കണ്ണൂർ: ട്രെയിനുകളിലെ എൽഡിഎഫ് പരസ്യം നശിപ്പിച്ചത് ഇടതുമുന്നണിയുടെ മുന്നേറ്റത്തിൽ വിരണ്ടവരെന്നു സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പിണറായി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആറ് പ്രധാന ട്രെയിനുകളിൽ പതിപ്പിച്ച പരസ്യങ്ങളാണ് വ്യാപകമായി നശിപ്പിക്കുന്നത്. റെയിൽവേ മന്ത്രാലയത്തിന്റെ അനുവാദത്തോടെ ടെണ്ടർവിളിച്ച് പതിപ്പിച്ച പരസ്യങ്ങളുടെ അടിത്തറ ഇന്നാട്ടിലെ സാധാരണ ജനങ്ങളിൽ നിന്ന് സ്വരൂപിച്ച പണമാണെന്നും പിണറായി ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

'എൽ ഡി എഫ് വരും, എല്ലാം ശരിയാകും എന്ന മുദ്രാവാക്യം ജനങ്ങള് ആവേശ പൂർവം ഏറ്റെടുത്തിരിക്കുന്നു. ആകർഷകത്വമുള്ള പുതിയ അത്തരം മാർഗങ്ങൾ കണ്ടെത്തുന്നതിനു പകരം നശിപ്പിച്ച് സായൂജ്യമടയുന്ന മനോരോഗ സമാനമായ അവസ്ഥയിൽ എതിരാളികൾ എത്തിയത് ഖേദകരമാണ്.

ട്രെയിനുകളിൽ പതിപ്പിച്ച പരസ്യം നശിപ്പിക്കപ്പെടാതെ സുക്ഷിക്കാൻ റെയിൽവെ പൊലീസിന് ബാധ്യതയുണ്ട്. റെയിൽവെയുടെ അധിനതയിലുള്ളിടത്ത് നിർത്തിയിടുന്ന തീവണ്ടിയിലെ പരസ്യം എല്ലാവരുടെയും കണ്ണുവെട്ടിച്ച് നശിപ്പിക്കുക അസംഭാവ്യമാണ്. കുറ്റവാളികളെ കണ്ടെത്താനും നിയമത്തിനു മുന്നിൽകൊണ്ടുവരാനും അധികൃതർ അടിയന്തരമായി ഇടപെടണം. ഇത്തരം അതിക്രമംകൊണ്ട് എൽഡിഎഫിന്റെ മേൽക്കൈ ഇല്ലാതാക്കാമെന്ന വ്യാമോഹം ആർക്കും വേണ്ട'- പിണറായി വ്യക്തമാക്കി.