- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ക്രൗര്യം കൊണ്ട് ഒരാളെ ഇല്ലാതാക്കാൻ പറ്റും, തിരുത്താൻ പറ്റില്ല; അഭിപ്രായ വ്യത്യാസത്തിന്റെ പേരിലുള്ള കൊലപാതകം ന്യായീകരിക്കാനാകില്ല; എതിർക്കുന്നവർ സത്യം മനസിലാക്കി നാളെ നമ്മോടൊപ്പം വരേണ്ട സഹോദരങ്ങളാണ് എന്ന ചിന്ത മനസിലുണ്ടാകണം': രാഷ്ട്രീയ കൊലപാതകങ്ങളിൽ പിണറായിക്കു പറയാനുള്ളത്
തിരുവനന്തപുരം: രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികാര മനോഭാവമുണ്ടാവുന്നതും കൊലപാതകങ്ങളുണ്ടാവുന്നതും നീതീകരിക്കാനാവുന്നതല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എതിരഭിപ്രായവുമായി നിൽക്കുന്നവർ പോലും സത്യം മനസ്സിലാക്കി നാളെ നമ്മളോടൊപ്പം വരേണ്ട നമ്മുടെ സഹോദരരാണ് എന്ന ചിന്ത ഓരോ കൂട്ടർക്കും മനസ്സിലുണ്ടാവണമെന്നും പിണറായി പറഞ്ഞു. അടുത്തിടെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ പ്രതികരണം. ഫേസ്‌ബുക്കിലാണ് മുഖ്യമന്ത്രി പരാമർശം നടത്തിയത്. ഏറെക്കാലമായി കേരളത്തിന്റെ ചില ഭാഗങ്ങളിൽ രാഷ്ട്രീയ സംഘർഷാന്തരീക്ഷം രൂപപ്പെട്ടു വരുകയും അതുകൊലപാതകങ്ങളിലെത്തുകയും ചെയ്യുന്ന ദൗർഭാഗ്യകരമായ സ്ഥിതിയുണ്ട്. രാഷ്ട്രീയമായ അഭിപ്രായ ഭിന്നതകളുണ്ടാവുന്നതു സ്വാഭാവികമാണ്. രണ്ടു പ്രസ്ഥാനങ്ങൾക്കിടയിൽ മാത്രമല്ല, രണ്ടു വ്യക്തികൾക്കിടയിൽ പോലും ഒരേ അഭിപ്രായം എല്ലാ കാര്യത്തോടും എല്ലായ്‌പൊഴും ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാൽ, ആ അഭിപ്രായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികാര മനോഭാവമുണ്ടാവുന്നതു
തിരുവനന്തപുരം: രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികാര മനോഭാവമുണ്ടാവുന്നതും കൊലപാതകങ്ങളുണ്ടാവുന്നതും നീതീകരിക്കാനാവുന്നതല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എതിരഭിപ്രായവുമായി നിൽക്കുന്നവർ പോലും സത്യം മനസ്സിലാക്കി നാളെ നമ്മളോടൊപ്പം വരേണ്ട നമ്മുടെ സഹോദരരാണ് എന്ന ചിന്ത ഓരോ കൂട്ടർക്കും മനസ്സിലുണ്ടാവണമെന്നും പിണറായി പറഞ്ഞു.
അടുത്തിടെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ പ്രതികരണം. ഫേസ്‌ബുക്കിലാണ് മുഖ്യമന്ത്രി പരാമർശം നടത്തിയത്.
ഏറെക്കാലമായി കേരളത്തിന്റെ ചില ഭാഗങ്ങളിൽ രാഷ്ട്രീയ സംഘർഷാന്തരീക്ഷം രൂപപ്പെട്ടു വരുകയും അതുകൊലപാതകങ്ങളിലെത്തുകയും ചെയ്യുന്ന ദൗർഭാഗ്യകരമായ സ്ഥിതിയുണ്ട്. രാഷ്ട്രീയമായ അഭിപ്രായ ഭിന്നതകളുണ്ടാവുന്നതു സ്വാഭാവികമാണ്. രണ്ടു പ്രസ്ഥാനങ്ങൾക്കിടയിൽ മാത്രമല്ല, രണ്ടു വ്യക്തികൾക്കിടയിൽ പോലും ഒരേ അഭിപ്രായം എല്ലാ കാര്യത്തോടും എല്ലായ്‌പൊഴും ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാൽ, ആ അഭിപ്രായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികാര മനോഭാവമുണ്ടാവുന്നതും കൊലപാതകങ്ങളുണ്ടാവുന്നതും നീതീകരിക്കാനാവുന്നതല്ല. ഒരു പരിഷ്‌കൃത സമൂഹത്തിനു ചേരുന്നതുമല്ല. കേരളം പോലെ പ്രബുദ്ധമായ ഒരു സംസ്ഥാനത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചും.
