതിൽ 12 പേരും മന്ത്രിസഭയിൽ പുതുമുഖങ്ങളാണ്. സിപിഎമ്മിൽ തോമസ് ഐസക്കും ജി സുധാകരനും എ കെ ബാലനും മുമ്പും മന്ത്രിമാരായിരുന്നു. കടന്നപ്പള്ളി രാമചന്ദ്രനും വി എസ് അച്യുതാനന്ദന്റെ കഴിഞ്ഞ ഇടതുപക്ഷ മന്ത്രിസഭയിലും അംഗമായിരുന്നു. ജനതാദളിന്റെ മന്ത്രിമാരായി മാത്യു ടി തോമസും കെ കൃഷ്ണൻകുട്ടിയും തമ്മിലാണ് പോര്. ഇതിൽ മാത്യു ടി തോമസ് മുന്മന്ത്രിയാണ്. എൻസിപിയിൽ എകെ ശശീന്ദ്രനും തോമസ് ചാണ്ടിയുമാണ് എംഎൽഎമാർ. ഇരുവരും മുമ്പ് മന്ത്രിമാരായിട്ടില്ല. അതായത് മാത്യു ടി തോമസ് മന്ത്രിയായാലും മന്ത്രിസഭയിലെ പുത
തിരുവനന്തപുരം: പിണറായി വിജയൻ മന്ത്രിസഭയിൽ മുഖ്യമന്ത്രിയുൾപ്പെടെ 19 അംഗങ്ങളുണ്ടാകും. ഇതിൽ സിപിഎമ്മിന്റെ 11 പേരേയും നിശ്ചയിച്ചു. സിപിഐയും നാലു പേരെ നിയുക്തമന്ത്രിമാരായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം കേരളാ കോൺഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിയാകും. എൻസിപിയും ജനതാദൾ എസും മന്ത്രിമാരെ നിശ്ചയിച്ചിട്ടില്ല. ഉടൻ ഇവരും പ്രഖ്യാപനവുമായെത്തും. അതായത് പിണറായി മന്ത്രിസഭയിൽ 16 മന്ത്രിമാരുടെ കാര്യത്തിലാണ് തീരുമാനമായത്. ഇതിൽ 12 പേരും മന്ത്രിസഭയിൽ പുതുമുഖങ്ങളാണ്.
സിപിഎമ്മിൽ തോമസ് ഐസക്കും ജി സുധാകരനും എ കെ ബാലനും മുമ്പും മന്ത്രിമാരായിരുന്നു. കടന്നപ്പള്ളി രാമചന്ദ്രനും വി എസ് അച്യുതാനന്ദന്റെ കഴിഞ്ഞ ഇടതുപക്ഷ മന്ത്രിസഭയിലും അംഗമായിരുന്നു. ജനതാദളിന്റെ മന്ത്രിമാരായി മാത്യു ടി തോമസും കെ കൃഷ്ണൻകുട്ടിയും തമ്മിലാണ് പോര്. ഇതിൽ മാത്യു ടി തോമസ് മുന്മന്ത്രിയാണ്. എൻസിപിയിൽ എകെ ശശീന്ദ്രനും തോമസ് ചാണ്ടിയുമാണ് എംഎൽഎമാർ. ഇരുവരും മുമ്പ് മന്ത്രിമാരായിട്ടില്ല. അതായത് മാത്യു ടി തോമസ് മന്ത്രിയായാലും മന്ത്രിസഭയിലെ പുതുമുഖങ്ങളുടെ എണ്ണം 13 ആകും. ദളിൽ നറുക്ക് വീഴുന്നത് കൃഷ്ണൻകുട്ടിയാണെങ്കിൽ പുതുമുഖങ്ങൾ പതിനാലാകും.
