- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് പൊലീസല്ല; പിണറായിയുടെ ഊള പൊലീസ്; യഥാർത്ഥ പൊലീസ് വരട്ടേ....; ചോദ്യം ചെയ്യലിനുള്ള നോട്ടീസ് രാഷ്ട്രീയ പ്രേരിതമെന്ന് പിസി ജോർജ്ജ്; തൃക്കാക്കരയിൽ എത്തേണ്ടത് ആവശ്യം; പിണറായിയെ പരിഹസിച്ച് പിസി ജോർജ്ജ് തൃക്കാക്കരയിലേക്ക്; ഫോർട്ട് പൊലീസിന് മുമ്പിൽ ഹാജരാകില്ല; വെണ്ണലയിലേക്ക് പൂഞ്ഞാറിലെ നേതാവ് വീണ്ടും
കോട്ടയം: പിസി ജോർജ് തൃക്കാക്കരയിലേക്ക്. വെണ്ണലയിലെ ക്ഷേത്രത്തിലെ സ്വീകരണത്തിലും പങ്കെടുക്കും. ആനപ്പുറത്തിരിക്കുന്ന പിണറായി വിജയൻ ആനപ്പുറത്ത് നിന്ന് ഇറങ്ങട്ടേ എന്ന പരിഹാസവുമായാണ് പിസി ജോർജ് തൃക്കാക്കരയിലേക്ക് പോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന് തൃക്കാക്കരയിൽ മറുപടി നൽകും. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത് പിണറായിയുടെ ഊള പൊലീസാണ്. യഥാർത്ഥ കേരളാ പൊലീസ് വരട്ടെൃഎന്ന് മാധ്യമങ്ങളോട് പ്രതികരിച്ചാണ് പിസി ജോർജിന്റെ യാത്ര. യാത്ര വഴിയിൽ തന്നെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിയില്ലെന്നും ഹൈക്കോടതിയുടെ ജാമ്യ ഉത്തരവിൽ അതുമായി ബന്ധപ്പെട്ട കോടതിയുടെ വൃക്തമായ ഇടപെടലുണ്ടെന്നും പിസി ജോർജ് പറയുന്നു.
പി.സി.ജോർജിന്റെ അറസ്റ്റ് വർഗീയ വിഷം പരത്തുന്നവർക്കുള്ള ഫസ്റ്റ് ഡോസ് ആണെന്നും ആട്ടിൻതോലിട്ട ചെന്നായ വരുന്നതു രക്തം കുടിക്കാനാണെന്നും ആട്ടിൻകൂട്ടത്തിന് അതു നന്നായി അറിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിനിടെ തൃക്കാക്കരയിൽ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാസമ്മേളന വേദിയിൽ നടത്തിയ വിവാദ പ്രസംഗത്തെത്തുടർന്നാണ് ജോർജ് അറസ്റ്റിലായത്. പിണറായിയുടെ കളിയാക്കലിന് മറുപടി നൽകാനാണ് പിസിയുടെ യാത്ര. ഇത് പുതിയ നിയമ പ്രശ്‌നമായി മാറാനും സാധ്യതുണ്ട്. പിസിയെ വീണ്ടും ജയിയിൽ അടയ്ക്കാനും ഈ സാഹചര്യം പൊലീസ് ഉപയോഗിച്ചേക്കും.
