തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ ആർഎസ്എസ് നേതൃത്വത്തിന്റെ താൽപര്യം മറ നീക്കി പുറത്തുവരുന്നു. ആർഎസ്എസ് നേതൃത്വം നൽകുന്ന കേരള മാർഗദർശക് മണ്ഡൽ സന്യാസിമാരാണ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തു വന്നിരിക്കുന്നത്. എന്നാൽ ഇവരുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയതായാണ് പുതിയ വിവരം.

രണ്ടാഴ്ച മുമ്പാണ് മാർഗദർശക് മണ്ഡൽ ഭാരവാഹികളായ സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദർ, സ്വാമി സത്യ സ്വരൂപാനന്ദ സരസ്വതി, സ്വാമി അയ്യപ്പദാസ്, സ്വാമി അഭയാനന്ദ തീർത്ഥപാദർ എന്നിവർ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

കേരളത്തിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥ ഒരുക്കിയ തിരക്കഥയാണ് ഇതിന് പിന്നിലെന്നും ഈ ഉദ്യോഗസ്ഥയ്ക്ക് കീഴിൽ നടക്കുന്ന അന്വേഷണം അംഗീകരിക്കാനാകില്ലെന്നും സിബിഐ അന്വേഷണം അനിവാര്യമാണെന്നുമാണ് ഇവരുടെ ആവശ്യം. എന്നാൽ കേരള പൊലീസ് അന്വേഷണം ശരിയായ രീതിയിലാണെന്ന് മാത്രമാണ് മുഖ്യമന്ത്രി അവർക്കു നൽകിയ മറുപടി.

ഉന്നത പൊലീസ് ഉദ്യോഗസ്ഥയെന്ന് സന്യാസിമാർ ആരോപിക്കുന്നത് എഡിജിപി സന്ധ്യയെയാണ്. മുഖ്യമന്ത്രിയെ കാണാൻ പോകുന്നതിന് മുമ്പ് പ്രസ്‌ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിലും അവിടെ വിതരണം ചെയ്ത ലഘുലേഖയിലും സന്ധ്യയുടെ പേര് പരാമർശിക്കുന്നുണ്ട്. സന്ധ്യയ്ക്കും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണങ്ങളും സന്യാസിമാർ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചിരുന്നു.

ചട്ടമ്പിസ്വാമിയുടെ ജന്മ സ്ഥലമെന്ന് സംസ്ഥാന പുരാവസ്തുവകുപ്പ് കണ്ടെത്തിയ ഭൂമി ഇപ്പോൾ സന്ധ്യയുടെ കൈയിലാണെന്നും ഈ ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള സമരത്തിന് നേതൃത്വം നൽകുന്നത് സ്വാമി ഗംഗേശാനന്ദയാണെന്നും സന്യാസിമാർ പറഞ്ഞു. ചട്ടമ്പിസ്വാമിയുടെ അമ്മ ഈ ഭൂമി തമ്പി എന്നയാൾക്ക് ഒറ്റി കൊടുത്തു. പിന്നീട് ശൈലജ നായർ എന്ന വനിതയിൽനിന്ന് എംജി കോളേജിലെ പ്രൊഫസറായ മധു എന്നയാൾക്ക് കൈമാറി. മധു ഈ ഭൂമി സന്ധ്യയുടെ ഭർത്താവിന് വിൽപ്പന നടത്തി.

അന്നുമുതൽ ഈ ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തങ്ങൾ സമരം നടത്തുകയാണെന്നും സമരം നയിക്കാൻ വാഴൂർ തീർത്ഥപാദാശ്രമമാണ് സ്വാമി ഗംഗേശാനന്ദയെ നിയോഗിച്ചതെന്നും വ്യക്തമാക്കിയാണ് സന്യാസിമാരുടെ നീക്കം. അന്നുമുതൽ സ്വാമിയെ കുടുക്കാൻ എഡിജിപി വിവിധ തന്ത്രങ്ങൾ പ്രയോഗിച്ചുവരികയാണെന്നും അതിനെത്തുടർന്നുള്ള സംഭവങ്ങളാണ് പിന്നീട് നടന്നതെന്നും അവർ ആരോപിക്കുന്നു. സന്ധ്യയുടെ പിതാവ് നിരന്തരം ഗംഗേശാനന്ദയുടെ ആശ്രമത്തിലെത്തി കടുത്ത സമ്മർദം ചെലുത്താറുണ്ടെന്നും ഇവർ ആരോപിക്കുന്നു.

ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലമെന്ന് കണ്ടെത്തിയ ഭൂമി ഏറ്റെടുത്ത് അവിടെ ചട്ടമ്പിസ്വാമിയുടെ സ്മാരകം നിർമ്മിക്കാൻ ഇ കെ നായനാർ സർക്കാർ തീരുമാനിച്ചിരുന്നു. തുടർന്നുവന്ന യുഡിഎഫ് സർക്കാർ ഈ തീരുമാനം മരവിപ്പിച്ചു. തുടർന്നാണ് ബിജെപിയുടെ സഹായത്തോടെ ഒരു വിഭാഗം സന്യാസിമാർ സമരം നടത്തിയത്.

എന്നാൽ ഗംഗേശാനന്ദയുടെ കേസുമായി ബന്ധപ്പെട്ട് മാർഗദർശക് മണ്ഡൽ സന്യാസിമാർ നൽകിയ പരാതിയിലെ പൊരുത്തക്കേടുകൾ മനസിലാക്കിയാണ് മുഖ്യമന്ത്രി അത് തള്ളിയതെന്നാണ് ലഭിക്കുന്ന സൂചന. ഗംഗേശാനന്ദയെ വെള്ളപൂശുന്നതിനുവേണ്ടി അവർ ഉന്നയിക്കുന്ന പലകാര്യങ്ങളും ശാസ്ത്രീയതയില്ലാത്തതാണെന്നും സൂചനയുണ്ട്.

ജനനേന്ദ്രിയം മുറിച്ച കേസിൽ സ്വാമിയെ അനുകൂലിച്ച് തുടക്കം മുതൽ ഹിന്ദുഐക്യവേദിയും വിശ്വഹിന്ദു പരിഷത്തും രംഗത്തുവന്നിരുന്നു. ആദ്യം സ്വാമിക്കെതിരേ പറഞ്ഞ പെൺകുട്ടിയും കുടുംബവും പിന്നീട് മാറ്റിപ്പറഞ്ഞത് ഹിന്ദുസംഘടനകളുടെ നിർബന്ധത്തിന് വഴങ്ങിയാണെന്നും സൂചനയുണ്ട്.