തോമസ് ഐസക് (63 വയസ്)
രാഷ്ട്രീയക്കാരിലെ സാമ്പത്തിക വിദഗ്ധനാണ് തോമസ് ഐസക്. സിപിഐ(എം). കേന്ദ്രകമ്മിറ്റിയംഗം. മുൻ ധനമന്ത്രി. നിലവിൽ ആലപ്പുഴ എംഎൽഎ. മാരാരിക്കുളം മണ്ഡലത്തിലും പിന്നീട് ആലപ്പുഴ മണ്ഡലം രൂപവത്കരിച്ചപ്പോഴും ഐസക് എംഎൽഎ.യായിരുന്നു. കോൺഗ്രസിലെ ലാലി വിൻസന്റിനെയാണ് ഇക്കുറി 31,032 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോമസ് ഐസക് തോൽപ്പിച്ചത്. ഏറെ ശ്രദ്ധനേടിയ ജനകീയാസൂത്രണ പരിപാടിയുടെ മുഖ്യസംഘാടകൻ. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ പ്രൊഫസറായിരുന്നു. ആലപ്പുഴ നഗരമാലിന്യസംസ്കരണം മാതൃകാ പദ്ധതിയാക്കുന്നതിന് നേതൃത്വം നൽകി. പാരീസിൽ നടന്ന ലോക സമ്മേളനത്തിൽ ഇതു സംബന്ധിച്ച് പ്രബന്ധാവതരണം നടത്തി. ഇംഗ്ലീഷിൽ അഞ്ചും മലയാളത്തിൽ പത്തും പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയരംഗത്തെത്തി. മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായിരുന്നു. വിദ്യാഭ്യാസം: സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ഇങ്ങനെ പോകുന്ന നേട്ടങ്ങളുടെ പട്ടിക. കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാനുള്ള കരുത്ത് തോമസ് ഐസക്കിന് കഴിയുമെന്നാണ് വിലയിരുത്തൽ
ഇ പി ജയരാജൻ (65 വയസ്)
സൂപ്പർ ഭൂരിപക്ഷവുമായി മന്ത്രിസഭയിലെത്തിയ കണ്ണൂർ സിപിഎമ്മിലെ രണ്ടാമനാണ് ഇപി ജയരാജൻ. 1991ൽ അഴീക്കോട് മണ്ഡലത്തിൽനിന്നാണ് ആദ്യമായി ജയരാജൻ നിയമസഭയിലെത്തുന്നത്. 1987ൽ ഇതേ മണ്ഡലത്തിൽ എം വിരാഘവനോട് പരാജയപ്പെട്ടിരുന്നു. പിന്നീട് 2011ൽ രൂപംകൊണ്ട മട്ടന്നൂർ മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടു. മട്ടന്നൂർ മണ്ഡലത്തിൽ ജെഡിയുവിന്റെ കെ പി പ്രശാന്തിനെ 43,381 വോട്ടിനാണ് ഇക്കുറി ഇ പി തോൽപ്പിച്ചത്. വിദ്യാർത്ഥിസംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ജയരാജൻ എസ്.എഫ്.ഐ., കെ.എസ്.വൈ.എഫ്. എന്നിവയുടെ നേതൃനിരയിൽ പ്രവർത്തിച്ചു. കണ്ണൂർ എസ്.എൻ.കോളേജിൽനിന്ന് പ്രീ ഡിഗ്രി പൂർത്തിയാക്കി ഗവ. പോളി ടെക്നിക്കിൽ ഡിപ്ലോമയ്ക്ക് ചേർന്നു. 1980ൽ ഡിവൈഎഫ്ഐ.യുടെ ആദ്യ ദേശീയ പ്രസിഡന്റായി. സിപിഐ(എം). കേന്ദ്രകമ്മിറ്റിയംഗം, കർഷകസംഘം സംസ്ഥാന പ്രസിഡന്റ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിക്കുന്നു. സിപിഐ(എം). ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പാപ്പിനിശ്ശേരി അരോളിയിലാണ് താമസം. പരേതരായ ബി.എം.കൃഷ്ണൻ നമ്പ്യാരുടെയും ഇ.പി.പാർവതിയമ്മയുടെയും മകനാണ്. ജില്ലാ സഹകരണ ബാങ്ക് മാങ്ങാട്ടുപറമ്പ് ശാഖയിൽ സീനിയർ മാനേജരായ പി.കെ.ഇന്ദിരയാണ് ഭാര്യ. ജെയ്സൺ, ജിജിൻരാജ് എന്നിവർ മക്കളാണ്.
എ കെ ബാലൻ (67 വയസ്)
എ കെ ബാലന് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ എ കെ ബാലൻ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. ട്രേഡ് യൂണിയൻരംഗത്തും സജീവമായ അദ്ദേഹം തൊഴിലാളികൾക്കും ഏറെ പ്രിയങ്കരൻ. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റാണ്. 2001ലും 2006ലും എ കെ ബാലൻ കുഴൽ മന്ദത്തിൽ നിന്ന് നിയമസഭയിലെത്തി. തരൂർ മണ്ഡലം രൂപീകരിച്ചപ്പോൾ എ. കെ. ബാലൻ അങ്ങോട്ട് മാറി. സിപിഐ(എം) കേന്ദ്ര കമ്മറ്റി അംഗമാണ്. തരൂരിൽ കോൺഗ്രസിന്റെ സി പ്രകാശനെ 23, 068 വോട്ടിനാണ് ഇക്കുറി ബാലൻ തോൽപ്പിച്ചത്. വി എസ് അച്യൂതാനന്ദൻ മന്ത്രിസഭയിൽ വൈദ്യുത മന്ത്രിയായിരുന്നു. എല്ലായിടത്തും വൈദ്യുതിയെന്ന മുദ്രാവാക്യമാണ് ബാലൻ അന്നുയർത്തിയത്.
