തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അനുമതി ഇല്ലാതെ സിൽവർ ലൈൻ പദ്ധതിയുമായി മുമ്പോട്ട് പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. ഈ സാഹചര്യത്തിലാണ് പിണറായി വിജയന്റെ ഡൽഹി യാത്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് അനുമതി വാങ്ങാനാണ് ശ്രമം. അതിവേഗ സമ്മർദ്ദത്തിന് മുഖ്യമന്ത്രി ഡൽഹിയിലെത്തുന്നത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ എതിർപ്പ് പരിഗണിച്ചാണ്. എന്നാൽ കേന്ദ്ര സർക്കാർ പദ്ധതിക്ക് ഉടനൊന്നും അനുമതി നൽകില്ല. മെട്രോ മാൻ ഇ ശ്രീധരന്റെ കെ റെയിൽ വിരുദ്ധ നിലപാട് പ്രധാനമന്ത്രിയും അംഗീകരിക്കുന്നുണ്ടെന്നാണ് സൂചന.

പാർട്ടി കോൺഗ്രസിന് മുമ്പ് അനുമതി കിട്ടിയില്ലെങ്കിൽ സിപിഎം ദേശീയ നേതൃത്വം ഉറച്ച നിലപാട് എടുക്കും. കേന്ദ്രാനുമതി ഇല്ലാതെ സർവ്വേ നടത്തി ജനങ്ങളെ ബുദ്ധിമുട്ടുണ്ടാക്കരുതെന്നാണ് യെച്ചൂരിയുടെ പക്ഷം. ഇക്കാര്യം പിണറായിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഡൽഹി ഓപ്പറേഷൻ. പ്രകാശാ കാരാട്ടും വൃന്ദാകാരാട്ടും വിഷയത്തിൽ സിപിഎമ്മിന് എതിരാണ്. കേരളത്തിൽ ഉടനീളം പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തിൽ സിപിഎമ്മിന്റെ ജനകീയ അടിത്തറ ഇളകുമെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ആശങ്ക. കേരളത്തിലും ഭരണ നഷ്ടം അവർ ആഗ്രഹിക്കുന്നില്ല. കെ റെയിലിൽ പിണറായി നേരിട്ടിറങ്ങുമെന്ന് നേരത്തെ സിപിഎം കേന്ദ്രങ്ങൾ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഡൽഹി യാത്ര.

ഇത് പ്രധാനമന്ത്രിയുടെ കാലു പിടിക്കാനുള്ള നേരിട്ടിറങ്ങലാണോ എന്ന ചോദ്യം സജീവമായി വിമർശകർ ഉയർത്തുന്നുണ്ട്. സിൽവർ ലൈനുമായി ബന്ധപ്പെട്ട് വിവാദങ്ങളും പ്രതിഷേധങ്ങളും ശക്തമാകുന്നതിനിടയിൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിർണായക ഇടപെടൽ ആണ് ഡൽഹിയിലേത്. സിൽവർ ലൈനുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. സിൽവർ ലൈന് എതിരേ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. അതുപോലെ, കേന്ദ്രത്തിനും ഉള്ളത് പദ്ധതിക്ക് അനുകൂലമായ നിലപാടല്ല എന്നാണ് കഴിഞ്ഞദിവസം റെയിൽവേ മന്ത്രി ലോക്സഭയിൽ നടത്തിയ പരാമർശങ്ങളിൽ വ്യക്തമാകുന്നത്. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടാൻ നേരിട്ടിറങ്ങുന്നത്.

കെ റെയിൽ എം.ഡി. വി. അജിത് കുമാറും ഡൽഹിയിലുണ്ട്. രണ്ടുദിവസമായി അദ്ദേഹം റെയിൽവേ ഉദ്യോഗസ്ഥരുമായി നിരന്തരം ചർച്ച നടത്തിവരികയാണ്. നിലവിൽ പദ്ധതിയുടെ അലൈന്മെന്റ് ഉൾപ്പെടെയുള്ളവയിൽ തീരുമാനമാകാനുണ്ട്. സംസ്ഥാനത്ത് പദ്ധതിക്കെതിരേ പ്രതിഷേധം ശക്തമാണ്. കേന്ദ്രസർക്കാരും പ്രതികൂല നിലപാട് എടുത്താൽ അത് പദ്ധതിയെ പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ നിലപാട് അനുകൂലമാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. കേന്ദ്ര മന്ത്രി വി മുരളീധരൻ പദ്ധതിക്ക് എതിരാണ്. അതുകൊണ്ടു കൂടിയാണ് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി നേരിട്ട് കാണുന്നത്.