എങ്കിലും കേരളത്തിൽ, ചില പ്രദേശങ്ങളിൽ നിർഭാഗ്യകരമായ ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്നുണ്ട്. ഇതിനെ മറികടക്കേണ്ടതുണ്ട്. അതു സാധ്യമാവണമെങ്കിൽ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പ്രവർത്തകർ ബോധപൂർവം ശ്രമിക്കണം. ദൃഢനിശ്ചയത്തോടെ സമാധാനപരമായി നിലകൊള്ളുമെന്നുറപ്പിക്കണം.
വൈകാരികമായ പ്രതികാര പ്രവർത്തനങ്ങൾക്കപ്പുറത്ത് നാടിന്റെ വികസനം, നാട്ടുകാരുടെ നന്മ, സമൂഹത്തിന്റെ പുരോഗതി എന്നീ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുറപ്പിക്കണം. എല്ലാ രാഷ്ട്രീയ ചിന്താധാരകളിലുംപെട്ടവർ നാടിന്റെ വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും കാര്യത്തിൽ ഒരുമിക്കണം. 'മനുഷ്യത്വ'മെന്ന മഹാഗുണത്തിന്റെ മഹത്വം മനസ്സിൽ നിന്നു ചോർന്നുപോകാൻ ഒരു സാഹചര്യത്തിലും അനുവദിക്കില്ല എന്നു നിശ്ചയിക്കണം.
വ്യത്യസ്ത പാർട്ടികളിൽ പെട്ടവർ തമ്മിൽ കൊന്നൊടുക്കിയല്ല അഭിപ്രായവ്യത്യാസം പരിഹരിക്കേണ്ടത്. മറിച്ച്, എതിരഭിപ്രായവുമായി നിൽക്കുന്നവർ പോലും സത്യം മനസ്സിലാക്കി നാളെ നമ്മളോടൊപ്പം വരേണ്ട നമ്മുടെ സഹോദരരാണ് എന്ന ചിന്ത ഓരോ കൂട്ടർക്കും മനസ്സിലുണ്ടാവണം. അങ്ങനെ വന്നാൽ ഈ അവസ്ഥ മാറും. പ്രതികാരചിന്ത മാറും. നാളെ നമുക്കുവേണ്ടി നിൽക്കേണ്ട വ്യക്തിയെ ഇന്നേ കൊല്ലുകയോ എന്ന ചിന്ത മനസ്സിലുയരും. അത് ശാന്തിയുടെ, സഹവർത്തിത്വത്തിന്റെ, സാഹോദര്യത്തിന്റെ അന്തരീക്ഷം മനസ്സിലും സമൂഹത്തിലും ഉണ്ടാക്കും.
ക്രൗര്യം കൊണ്ട് ഒരാളെ ഇല്ലാതാക്കാൻ പറ്റും; തിരുത്താൻ പറ്റില്ല. സൗമനസ്യം കൊണ്ടേ ആരെയും തിരുത്താനാവൂ. മനുഷ്യത്വപൂർണമായ ആ സൗമനസ്യത്തിന്റെ രാഷ്ട്രീയത്തിനായി എല്ലാവരും സ്വയം അർപ്പിക്കുമെങ്കിൽ ഈ നാട് ഒരുമയോടെ പുരോഗമിക്കും. നമ്മുടെ വരും തലമുറകൾക്കു സ്വച്ഛമായി ഐശ്വര്യത്തിൽ കഴിയാനാവുന്ന ഒരു അന്തരീക്ഷം നമുക്കു സൃഷ്ടിക്കാനാവും. സമാധാനാന്തരീക്ഷം നിലനിർത്താൻ വേണ്ടി ഗവണ്മെന്റു കൈക്കൊള്ളുന്ന നടപടികളോട് എല്ലാവരും സഹകരിക്കണമെന്നും പിണറായി പറഞ്ഞു.