കെ കെ ശൈലജ (59 വയസ്)
സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗമായ കെ.കെ.ശൈലജ സിപിഎമ്മിന്റെ സൗമ്യതയുടെ മുഖമാണ്. പഴശ്ശി സ്വദേശിനിയാണ്. മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ്. കോളേജിൽ ബിരുദപഠനം പൂർത്തിയാക്കി ശിവപുരം ഹൈസ്കൂൾ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തനത്തിനായി 2004ൽ സ്വയം വിരമിച്ചു. 1996ൽ പഴയ കൂത്തുപറമ്പ് മണ്ഡലത്തിൽനിന്നും 2006ൽ പേരാവൂർ മണ്ഡലത്തിൽനിന്നും നിയമസഭാംഗമായി. മണ്ഡലം പുനർനിർണയത്തിനുശേഷം നിലവിൽവന്ന പേരാവൂർ മണ്ഡലത്തിൽനിന്ന് 2011ൽ പരാജയപ്പെട്ടു. ഇത്തവണ കെപി മോഹനനിൽ നിന്ന് കൂത്തുപറമ്പ് പിടിച്ചെടുത്തു. ഭൂരിപക്ഷം 12,291. ഡിവൈഎഫ്ഐ. സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ്. കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനായുള്ള സമിതി അധ്യക്ഷയായിരുന്നു.പഴശ്ശി എൽ.പി. സ്കൂൾ റിട്ട. പ്രഥമാദ്ധ്യാപകനും മട്ടന്നൂർ മുനിസിപ്പൽ ചെയർമാനുമായ കെ.ഭാസ്കരനാണ് ഭർത്താവ്. മക്കൾ: ശോഭിത്ത് (എൻജിനീയർ, ഗൾഫ്), ലസിത്ത് (എൻജിനീയർ, കിയാൽ).
ടി പി രാമകൃഷ്ണൻ (66 വയസ്)
2001 ൽ പേരാമ്പ്രയെ നിയമസഭയിൽ പ്രതിനിധീകരിച്ച ടി.പി. രാമകൃഷ്ണൻ ഇത്തവണയും കോട്ട കാത്തു. കേരള കോൺഗ്രസ് എമ്മിന്റെ മുഹമ്മദ് ഇക്ബാലിനെ 4101 വോട്ടിനു തോൽപ്പിച്ചാണ് രാമകൃഷ്ണൻ പേരാമ്പ്ര മണ്ഡലം ഇടതുപക്ഷത്തോടു ചേർത്തുനിർത്തിയത്. പ്രീഡിഗ്രി പഠന കാലത്ത് കെ.എസ്.എഫിലൂടെ സംഘടനാ രംഗത്തെത്തി. എസ്.എഫ്.ഐയുടെയും പിന്നീട് കെ.എസ്.വൈ.എഫിന്റെയും കൊയിലാണ്ടി താലൂക്ക് സെക്രട്ടറി. 1968 ൽ സിപിഐ(എം). അംഗത്വത്തിലെത്തിയ ടി.പി. രാമകൃഷ്ണൻ ഒമ്പത് വർഷം പേരാമ്പ്രയിലും രണ്ടരവർഷം ബാലുശ്ശേരിയിലും ഏരിയ സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് പൊലീസ് മർദനമനുഭവിച്ചിട്ടുണ്ട്. ടെക്സ്ഫെഡ് ചെയർമാൻ, സിപിഐ(എം). ജില്ലാ സെക്രട്ടറി, സിഐടി.യു. ജില്ലാ സെക്രട്ടറി, മോട്ടോർ എൻജിനീയറിങ് വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സിപിഐ(എം). സംസ്ഥാന സെക്രട്ടേറിയറ്റംഗവും സിഐടി.യു. സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗവുമാണ്. പേരാമ്പ്രയ്ക്കടുത്ത് വെള്ളിയൂർ സ്വദേശി. കീഴരിയൂർ ഉണിച്ചിരാംവീട്ടിൽ പരേതരായ ശങ്കരന്റെയും മാണിക്യത്തിന്റെയും മകൻ. സിപിഐ(എം). ജില്ലാ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ എം.കെ. നളിനിയാണ് ഭാര്യ. മക്കൾ: രജുലാൽ(അദ്ധ്യാപകൻ, മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ), രഞ്ജിനി. (യു.എൽ.സി.സി).
