കോഴിക്കോട്: വികസനത്തിന്റെ കാര്യത്തിൽ രാഷ്ട്രീയം തടസമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതു രാഷ്ട്രീയ ഭിന്നത മറന്നുള്ള ഇടപെടലാണെന്നും പിണറായി പറഞ്ഞു.

കോഴിക്കോട് നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി മുൻസിപ്പൽ കോർപ്പറേഷൻ സമർപ്പിച്ച നിവേദനം പരിശോധിച്ച ശേഷം സംസാരിക്കവെയാണു കേന്ദ്രസർക്കാരിനെ പിണറായി പ്രശംസിച്ചത്.

സംസ്ഥാനത്തിന്റെ ബഹുവിധ വികസന കാര്യങ്ങളിൽ കേന്ദ്രം സഹകരിക്കാൻ തയ്യാറാണെന്നാണു പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചകളിൽ വ്യക്തമാക്കിയത്. കേരളത്തിന്റെ വികസനത്തോട് നരേന്ദ്ര മോദി സർക്കാർ സ്വീകരിച്ചത് ക്രിയാത്മക നിലപാടാണ്. റോഡുവികസനത്തിനായി എത്ര പണം വേണമെങ്കിലും ചെലവഴിക്കാൻ കേന്ദ്രം തയ്യാറാണ്. കേരളത്തിലെ റോഡ് വികസനം സംബന്ധിച്ച് ആവശ്യമായതെല്ലാം ചെയ്യാമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പു നൽകിയതായും പിണറായി പറഞ്ഞു. വികസനത്തിനായുള്ള പണം ഞങ്ങളുടെ കൈയിലുണ്ട് എന്നായിരുന്നു പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും അറിയിച്ചതെന്നും പിണറായി പറഞ്ഞു. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളൊന്നും വികസനത്തിന്റെ കാര്യത്തിൽ പ്രതിഫലിച്ചിരുന്നില്ലെന്നും പിണറായി പറഞ്ഞു.

വികസനത്തിന്റെ പാതയിൽ കേരളത്തെ മുന്നോട്ടു നയിക്കാൻ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ചു പ്രവർത്തിക്കും. വികസനകാര്യത്തിൽ രാഷ്ട്രീയം തടസമല്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.