ഇന്നലെ രാവിലെ ഈരാറ്റുപേട്ട പൊലീസ് നോട്ടീസ് നൽകി. പിന്നീട് ഫോർട്ടിൽ നിന്നെത്തി എസ് ഐയും. രാഷ്ട്രീയ പ്രതികാരം തീർക്കുകയാണ് പിണറായി. കഴിഞ്ഞ ദിവസമാണ് ജയിലിൽ നിന്ന് ഇറങ്ങി വീട്ടിലെത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇന്ന് നിർദ്ദേശിച്ചത് പ്രതികാരമാണ്. അത് അംഗീകരിക്കില്ല-ഇതാണ് പിസിയുടെ വാക്കുകളിലുള്ളത്. വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യം ചെയ്യലിനായി ഇന്നു രാവിലെ 11 ന് തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ഓഫിസിൽ ഹാജരാകാൻ മുൻ എംഎൽഎ പി.സി.ജോർജിനു പൊലീസ് നോട്ടിസ് നൽകിയിരുന്നു,
ഇന്ന് എത്താൻ കഴിയില്ല എന്ന് പൊലീസിനെ ജോർജ് അറിയിച്ചു. ഹൈക്കോടതി നൽകിയ ജാമ്യത്തിൽ വെള്ളിയാഴ്ച വൈകിട്ടു ജയിൽമോചിതനായ ജോർജ് തൃക്കാക്കരയിൽ ഇന്നു ബിജെപിക്കായി ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിനു പോകാനിരിക്കെയാണു ഫോർട്ട് അസി.കമ്മിഷണർ എസ്.ഷാജി നോട്ടിസ് നൽകിയിരുനന്നത്. തന്നെ ജയിലിൽ ഇട്ട മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടി ഇന്നു തൃക്കാക്കരയിൽ നൽകുമെന്നും പറയാനുള്ളതു പറയുമെന്നും എന്നാൽ നിയമം ലംഘിക്കില്ലെന്നും പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു പുറത്തിറങ്ങിയ ഉടനെ ജോർജ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. അതിനു പൊലീസ് തടയിട്ടതാണെന്ന് ആരോപണം ഉയർന്നിരുന്നു.
തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗക്കേസിന്റെ ഭാഗമായി കൂടുതൽ ചോദിച്ചറിയാനുണ്ടെന്നും അതിനായി ഹാജരാകണമെന്നുമാണു പൊലീസ് അറിയിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ജോർജിന് ഈരാറ്റുപേട്ട പൊലീസിന്റെ നോട്ടിസ് ലഭിച്ചു. തൊട്ടുപിന്നാലെ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ നിന്നു പൊലീസുകാർ ജോർജിന്റെ വസതിയിലെത്തി നോട്ടിസ് നൽകി. അന്വേഷണത്തോടു സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നും ഉൾപ്പെടെയുള്ള ഉപാധികളോടെയായിരുന്നു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അതിനാൽ ഇന്നു ഹാജരാകാതിരുന്നാൽ അതു കോടതി നിർദ്ദേശത്തിന്റെ ലംഘനമായി അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിക്കും.
അങ്ങനെയെങ്കിൽ ജാമ്യം കോടതി റദ്ദാക്കാനും വീണ്ടും അറസ്റ്റ് ഉൾപ്പെടെ നടപടികളിലേക്കു കടക്കാനും സാധ്യതയുണ്ട്. അന്വേഷണത്തിന്റെ ഭാഗമായാണു ജോർജിനു നോട്ടിസ് നൽകിയതെന്നും മറ്റ് ആരോപണങ്ങളിൽ കഴമ്പില്ലെന്നും ഫോർട്ട് പൊലീസ് പറഞ്ഞു. തൃക്കാക്കരയിലെ പ്രചാരണത്തിൽ പി.സി.ജോർജിനെ പങ്കെടുപ്പിക്കരുതെന്ന വാശിയോടെയാണു പൊലീസ് നോട്ടിസ് നൽകിയതെന്നു ജോർജിന്റെ മകൻ ഷോൺ ജോർജ് പറഞ്ഞിരുന്നു.
ഇതു മനഃപൂർവമാണ്. പിണറായി വിജയനു ഭ്രാന്താണ്. ജോർജിൽ നിന്ന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ സമയമുണ്ടായിട്ടും പൊലീസ് അതിനു തയാറായില്ല. ഹൈക്കോടതി ഉത്തരവ് കൃത്യമായി അനുസരിക്കും. നിയമലംഘനം നടത്തില്ല ഷോൺ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