ജി സുധാകരൻ (65 വയസ്)
അഴിമതിക്കെതിരായ പോരാളിയാണ് ജി സുധാകരൻ. എസ്.എഫ്.ഐ.യുടെ ആദ്യ സംസ്ഥാന പ്രസിഡന്റ്. ആദ്യത്തെ അഖിലേന്ത്യാ ഭാരവാഹികളിലൊരാൾ. ആലപ്പുഴ നഗരസഭയിലെ പ്രതിപക്ഷ നേതാവ്, ആദ്യത്തെ ജില്ലാ കൗൺസിൽ പ്രസിഡന്റ്, പതിനഞ്ച് വർഷം കേരള സർവകലാശാലയിലും കാർഷിക സർവകലാശാലയിലും ഭരണസമിതിയംഗം. ആലപ്പുഴ സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ. ഇപ്പോൾ സംസ്ഥാന മംഗല്യസൂത്ര സഹകരണസംഘം പ്രസിഡന്റ്, കേരള നിലത്തെഴുത്താശാൻ സംഘടനയുടെ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി ജില്ലാ ട്രേഡ് യൂണിയനുകളുടെ പ്രസിഡന്റ്. ചത്തിയറ ഗവണ്മെന്റ് എൽ.പി.സ്കൂൾ, ചത്തിയറ യു.പി.സ്കൂൾ, വള്ളികുന്നം ഹൈസ്കൂൾ, പന്തളം എൻ.എസ്.എസ്. കോളേജ്, കൊല്ലം ശ്രീനാരായണ കോളേജ്, തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. നിയമ ബിരുദധാരി. ഇദ്ദേഹം കവി എന്ന നിലയിലും ശ്രദ്ധേയൻ. ഒൻപത് കവിതാ സമാഹാരങ്ങളും രണ്ട് നിയമസഭാ പ്രസംഗങ്ങളും പ്രസിദ്ധീകരിച്ചു. കായംകുളം, അമ്പലപ്പുഴ മണ്ഡലങ്ങളെ നിയമസഭയിൽ പ്രതിനിധാനം ചെയ്തു. അമ്പലപ്പുഴയിൽ നാലാമത്തെ മത്സരമായിരുന്നു ഇത്തവണത്തേത്. സിപിഐ(എം). മുൻ ജില്ലാ സെക്രട്ടറിയും ഇപ്പോൾ സംസ്ഥാന കമ്മിറ്റിയംഗവും. അഴിമതിക്കെതിരായ കർശന നിലപാടും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായിട്ടാണ് സുധാകരന്റെ മന്ത്രിസഭാ പ്രവേശനം. ജെഡിയുവിന്റെ ഷെയ്ക് പി ഹാരിസിനെ 22621 വോട്ടിനു തോൽപ്പിച്ചാണു അമ്പലപ്പുഴയിൽ ഇക്കുറി സുധാകരൻ വെന്നിക്കൊടി പാറിച്ചത്.
ജെ മേഴ്സിക്കുട്ടിയമ്മ (59 വയസ്)
കുണ്ടറയിലെ തിളങ്ങുന്ന വിജയവുമായണ് മേഴ്സിക്കുട്ടിയമ്മ മന്ത്രിയാകുന്നത്. ഇതിന് മുമ്പ് രണ്ടു തവണ കുണ്ടറ എംഎൽഎ. യായിരുന്ന മേഴ്സിക്കുട്ടിയമ്മ എസ്.എഫ്.ഐ.യിലൂടെയാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽനിന്ന് മലയാളത്തിൽ ബിരുദവും കൊല്ലം എസ്.എൻ. കോളജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 1995ൽ സംസ്ഥാന കമ്മിറ്റി അംഗമായ ജെ.മേഴ്സിക്കുട്ടിയമ്മ നിലവിൽ സിഐടി.യു. അഖിലേന്ത്യ വൈസ് പ്രസിഡന്റ്, കേരള കാഷ്യു വർക്കേഴ്സ് സെന്റർ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന മിനിമം വേജ് അഡൈ്വസറി ബോർഡ് അഗം, കേരള സെറാമിക്സ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകൾ വഹിക്കുന്നു. 1987ൽ കുണ്ടറ മണ്ഡലത്തിൽനിന്ന് മേഴ്സിക്കുട്ടിയമ്മ 28ാം വയസ്സിൽ ആദ്യമായി കേരള നിയമസഭയിലെത്തി. 91ൽ അൽഫോൻസാ ജോണിനോട് പരാജയപ്പെട്ടു. 96ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിലെ അൽഫോൻസാ ജോണിനെ 6476 വോട്ടുകൾക്ക് പരാജയപ്പെടുത്തി വീണ്ടും എംഎൽഎ. യായി. 2001ൽ വീണ്ടും മത്സരിച്ചെങ്കിലും വിജയിച്ചില്ല. ഇക്കുറി കോൺഗ്രസ് വക്താവ് രാജ്മോഹൻ ഉണ്ണിത്താനെ 30460 വോട്ടിനു തോൽപ്പിച്ചാണു മേഴ്സിക്കുട്ടിയമ്മ തെരഞ്ഞെടുക്കപ്പെട്ടത്. വി എസ് അച്യൂതാനന്ദന്റെ അടുത്ത അനുയായിയാണ്. കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മയ്ക്ക് സീറ്റുറപ്പിച്ചതിനും മന്ത്രി പദവിയിൽ എത്തിച്ചതിന് പിന്നിൽ വിഎസിന്റെ അദൃശ്യ കരങ്ങളുമുണ്ട്.
