തിരുവനന്തപുരം: വർഗീയ കക്ഷികളുമായി ഒത്തുതീർപ്പ് ഉണ്ടാക്കിയ മുഖ്യമന്ത്രിക്ക് കൊലപാതകങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ . തെരഞ്ഞെടുപ്പ് വിജയത്തിനായി വർഗീയ കക്ഷികളുമായി ഒത്തുതീർപ്പ് ഉണ്ടാക്കിയ മുഖ്യമന്ത്രിക്ക് അവർ നടത്തുന്ന കൊലപാതകങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ശൂരനാട് രാജശേഖരൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കുകളും ശൂരനാട് ചർച്ചയാക്കുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതിലുള്ളത്.

സംസ്ഥാനത്ത് നടക്കുന്ന കൊലപാതകങ്ങൾക്ക് കാരണം ആഭ്യന്തര വകുപ്പിന്റെ നിഷ്‌ക്രീയത്വം ആണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 1065 കൊലപാതകങ്ങൾ ആണ് സംസ്ഥാനത്തുണ്ടായത്. 1019 കൊലപാതക കേസുകളിൽ കൊല്ലപ്പെട്ടത് 1065 പേരാണ്. 2019 മുതൽ 2022 മാർച്ച് 8 വരെയുള്ള കണക്കാണിത്. 2019 ൽ 319 പേരും 2020 ൽ 318 പേരും 2021 ൽ 353 പേരും 2022 ൽ (മാർച്ച് 8 വരെ) 70 പേരും കൊല്ലപ്പെട്ടു. സംഘടിത ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടത് 83 പേരാണ്.

ഒറ്റക്ക് താമസിക്കുന്നവരും വൃദ്ധരുമായ 38 പേരാണ് ഇക്കാലയളവിൽ ഇത്തരം ആക്രമണങ്ങളിലൂടെ കൊല്ലപ്പെട്ടത്. ജയിലിൽ നിന്നും പരോളിലിറങ്ങിയ 2 പേർ പ്രതികളായി നടത്തിയത് 2 കൊലപാതകങ്ങളാണ്. മാർച്ച് 16 ന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയതാണ് ഈ കണക്കുകൾ. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ശൂരനാട് മുഖ്യമന്ത്രിക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. പാലക്കാട്ടെ ഇപ്പോഴത്തെ കൊലപാതകങ്ങൾ ഈ കണക്കിൽ ഉൾപ്പെടുന്നില്ലെന്നതാണ് വസ്തുത.

ജനങ്ങൾ ഭയചികിതരാണ്. ആഭ്യന്തര വകുപ്പിന്റെ നീയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. കെ റയിൽ കുറ്റികൾക്ക് കാവൽ നിൽക്കുന്നതല്ല പൊലീസിന്റെ ജോലി എന്ന് മുഖ്യമന്ത്രി മനസിലാക്കണം. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം 28 വകുപ്പുകളുടെ ഭാരിച്ച ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ക്കാണ്. ഈ സാഹചര്യത്തിൽ ആഭ്യന്തര വകുപ്പ് സ്ഥാനം മുഖ്യമന്ത്രി ഒഴിഞ്ഞ് പകരം മറ്റൊരു മന്ത്രിക്ക് ആഭ്യന്തര വകുപ്പിന്റെ ചുമതല നൽകണമെന്നും ഡോ.ശൂരനാട് ആവശ്യപ്പെട്ടു.