അതിനിടെ സിൽവർലൈൻ വിരുദ്ധ സമരത്തിൽ കൊടിയുടെ നിറം നോക്കാതെ സഹകരിക്കാൻ കോൺഗ്രസ് തീരുമാനം എടുത്തിട്ടുണ്ട്. പ്രാദേശികതലത്തിൽ സമരസമിതികൾ രൂപീകരിക്കുമ്പോൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ഒപ്പം നിൽക്കും. സമരസമിതിയുമായി ബിജെപി ഉൾപ്പെടെ ഏതൊക്കെ രാഷ്ട്രീയ പാർട്ടികൾ സഹകരിക്കുന്നുണ്ട് എന്നതു കണക്കിലെടുക്കേണ്ടതില്ലെന്നാണു തീരുമാനം. ജനവിരുദ്ധ പദ്ധതിക്കെതിരായ സമരം എന്ന പൊതുവിഷയത്തിൽ ജനങ്ങളെല്ലാം ഒരുമിക്കുന്നു എന്ന സന്ദേശം ഇതുവഴി നൽകും.

ഈ ഘട്ടത്തിൽ കോൺഗ്രസിന്റെ കൊടി പിടിച്ചുള്ള സമരം ഉണ്ടാകില്ല. അതേസമയം, എല്ലാ പ്രാദേശിക സമരത്തിലും കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കും. കോഴിക്കോട് ജില്ലയിൽ ഡിസിസി കരുതൽ പട രൂപീകരിച്ചിട്ടുണ്ട്. സമരം നടക്കുന്ന എല്ലാ ജില്ലകളിലും ഇതു വ്യാപിപ്പിക്കുന്നത് ആലോചനയിലാണ്. സമരസഹായ സമിതി എന്ന നിലയിൽ സമരകേന്ദ്രങ്ങളിൽ വൊളന്റിയർമാരെ എത്തിക്കുകയാണു ല ക്ഷ്യം. ജനസദസ്സുകൾ, സെമിനാറുകൾ, ഹ്രസ്വചിത്രങ്ങൾ എന്നിവയിലൂടെ ബോധവൽക്കരണവും കോൺഗ്രസ് നടത്തും. ഇതുൾപ്പെടെ കോൺഗ്രസിന്റെ സിൽവർലൈൻ വിരുദ്ധ സമരരീതി ഇന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പ്രഖ്യാപിക്കും.

അതിനിടെ കെ റെയിലിൽ പദ്ധതിയിൽ നിന്നുള്ള 10% കമ്മിഷനാണു സിപിഎം ലക്ഷ്യമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആരോപിച്ചു. 'പിണറായി കൊണ്ടുവന്ന എല്ലാ പദ്ധതികളുടെയും പുറകിൽ കമ്മിഷനുണ്ടായിരുന്നു. ജനകീയ സർവേ നടത്തി ജനം പിന്തുണച്ചാൽ കോൺഗ്രസും കെ റെയിലിനെ തുണയ്ക്കും. കോടികൾ കമ്മിഷൻ വാങ്ങുകയാണു കെ റെയിലിന്റെ ലക്ഷ്യം.

മനഃസാക്ഷിയെ മുറിവേൽപിക്കുന്ന സംഭവങ്ങളാണു നടക്കുന്നത്. കുഞ്ഞുമക്കളുടെ മുൻപിൽ നിന്നു രക്ഷിതാക്കളെ വലിച്ചിഴയ്ക്കുന്നു. മകനെ പൊലീസ് പിടിച്ചുകൊണ്ടു പോകുമ്പോൾ അമ്മ ബോധം കെട്ടു വീഴുന്നു. ഇങ്ങനൊരു മുഖ്യമന്ത്രിയും ഭരണവും ആർക്കും സഹിക്കാനാകില്ല. പിണറായി വിജയന്റെ സ്വപ്നം ഒരിക്കലും ഇക്കാര്യത്തിൽ പൂവണിയില്ല. ബിജെപി സമരം നടത്താതെ കേന്ദ്രത്തെക്കൊണ്ടു പദ്ധതി പിൻവലിപ്പിക്കുകയാണു വേണ്ടതെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.