പ്രൊഫ. സി രവീന്ദ്രനാഥ് (61 വയസ്)
പുതുക്കാട് മണ്ഡലത്തിൽ മൂന്നാം അങ്കത്തിലും പ്രൊഫ. സി. രവീന്ദ്രനാഥ് ജയിച്ചുകയറി. ഇക്കുറി കോൺഗ്രസിന്റെ സുന്ദരൻ കുന്നത്തുള്ളിയെ 38478 വോട്ടിനാണു പ്രൊഫ. രവീന്ദ്രനാഥ് തോൽപ്പിച്ചത്. സുസ്ഥിര വികസന പദ്ധതിയിലൂടെ വികസനത്തിന്റെ ആഗോളമാതൃകകൾ തീർത്ത പുതുക്കാടിന്റെ അമരക്കാരനായിട്ടാണ് രവീന്ദ്രനാഥ് അറിയപ്പെടുന്നത്. ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ്, കൊടകര മേഖലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സിപിഐ(എം). കൊടകര ഏരിയ കമ്മിറ്റിയംഗമാണ്. രവീന്ദ്രനാഥ് തൃശ്ശൂർ സെന്റ് തോമസ് കോളേജ് കെമിസ്ട്രി അദ്ധ്യാപകനായിരുന്നു. ജനകീയാസൂത്രണ പദ്ധതി ജില്ലാ കൺവീനറും ആസൂത്രണ ബോർഡിന്റെ കൺസൽട്ടന്റുമായിരുന്നു. കിലയുടെ സ്ഥിരം ഫാക്കൽറ്റിയായ രവീന്ദ്രനാഥ് സാക്ഷരതാ മിഷൻ ബ്ലോക്ക് കീ റിസോഴ്സ് പേഴ്സണും കോറസ് ഫിലിം സൊസൈറ്റി പ്രസിഡന്റുമായിരുന്നു. പന്തല്ലൂർ കുന്നത്തേരി തെക്കേമഠം പീതാംബരൻ കർത്തയുടെയും ലക്ഷ്മിക്കുട്ടികുഞ്ഞമ്മയുടേയും മകനാണ്. ഭാര്യ: തൃശ്ശൂർ കേരളവർമ്മ കോളേജിൽനിന്നു വിരമിച്ച പ്രൊഫ. എം.കെ. വിജയം. മക്കൾ: ഡോ. ലക്ഷ്മിദേവി, ജയകൃഷ്ണൻ.
എ സി മൊയ്തീൻ (60 വയസ്)
കുന്ദംകുളത്ത് പ്രതീക്ഷിച്ച വിജയമാണ് എ സി മൊയ്തീൻ നേടിയത്. മന്ത്രിയായിരുന്ന കെ. മുരളീധരനെ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയാണ് എ.സി. മൊയ്തീൻ ആദ്യമായി നിയമസഭയിലെത്തിയത്. 2004 ലാണ് ഈ വിജയം. 2006 ൽ ഒരിക്കൽകൂടി വടക്കാഞ്ചേരിയിൽനിന്ന് ജയിച്ചു. സിപിഐ(എം). ജില്ലാ സെക്രട്ടറി സ്ഥാനം രാജിവച്ചാണ് ഇത്തവണ കുന്നംകുളത്ത് മത്സരിക്കാനെത്തുന്നത്. സിഎംപിയുടെ സി പി ജോണിനെ 7782 വോട്ടിനു തോൽപ്പിച്ചാണ് ഇത്തവണ എ സി മൊയ്തീൻ സഭയിൽ എത്തുന്നത്. എസ്.എഫ്.ഐ.യിലൂടെയാണ് പൊതുപ്രവർത്തനം തുടങ്ങിയത്. ഡിവൈഎഫ്ഐ.യിലൂടെ രാഷ്ട്രീയരംഗത്ത് സക്രിയമായി. 1988ൽ തെക്കുംകര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി. 1990ൽ വടക്കാഞ്ചേരി ഏരിയ സെക്രട്ടറിയും സിപിഐ(എം). ജില്ലാ കമ്മിറ്റി അംഗവുമായി. 2011ലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തിയത്. കർഷക സംഘത്തിന്റെ സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗമാണ്. ഗ്രന്ഥശാലാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. എംഎൽഎ.യായിരുന്ന കാലഘട്ടത്തിൽ വടക്കാഞ്ചേരി മണ്ഡലത്തിന്റെ വികസനത്തിനുവേണ്ടി മുന്നിൽനിന്നു. വടക്കാഞ്ചേരി പനങ്ങാട്ടുകര കല്ലമ്പാറ ആക്കപ്പറമ്പിൽ ചിയാമുവിന്റെയും ഫാത്തിമാബീവിയുടെയും മകനാണ്. ഭാര്യ: എസ്. ഉസൈബ ബീവി (എരുമപ്പെട്ടി പി.എച്ച്.സി. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്) മകൾ: ഡോ. ഷീബ.