നാലുമാസത്തിനിടെ രണ്ടാം തവണയാണ് കേരളത്തിന്റെ മനസാക്ഷിയെ പിടിച്ചുലച്ചുകൊണ്ട് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രാഷ്ട്രീയക്കൊലപാതകങ്ങൾ ഇവിടെ അരങ്ങേറുന്നത്. ആലപ്പുഴയിലേത് 10 മണിക്കൂറിന്റെ ദൈർഘ്യത്തിൽ മാത്രം സംഭവിച്ചതാണെങ്കിൽ പാലക്കാട്ട് ഇന്നലെയും ഇന്നുമായി രണ്ട് ജീവനുകൾ ചോര വാർന്നു തെരുവിൽക്കിടന്ന് മരിച്ചത് 24 മണിക്കൂറിനിടെയാണ്. ഇതാണ് ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നത്. ആലപ്പുഴയിലെ വീഴ്ച ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ പാലക്കാട സ്വീകരിച്ചിരുന്നു. എന്നിട്ടും പ്രതികാര കൊല നടന്നു.

ഓരോ തവണയും ഓരോ രാഷ്ട്രീയക്കൊലപാതകങ്ങൾ നാടിനെ നടുക്കുമ്പോഴും പൊലീസ് സംവിധാനം ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന തുടർക്കൊലപാതകങ്ങളുണ്ട്. കഴിഞ്ഞ കുറെയേറെ നാളുകളായി നിഷ്‌ക്രിയരായി നോക്കിനിൽക്കുന്ന പൊലീസും ഇന്റലിജൻസ് സംവിധാനവും അതിന് നേതൃത്വം നൽകുന്ന ആഭ്യന്തരവകുപ്പും തുടർക്കൊലപാതകങ്ങൾക്ക് വഴിയൊരുക്കി നൽകുകയാണ് ചെയ്യുന്നതെന്ന വിമർശനം പ്രതിപക്ഷം ഉയർത്തുന്നുണ്ട്. മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പൊലീസിനെ വിമർശിച്ചു.

ഇന്റലിജൻസിന്റെ പരിപൂർണ വീഴ്ചയാണ് പാലക്കാട്ടും മുൻപ് ആലപ്പുഴയിലും സംഭവിച്ചത്. ഓരോ പ്രശ്‌നങ്ങൾ രൂപപ്പെടുമ്പോഴും സെൻസിറ്റീവ് ആയ പ്രദേശങ്ങൾ തിരിച്ചറിഞ്ഞ്, ഇവിടങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കി, അവിടെയുണ്ടാകുന്ന ഓരോ പുരോഗതികളും നിരീക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഇന്റലിജൻസിനാണ്. മുൻകാലങ്ങളിൽ കുറ്റമറ്റ രീതിയിൽ ഇത്തരം മുൻകരുതലുകൾ സ്വീകരിച്ച് വിജയിച്ച ഇന്റലിജൻസ് സംവിധാനത്തിന്റെ കാര്യക്ഷമത സംസ്ഥാനം നേരിട്ടു കണ്ടിട്ടുള്ളതാണ്-ചെന്നിത്തല പറയുന്നു.

മേൽപ്പറഞ്ഞ മുൻകരുതലുകൾ യഥാസമയം സ്വീകരിച്ച് സംസ്ഥാനത്തെ ക്രമസമാധാന നില നിയന്ത്രണവിധേയമായി നിലനിർത്തേണ്ടതിന് പകരം പിണറായി വിജയൻ നേതൃത്വം നൽകുന്ന ആഭ്യന്തര വകുപ്പ് കഴിഞ്ഞ കുറെയേറെ നാളുകളായി പൊലീസിനെ എങ്ങനെ നിർവീര്യമാക്കാം എന്ന ഗവേഷണത്തിലാണ്. കാര്യപ്രാപ്തിയുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഇത്തരം സ്ഥലങ്ങളിൽ വിന്യസിക്കുകയും അവർക്ക് വേണ്ട പിന്തുണ നൽകുകയുമാണ് ആഭ്യന്തര വകുപ്പ് മുൻകാലങ്ങളിൽ ചെയ്തിട്ടുള്ളത്.

അതിന് പകരം അത്തരം ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകർക്കുന്ന എത്രയോ നടപടികളാണ് ഈ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടിള്ളതെന്നാണ് കുറ്റപ്പെടുത്തൽ.