കടകംപള്ളി സുരേന്ദ്രൻ (61 വയസ്)
സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ കടകംപള്ളി സുരേന്ദ്രനെ തിരുവനന്തപുരത്ത് പാർട്ടിയുടെ മുഖമാണ്. കഴക്കൂട്ടത്ത് ശക്തമായ ത്രികോണ മത്സരചൂടിനെ അതിജീവിച്ചാണ് പതിനാലം നിയസഭയിൽ എത്തുന്നത്. 1996 ൽ കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിൽനിന്ന് എംഎൽഎ ആയി തിരഞ്ഞെടുക്കപ്പട്ടിട്ടുണ്ട്. 2006ൽ കഴക്കൂട്ടത്തു മത്സരിച്ച് 214 വോട്ടിനു പരാജയപ്പെട്ടിരുന്നു. ഇക്കുറി എൻഡിഎയുടെ വി മുരളീധരനെ 7347 വോട്ടിനു പരാജയപ്പെടുത്തിയാണു സഭയിൽ എത്തുന്നത്. ഡിവൈഎഫ്ഐ രൂപവത്കരിച്ചപ്പോൾ ആദ്യ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്നു. തുടർന്ന് സംസ്ഥാന ട്രഷററും അഖിലേന്ത്യ വൈസ് പ്രസിഡന്റുമായിരുന്നു. സിപിഐ(എം). ജില്ലാ സെക്രട്ടറിയുമായിരുന്നു. സിഐടി.യു അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗമാണ്. ആദ്യ ജില്ലാകൗൺസിലിലും അംഗമായിരുന്നു. കടകംപള്ളി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും കടകംപള്ളി സുരേന്ദ്രൻ പ്രവർത്തിച്ചിരുന്നു.
കെ ടി ജലീൽ (49 വയസ്)
മുസ്ലീം മത ന്യൂനപക്ഷങ്ങൾക്കിടയിൽ സിപിഎമ്മിനെ കൂടുതൽ അടുപ്പിച്ചത് കെടി ജലീലാണ്. ഇടത് സ്വതന്ത്രൻ. ഹാട്രിക് വിജയമാണ് തവനൂരിൽ ഇത്തവണ നേടിയത്. ലീഗ് വിട്ട് 2006ൽ കുറ്റിപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ആദ്യജയം. 2011 ൽ തവനൂരിലും വിജയി. കോൺഗ്രസിന്റെ പി ഇഫ്തിക്കറുദീനെ 17064 വോട്ടിനു തോൽപ്പിച്ചാണ് ഇത്തവണ സഭാപ്രവേശം. മുഖ്യധാര മാഗസിൻ എഡിറ്റർ. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ ചരിത്ര അദ്ധ്യാപകൻ. ഇപ്പോൾ അവധിയിൽ. യൂത്ത് ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി, മലപ്പുറം ജില്ലാപഞ്ചായത്ത്, ജില്ലാ കൗൺസിൽ അംഗം, കാലിക്കറ്റ് സിൻഡിക്കേറ്റംഗം, നോർക്ക റൂട്ട്സ് ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചു.
ഇ ചന്ദ്രശേഖരൻ (67 വയസ്)
കാഞ്ഞങ്ങാട്ടെ സിപിഐ എംഎൽഎയാണ് ഇ.ചന്ദ്രശേഖരൻ. കഴിഞ്ഞതവണയും മണ്ഡലത്തെ പ്രതിനിധാനം ചെയ്ത ഇ ചന്ദ്രശേഖരൻ ഇക്കുറി പരാജയപ്പെടുത്തിയതു കോൺഗ്രസിന്റെ ധന്യ സുരേഷിനെയാണ്. ഭൂരിപക്ഷം 26011. സിപിഐ. സംസ്ഥാന സെക്രട്ടേറിയറ്റംഗമായ ചന്ദ്രശേഖരൻ എ.ഐ.വൈ.എഫിലൂടെയാണ് പൊതുരംഗത്തെത്തിയത്. എ.ഐ.വൈ.എഫിൽ കാസർകോട് താലൂക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. സിപിഐ. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റംഗം, കാസർകോട് ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റംഗമാണ്. 1979-85 കാലത്ത് ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് അംഗമായിരുന്നു. പെരുമ്പളയിലെ പരേതരായ പി.കുഞ്ഞിരാമൻ നായരുടെയും ഇ.പാർവതിയമ്മയുടെയും മകനാണ്ചന്ദ്രശേഖരൻ. സാവിത്രിയാണ് ഭാര്യ. മകൾ നീലി ചന്ദ്രൻ.
വി എസ് സുനിൽകുമാർ (48 വയസ്)
തൃശൂരെന്ന കോൺഗ്രസ് കോട്ടയെ ചുവപ്പണിയിച്ചാണ് വി എസ് സുനിൽകുമാർ മന്ത്രിയാകുന്നത്. ബാലവേദിയിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ വി എസ്. സുനിൽകുമാർ എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ്. സംസ്ഥാന നേതൃനിരയിലെത്തി. സിപിഐ. തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, പാർട്ടി ദേശീയ കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 2006 ൽ ചേർപ്പ് നിയോജകമണ്ഡലത്തിൽനിന്നും 2011 ൽ കൈപ്പമംഗലത്തു നിന്നും നിയമസഭയിലെത്തി. ഇക്കുറി തൃശൂരിൽ 6987 വോട്ടിനു കോൺഗ്രസിലെ പത്മജ വേണുഗോപാലിനെയാണു സുനിൽ കുമാർ തോൽപ്പിച്ചത്. 1997 ൽ ക്യൂബയിൽ നടന്ന ലോക യുവജന സമ്മേളനത്തിലും 2000 ൽ വെനസ്വേലെയിൽ നടന്ന യുവജന സമ്മേളനത്തിലും പ്രതിനിധി ആയിരുന്നു. ഏറ്റവും മികച്ച എംഎൽഎ.ക്കുള്ള കൃഷ്ണൻ കണിയാം പറമ്പിൽ സ്മാരക പുരസ്കാരം, പൗലോസ് താക്കോൽക്കാരാൻ പുരസ്കാരം, കോട്ടയം രാജീവ് ഗാന്ധി പുരസ്കാരം, തിരുവനന്തപുരം റോട്ടറി ക്ലബ് പുരസ്കാരം എന്നിവ ലഭിച്ചു. വി.കെ. മോഹനൻ കാർഷിക സംസ്കൃതി ചെയർമാൻകൂടിയാണ്. ഭാര്യ: രേഖ സുനിൽകുമാർ. മകൻ: നിരഞ്ജൻ കൃഷ്ണ.
അഡ്വ. കെ.രാജു (63 വയസ്)
പുനലൂർ മണ്ഡലത്തിൽ ഹാട്രിക് തികച്ച് അഡ്വ. കെ.രാജു മന്ത്രിപദത്തിലെത്തുന്നു. സിപിഐ. സംസ്ഥാന കൗൺസിൽ അംഗമാണ്. പരേതനായ ജി. കരുണാകരന്റെ മകനാണ്. എ.ഐ.എസ്.എഫ്. പ്രവർത്തകനായിട്ടാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. അഞ്ചൽ സെന്റ് ജോൺസ് കോേളജിൽനിന്ന് പൊളിറ്റിക്സിൽ ബിരുദം നേടിയശേഷം തിരുവനന്തപുരം ഗവ. ലോ കോളജിൽനിന്ന് നിയമബിരുദവും നേടി. പുനലൂർ ബാറിൽ പ്രാക്ടീസ് തുടങ്ങി. 35 വർഷമായി അഭിഭാഷകവൃത്തി ചെയ്യുന്നു. എ.ഐ.വൈ.എഫ്. ഭാരവാഹിയായിരുന്ന അദ്ദേഹം പിന്നീട് 12 വർഷം പാർട്ടിയുടെ മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചു. 25ാമത്തെ വയസ്സിൽ ഏരൂർ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ജില്ലാ പഞ്ചായത്തിൽ കുളത്തൂപ്പുഴ ഡിവിഷനിൽനിന്ന് വിജയിച്ചു. 2006ലെ തിരഞ്ഞെടുപ്പിൽ സി.എംപി. നേതാവ് എം വിരാഘവനെ 7925 വോട്ടിന് പരാജയപ്പെടുത്തി. 2011ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിലെ അഡ്വ. ജോൺസൺ എബ്രഹാമിനെ 18,005 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇക്കുറി 33582 വോട്ടിനു മുസ്ലിം ലീഗിലെ എ യൂനുസ് കുഞ്ഞിനെയാണു അഡ്വ.രാജു തോൽപ്പിച്ചത്. ഭാര്യ ഡി.ഷീബ (റിട്ട. സൂപ്രണ്ടിങ് എൻജിനിയർ). മക്കൾ: ഋത്വിക് രാജ്, നിഥിൻ രാജ്
പി തിലോത്തമൻ (58 വയസ്)
ചേർത്തലയിൽ മൂന്നാം വിജയം നേടിയാണ് പി തിലോത്തമൻ പിണറായി മന്ത്രിസഭയിലെത്തുന്നത്. 7196 വോട്ടിന് കോൺഗ്രസിലെ അഡ്വ. എസ് ശരത്തിനെയാണു തിലോത്തമൻ ഇത്തവണ തോൽപ്പിച്ചത്. സിപിഐ.ജില്ലാ സെക്രട്ടറിയാണ്. ബി.എ. ഇക്കണോമിക്സ് ബിരുദധാരി. എ.ഐ.എസ്.എഫിലൂടെ സംഘടനാ പ്രവർത്തനം തുടങ്ങി. എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രർത്തിച്ചിട്ടുണ്ട്. ചേർത്തല തെക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, സി.സി.ടി. പ്രസിഡന്റ്, കയർഫെഡ് വൈസ് പ്രസിഡന്റ്. ഇതിനു പുറമേ കയർ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി.) സംസ്ഥാന പ്രസിഡന്റ്, ചെത്തുതൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി.) താലൂക്ക് പ്രസിഡന്റ്, കേരള ലാൻഡ് ഡവലപ്മെന്റ് കോർപറേഷൻ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്, തീരദേശ മത്സ്യ ചുമട്ടുതൊഴിലാളി യൂണിയൻ താലൂക്ക് പ്രസിഡന്റ് എന്നിങ്ങനെയും പ്രവർത്തിച്ചു.
കടന്നപ്പള്ളി രാമചന്ദ്രൻ (71 വയസ്)
കണ്ണൂരിൽ രണ്ടാം തവണയാണ് രാമചന്ദ്രൻ കടന്നപ്പള്ളി മത്സരത്തിനെത്തിയത്. കഴിഞ്ഞതവണ കോൺഗ്രസ്സിലെ എ.പി.അബ്ദുള്ളക്കുട്ടിയോട് 6333 വോട്ടിന് പരാജയപ്പെട്ടു. ഇത്തവണ സതീശൻ പാച്ചേനിയെട തേൽപ്പിച്ചു. കോൺഗ്രസ് എസ്സിന്റെ സംസ്ഥാന പ്രസിഡന്റായ അദ്ദേഹം 1978ലെ കോൺഗ്രസ് പിളർപ്പിനുശേഷം എന്നും ഇടതുമുന്നണിയുടെ സഹയാത്രികനായി. 1971ൽ കാസർകോട്ടുനിന്ന് കെ.എസ്.യു. നേതാവിയിരിക്കെ ഇ.കെ.നായനാരെ തോല്പിച്ചുകൊണ്ട് പാർലമെന്റംഗമായി. തുടർന്നും കാസർകോട്ടുനിന്ന് അദ്ദേഹം പാർലമെന്റിലെത്തി. കോൺഗ്രസ്സിലെ പിളർപ്പിനുശേഷം ഇടതുമുന്നണിക്കൊപ്പമായ കോൺഗ്രസ് എസ്സിൽനിന്ന് എ.കെ.ആന്റണിയുൾപ്പെട്ട നേതാക്കൾ വിട്ടുപോയെങ്കിലും കടന്നപ്പള്ളി ഇടതുമുന്നണിയിൽ തുടർന്നു. എൽ.ഡി.എഫിലായിരിക്കെ അദ്ദേഹം 1980ൽ ഇരിക്കൂറിൽനിന്ന് വിജയിച്ചു. പിന്നീട് പേരാവൂരിൽനിന്ന് കെ.പി.നൂറുദ്ദീനോട് പരാജയപ്പെട്ടു. 2006ൽ എടക്കാട്ടുനിന്ന് അദ്ദേഹം കോൺഗ്രസ്സിലെ കെ.സി.കടമ്പൂരാനെ 30,000ത്തിലധികം വോട്ടിന് പരാജയപ്പെടുത്തി. രണ്ടുവർഷം അദ്ദേഹം ദേവസ്വം മന്ത്രിയുമായി. കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2011ൽ കടന്നപ്പള്ളി കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും എ.പി.അബ്ദുള്ളക്കുട്ടിയോട് തോറ്റു. ഇക്കുറി കോൺഗ്രസിലെ സതീശൻ പാച്ചേനിയെ 1196 വോട്ടിനു തോൽപ്പിച്ചാണ് കണ്ണൂർ മണ്ഡലം കടന്നപ്പള്ളി ഇടതുപക്ഷത്തിന്റെ പക്കലെത്തിച്ചത്. പയ്യന്നൂർ കണ്ടോന്താർ സ്വദേശിയായ കടന്നപ്പള്ളി ഇപ്പോൾ തോട്ടടയിലാണ് താമസം. ഭാര്യ റിട്ട. അദ്ധ്യാപിക സരസ്വതിയാണ്. മിഥുൻ മകനാണ്.